കേരളത്തിൽനിന്ന് ഹജിന് ഇത്തവണ ചെലവേറും

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോകാൻ ഇത്തവണ ചെലവേറും. ഗ്രീൻ കാറ്റഗറിയിൽ അപേക്ഷിച്ചവർക്ക് കഴിഞ്ഞ വർഷത്തേക്കാൾ 18,000 രൂപയും അസീസിയ്യ കാറ്റഗറിക്കാർക്ക് 19,150 രൂപയുമാണ് അധികം വരിക. ഹജ് വിമാനക്കൂലി വർധന, വിമാന സബ്‌സിഡി വെട്ടിച്ചുരുക്കൽ, മിന, മദീന, മുസ്തലിഫ എന്നിവടങ്ങളിലെ താമസവാടക വർധന തുടങ്ങിയവയാണ് ഈ വർഷത്തെ ഹജിന് ചെലവ് കൂടാൻ കാരണം.
  ഹജിന് രണ്ടു കാറ്റഗറിയിലാണ് മക്കയിൽ താമസ സൗകര്യം നൽകുന്നത്. ഇതിൽ ഗ്രീൻ കാറ്റഗറിക്കാർക്ക് മക്കയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ താമസ സൗകര്യം ലഭിക്കും. ഇവർ ഈ വർഷം ഹജിന് പോകാനായി ചെലവഴിക്കേണ്ടി വരിക 2,35,150 രൂപയാണ്. കഴിഞ്ഞ വർഷം 2,17,150 രൂപയായിരുന്നു. മക്കയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസ സൗകര്യം ലഭിക്കുന്ന അസീസിയ്യ കാറ്റഗറിക്കാർ ഇത്തവണ 2,01,750 രൂപയാണ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ വർഷമിത് 1,83,300 രൂപയായിരുന്നു.
  ഹജ് തീർത്ഥാടകർ ഈ വർഷം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്നതിന് വിമാന നിരക്ക് നൽകേണ്ടി വരുന്നത് 72,812 രൂപയാണ്. കഴിഞ്ഞ വർഷം 60,185 രൂപയായിരുന്നു. 12,625 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. സബ്‌സിഡിയായി കഴിഞ്ഞ വർഷം 15,300 ലഭിച്ചിരുന്നെങ്കിൽ ഇത്തവണ സബ്‌സിഡി 10,750 ആയി ചുരുങ്ങി. മദീനയിലെ താമസ നിരക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 200 റിയാൽ വർധിച്ചു. കഴിഞ്ഞ വർഷം 500 സൗദി റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഈ വർഷം 700 റിയാലായി വർധിച്ചു. മിന, മുസ്തലിഫ താമസ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 250 റിയാലിന്റെ മാറ്റമുണ്ട്. കഴിഞ്ഞ വർഷം 4240 ആയിരുന്നെങ്കിൽ ഇത്തവണ 4490 ആയി വർധിച്ചു.
രണ്ടു വയസ്സിന് താഴെയുളള കുട്ടികളുടെ നിരക്കിലും ഈ വർഷം മാറ്റുമുണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ഇത്തവണ 1150 രൂപയാണ് അധികം അടയ്‌ക്കേണ്ടി വരിക. കഴിഞ്ഞ വർഷം 10,700 ആയിരുന്നത് ഈ വർഷം 11,850 രൂപയായി മാറി.
 

Latest News