Sorry, you need to enable JavaScript to visit this website.

ആഷിക് അബുവിന്റെ വൈറസിന് നിര്‍മാണ വിലക്ക്

കൊച്ചി- നിപ വൈറസ് ബാധയെ അധികരിച്ച് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്റെ നിര്‍മാണത്തിന് വിലക്ക്. ചിത്രത്തിന്റെ പേരും കഥയും തന്റേതാണെന്നു വ്യക്തമാക്കി സംവിധായകന്‍ ഉദയ് അനന്തന്‍ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി.
സിനിമയുടെ പേരും കഥയും കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉദയ് അനന്തന്‍ വ്യക്തമാക്കി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ വൈറ്റ് എന്ന സിനിമയുടെ സംവിധായകനാണ് ഉദയ് അനന്തന്‍.

സിനിമയുടെ പേരും കഥയും ഒന്നാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്ക് കത്തയച്ചിരുന്നു. സംവിധായകന്‍ ഉദയ് അനന്തന്‍ നിപയെ അധികരിച്ച് സിനിമ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കഥ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഫെഫ്ക ആഷിക്ക് അബുവിനെ രേഖാമൂലം അറിയിച്ചിരുന്നതാണ്. എന്നാല്‍, അതിനു മറുപടി ലഭിച്ചില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

വൈറസിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രാജ്യാന്തര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും ചിത്രം മൊഴിമാറ്റുന്നതിനും വിലക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

വൈറസിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്. ആഷിക്കിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ ആണ് നിര്‍മാണം.

 

Latest News