ദുബായ്- യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ 97 ാം വയസ്സില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി വാര്‍ത്തകളില്‍.
കെനിയന്‍ പൗരനായ ഇന്ത്യന്‍ വംശജന്‍ തെഹെംതെന്‍ ഹോമി ധുഞ്ചിബോയ് മെഹ്തയാണ് അടുത്ത നാല് വര്‍ഷത്തേക്കുകൂടി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയത്. മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ ദുബായ് റോഡുകളില്‍ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസ്സുകാരനാവും മെഹ്ത.
ഏറെക്കാലമായി ദുബായില്‍ താമസിക്കുന്ന മെഹ്ത അവിവാഹിതനാണ്. ലൈസന്‍സ് പുതുക്കിയെന്നേയുള്ളൂ, വാഹനം ഓടിക്കുന്നതില്‍ ഇദ്ദേഹത്തിന് കമ്പം കുറവാണ്. നടത്തം ഒഴിവാക്കരുതെന്നും പൊതു ഗതാഗതസൗകര്യങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്. നടത്തമാണ് തന്റെ ആരോഗ്യത്തിന്റെയും ദീര്‍ഘായുസിന്റേയും രഹസ്യമെന്നും മെഹ്ത അവകാശപ്പെടുന്നു. വാഹനം നമ്മെ അലസരാക്കുമെന്ന് പറയുന്ന അദ്ദേഹം ദിവസം നാല് മണിക്കൂര്‍ വരെ നടക്കാറുണ്ട്.
1980-ല്‍ ദുബായിലെത്തി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അക്കൗണ്ടന്റായി ജോലിയാരംഭിച്ച മെഹ്തയെ 2002-ല്‍ പ്രായം 80 ആയതിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. യു.കെയില്‍ താമസിക്കുന്ന ഇളയ സഹോദരിയാണ് മെഹ്തയുടെ ഏക ബന്ധു. അതിനാല്‍ ദുബായില്‍ തന്നെ തുടരാന്‍ മെഹ്ത തീരുമാനിക്കുകയായിരുന്നു. ഇടയ്ക്ക് സഹോദരിയെ സന്ദര്‍ശിക്കാറുണ്ട്.