ഹജ്: കുറഞ്ഞ നിരക്ക് കുറവ്  മുംബൈയിൽ, കൂടുതൽ ബംഗ്ലുരുവിലും,  വാരണാസിയിലും

കൊണ്ടോട്ടി-ഇന്ത്യയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജിന് പോകാൻ കഴിയുന്നത് മുംബൈയിൽ നിന്ന്,കൂടുതൽ നിരക്ക് നൽകേണ്ടി വരുന്നത് ബംഗ്ലുരു,വാരണാസി എന്നിവിടങ്ങളിൽ നിന്ന്. ഈ വർഷത്തെ ഹജിന്റെ വിമാന ടിക്കറ്റ് നിരക്ക് അടക്കം നിശ്ചയിച്ചതോടെയാണിത്. കേരളത്തിൽ നിന്ന് ഹജിന് പോകാൻ ഗ്രീൻ കാറ്റഗറിയിൽ അപേക്ഷിച്ചയാൾക്ക് 2,35,150 രൂപയും, അസീസിയ്യ കാറ്റഗറിയിലുളളയാൾക്ക് 2,01,750 രൂപയുമാണ് ചിലവാകുക.എന്നാൽ മുംബൈയിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകന് ഇത് യഥാക്രമം 2,27,750 രൂപയും,1,94,400 രൂപയും മാത്രം നൽകിയാൽ മതി.വാരണാസി,ബംഗ്ലുരു എന്നിവിടങ്ങളിൽ നിന്ന് പോകുന്ന തീർത്ഥാടകന് ഗ്രീൻ കാറ്റഗറിയിൽ 2,39,600 രൂപയും, അസീസിയ്യയിൽ 2,06,200 രൂപയും നൽകണം.വിമാന നിരക്കിന്റെ വ്യത്യാസമാണ് നിരക്കിലെ അന്തരത്തിന് കാരണം.
വിമാന നിരക്കിന്റെ സബ്‌സ്ഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ 2013 മുതൽ 11,000 രൂപയുടെ ശരാശരി വർധനവ് ഹജിന്റെ നിരക്കിലുണ്ടാകുന്നുണ്ട്.കേരളത്തിൽ 2013ൽ 1,77,713 രൂപയായിരുന്നു ഗ്രീൻകാറ്റഗറി നിരക്ക്.അസീസിയ്യയിൽ 1,47,656 രൂപയും.എന്നാൽ 2014ൽ ഇത് 1,92,183രൂപയും,1,61,468 രൂപയുമായി വർധിച്ചു. 2015ലാണ് കേരളത്തിൽ ഹജ് നിരക്ക് രണ്ട് ലക്ഷത്തിന് മുകളിൽ കടന്നത്. ഗ്രീൻ കാറ്റഗറിയിൽ 2,12,850 രൂപയും,അസീസിയ്യയിൽ 1,80,100 രൂപയുമായി വർധിച്ചു.ഈ വർഷം മുതലാണ് അസീസിയ്യ കാറ്റഗറിയിലുളളവരുടെ തുക രണ്ട് ലക്ഷം കടന്നത്.ഗ്രീൻ കാറ്റഗറിയിലുളളവരുടെ ഈ വർഷത്തെ നിരക്ക് 2,01,750 രൂപയായാണ് ഉയർന്നത്.കഴിഞ്ഞ 5 വർഷത്തിനിടെ ഹജിന് പോകാൻ ഗ്രീൻ കാറ്റഗറിയിൽ 57,437 രൂപയുടേയും,അസീസിയ്യ കാറ്റഗറിയിൽ 54,094 രൂപയുടേയും വർധനവാണ് ഉണ്ടായത്. 

ഹജ് സർവീസുകൾ അടുത്ത വർഷം മുതൽ കരിപ്പൂരിൽനിന്ന് -ചെയർമാൻ

കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിലുളള ഹജ് വിമാനങ്ങൾ അടുത്ത വർഷം മുതൽ കരിപ്പൂരിൽ നിന്ന് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി ഹജ് കമ്മറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു.നിലവിൽ കേരളത്തിലെ ഹജ് എംപാർക്കേഷൻ പോയിന്റുകളുടെ സ്ഥിതി കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സമയസ്ലോട്ട് നേരത്തെ വേണ്ടിവന്നതിനാൽ ഇത്തവണ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ അടുത്ത വർഷം കരിപ്പൂരിൽ നിന്ന് അനുമതി നൽകാമെന്ന് കേന്ദ്ര മന്ത്രി മുഖ്താർ നഖ്‌വി ഉറപ്പ് നൽകിയതായി ചെയർമാൻ പറഞ്ഞു.കേരളത്തിലെ തീർത്ഥാടകരിൽ 83 ശതമാനവും മലബാറിൽ നിന്നുളളവരായതിനാൽ വിമാന സർവ്വീസ് കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നതാണ് ഉചിതം.

ഹജ്: സൗദി റിയാൽ നിരക്കിൽ കുറവ്

കൊണ്ടോട്ടി-രൂപയുടെ മൂല്യം വർധിച്ചതിനാൽ ഹജ് തീർത്ഥാടകർക്ക് നൽകുന്ന സൗദി റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം ഒരു റിയാലിന് 18.20 രൂപയായിരുന്നു കേന്ദ്ര ഹജ് കമ്മിറ്റി വിനിമയ നിരക്കായി നിശ്ചയിച്ചിരുന്നത്. ഇത്തവണ 17.39 രൂപയാണ് വിനിമയ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ 2015ൽ റിയാലിന്റെ മൂല്യം 17.50നും,2014ൽ 16.42 ഉം,2013ൽ 16.07 രൂപയുമായിരുന്നു വിനിമയ നിരക്ക്. 2100 റിയാലാണ് ഹജജ്ജ് വേളയിലെ ചിലവിലേക്കായി നൽകുന്നത്.
 

Latest News