തണുപ്പു പിടിമുറുക്കിയ സാഹചര്യത്തില്‍ യുഎഇയില്‍ വരുംദിവസങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലാവസ്ഥ തെളിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണങ്കിലും രാജ്യത്ത് നല്ല തണുപ്പും, കാറ്റും അനുഭവപ്പെടുന്നതിനാല്‍ ക്രീക്കിലും പൊതുസ്ഥലങ്ങളിലും രാത്രികാലങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഒരു സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ് ഇപ്പോള്‍ ദുബായില്‍. കഴിഞ്ഞദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെയാണ് തണുപ്പുകൂടിയത്. മൂടിക്കെട്ടിയ കാലാവസ്ഥ മാറിയെങ്കിലും തണുപ്പ് തുടരുകയാണ്. വടക്കന്‍ എമിറേറ്റുകളില്‍ നാളെയും മറ്റന്നാളും നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. ചൊവ്വാഴ്ച വടക്കന്‍ മേഖലകളില്‍ ഇടിയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ട്.