മെഹബൂബ്, കോഴിക്കോട് അബ്ദുൽ ഖാദർ, ശാന്താ പി നായർ എന്നിവർ തുടക്കമിട്ട ഗായകരുടെ ശ്രേണി, കമുകറ പുരുഷോത്തമ്മൻ, ബ്രഹ്മാനന്ദൻ, എ.എം.രാജ, സി.ഒ.ആന്റോ, ബാലമുരളീകൃഷ്ണ, പി.ബി.ശ്രീനിവാസ് എന്നിവരിലൂടെ മലയാളത്തിന്റെ എക്കാലത്തേയും വലിയ അഭിമാനത്തിന്റെ ആൾരൂപമായ യേശുദാസിനെ തൊട്ട,് പി.ജയചന്ദ്രൻ, ഉണ്ണിമേനോൻ, എം.ജി.ശ്രീകുമാർ, പി.ലീല, പി.സുശീല, മാധുരി, വസന്ത,എസ്. ജാനകി, വാണി ജയറാം, സുജാത, ചിത്ര എന്നിവരിലൂടെ പുതുതലമുറ ഗായകരായ മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, വിധുപ്രതാപ്, അഫ്‌സൽ, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, അഭയ ഹിരൺമയി, റിമി ടോമി, സിത്താര എന്നിവരിലൂടെ ഇടറാതെ തുടരുന്നു.
1938-ൽ ബാലൻ എന്ന ചിത്രം ഇറങ്ങിയതോടു കൂടിയാണ് മലയാള സിനിമ ശബ്ദിച്ചു തുടങ്ങുന്നത്. അതിന് മുമ്പ്, 1928-ൽ തന്നെ മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന്റെ നിർമാണം തുടങ്ങുന്നുണ്ട്. എങ്കിലും ചിത്രം തിരുവനന്തപുരത്തെ ക്യാപിറ്റോൾ തിയേറ്ററിൽ പ്രഥമ റിലീസിന് ഒരുങ്ങിയത് 1930 ഒക്‌ടോബർ 23-നാണ്. പിൽക്കാലത്ത് മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെട്ട ജെ.സി.ഡാനിയേൽ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം പക്ഷേ, ഒരു സമ്പൂർണ നിശ്ശബ്ദ ചിത്രമായിരുന്നു. തുടർന്ന് 1933 ൽ ഇറങ്ങിയ മാർത്താണ്ഡ വർമയും ശബ്ദിച്ചിരുന്നില്ല.
ബാലൻ എന്ന ചിത്രത്തിൽ അഭിനേതാക്കൾ തന്നെ പാടി അഭിനയിക്കുകയാണ് ചെയ്തത്. ആ സിനിമയിൽ 23 പാട്ടുകളുണ്ടായിരുന്നു. പ്രശസ്ത കവിയും നാടക നടനുമായ മുതുകുളം രാഘവൻ പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങളെല്ലാം രചിച്ചത്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയ കെ.കെ.അരൂർ എന്നയാൾ സിനിമയിലെ പ്രധാന നായക വേഷങ്ങളിലൊന്ന് കൈകാര്യവും ചെയ്തു. അങ്ങനെ മലയാള സിനിമയിലെ ശബ്ദിക്കുന്ന ആദ്യനായകൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.
മുഖശ്രീയും അംഗലാവണ്യവും അഭിനയ മികവും മാത്രമായിരുന്നില്ല ഒപ്പം അഭിനേതാക്കളുടെ സംഗീത സിദ്ധി കൂടി പരിഗണിച്ചായിരുന്നു അക്കാലത്ത് അവരെ സിനിമയിൽ തെരഞ്ഞെടുത്തിരുന്നത്. പ്രത്യേകിച്ചും പാട്ടു സീനുകളിൽ അഭിനയിക്കേണ്ടുന്ന നടീ-നടൻമാരുടെ കാര്യത്തിൽ. കാരണം ചിത്രീകരണ സമയത്ത് തന്നെ അവർ പാട്ടുപാടി അഭിനയിക്കണമായിരുന്നല്ലോ.
1940-ലാണ് രണ്ടാമത്തെ ശബ്ദചിത്രമായ ജ്ഞാനാംബിക ഇറങ്ങുന്നത്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണ് ചിത്രത്തിൽ നായകനായി അഭിനയിച്ചത്. സി.കെ.രാജം ആയിരുന്നു നായിക. സിനിമയിൽ 16 ഗാനങ്ങളുണ്ടായിരുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകനായിരുന്നു ഗാനങ്ങളെഴുതിയത്. ജയരാമയ്യർ ആയിരുന്നു സംഗീതം. ഷൂട്ടിങിനിടെ പലതവണ പാട്ടുപാടി അഭിനയിച്ച് ഒരുപാട് റീ-ടെയ്ക്കുകൾ എടുക്കേണ്ടി വന്ന നായിക, രാജം ഒടുവിൽ സെറ്റിൽ തന്നെ തളർന്നു വീണകഥയും പറഞ്ഞു കേട്ടിരുന്നു.
1948-ൽ, നിർമ്മല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ പിന്നണി പാട്ടു സമ്പ്രദായത്തിന് ആരംഭമാകുന്നത്.മലയാളത്തിലെ ആദ്യശബ്ദ ചിത്രമിറങ്ങി 10 വർഷങ്ങൾക്ക് ശേഷമാണ് പാട്ടുകൾ മുൻകൂട്ടി റെക്കോർഡ് ചെയ്യുന്ന പരിപാടി തുടങ്ങുന്നത് എന്ന് സാരം. അങ്ങനെ റെക്കോർഡ് ചെയ്യുന്ന പാട്ടുകൾ എഡിറ്റിംഗ് സമയത്ത് സിനിമയിലെ പാട്ടു സീനുകൾക്കൊപ്പം സിങ്ക് ചെയ്ത് ചേർക്കുകയാണ് രീതി. അങ്ങനെ നോക്കുമ്പോൾ സിനിമയിലെ പിന്നണിപ്പാട്ടുകൾ പിറവികൊണ്ടിട്ട് ഇപ്പോൾ 70 വർഷം തികഞ്ഞു.
നിർമ്മല, മലയാള സിനിമാ രംഗത്ത് പലനിലയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി മരുന്നിടുകയുണ്ടായി. അതുവരെ മലയാള സിനിമയുടെ നിർമാണ കുത്തക തമിഴ്‌നാട്ടുകാർക്കായിരുന്നു. എന്നാൽ പി.ജെ.ചെറിയാൻ എന്നൊരു മലയാളി ആയിരുന്നു നിർമ്മലയുടെ നിർമാതാവ്. മലയാള സിനിമാ നിർമാണ രംഗത്തെ തമിഴരുടെ അപ്രമാദിത്തം അദ്ദേഹം തകർത്തു. അങ്ങനെ മലയാളി നിർമിക്കുന്ന ആദ്യമലയാള ചിത്രമായി നിർമ്മല മാറി.
ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്നവരിൽ ഏറെയും മലയാളികൾ തന്നെയായിരുന്നു. നിർമാതാവ് പി.ജെ.ചെറിയാൻ തന്റെ മകൻ ജോസഫ് ചെറിയാനെ നായകനും മരുമകൾ ബേബിയെ നായികയുമാക്കി. സ്വന്തം കുടുംബത്തിലുള്ളവരെ തന്നെ സിനിമയിലെ മറ്റു പല റോളുകളിലുമായി അഭിനയിപ്പിച്ചു.അങ്ങനെ നല്ല കുടുംബത്തിൽ പിറന്നവർ അഭിനയിക്കാൻ പോകില്ലെന്ന മലയാളിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും നിർമാതാവായ ചെറിയാന് കഴിഞ്ഞു.
മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പായിരുന്നു നിർമ്മലയിലെ ഗാനങ്ങൾ രചിച്ചത്. പി.എസ്.ദിവാകർ-ഇ.ഐ.വാര്യർ എന്നിവരായിരുന്നു പാ ട്ടിന് ഈണമിട്ടത്.15 പാട്ടുകളുണ്ടായിരുന്നു സിനിമയിൽ. ടി.കെ.ഗോവിന്ദ റാവു, സരോജിനി മേനോൻ, വിമല ബി വർമ, പി.കെ.രാഘവൻ, വാസുദേവ കുറുപ്പ് എന്നിവരായിരുന്നു ഗായകർ. ചിത്രത്തിലെ ശുഭലീല എന്നാരംഭിക്കുന്ന പാട്ടിലൂടെ ടി.കെ.ഗോവിന്ദറാവു മലയാള സിനിമയിലെ ആദ്യ പിന്നണി ഗായകനായി. കരുണാകര പീതാംബര എന്ന ഗാനാലാപനത്തിലൂടെവിമല ബി വർമ ആദ്യ പിന്നണി ഗായികയുമായി.
നിർമ്മല എന്ന ചിത്രത്തിൽ കേരളമേ ലോകനന്ദനം എന്ന പാട്ടുപാടിയ മറ്റൊരു ഗായികയെ കുറിച്ചു കൂടി ഇവിടെ പറയേണ്ടതുണ്ട്-പി.ലീല! അവർ തന്റെ സിനിമാ സംഗീത ലോകത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളവും തമിഴും കന്നഡയും തെലുഗുവും ഉൾപ്പെടെയുള്ള തെന്നിന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലുമായി 5,000 ലേറെ ഗാനങ്ങളാണ് അവർ പാടിയത്.
മലയാള സിനിമയിൽ പിന്നണി ഗാനസമ്പ്രദായം തുടങ്ങിയെങ്കിലും അവയിലെല്ലാം തന്നെ തമിഴ്-ഹിന്ദി സിനിമകളിലെ സംഗീതത്തിന്റെ സ്വാധീനം പ്രകടമായിരുന്നു.ആ സിനിമകളുടെ ചുവടുപിടിച്ചാണ് ഇവിടെ ഗാനങ്ങളും എഴുതപ്പെട്ടത്. തമിഴ്-ഹിന്ദി സിനിമകൾ ധാരാളമായി ആസ്വദിച്ചിരുന്ന മലയാളികളിൽ പലരും അതേ പാട്ടുകൾ വള്ളിപുള്ളി തെറ്റാതെ നമ്മുടെ സിനിമകളിലും കാണാനും കേൾക്കാനും ഇടയായി. അവർക്കത് ആവർത്തന വിരസത കാരണം അറുബോറായി തോന്നി. ചുരുക്കത്തിൽ മലയാള സിനിമകളിലെ പാട്ടുകളോട് കാണികൾക്ക് മടുപ്പും അകൽച്ചയും അനുഭവപ്പെട്ടു തുടങ്ങി.
എന്നാൽ 1951-ൽ ജീവിതനൗക എന്ന ചിത്രം ഇറങ്ങിയതോടെ അതിനൊരു മാറ്റമുണ്ടായി. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രമെന്ന പരിവേഷമുള്ള(284 ദിവസത്തോളം തുടർച്ചയായി ഈ സിനിമ ചില തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയുണ്ടായി) ഈ സിനിമയിൽ 15 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. അഭയദേവ് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് വി.ദക്ഷിണാമൂർത്തി സ്വാമികളായിരുന്നു.
ചിത്രത്തിലെ പല ഗാനങ്ങളും ഹിറ്റുകളായി. പ്രത്യേകിച്ചും പി.ലീലയും മെഹബൂബും ചേർന്ന് പാടിയ വനഗായികേ വാനിൽ വരൂ നായികേ എന്ന യുഗ്മഗാനം. ഇവരെ കൂടാതെ കവിയൂർ സി.കെ.രേവമ്മ, ആലപ്പുഴ പുഷ്പം, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, ടി.ലോകനാഥൻ, ടി.കെ.ബാലചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധായകനായ ദക്ഷിണാമൂർത്തി തന്നെ ചില ഗാനങ്ങൾ പി.ലീലയ്ക്കും മറ്റുമൊപ്പം പാടുകയും ചെയ്തു. തുടർന്നാണ് പി.ഭാസ്‌കരൻ മാസ്റ്റർ എന്ന ഗാനരചയിതാവിന്റെയും കെ. രാഘവൻ മാസ്റ്റർ എന്ന പ്രതിഭാധനനായ സംഗീത സംവിധായകന്റെയും കടന്നുവരവ് ഉണ്ടാകുന്നത്. മലയാള സിനിമയുടെ പിന്നണി ഗാന-സംഗീത രംഗത്ത് അതോടെ ഒരു സുവർണ കാലത്തിന്റെ കേളികൊട്ടുയർന്നു. തമിഴ്-ഹിന്ദിസിനിമാ ഗാന-സംഗീത സ്വാധീനത്തെ കുടഞ്ഞെറിഞ്ഞുകൊണ്ട് അവർ മലയാളത്തിന്റെ തനിമയും സൗന്ദര്യവും ഗാനങ്ങളിലും സംഗീതത്തിലും ആവാഹിക്കാൻ ആരംഭിച്ചു.സിനിമാ ഗാനങ്ങളെ മലയാളികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരോടിക്കുന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്.
1954-ൽ ഇറങ്ങിയ നീലക്കുയിൽ എന്ന ചിത്രമായിരുന്നു അതിന് നാന്ദി കുറിച്ചത്. ചിത്രത്തിൽ പി.ഭാസ്‌കരൻ-കെ.രാഘവൻ കൂട്ടുകെട്ടിൽ 9 ഗാനങ്ങൾ പിറന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായി അവയിലെ മിക്ക പാട്ടുകളും മാറി. നീലക്കുയിലിന് മുമ്പ് 1951-ൽ പുള്ളിമാൻ എന്ന സിനിമയ്ക്ക് കെ.രാഘവൻ സംഗീതം നൽകിയിരുന്നെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. സമാനമായ ദൗർഭാഗ്യം അദ്ദേഹത്തിന്റെ മറ്റു ചില ചിത്രങ്ങൾക്കും സംഭവിച്ചു. അതിനാൽ തന്നെ രാശിയില്ലാത്ത സംഗീത സംവിധായകൻ എന്നൊരു ദുഷ്‌പേര് ഇന്റസ്ട്രിയിൽ അദ്ദേഹത്തിനുണ്ടായിരുന്നു.
നീലക്കുയിലിന്റെ നിർമാതാവായ ടി.കെ.പരീക്കുട്ടി സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പി.ഭാസ്‌കരന് നൽകിയിരുന്നു. രാമു കാര്യാട്ടിനൊപ്പം ചിത്രത്തിന്റെ സംവിധാന ചുമതലയും അദ്ദേഹം നിർവഹിച്ചു. പി.ഭാസ്‌കരനുമായി അടുത്ത ബന്ധമായിരുന്നു കെ.രാഘവൻ മാസ്റ്റർക്ക്. മാസ്റ്റർ സംഗീതം നൽകിയ ചില സിനിമകൾ വെളിച്ചം കണ്ടില്ലെങ്കിലും സംഗീതത്തിലെ അദ്ദേഹത്തിന്റെ അസാധാരണ സിദ്ധികളെ കുറിച്ച് പി.ഭാസ്‌കരന് നല്ല ബോധ്യമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ നീലക്കുയിലിന്റെ സംഗീത സംവിധാന ചുമതല അദ്ദേഹം കെ.രാഘവനെ ഏൽപിക്കാൻ തീരുമാനിച്ചു. എന്നാൽ താൻ മുമ്പ് സംഗീതം നിർവഹിച്ച പല സിനിമകൾക്കുമുണ്ടായ ദുരനുഭവം ഈ സിനിമയ്ക്കും വരുമോ എന്ന ഭയത്തിൽ അദ്ദേഹം ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറി. പക്ഷേ, ഒടുവിൽ പി.ഭാസ്‌കരന്റെ നിരന്തര നിർബന്ധത്തിന് മുന്നിൽ അദ്ദേഹത്തിന് കീഴടങ്ങേണ്ടി വന്നു(പിന്നീട് ഒരു ഓർമക്കുറിപ്പിൽ, പി.ഭാസ്‌കരൻ അന്ന് അങ്ങനെ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കെ.രാഘവൻ എന്ന സംഗീത സംവിധായകൻ സിനിമയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് മാസ്റ്റർ മനസ്സു തുറക്കുന്നുണ്ട്) അതെന്തായാലും പി.ഭാസ്‌കരന്റെ ശ്രമം പാഴായില്ല എന്ന് കാലം തെളിയിച്ചു.നീലക്കുയിലിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയത് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു സംഗീത സംവിധായകനെയാണ്.
ചിത്രത്തിലെ മിക്ക ഗാനങ്ങളും രാഘവൻ മാസ്റ്റർ പാടിച്ചത് പുതുമുഖ ഗായകരെക്കൊണ്ടായിരുന്നു. അന്ന് അതൊരു ധീരമായ തീരുമാനമാണ്(അതിൽ നിർമാതാവ് സംശയം പ്രകടിപ്പിച്ചപ്പോഴും മാസ്റ്റർ ഉറച്ചു നിന്നത് തന്റെ തെരഞ്ഞെടുപ്പ് തെറ്റായി പോകില്ല എന്ന ആത്മവിശ്വാസമുള്ളത് കൊണ്ടായിരുന്നു). ജാനമ്മ ഡേവിഡ്, കോഴിക്കോട് അബ്ദുൾ ഖാദർ, ശാന്താ പി നായർ കോഴിക്കോട് പുഷ്പ എന്നീ ഗായകരെ അദ്ദേഹം ആദ്യമായി ചിത്രത്തിൽ പരീക്ഷിച്ചു. കായലരികത്ത് വലയെറിഞ്ഞപ്പോൾ എന്ന ഗാനം മാസ്റ്റർ തന്നെ സ്വന്തമായി ആലപിക്കുകയും ചെയ്തു. സിനിമ ഇറങ്ങിയപ്പോൾ പാട്ടുകളത്രയും ജനം അവരുടെ മനസ്സുകളിലേറ്റി നടന്നു. നീലക്കുയിൽ ബോക്‌സോഫീസ് തകർത്തതിന് പിന്നിൽ പി.ഭാസ്‌കരൻ-കെ.രാഘവൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന പാട്ടുകൾക്ക് അവഗണിക്കാനാകാത്ത പങ്കുണ്ട് എന്നത് ചരിത്രം!
പി.ഭാസ്‌കരനിലൂടെ തുടങ്ങിയ മലയാളത്തിന്റെ ചൂടും ചൂരുമുള്ള ഗാനങ്ങളുടെ രചനാ സമ്പ്രദായം പിന്നീട് മറ്റ് പലരും ഏറ്റെടുത്തു. തിരുനയ്‌നാർകുറിച്ചി മാധവൻ നായർ, വയലാർ രാമവർമ, ഒഎൻവി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാർ, ബാലു കീരിയത്ത്, ചുനക്കര, മുല്ലനേഴി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്ചന്ദ്രവർമ, രാജീവ് ആലുങ്കൽ എന്നിവരിലൂടെ സന്തോഷ് വർമ, റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരിൽ അത് എത്തിനിൽക്കുന്നു.
ദക്ഷിണാമൂർത്തി സ്വാമികളും കെ.രാഘവൻ മാസ്റ്ററും ഏതാണ്ട് ഒരേ കാലത്ത് ആരംഭിച്ച മലയാളത്തിന്റെ തനിമയുള്ള സിനിമയിലെ സംഗീത പാരമ്പര്യം ബ്രദർ ലക്ഷ്മണൻ, എം.ബി.ശ്രീനിവാസൻ, ബാബുരാജ്, ചിദംബര നാഥ്, എം.എസ്.വിശ്വനാഥൻ, പുകഴേന്തി, ശ്യാം, എ.ടി.ഉമ്മർ, കെ.ജെ.ജോയ്, ദേവരാജൻ, ജെറി അമൽദേവ്, എം.കെ.അർജുനൻ, എം.ജി.രാധാകൃഷ്ണൻ, കണ്ണൂർ രാജൻ, ഔസേപ്പച്ചൻ, ജോൺസൺ, ശരത്ത്,ബേണി-ഇഗ്നേഷ്യസ്, ദീപക് ദേവ്, എം.ജയചന്ദ്രൻ എന്നിവരിലൂടെ വളർന്ന് ബിജിപാലിലും ഗോപീസുന്ദറിലും സ്റ്റീഫൻ ദേവസിയിലും രാഹുൽ രാജിലും രതീഷ് വേഗയിലും ഷാൻ റഹ്മാനിലും മറ്റുമെത്തി.
മെഹബൂബ്, കോഴിക്കോട് അബ്ദുൽ ഖാദർ, ശാന്താ പി നായർ എന്നിവർ തുടക്കമിട്ട ഗായകരുടെ ശ്രേണി, കമുകറ പുരുഷോത്തമ്മൻ, ബ്രഹ്മാനന്ദൻ, എ.എം.രാജ, സി.ഒ.ആന്റോ, ബാലമുരളീകൃഷ്ണ, പി.ബി.ശ്രീനിവാസ് എന്നിവരിലൂടെ മലയാളത്തിന്റെ എക്കാലത്തേയും വലിയ അഭിമാനത്തിന്റെ ആൾരൂപമായ യേശുദാസിനെ തൊട്ട,് പി.ജയചന്ദ്രൻ, ഉണ്ണിമേനോൻ, എം.ജി.ശ്രീകുമാർ, പി.ലീല, പി.സുശീല, മാധുരി, വസന്ത,എസ്. ജാനകി, വാണി ജയറാം, സുജാത, ചിത്ര എന്നിവരിലൂടെ പുതുതലമുറ ഗായകരായ മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, വിധുപ്രതാപ്, അഫ്‌സൽ, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, അഭയ ഹിരൺമയി, റിമി ടോമി, സിത്താര എന്നിവരിലൂടെ ഇടറാതെ തുടരുന്നു.
(ഇവിടെ പരാമർശിച്ച ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ എന്നിവരുടെ പട്ടിക പൂർണമല്ല)
നിർമ്മല എന്ന സിനിമയിൽ ആരംഭിച്ച പിന്നണി പാട്ടു രംഗം ഇന്ന് സാങ്കേതികമായും ഗുണപരമായും ഭാഷാപരമായും ഒരുപാടു വളർന്നു. കുറ്റങ്ങളും കുറവുകളുമുണ്ട്. അത് എക്കാലത്തും ഉണ്ടായിരുന്നു. പഴയ പാട്ടുകളോളം ഇമ്പമോ മേൻമയോ ഉളളവയല്ല പുതിയ പാട്ടുകൾ എന്നും മറിച്ചുമുള്ള പരിദേവനങ്ങളും ഇടയ്ക്ക് ഉയർന്നു കേൾക്കാറുണ്ട്. അത് എന്നും ഉണ്ടായിരു ന്നതുമാണ്.എങ്കിലും കാലത്തിന്റെ മാറ്റങ്ങളെ കാണാതിരിക്കാനും കണ്ടില്ലെന്ന് നടിക്കാനും സിനിമാ ഗാനങ്ങൾക്കും ആവില്ലല്ലോ!