ഗുവാഹതി - പലകയിളകിയ കോര്‍ടില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിപ്പെട്ട് സയ്‌ന നേവാള്‍ പിന്മാറിയത് ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കനത്ത നാണക്കേടായി. സയ്‌നയുടെ ഭര്‍ത്താവ് പരുപ്പള്ളി കശ്യപ്, സായ് പ്രണീത് എന്നിവരും കളിക്കാന്‍ തയാറായില്ല. ഒടുവില്‍ സംഘാടകര്‍ ഇടപെട്ട് കോര്‍ട് ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും മത്സരങ്ങള്‍ മറ്റൊരു സമയത്തേക്ക് മാറ്റി വെക്കുകയും ചെയ്തു. തന്റെ മത്സരത്തിനിടയില്‍ ഉപ്പൂറ്റിക്ക് പരിക്കേറ്റ മുന്‍ സിംഗിള്‍സ് ചാമ്പ്യന്‍ സമീര്‍ വര്‍മ കളി പൂര്‍ത്തിയാക്കിയിരുന്നില്ല.
മലയാളി താരം എം. ശ്രുതിയെയാണ് പ്രി ക്വാര്‍ട്ടറില്‍ സയ്‌ന നേരിടേണ്ടിയിരുന്നത്. എന്നാല്‍ കോര്‍ട് കണ്ടയുടനെ സയ്‌ന തീരുമാനം അറിയിച്ചു. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ് ആസന്നമായിരിക്കെ സാഹസം കാണിക്കാന്‍ സയ്‌ന ഒരുക്കമായിരുന്നില്ല. രാവിലെ ഇതേ കോര്‍ടില്‍ പി.വി. സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ മാളവിക ബന്‍സോദിനെ തോല്‍പിച്ചിരുന്നു (21-11, 21-13). അസം ബാഡ്മിന്റണ്‍ അക്കാദമിയിലെ മൂന്ന കോര്‍ടുകളിലായാണ് ദേശീയ ചാമ്പ്യന്‍ഷിപ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ സിന്ധുവിനെ തോല്‍പിച്ച് സയ്‌ന കിരീടം നേടുകയായിരുന്നു.