Sorry, you need to enable JavaScript to visit this website.

സൗരപ്രഭയിൽ തിളങ്ങുമിനി,  സൗദിയിലെ രാപ്പകലുകൾ

ഖാലിദ് ഷർബത്തലി 
സോളാർ പാനലുകൾ

ജിദ്ദ ബലദിലെ സൂഖുൽ അലവിയിലെ ചെറിയൊരു പഴം, പച്ചക്കറിക്കടയിൽ നിന്നാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഭക്ഷ്യവിതരണ സാമ്രാജ്യത്തിന്റെ ഉടമസ്ഥതതയിലേക്ക് മുഹമ്മദ് അബ്ദുല്ല ഷർബത്തലി മൂന്നു പതിറ്റാണ്ടിന്റെ നിരന്തര പരിശ്രമം കൊണ്ട് ഉയർന്നു വന്നത്. തൊള്ളായിരത്തി മുപ്പതുകളിൽ അദ്ദേഹത്തിന്റെ പിതാവ് അബ്ബാസ് ഷർബത്തലി തുടക്കം കുറിച്ച 'ബഖാല'യിൽ നിന്നാണ് മകൻ പഴക്കച്ചവടത്തിലേക്ക് വഴി മാറിയത്.
മുഹമ്മദ് അബ്ദുല്ല ഷർബത്തലിയുടെ (എം.എച്ച്. ഷർബത്തലി) ഫ്രൂട്ട്‌സ് വ്യാപാരം വളരെ പെട്ടെന്നാണ് ഫലസമൃദ്ധമായി സൗദിയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് പടർന്ന് പന്തലിച്ചത്. ഈജിപ്തിൽ നിന്ന് വിവിധയിനം പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യയിൽ നിന്ന് വെള്ളി ആഭരണങ്ങൾ കൊണ്ടുവന്നുള്ള കച്ചവടവും ഷർബത്തലി ആരംഭിച്ചു. പഴങ്ങളുടേയും ആഭരണങ്ങളുടേയും പ്രധാന ഹോൾസെയിൽ ഉപഭോക്താക്കൾ അക്കാലത്തെ പ്രധാന സമ്പന്നരായിരുന്നു. ഇന്ത്യൻ ആഭരണങ്ങളിൽ ഭ്രമം വർധിച്ച രാജകുടുംബത്തിലെ പല അംഗങ്ങളും ഷർബത്തലി കമ്പനിയുമായി ബന്ധപ്പെട്ടു. ആഭരണം വിറ്റ് പണം ഈടാക്കുന്നതിനു പകരം തുല്യമായ തുകയ്ക്കുള്ള സ്ഥലങ്ങൾ ജിദ്ദയുടേയും റിയാദിന്റേയും ഉൾഭാഗങ്ങളിൽ എഴുതി വാങ്ങുകയായിരുന്നു ഷർബത്തലി കുടുംബം. ക്രമേണ സൗദി റിയൽ എസ്റ്റേറ്റ് മേഖലയിൽ ഷർബത്തലിയുടെ കൈയൊപ്പ് പതിഞ്ഞു. ഇരു നഗരങ്ങളിലും ഷർബത്തലി വില്ലേജുകളും കെട്ടിടങ്ങളും മറ്റും ഉയർന്നു വന്നു. ഇരുപത് ലക്ഷം ചതുരശ്ര മീറ്ററിലുള്ള റസിഡൻഷ്യൽ വില്ലേജാണ് റിയാദിൽ രൂപം കൊണ്ടത്. സമാനമായ വില്ലേജ് ജിദ്ദയിലും സ്ഥാപിച്ചു. 
ഇത്രയും ഷർബത്തലി കുടുംബത്തിന്റെ വളർച്ചയുടെ ചെറിയൊരു ആമുഖം. ഇനി, മുഹമ്മദ് അബ്ദുല്ല ഷർബത്തലിയുടെ ചെറുമകൻ ഖാലിദ് ഷർബത്തലിയെ പരിചയപ്പെടുക.
അമേരിക്കയിലെ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി ജിദ്ദയിൽ തിരിച്ചെത്തിയ ശേഷം ഖാലിദ് ദീർഘവീക്ഷണത്തോടെ പുതിയൊരു മേഖലയിലാണ് കൈവെച്ചത്. സൗരോർജ മേഖലയുടെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ ഈ ചെറുപ്പക്കാരൻ, വിഷൻ 2030 ന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ച നിരവധി പദ്ധതികളിൽ പ്രമുഖമായ പുനരുപയോഗ ഊർജ മേഖലയിലേക്കാണ് (റിന്യൂവബിൾ എനർജി) സുധീരം പ്രവേശിച്ചത്. 


ആണവ, സൗര, പ്രകൃതി വാതക സ്രോതസ്സുകളിൽ നിന്ന് ഊർജം കണ്ടെത്തുന്നതിനുള്ള ബില്യൺ കണക്കിന് ഡോളറിന്റെ പദ്ധതിക്ക് തുടക്കമിടുന്നതിമായി ബന്ധപ്പെട്ട വാർത്ത വായിക്കെ, ഖാലിദ് ഷർബത്തലി ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് ഈ മേഖലയിലേക്ക് വരികയായിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സോളാർ പദ്ധതികൾക്ക് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വമ്പിച്ച സാധ്യതകളുണ്ടെന്ന് മനസ്സിലാക്കിയാണ് ചില കൂട്ടുകാരോടൊപ്പം താൻ ഈ രംഗത്തേക്ക് വന്നതെന്ന് ജിദ്ദ കിംഗ് റോഡ് ടവറിലെ ഇരുപത്തിരണ്ടാം നിലയിലെ വിശാലമായ ഓഫീസിലിരുന്ന് ഖാലിദ് ഷർബത്തലി മലയാളം ന്യൂസിനോട് പറഞ്ഞു. അർപ്പണ ബോധത്തിന്റേയും ആത്മാർഥതയുടേയും ഇഛാശക്തിയുടേയും മുഴക്കമുണ്ടായിരുന്നു ആ ശബ്ദത്തിൽ. സോളാർ പവർ കോർപറേഷന്റെ സബ്‌സിഡിയറിയായി എക്‌സോൺ കമ്പനി, അറാംകോ എന്നിവയുടെ സാങ്കേതിക സഹായത്തോടെ സൗരോർജ മേഖലയിലേക്ക് കടന്നുവന്ന ഖാലിദ് തന്റെ കമ്പനിക്ക് ഡെസർട്ട് ടെക്‌നോളജീസ് എന്നാണ് പേരിട്ടത്. 
നാഷനൽ കൊമേഴ്‌സ്യൽ ബാങ്കിന്റെ (എൻ.സി.ബി) ശാഖകളിൽ സോളാർ പദ്ധതികളുടെ സംസ്ഥാപനത്തിനുള്ള കരാർ നേടിയെടുത്തുകൊണ്ടാണ് ഡെസർട്ട് ടെക്‌നോളജീസ് ഈ മേഖലയിൽ കൈയൊപ്പ് പതിപ്പിച്ചത്. ജർമനിയിൽ നിന്നും സ്വിറ്റ്‌സർലാന്റിൽ നിന്നും സാങ്കേതിക സഹകരണം ലഭിച്ചു. ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവരും പരിശീലനം തേടുന്നവരുമായ സൗദി യുവതീയുവാക്കളുൾപ്പെടെ നിരവധി എൻജിനീയറിംഗ് - നോൺ എൻജിനീയറിംഗ് പ്രതിഭകളുടെ സഹകരണം ഡെസർട്ട് ടെക്‌നോളജീസിന് ലഭ്യമാകുന്നുണ്ട്. എൺപത് ശതമാനവും സൗദി വിപണിയാണ് ലക്ഷ്യമിടുന്നതെന്നും വ്യാവസായിക - കാർഷിക- ഗാർഹിക മേഖലകളിൽ വൈദ്യുതി ഉപഭോഗവും അതേത്തുടർന്നുള്ള അമിത ചെലവും നിയന്ത്രിക്കുന്നതിന് സൗരോർജ പദ്ധതികൾ സഹായകമാകുമെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ തെളിഞ്ഞിട്ടുള്ളതെന്ന് ഖാലിദ് ഷർബത്തലി വ്യക്തമാക്കി. ബി.ഒ.ടി അടിസ്ഥാനത്തിലാണ് പലയിടങ്ങളിലും ഇത് സ്ഥാപിക്കപ്പെടുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ മറ്റു വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഡെസർട്ട് ടെക്‌നോളജീസിന്റെ സൗരോർജ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. സോളാർ സ്ട്രീറ്റ് ലൈറ്റ് കിറ്റ്, ഗ്രിഡ് പവർ യൂണിറ്റ്, കണ്ടെയ്‌നറുകൾ, കോൾഡ് സ്റ്റോറേജുകൾ, ബാറ്ററി സ്റ്റോറേജ് സൊല്യൂഷൻ, ഓട്ടോ മെയ്ക്കർ ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ച്ചർ, ശുദ്ധജല സംസ്‌കരണ പദ്ധതി തുടങ്ങിയവയിലെല്ലാം സൗരോർജം ഉപയോഗിക്കുന്ന പദ്ധതികളാണ് ഡെസർട്ട് ടെക്‌നോളജീസ് രൂപകൽപന ചെയ്തിട്ടുള്ളതെന്നും ഖാലിദ് ഷർബത്തലി ചൂണ്ടിക്കാട്ടി. 

 

ഒരു ഡസൻ പുനരുപയോഗ ഊർജ പദ്ധതികൾ

സൗദി അറേബ്യ ഈ വർഷം പന്ത്രണ്ടു പുനരുപയോഗ ഊർജ പദ്ധതികൾക്ക് (റിന്യൂവബിൾ എനർജി) ടെണ്ടറുകൾ ക്ഷണിക്കാൻ പോകുന്നു.
ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഈയിടെ അബുദാബി സസ്റ്റൈനബിലിറ്റി വീക്കിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ വൈദ്യുതി ഉൽപാദന മേഖല നിലവിൽ പെട്രോളും ഗ്യാസും ആണ് അവലംബിക്കുന്നത്. ഇതിൽ മാറ്റമുണ്ടാവുകയും വൈവിധ്യപൂർണമായ ഉറവിടങ്ങളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം ഇതോടെ രാജ്യത്ത് നിലവിൽവരികയും ചെയ്യും. 
2030 ഓടെ പുനരുപയോഗ ഊർജ മേഖലയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തി സൗരോർജത്തിൽ നിന്ന് 40 ഗിഗാവാട്ടും കാറ്റിൽ നിന്ന് 16 ഗിഗാവാട്ടും സാന്ദ്രീകൃത സൗരോർജത്തിൽ നിന്ന് മൂന്ന് ഗിഗാവാട്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 
പുനരുപയോഗ ഊർജ മേഖലയിൽ ഏതാനും ലക്ഷ്യങ്ങൾക്ക് മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ഊർജ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ റിന്യൂവബിൾ എനർജി പ്രൊജക്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസ് ഈ വർഷം പന്ത്രണ്ടു പുനരുപയോഗ ഊർജ പദ്ധതികൾക്ക് ടെണ്ടറുകൾ ക്ഷണിക്കും. പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനും മിച്ചമുള്ളവ ആഗോള വിപണികളിലേക്ക് കയറ്റി അയക്കുന്നതിനും ലക്ഷ്യമിട്ട് പുനരുപയോഗ ഊർജ മേഖലാ സാങ്കേതിക വിദ്യകൾ നിർമിക്കുന്നതിനും സാങ്കേതിക വിദ്യകൾ സ്വദേശിവൽക്കരിക്കുന്നതിനും ആഗോള കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിനാണ് ഊർജ, വ്യവസായ മന്ത്രാലയവും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ശ്രമിക്കുന്നത്. 


2030 ഓടെ പുനരുപയോഗ ഊർജ സാങ്കേതിക വിദ്യകൾ വഴി 200 ലേറെ ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് ശ്രമം. പുനരുപയോഗ ഊർജ പദ്ധതികളിൽ 30 ശതമാനത്തിന് റിന്യൂവബിൾ എനർജി പ്രോജക്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസും എഴുപതു ശതമാനത്തിന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ടെണ്ടറുകൾ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം പന്ത്രണ്ടു പുനരുപയോഗ ഊർജ പദ്ധതികൾക്കുള്ള ടെണ്ടറുകൾ ക്ഷണിക്കുമെന്നും ഈ പദ്ധതികൾക്ക് ആകെ 350 കോടി ഡോളർ മുതൽ 400 കോടി ഡോളർ വരെ ചെലവ് കണക്കാക്കുന്നതായും റിന്യൂവേബിൾ എനർജി പ്രോജക്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസ് മേധാവി തുർക്കി അൽശഹ്‌രി പറഞ്ഞു. ഇതിൽ ആദ്യ പദ്ധതിക്ക് ഒരു മാസത്തിനുള്ളിൽ ടെണ്ടറുകൾ ക്ഷണിക്കും. പൂർണമായും സ്വകാര്യ മേഖലയുടെ മുതൽ മുടക്കോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ സൗദിയിൽ 35 ലേറെ പ്രദേശങ്ങളിൽ പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
സൗദിയിൽ രണ്ടു പുനരുപയോഗ പദ്ധതികളുടെ കരാറുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. ആദ്യമായി അനുവദിച്ച പദ്ധതി സകാക്ക സൗരോർജ പദ്ധതിയാണ്. സൗദിയിലെ അക്വാപവർ കമ്പനിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൺസോർഷ്യത്തിനാണ് സകാക്ക പദ്ധതി കരാർ അനുവദിച്ചിരിക്കുന്നത്. കിലോവാട്ട് വൈദ്യുതിക്ക് 2.3417 അമേരിക്കൻ സെന്റ് നിരക്ക് നിശ്ചയിച്ചാണ് പദ്ധതി കരാർ നൽകിയിരിക്കുന്നത്. 
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ദോമത്തുൽജന്ദൽ പദ്ധതി കരാർ ഫ്രഞ്ച്, യു.എ.ഇ കമ്പനികൾ അടങ്ങിയ കൺസോർഷ്യത്തിന് അനുവദിച്ചു. ഒരു കിലോവാട്ട് വൈദ്യുതിക്ക് 2.13 അമേരിക്കൻ സെന്റ് നിരക്ക് നിശ്ചയിച്ചാണ് ഈ പദ്ധതിയുടെ കരാർ അനുവദിച്ചിരിക്കുന്നത്.



 

Latest News