Sorry, you need to enable JavaScript to visit this website.

ബാഴ്‌സ കോച്ചായി വാൽവെർദെ

ബാഴ്‌സലോണ - ക്ലബ്ബിന്റെ മുൻ കളിക്കാരൻ ഏണസ്റ്റൊ വാൽവെർദെ ബാഴ്‌സലോണയുടെ പുതിയ കോച്ചാവും. മൂന്നു വർഷമായി ക്ലബ്ബിനെ പരിശീലിപ്പിക്കുന്ന ലൂയിസ് എൻറിക്കെ കഴിഞ്ഞ ദിവസം കോപ ഡെൽറേ കിരീട വിജയത്തോടെ വിടവാങ്ങിയിരുന്നു. കഴിഞ്ഞ നാലു വർഷമായി അത്‌ലറ്റിക്കൊ ബിൽബാവോയുടെ കോച്ചായിരുന്നു വാൽവെർദെ. മാർച്ചിൽ എൻറിക്കെ വിടവാങ്ങൽ പ്രഖ്യാപിച്ചതു മുതൽ വാൽവെർദെയുടെ പേര് ഉയർന്നുവന്നിരുന്നു. 
ക്ലബ്ബിന് മുൻകാലത്ത് കളിച്ചവരെ പരിശീലകനാക്കുന്ന ബാഴ്‌സലോണയുടെ സമീപകാല രീതിയനുസരിച്ചാണ് അമ്പത്തിമൂന്നുകാരന്റെയും നിയമനം. 1988 മുതൽ 1990 വരെ ബാഴ്‌സലോണയുടെ ഫോർവേഡായിരുന്ന കാലത്ത് വാൽവെർദെ കപ്പ് വിന്നേഴ്‌സ് കപ്പും കോപ ഡെൽറേ കിരീടവും നേടിയിരുന്നു. 
കോച്ചായി നിരവധി ക്ലബ്ബുകളിൽ അദ്ദേഹത്തിന് പരിചയമുണ്ട്. ബിൽബാവോയിലും ഗ്രീക്ക് ടീം ഒളിംപ്യാകോസിലും രണ്ടു തവണ പരിശീലകനായി. എസ്പാന്യോൾ, വിയ്യാറയൽ, വലൻസിയ ടീമുകളെയും പരിശീലിപ്പിച്ചു. സ്‌പെയിനിന്റെ ജൂനിയർ, സീനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്.  ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽനിന്ന് സീനിയർ ടീമിലേക്കുള്ള അനുസ്യൂതമായ ഒഴുക്ക് നിലച്ചുവെന്നതാണ് എൻറിക്കെയുടെ കാലത്തെ പ്രധാന പരാതി. സെർജി റോബർടൊ മാത്രമാണ് മൂന്നു വർഷത്തിനിടെ സീനിയർ ടീമിലേക്കു വന്ന ലാ മാസിയ ട്രയ്‌നി. റഫീഞ്ഞ ഇപ്പോഴും റിസർവ് താരമാണ്. പെഡ്ര റോഡ്രിഗസും മുനീർ അൽ ഹദ്ദാദിയും സാന്ദ്രൊ റാമിറേസും മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറി. മെസ്സി, ആന്ദ്രെസ് ഇനിയെസ്റ്റ, ജെറാഡ് പിക്വെ, സെർജിയൊ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയ കളിക്കാരെ വാർത്തെടുത്ത ലാ മാസിയയിൽനിന്ന് പുതിയ കളിക്കാരെ കണ്ടെത്താൻ വാൽവെർദെക്ക് സാധിക്കുമോയെന്നതായിരിക്കും പ്രധാന ചോദ്യം. 
മെസ്സിക്കൊപ്പം നെയ്മാറും ലൂയിസ് സോറസുമെത്തിയതോടെ മധ്യനിര അടക്കിഭരിക്കുന്ന പതിവ് ശൈലിയോട് ബാഴ്‌സലോണ വിടപറഞ്ഞിരുന്നു. ആക്രമണനിരക്കായി പ്രാധാന്യം. ആന്ദ്രെ ഗോമസിനെയും ഡെനിസ് സോറസിനെയും കൊണ്ടുവന്ന് മധ്യനിര ശക്തിപ്പെടുത്താൻ കഴിഞ്ഞ സീസണിൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇനിയെസ്റ്റ ഇല്ലാത്ത കളികളിൽ ആധിപത്യം നേടാൻ ടീം പ്രയാസപ്പെട്ടു. മെസ്സിക്ക് പ്ലേമേക്കറായി കളിക്കേണ്ടി വന്നു. ഇനിയെസ്റ്റക്ക് മുപ്പത്തിനാലാവുകയാണ്. മധ്യനിര ഭരിക്കാൻ വീണ്ടും ബാഴ്‌സലോണക്കു സാധിക്കണമെങ്കിൽ പകരമൊരു അതികായനെ കണ്ടെത്താൻ വാൽവെർദെക്ക് കഴിയണം. 

Latest News