കുവൈത്ത് സിറ്റി -കുവൈത്തില്‍ വധിക്കപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നല്‍കിയതിനെ തുടര്‍ന്ന് തമിഴ്്‌നാട് സ്വദേശിയായ ഘാതകന് ശിക്ഷയില്‍ ഇളവ്. അഞ്ചര വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തെ തുടര്‍ന്ന് തടവില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനന്റെ വധശിക്ഷ ഇളവു ചെയ്ത് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടു. ശിക്ഷ ജീവപര്യന്തമായാണ് ഇളവു ചെയ്തത്.
2013 സെപ്റ്റംബറിലായിരുന്നു കൊലപാതകം. സഹജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശിയെ അര്‍ജുനന്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതായി രേഖാമൂലം അറിയിച്ചാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നറിഞ്ഞതോടെ അര്‍ജുനന്റെ ഭാര്യ മാലതിയും കുടുംബവും മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തെത്തിയിരുന്നു. കെ.എം.സി.സി. പ്രവര്‍ത്തകരാണ് ഇരുകുടുംബങ്ങളുടെയും കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയത്. മാപ്പു നല്‍കാന്‍ ദിയയായി 30 ലക്ഷം നല്‍കണമെന്ന നിബന്ധന വന്നതോടെ അര്‍ജുനന്റെ നിര്‍ധന കുടുംബം തളര്‍ന്നിരുന്നു. തുടര്‍ന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോട് അര്‍ജുനന്റെ കുടുംബം ആശങ്ക പങ്കുവക്കുകയും പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിക്കുകയും തുക മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറുകയും ചെയതിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയെന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അര്‍ജനന്റെ വധശിക്ഷ ഇളവു ചെയ്ത് കോടതി ഉത്തരവിട്ടത്.