മകള്‍ക്ക് പോളിയോ മരുന്ന് നല്‍കാന്‍  വിസമ്മതിച്ചപാക് നടനെതിരെ കേസ്

ലാഹോര്‍: മകള്‍ക്ക് പോളിയോ പ്രതിരോധ മരുന്ന നല്‍കാന്‍ വിസമ്മതിച്ച പാക്കിസ്ഥാന്‍ ചലച്ചിത്ര താരം ഫവദ് ഖാനെതിരെ പോലീസ് കേസ്. ഫൈസല്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനാണ് ഫവദ് ഖാനുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 
ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ഫവദ് മോശമായി പെരുമാറിയെന്ന് ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  
എന്നാല്‍, വാക്‌സിനേഷന്‍ അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഫവദും കുടുംബവും വീട്ടിലില്ലായിരുന്നുവെന്നാണ് ഫവദിന്റെ  മാനേജറുടെ മറുപടി. കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ ഫവദും കുടുംബവും വിദേശത്തായിരുന്നുവെന്നാണ് മാനേജര്‍ പറയുന്നത്. 
സര്‍ക്കാരിന്റെ കീഴില്‍ മൂന്നു ദിവസത്തേക്ക് ആരംഭിച്ച ആന്റിപോളിയോ ക്യാമ്പെയിന്റെ  ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഫവദിന്റെ വീട്ടിലെത്തിയത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏ ദില്‍ഹേ മുഷ്‌കില്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ ഫവദ് ഖാന്‍ അവതരിപ്പിച്ചിരുന്നു. റണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Latest News