രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളം തിരിച്ചടിക്കുന്നു. ടോസ് നഷ്ടപ്പെട്ട കേരളം 39.3 ഓവറില്‍ 185 റണ്‍സിനു പുറത്തായി. വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഗുജറാത്തിന് 97 റണ്‍സിന് നാലു വിക്കറ്റ് നഷ്ടപ്പെട്ടു.
നാലിന് 52 ലേക്ക് തകര്‍ന്ന കേരളത്തെ വിനൂപ് മനോഹരനുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കരകയറ്റുമ്പോഴാണ് സഞ്ജുവിനു (17 നോട്ടൗട്ട്) കൈക്ക് പരിക്കേറ്റ് കളം വിടേണ്ടിവന്നത്.
എട്ടാമനായി ഇറങ്ങിയ ബെയ്‌സില്‍ തമ്പിയാണ് (33 പന്തില്‍ 37) ടോപ്‌സ്‌കോറര്‍. പൊന്നം രാഹുല്‍ (26), മുഹമ്മദ് അസ്ഹറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (8), വിനൂപ് മനോഹരന്‍ (25), വിഷ്ണു വിനോദ് (19), ജലജ് സക്‌സേന (14), എം.ഡി. നിധീഷ് (8), സന്ദീപ് വാര്യര്‍ ( 4 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലാണ് (43) ഗുജറാത്ത് ഇന്നിംഗ്‌സ് നയിച്ചത്. കഥന്‍ ഡി. പട്ടേല്‍ (1), പ്രിയങ്ക് പഞ്ചാല്‍ (8), രാഹുല്‍ വി.ഷാ (15) എന്നിവരും പുറത്തായി.