ഏലസ്സും ചരടും; ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് 47 കിലോ കൂടോത്ര വസ്തുക്കള്‍

ദുബായ്-കൂടോത്രത്തിനും മന്ത്രവാദത്തിനുമായി ദുബായിലെത്തിച്ച  47.6 കിലോ വസ്തുക്കള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ് കൂടുതലായും ഇത്തരം വസ്തുക്കള്‍ ദുബായിലെത്തിയത്.
കഴിഞ്ഞ വര്‍ഷം നടത്തിയ 12 കസ്റ്റംസ് പരിശോധനകളിലാണ് മന്ത്രവാദ വസ്തുക്കളുടെ കടത്ത് തടഞ്ഞത്. വ്യക്തികളുടെ വിലാസത്തില്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് കൂടോത്ര വസ്തുക്കള്‍ പായ്ക്ക് ചെയ്തിരുന്നത്.
ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മാരണത്തിനു ഉപയോഗിക്കുന്ന ചില പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നു മാത്രം പത്തര കിലോ മന്ത്രവാദ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കണമെന്ന്  കസ്റ്റംസ് അധികൃതര്‍ അഭിപ്രായപ്പെട്ടു.
 

Latest News