കൊച്ചിയുടെ മണ്ണില്‍ ആദ്യ അങ്കത്തിനിറങ്ങിയ ബ്ലാക്ക് ഹോക്ക്‌സ് ഹൈദരാബാദിന് പ്രോ വോളി ബോള്‍ ലീഗില്‍ വിജയ തുടക്കം. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഹൈദരാബാദ് അഹമ്മദാബാദിനെ കീഴടക്കിയത്. സ്‌കോര്‍: 15 -11, 13 - 15, 15-11, 14-15, 15-9. ആദ്യ സെറ്റ് നേടാനായി ഇരു ടീമുകളും കളം നിറഞ്ഞു കളിച്ച കാഴ്ചയാണ് കണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഹൈദരാബാദിന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ തിരിച്ചടിക്കുന്ന അഹ്മദാബാദിനെയാണ് കളത്തില്‍ കണ്ടത്. ഇന്ത്യന്‍ അറ്റാക്കര്‍ വൈഷ്ണവ് ശക്തമായ സ്മാഷുകളിലൂടെ കളം നിറഞ്ഞു. 6-10 ല്‍ നില്‍ക്കെ മല്‍സരം അകന്നു പോകുന്നെന്ന് തോന്നിച്ച സമയത്ത് സൂപ്പര്‍ പോയിന്റ് വിളിച്ച ഹൈദരാബാദ് കളി തിരിച്ചു പിടിച്ചുവെങ്കിലും ആദ്യ സെറ്റ് നഷ്ടപ്പെട്ട അഹ്മദാബാദ് രണ്ടാം സെറ്റില്‍ ഉജ്ജ്വമായ തിരിച്ചു വരവ് നടത്തി. റഷ്യന്‍ താരം വിക്ടറിന്റെ സര്‍വാധിപത്യമാണ് രണ്ടാം സെറ്റില്‍ അഹ്മദാബാദിനെ മുന്നോട്ട് നയിച്ചത്. നായകന്‍ രഞ്ചിത്തും ഇന്ത്യന്‍ താരം ഗുരീന്ദര്‍ സിങ്ങും മികച്ച പിന്തുണ നല്‍കി യപ്പോള്‍ രണ്ടാം സെറ്റ് അഹ്മദാബാദ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ അമേരിക്കന്‍ സൂപ്പര്‍ താരം കാര്‍ സന്റെ ഉഗ്രന്‍ സ്മാഷുകളിലൂടെ തകര്‍പ്പന്‍ തീരിച്ചുവരവ് നടത്തി ഹൈദരാബാദ്. ബ്ലോക്കര്‍ അഷവാല്‍ റായിയുടെ സര്‍വുകളും ബ്ലോക്കുകളും അഹ്മദാബാദിനെ വിറപ്പിച്ചു. മൂന്നാം സെറ്റിന്റെ രണ്ടാം പകുതിയില്‍ അഹ്മദാബാദ് തിരിച്ചടിച്ചെങ്കിലും മൂന്നാം സെറ്റ് ഹൈദരാബാദ് കൈയ്യിലാക്കി.്. ഇതോടെ നാലാം സെറ്റ് അഹ്മദാബാദിന് നിര്‍ണായകമായി. നാലാം സെറ്റില്‍ കാര്‍സന്റെ കനത്ത സ്മാഷുക്കള്‍ക്ക് വിക്ടറിന്റെ മികച്ച ബ്ലോക്കുകളിലൂടെ മറുപടി നല്‍കി അഹ്മദാബാദ്. അടിക്ക് തിരിച്ചടിയെന്ന രീതിയില്‍ മുന്നേറി. നാലാം സെറ്റിലും നടന്നത് കടുത്ത പോരാട്ടം. സ്‌കോര്‍ 14-14 ല്‍ നില്‍ക്കെ അഹ്മദാബാദ് താരം മുബാറക് അലീ സയാദിന്റെ കരുത്തുറ്റ സമാഷിലൂടെ സെറ്റ് കൈപ്പിടിയിലാക്കി. ആദ്യ നാല് സെറ്റിന് ശേഷം ഇരു ടീമുകളും 2 - 2 ന് ,ഒപ്പത്തിനൊപ്പം. നിര്‍ണായകമായ അഞ്ചാം സെറ്റിന്റെ തുടക്കം ഏകപക്ഷീയം. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഹൈദരാബാദ് 6 - 2 ന് മുന്നില്‍. ഇന്ത്യന്‍ താരങ്ങളുടെ മികച്ച പോരാട്ടമാണ് തുടക്കത്തില്‍ ഹൈദരാബാദിന് ലീഡ് സമാനിച്ചത്. 10-4ന് പിന്നിട്ടു നിന്ന അഹ്മദാബാദ് സൂപ്പര്‍ പോയിന്റ വിളിചെങ്കിലും ഹൈദരാബാദ് താരങ്ങളുടെ കൃത്യതക്കു മുന്നില്‍ പിഴച്ചു. വിജയിയെ തീരുമാനിച്ച അഞ്ചാം സെറ്റ് അനായാസം സ്വന്തമാക്കിയ ഹൈദരാബാദ് ആദ്യ വിജയവും കൈപ്പിടിയിലാക്കി.