ഹെര്‍ണിയ ശസ്ത്രക്രിയയില്‍ വൃഷണവും ലൈംഗികശേഷിയും പോയി; ഒമ്പത് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബുദാബി- ശസ്ത്രക്രിയയെ തുടര്‍ന്ന് വൃഷണം നഷ്ടപ്പെട്ട കേസില്‍ ഒമ്പത് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. വടക്കന്‍ എമിറേറ്റിലാണ് സംഭവം.
കീഴ്‌ക്കോടതി ഉത്തരവ് അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. ഹെര്‍ണിയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് യുവാവ് ആശുപത്രിയിലെത്തിയത്. സര്‍ജറിക്കുശേഷം കഠിനമായ വേദന അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകളിലേക്കും വൃഷണം നീക്കം ചെയ്യുന്നതിലുമെത്തിയത്.
വിവിധ ആശുപത്രികളില്‍ നടത്തി അള്‍ട്രാസൗണ്ട് പരിശോധനയില്‍ വൃഷണം തകര്‍ന്നതായി സ്ഥിരീകരിച്ചിരുന്നു. പരാതിക്കാരന്റെ ലൈംഗികശേഷിയേയും സര്‍ജറി ബാധിച്ചതായി കോടതി ഉത്തരവില്‍ പറഞ്ഞു.
കൂടുതല്‍ പരിശോധന നടത്തിയ ആശുപത്രിയില്‍വെച്ചാണ് വൃഷണം നീക്കാനുള്ള തീരുമാനമെടുത്തത്. സ്ഥിരം വൈകല്യമുണ്ടായതായി ചൂണ്ടിക്കാട്ടി 50 ലക്ഷം ദിര്‍ഹമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. ചികിത്സയിലെ അലംഭാവം ചൂണ്ടിക്കാട്ടി കോടതി ഒമ്പത് ലക്ഷം ദിര്‍ഹം അനുവദിച്ചു.
അഞ്ച് ലക്ഷം ദിര്‍ഹമാണ് ആദ്യം അനുവദിച്ചതെങ്കിലും പരാതിക്കാരന്റെ അപ്പീലിനെ തുടര്‍ന്നാണ് ഒമ്പത് ലക്ഷമായി ഉയര്‍ത്തിയത്.
 

Latest News