കൊച്ചി- രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ സംഘാടക സമിതിയിൽ 45 അംഗങ്ങളാണുള്ളത്. കായിക മന്ത്രി എ.സി. മൊയ്തീനാണ് വർക്കിങ് ചെയർമാൻ. ടൂർണമെന്റ് നോഡൽ ഓഫീസർ എ.പി.എം. മുഹമ്മദ് ഹനീഷ് ജനറൽ കൺവീനറാണ്. മേയർ സൗമിനി ജെയിൻ, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ എന്നിവർ വൈസ് ചെയർമാൻമാരും ജില്ലാ കലക്ടർ വൈ.മുഹമ്മദ് സഫീറുള്ള, സ്പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ എന്നിവർ ജോയന്റ് കൺവീനർമാരുമാണ്. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനനാണ് വെന്യൂ ഓപ്പറേഷൻസ് കോർഡിനേറ്റർ. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, വകുപ്പ് മേധാവികൾ എന്നിവരടക്കം 36 പേരാണ് ഉപദേശക സമിതിയിലുള്ളത്. അഞ്ചു ഫിഫ പ്രതിനിധികളെയും സംഘാടക സമിതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നു പരിശീലന ഗ്രൗണ്ടുകളിൽ ഫ്ളഡ്ലൈറ്റ് സ്ഥാപിക്കുന്ന ജോലികൾ ഒഴിച്ചാൽ പ്രധാന സ്റ്റേഡിയത്തിലും പരിശീലന ഗ്രൗണ്ടുകളിലും നിർമാണ പ്രവർത്തനങ്ങളെല്ലം പൂർത്തീകരിച്ചതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ ജോലികൾ ഒരാഴ്ചക്കകം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യ വേദിയായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പുൽത്തകിടിയുടെ നിർമാണം, ഡ്രെയിനേജ്, ടോയ്ലറ്റ് ബ്ലോക്കുകൾ, പ്ലംബിങ്, കോംപറ്റീഷൻ ഏരിയ നവീകരണം, എയർകണ്ടീഷൻ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വൈദ്യുതീകരണ ജോലികൾ, അഗ്‌നിശമന സംവിധാനം, ഗാലറികളിൽ കസേര സ്ഥാപിക്കൽ തുടങ്ങിയ ജോലികളെല്ലാം പൂർത്തിയാക്കി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 12.44 കോടി രൂപ വീതമാണ് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി നൽകിയത്. ജി.സി.ഡി.എക്കായിരുന്നു നിർമാണ ചുമതല.
പരിശീലന വേദികളിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ 2.94 കോടി രൂപ ചെലവിൽ നവീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി. പുൽത്തകിടി, താരങ്ങൾക്കുള്ള വിശ്രമ മുറി, ഫ്ളഡ്ലൈറ്റ് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്. പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലും ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലും പുൽത്തകിടിയുടെയും താരങ്ങൾക്കുള്ള വിശ്രമ മുറികളുടെയും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും ഫ്ളഡ്ലൈറ്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ നിർമാണം പൂർത്തിയാക്കും. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ പുൽത്തകിടി വെച്ചുപിടിപ്പിക്കുന്ന ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. പൈതൃക മേഖല ആയതിനാൽ ഇവിടെ സ്ഥിരം നിർമാണങ്ങൾക്ക് തടസ്സമുണ്ട്. അതിനാൽ താൽക്കാലിക വിശ്രമ മുറികളും ഫ്ളഡ്ലൈറ്റ് സംവിധാനങ്ങളും സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






