ഷാര്‍ജ- ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം. കണ്ണൂര്‍ പള്ളിപ്പറമ്പ് സ്വദേശി ആയാടത്തു പുതിയപുരയില്‍ സിദ്ദീഖിനാണ്(42) നഷ്ടപരിഹാര തുക ലഭിക്കുക. ഷാര്‍ജയില്‍ കഫ്ത്തീരിയ നടത്തിവരികയായിരുന്നു സിദ്ദീഖ്.
2017 മെയ് 20 നാണ് അപകടം. പാക്കിസ്ഥാനി പൗരന് ഓടിച്ച വാഹനം സിദ്ദീഖിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ സിദ്ദീഖ് ഷാര്‍ജ അല്‍ കാസിമി ആശുപത്രിയിലും നാട്ടിലെ ആശുപത്രിയിലും മാസങ്ങളോളം ചികിത്സയില്‍ തുടര്‍ന്നു. പാക്കിസ്ഥാനി ഡ്രൈവര്‍ക്ക് ഷാര്‍ജ ട്രാഫിക് ക്രിമിനല്‍ കോടതി 3000 ദിര്‍ഹം പിഴയടക്കാന്‍ വിധിച്ചിരുന്നു. വാഹനാപകട നഷ്ടപരിഹാരത്തിനായി സിദ്ദീഖിന്റെ സഹോദരന് സുബൈര്‍ പുതിയപുരയിലും ബന്ധുക്കളും ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കറ്റ്സ് നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിക്ക് കൈമാറുകയായിരുന്നു.
ഇന്‍ഷുറന്‍സ് കമ്പനിയേയും അപകടം വരുത്തിയ ഡ്രൈവറേയും എതിര് കക്ഷികളാക്കി ദുബായ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
അപകടത്തിനിരയായ സിദ്ദീഖ്, പ്രാഥമിക കാര്യങ്ങള്‍ പോലും സ്വയം നിര്‍വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും ഇദ്ദേഹത്തിന്റെ കഴുത്തിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റുവെന്നും, ജീവിക്കാന്‍ പോലും പരസഹായം ആവശ്യമാണെന്നും കോടതിയെ ബോധിപ്പിച്ചു. ഈ വാദങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചുവെങ്കിലും പരാതിക്കാരനു വേണ്ടി ഹാജരാക്കിയ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ച കോടതി, നഷ്ടപരിഹാരമായി 10,90,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്കാന് ഉത്തരവിടുകയും ചെയ്തു. നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു കിട്ടുന്നതിന് കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഡ്വ.സലാം പാപ്പിനിശ്ശേരി അറിയിച്ചു.