Sorry, you need to enable JavaScript to visit this website.

ഇന്ന് കോപ ക്ലാസിക്കൊ, മെസ്സി കളിച്ചേക്കും

ഇന്ന് ബാഴ്‌സലോണയുടെ കളിത്തട്ടായ നൗകാമ്പില്‍ അരങ്ങേറുന്ന കോപ ഡെല്‍റേ സെമി ഫൈനല്‍ ആദ്യ പാദത്തില്‍ റയല്‍ മഡ്രീഡിനെതിരെ ലിയണല്‍ മെസ്സി കളിക്കുമോയെന്നതിനെക്കുറിച്ച് ബാഴ്‌സലോണക്ക് മൗനം. പരിക്കുള്ള മെസ്സിയും ഉസ്മാന്‍ ദെംബെലെയും ഇന്നലെ പരിശീലന സെഷനില്‍ പൂര്‍ണമായി പങ്കെടുത്തു. മെസ്സിയുടെ പേശിക്ക് പരിക്കില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇന്ന് കളിക്കാന്‍ സാധ്യതയേറെയാണ്. 
ഒരു മാസത്തിനിടെ അരങ്ങേറുന്ന മൂന്ന് എല്‍ക്ലാസിക്കോകളില്‍ ആദ്യത്തേതാണ് ഇന്നത്തേത്. വലന്‍സിയക്കെതിരായ സ്പാനിഷ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ മെസ്സിയുടെ വലതു കാലിനെക്കുറിച്ച് മൂന്നാം ദിവസവും ബാഴ്‌സലോണ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. ഇത് അസാധാരണമാണ്. സാധാരണ കളിക്കാരുടെ പരിക്കിനെക്കുറിച്ച് വ്യക്തമായ വിവരം കൈമാറുന്ന ക്ലബ്ബാണ് ബാഴ്‌സലോണ. 
കയറ്റിറക്കങ്ങള്‍ കണ്ട സീസണിലെ ഏറ്റവും മികച്ച ഫോമിലാണ് റയല്‍ ടീം നൗകാമ്പിലെത്തിയത്. എല്ലാ കളിക്കാരും ലഭ്യവുമാണ്. കരീം ബെന്‍സീമ മികച്ച ഫോമിലാണ്, വിനീഷ്യസ് ജൂനിയര്‍ പക്വതയാര്‍ജിച്ചു. ഗാരെത് ബെയ്‌ലും പരിക്കില്‍ നിന്ന് മുക്തനാണ്.  റയല്‍ സ്പാനിഷ് ലീഗില്‍ കഴിഞ്ഞ അഞ്ചു കളികളും ജയിച്ചു. ബാഴ്‌സലോണക്കെതിരെ ബെയ്‌ലും വിനീഷ്യസും ഒരുമിച്ചു കളിക്കാന്‍ സാധ്യതയില്ല. 
2014 ലെ ഫൈനലിലാണ് കോപ ഡെല്‍റേയില്‍ അവസാനമായി ബാഴ്‌സലോണയും റയലും ഏറ്റുമുട്ടിയത്. അന്ന് റയലാണ് ജയിച്ചത്. ഒരു മാസത്തിനിടെ രണ്ടു തവണ കൂടി ഈ ടീമുകള്‍ ഏറ്റുമുട്ടും. അടുത്ത ഒരു മാസം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. 

Latest News