ജിദ്ദ - ജീവിതത്തിൽ താൻ കണ്ടതിൽ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു കഅബയെന്ന് ഉംറ നിർവഹിച്ച ശേഷം ലോകത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ പോൾ പോഗ്ബ. വിശുദ്ധ കഅബയുടെ പശ്ചാത്തലത്തിലുള്ള വീഡിയൊ പോഗ്ബ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് 37 ലക്ഷത്തിലേറെ പേരാണ് വീക്ഷിച്ചത്. ചിത്രത്തിന് 16 ലക്ഷത്തിലേറെ ലൈക്ക് കിട്ടി. റമദാനിന്റെ പുണ്യമാസ്വദിക്കുന്നവരെ പോഗ്ബ അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ഇരുപത്തിനാലുകാരൻ രണ്ടാം തവണയാണ് വിശുദ്ധ ഹറമിലെത്തുന്നത്. നേരത്തെ ഹജ് നിർവഹിച്ചിരുന്നു.
മാതാവ് യോ മോരിബയിൽനിന്നാണ് പോളും ഫുട്ബോൾ കളിക്കാർ തന്നെയായ രണ്ടു സഹോദരന്മാരും ഇസ്ലാമിക വിശ്വാസത്തിലെത്തിയത്. മതവിശ്വാസം മുറുകെ പിടിക്കുന്ന മോരിബയാണ് തന്റെ പ്രചോദന കേന്ദ്രമെന്ന് പലതവണ പോഗ്ബ പറഞ്ഞിരുന്നു.






