കേരള ഹജ് സർവ്വീസുകൾ ഓഗസ്റ്റ് എട്ടിൽ നിന്ന് 13 ലേക്ക് മാറ്റി

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുളള ഹജ് വിമാന സർവ്വീസുകൾ ഓഗസ്റ്റ് എട്ടിൽ നിന്ന് 13 ലേക്ക് മാറ്റി. ഹജ് സർവ്വീസുകൾക്ക് മദീന, ജിദ്ദ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നതിനും പുറപ്പെടുന്നതിനുളള സമയ സ്ലോട്ടിൽ വന്ന മാറ്റമാണ് സർവ്വീസുകൾ അഞ്ചു ദിവസം കൂടി മുന്നോട്ട് പോയത്. സമയസ്ലോട്ടുകൾ അന്തിമമായിട്ടില്ലെങ്കിലും സർവ്വീസുകൾ 13 മുതൽ 26 വരെയുളള തീയതികളിൽ നടക്കുമെന്ന് കേരളത്തിലെ ഹജ് സർവ്വീസുകൾ നടത്തുന്ന സൗദി എയർലൈൻസ് മാനേജർ കുമാർ പറഞ്ഞു. രാജ്യത്ത് രണ്ടു ഘട്ടങ്ങളായാണ് ഹജ് സർവ്വീസുകൾ നടത്തുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കേരളത്തിൽ ഓഗസ്റ്റ് എട്ടിനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
 ദിനേന 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സർവ്വീസിന് ഉപയോഗിക്കുക. ഒരു ദിവസം തന്നെ ഒന്നിലേറെ സർവ്വീസുകളുണ്ടാകും. 39 വിമാനങ്ങൾ ഇതിനായി ക്രമീകരിക്കും. തീർത്ഥാടകരുടെ മാനിഫെസ്റ്റോ ഉൾപ്പെടുത്തിയതടക്കമുളള ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. കേരളത്തിൽ നിന്ന് 11,197 തീർത്ഥാടകരും ലക്ഷദ്വീപിൽ നിന്ന് 298 പേരും മാഹിയിൽ നിന്ന് 80 പേരും ഉൾപ്പടെ 11,575 പേരാണ് യാത്രയാവുക. മറ്റു സംസ്ഥാനങ്ങളിൽ അനുമതി ലഭിച്ചവർ യാത്ര റദ്ദാക്കിയത് കൂടിയാൽ കേരളത്തിന് അധിക സീറ്റുകൾ ഇനിയും ലഭിച്ചേക്കുമെന്ന പ്രതീക്ഷയുളളതായി സംസ്ഥാന ഹജ് കമ്മറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു.
  ഹജിന് പുറപ്പെടുന്ന സംഘങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്ന് നേരിട്ട് ജിദ്ദയിലേക്കാണ് പോവുക.. ഹജ് കർമ്മങ്ങൾ പൂർത്തീകരിച്ചതിന് ശേഷമായിരിക്കും തീർത്ഥാടകരുടെ മദീന സന്ദർശനം. ഹാജിമാരുടെ മടക്കം മദീന വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹജ് ക്യാമ്പ് പ്രവർത്തനങ്ങൾ വിലയരുത്താൻ സംസ്ഥാന ഹജ് കമ്മറ്റി അടുത്ത മാസം എട്ടിന് നെടുമ്പേശ്ശേരിയിൽ യോഗം ചേരും. ഹജ് രണ്ടാംഘട്ട പഠന ക്ലാസുകൾ പൂർത്തിയായതോടെ മൂന്നാം ഘട്ട ക്ലാസിനുളള ഒരുക്കങ്ങൾ നടന്നുവരികയാണ്. റമദാനു ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക. 

Latest News