ഏഷ്യാനെറ്റ് റേഡിയോ പൂട്ടി, മൂന്നു വര്‍ഷത്തിനിടെ കളം വിട്ടത് നാല് റേഡിയോ നിലയങ്ങള്‍

അബുദാബി- യു.എ.ഇയില്‍നിന്നുള്ള ഒരു മലയാളം എഫ്.എം റേഡിയോകൂടി പൂട്ടി. ഏഷ്യാനെറ്റ് റേഡിയോ 657 എഎം എന്ന സ്‌റ്റേഷനാണ് അടച്ചുപൂട്ടിയത്. ഇതോടെ മൂന്നു വര്‍ഷത്തിനിടെ യു.എ.ഇയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മലയാളം റേഡിയോ സ്‌റ്റേഷനുകളുടെ എണ്ണം നാലായി.
10 ലക്ഷത്തോളം വരുന്ന മലയാളികളാണ് യു.എ.ഇയിലെ ഏറ്റവും വലിയ വിദേശി സമൂഹം. ഇവരെ ലക്ഷ്യമിട്ടായിരുന്നു ഈ റേഡിയോ നിലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
18 വര്‍ഷം പഴക്കമുള്ള ഏഷ്യാനെറ്റ് റേഡിയോ ഫെബ്രുവരി ഒന്നുമുതലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. മുന്‍കൂട്ടിയുള്ള അറിയിപ്പൊന്നുമില്ലാതെയായിരുന്നു ഇത്. നിലയം പൂട്ടിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും ചെയ്തു.

http://malayalamnewsdaily.com/sites/default/files/2019/02/27/asianet-radi.jpg
ദുബായ് കേന്ദ്രമായുള്ള റേഡിയോ മാംഗോ 96.2 എഫ്.എം, റാസല്‍ ഖൈമയില്‍നിന്നുള്ള വോയ്‌സ് ഓഫ് കേരള 1152 എഎം, ഉമ്മുല്‍ ഖുവൈനില്‍നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോമി 100.3 എഫ്.എം എന്നീ റേഡിയോ നിലയങ്ങളാണ് നേരത്തെ പൂട്ടിയത്.
പരസ്യവരുമാനം കുറഞ്ഞതാണ് മിക്ക സ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കിയത്. 2000 ആദ്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഏഷ്യാനെറ്റ് റേഡിയോ മലയാളി സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയതായി പ്രോഗ്രാം ഡയറക്ടറായിരുന്നു കെ.കെ മൊയ്തീന്‍ കോയ പറഞ്ഞു. ഉയര്‍ന്ന ലൈസന്‍സ് ഫീസും കൂടുതല്‍ നിലയങ്ങള്‍ വന്നതോടെ പരസ്യവരുമാനം പങ്കുവെക്കേണ്ടിവന്നതും പ്രതിസന്ധി സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
എഎം സ്റ്റേഷന് വാര്‍ഷിക ഫീസായി നാല് ദശലക്ഷം ദിര്‍ഹം നല്‍കേണ്ടി വരുന്നുവെന്നും ഇത് താങ്ങാനാവില്ലെന്നും അബുദാബി കേന്ദ്രമായ പ്രവാസി ഭാരതി 810 എഎം മാനേജിംഗ് ഡയറക്ടര്‍ കെ. ചന്ദ്രസേനന്‍ പറഞ്ഞു.
നാല് മലയാളം നിലയങ്ങള്‍ പൂട്ടിയതോടെ യു.എ.ഇയില്‍ ഇനി ശേഷിക്കുന്നത് ആറ് നിലയങ്ങളാണ്. റേഡിയോ ഏഷ്യ, പ്രവാസി ഭാരതി, ഹിറ്റ് എഫ്.എം, ക്ലബ് എഫ്.എം, ഗോള്‍ഡ്, ഫഌവേഴ്‌സ് എന്നിവയാണവ.

 

Latest News