തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കാലിക്കറ്റ് ഹീറോസ് പ്രഥമ പ്രൊ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആവേശകരമായ അഞ്ചു സെറ്റ് പോരാട്ടത്തില്‍ യു മുംബ വോളിയെ 3-2 നാണ് കാലിക്കറ്റ് കീഴടക്കിയത്. സ്കോര്‍: 15-10, 12-15, 15-13, 14-15, 15-9.
ക്യാപ്റ്റന്‍ ജെറോം വിനീത് സ്മാഷുകളുടെ പരമ്പരയിലൂടെ ആദ്യ സെറ്റ് കാലിക്കറ്റിന്റെ വഴിയിലേക്ക് തിരിച്ചു. എന്നാല്‍ യു മുംബ ശക്തമായി തിരിച്ചടിച്ചു. യു മുംബയുടെ സെര്വുകളിലെ പിഴവുകള്‍ മുതലെടുത്താണ് മൂന്നാം സെറ്റില്‍ കാലിക്കറ്റ് ആധിപത്യം നേടിയത്. നാലാം സെറ്റില്‍ 7-3 ന് മുന്നിലെത്തിയ ശേഷം കാലിക്കറ്റിന് അടിതെറ്റി. 10-10 ല്‍ ഒപ്പമെത്തിയ ശേഷം യൂ മുംബ തിരിഞ്ഞുനോക്കിയില്ല. ശുഭമാന്‍ ചൗധരിയുടെ സ്മാഷിലൂടെ നേരിയ വ്യത്യാസത്തിന് യൂ മുംബ സെറ്റ് പിടിച്ചു (15-14). അതുവഴി അവര്‍ കളി അഞ്ചാം സെറ്റിലേക്ക് നീട്ടി. അവസാന സെറ്റില്‍ 6-6 വരെ യൂ മുംബ കാലിക്കറ്റിനൊപ്പം പിടിച്ചുനിന്നു. എന്നാല്‍ പിന്നീട് കാലിക്കറ്റ് തുടര്‍ച്ചയായി ആറ് പോയന്റ് പിടിച്ചെടുത്തു. 12-6 ലീഡ് നേടി. യൂ മുംബ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും 15-9 ന് സെറ്റും കളിയും സ്വന്തമാക്കി.
കാലിക്കറ്റിനു വേണ്ടി സി. അജിത്ലാല്‍ പതിനാറും ജെറോം വിനീത് പതിനാലും പോള്‍ ലോട്മാന് പത്തും എ. കാര്‍ത്തിക് ഒമ്പതും പോയന്റ് നേടി. ദീപേഷ്കുമാര്‍ സിന്‍ഹയും (11) ശുഭം ചൗധരിയും, ടോമിസ്ലാവ് കോസ്കോവിച്ചുമാണ് (9 വീതം) യൂ മുംബക്കു വേണ്ടി കൂടുതല്‍ പോയന്റ് കരസ്ഥമാക്കിയത്. യൂ മുംബയുടെ രണ്ടാം തോല്‍വിയാണ് ഇത്.