ഇവിടെയെത്തുന്നവരിൽ പലരും ഒരു കാലത്ത് പണവും സ്വത്തും ബന്ധുക്കളുമെല്ലാമുണ്ടായിരുന്നവരാണ്. ചിലരെയെല്ലാം സ്വത്തുഭാഗംവെക്കലും മറ്റും കഴിഞ്ഞതോടെ കുടുംബാംഗങ്ങളും മക്കളടക്കമുള്ളവർ നട തള്ളിയവരാണ്. ചിലർ ആകട്ടെ മറ്റു പലതിന്റെയും തിരക്കിലും വിവാഹമടക്കമുള്ളവ മറന്നുപോകുകയും ഇപ്പോൾ സാമ്പത്തികമായി പിന്നോക്കമായതിനാൽ തെരുവിലെത്തേണ്ടി വന്നവരാണ്.
ഒരു നേരത്തെ ഭക്ഷണത്തിന്റെ വില എന്താണെന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകുമല്ലോ. പക്ഷേ അത് അനുഭവിച്ചറിയാൻ നിങ്ങൾക്കിതുവരെ സാധിച്ചിട്ടില്ലെങ്കിൽ, കോഴിക്കോട്ട് വരുമ്പോൾ, ഞായറാഴ്ച രാവിലെ ഏഴുമണിയോടുകൂടി റെയിൽവേ സ്റ്റേഷനടുത്ത വലിയങ്ങാടിയിലേക്കുള്ള ഓവർബ്രിഡ്ജിനടുത്ത് വന്നാൽ മതി, നിങ്ങളുടെ കൺമുന്നിലൂടെ നിങ്ങൾക്കിത് അനുഭവവേദ്യമാകും.
ഒരു മൂന്നോ നാലോ വെള്ളപ്പത്തിനും പൊറോട്ടക്കും കടലക്കറിക്കുമായി പത്തിരുന്നൂറ്റമ്പതോളം ആളുകൾ അതും നമ്മെപോലെ തന്നെയുള്ളവർ ക്യൂ നിൽക്കുന്ന കാഴ്ചയിലൂടെ നമുക്കിത് തിരിച്ചറിയാം. സോമാലിയയിലോ, ആഫ്രിക്കൻ രാജ്യങ്ങളിലെയോ ഭക്ഷണത്തിനുവേണ്ടി വിശന്നൊട്ടിയ വയറുമായി കാത്തിരിക്കുന്നവരുടെ വാട്‌സ് ആപ്പ് ചിത്രത്തിന്റെ മറ്റൊരു കാഴ്ചയാണ് നിങ്ങൾക്കിവിടെ നേരിട്ടുകാണുവാൻ സാധിക്കുക.
ഏതെങ്കിലും കടത്തിണ്ണയിലോ, റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ അന്തിയുറങ്ങി, നേരം പുലർന്നാൽ കൈയിലൊരു ഭാണ്ഡമോ , കവറോ ആയി നടക്കുന്ന തെരുവിന്റെ മക്കളാണ് ഇവിടെ കഴിഞ്ഞ ഒരുവർഷമായി രാവിലത്തെ പ്രാതലിനായി എത്തുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ ആറേ മുക്കാലോടുകൂടി പല ഭാഗത്തുനിന്നും ദേശത്തുനിന്നുമായിപുഴവക്കത്തെ പള്ളിക്കുസമീപത്തെ റോഡിൽ ഇവർ എത്തിച്ചേരും.
ഇവർക്കായി ചൂടുള്ള പ്രഭാതഭക്ഷണവുമായി ഒരു കൂട്ടം യുവാക്കളടക്കമടങ്ങിയ തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും തയ്യാറായി നിൽക്കുന്നുണ്ടാകും.
രണ്ടരകൊല്ലമായി തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റി ഇത്തരം തെരുവിലെ അന്തേവാസികൾക്കായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു വർഷമായിട്ടാണ് തുടർച്ചയായി ആഴ്ചയിലുള്ള ഭക്ഷണവിതരണം മുടങ്ങാതെ നടക്കുന്നത്.
ആദ്യകാലത്ത് തെരുവിന്റെ മക്കൾ ചാരിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളിലെ സജീവരായ പത്തുമുപ്പതോളം പ്രവർത്തകരായിരുന്നു ഭക്ഷണത്തിനുവേണ്ട സാമ്പത്തികമടക്കമുള്ള തങ്ങൾ തന്നെ വിഹിതം കണ്ടെത്തി എടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഇവരുടെ പ്രവർത്തനങ്ങൾ കണ്ടും കേട്ടുമറിഞ്ഞ് വിദേശനാടുകളിൽ നിന്നടക്കമുള്ള അനേകംപേർ സ്‌പോൺസർമാരായി എത്തുന്നുണ്ട്.
കൂടാതെ ഞായറാഴ്ച രാവിലെ വലിയങ്ങാടി റോഡിനടുത്തുകൂടെ പോകുന്ന യാത്രക്കാരിൽ പലരും ഇവിടത്തെ ആൾക്കൂട്ടവും ബഹളവുമെല്ലാം കണ്ട്, ചോദിച്ചറിഞ്ഞ് പിന്നീട് ഒരു പ്രാവശ്യത്തെയും പലപ്രാവശ്യത്തെയും ഭക്ഷണത്തിന്റെ സ്‌പോൺസർമാരായി മാറിയിട്ടുണ്ട്. ഗൃഹപ്രവേശത്തിനായി പോകുന്നതിനിടയിൽ കാറിൽ നിന്നിറങ്ങി, വിഷയം കേട്ടറിഞ്ഞ് ഗൃഹപ്രവേശത്തിന്റെ ഭാഗമായി തെരുവിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ പ്രാതൽ നൽകിയവരും, കല്യാണത്തിന്റെ ഭാഗമായി ഒരു ദിവസത്തെ പ്രാതൽ നൽകിയവരുമെല്ലാമുണ്ട്. അങ്ങനെ ബർത്ത്‌ഡേ പാർട്ടി മാറ്റിവെച്ച്‌പോലും തെരുവിൽ അന്തിയുറങ്ങുന്ന തെരുവിന്റെ മക്കൾക്ക് ഭക്ഷണം വിളമ്പിയവരുമുണ്ട്. ഇത് കൂടാതെ രണ്ടാഴ്ചകൂടുമ്പോൾ മുഷിഞ്ഞ വസ്ത്രവുമായി എത്തുന്നവരെ പുതിയ വസ്ത്രങ്ങൾ നൽകിയും തെരുവിന്റെ മക്കൾ പ്രവർത്തകർ സന്തോഷിപ്പിച്ചാണ് തിരിച്ചയക്കാറുള്ളത്. രാവിലെ ഒന്ന് ഒന്നൊര മണിക്കൂറിനുള്ളിൽ ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് നല്കിയതിനുശേഷം ശാരീരികാസ്വസ്ഥതകൾ കാരണം വഴിയോരത്തെല്ലാം കിടക്കുന്നവർക്ക് ബാക്കിയുള്ള ഭക്ഷണം പാർസലാക്കി പ്രവർത്തകർ എത്തിക്കും.
സൊസൈറ്റിയുടെ ട്രഷററായ സയ്യിദ് അബ്ദുൽ അഫത്തറിന്റെ ഒരു മാരുതി 800 കാറാണ് ഞായറാഴ്ച രാവിലെ ആദ്യം ഇവിടെയെത്തുക. പ്ലാസ്റ്റിക്ക് ഗ്ലാസ്, പ്ലാസിക്ക് പ്ലെയിറ്റ്, കുപ്പി ഗ്ലാസ്, ശുദ്ധ ജലം, പാർസൽ കവർ തുടങ്ങി മേശയടക്കമുള്ള സാധനങ്ങളാണ് ഈ കാറിലുണ്ടാകുക. തെരുവിന്റെ മക്കൾക്കായി ഒരുക്കിയതാണ് ഈ പഴയ കാറെന്ന് അഫ്ത്തർ പറഞ്ഞു. ഇതുപോലെ സൊസൈറ്റിയുടെ മെമ്പർകൂടിയായ സാദിഖ് പാളയമാണ് എല്ലാ ആഴ്ചയിലെയും ഭക്ഷണത്തോടൊപ്പമുള്ള ചായ സ്വന്തം വീട്ടിൽനിന്ന് കൊണ്ടുവരുന്നത്. ഭക്ഷണം നൽകുന്നവർക്ക് വേണമെങ്കിൽ വീട്ടിൽനിന്ന് ഉണ്ടാക്കി പ്രവർത്തകർക്ക് കൈമാറാം. അല്ലെങ്കിൽ പുറമേയുള്ള വില്പനക്കാരിൽനിന്ന് വാങ്ങി നല്കുകയും ചെയ്യുന്ന രീതിയിലാണ് വിതരണം ക്രമപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ഞായറാഴ്ചയും ഈയാവശ്യത്തിനുവേണ്ടി മാത്രമാണ് ഈ കാർ പുറത്തെടുക്കാറത്രേ. സ്‌പോൺസർമാരായ ആളുകൾക്ക് താൽപര്യമുണ്ടെങ്കിൽ ഭക്ഷണ വിതരണ സമയത്ത് അവർക്ക് വന്ന് ഈ യജ്ഞത്തിൽ പങ്കാളികളാകാം. ഇനി സമയമില്ലെങ്കിൽ പ്രശ്‌നമില്ല. ഇതിനായി തയ്യാറായ പത്തൻപതോളം കോഴിക്കോട് നഗരവാസികൾ തന്നെയായ തെരുവിന്റെ മക്കളുടെ പ്രവർത്തകർ ഇതിനു തയ്യാറായിട്ടുണ്ട്.
ആദ്യം ഇവർ ഒറ്റക്കായിരുന്നെങ്കിൽ കാലക്രമേണ ഇവരുടെ ഭാര്യമാരും മക്കളുമൊക്കെ ഈ കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തങ്ങൾ ഒരിക്കലും കാണാത്ത ഒരിക്കലുമറിയാത്തവർക്ക് ഒരു നേരത്തെ അന്നം നല്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുമ്പോഴുള്ള സന്തോഷമാണ് ചിലർക്കെങ്കിൽ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ പുണ്യപ്രവൃത്തിയായി തന്നെയാണ് സൊസൈറ്റിയുടെ പ്രവർത്തകരിൽ ഭൂരിഭാഗവും ഇതിനെ കാണുന്നത്.
കാരണം ഇവിടെയെത്തുന്നവരിൽ പലരും ഒരു കാലത്ത് പണവും സ്വത്തും ബന്ധുക്കളുമെല്ലാമുണ്ടായിരുന്നവരാണ്. ചിലരെയെല്ലാം സ്വത്തുഭാഗംവെക്കലും മറ്റും കഴിഞ്ഞതോടെ കുടുംബാംഗങ്ങളും മക്കളടക്കമുള്ളവർ നട തള്ളിയവരാണ്. ചിലർ ആകട്ടെ മറ്റു പലതിന്റെയും തിരക്കിലും വിവാഹമടക്കമുള്ളവ മറന്നുപോകുകയും ഇപ്പോൾ സാമ്പത്തികമായി പിന്നോക്കമായതിനാൽ തെരുവിലെത്തേണ്ടി വന്നവരാണ്.
തെരുവിൽ അലയുന്നവർക്ക് വേണ്ടിയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന തെരുവിന്റെ മക്കൾ ചാരിറ്റി സൊസൈറ്റിയുടെ മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനം, കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി കേന്ദ്രീകരിച്ചുള്ളതാണ്. കുടുംബാംഗങ്ങളും മറ്റും നടതള്ളി രോഗികളായി ആശുപത്രിയിൽ അഡ്മിറ്റായവരെ പരിചരിക്കുന്ന പാലിയേറ്റീവ് പ്രവർത്തനമാണത്. സൊസൈറ്റി പ്രവർത്തകർ രാവിലെ ആറരക്ക് തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചായയും ബിസ്‌ക്കറ്റുമായി എത്തുകയും ഇത് വിതരണം ചെയ്യുന്നതോടുകൂടി തുടങ്ങും ഇവിടത്തെ പ്രവർത്തനം. ആരോരുമില്ലാത്തവരെ വൃത്തിയാക്കലടക്കമുള്ളവയിൽ ഇവർ സിസ്റ്റർമാരെയും മറ്റും സഹായിക്കും. ഇതുപോലെ തെരുവിൽ നിന്ന് ആശുപത്രിയിലെത്തി സഹായത്തിനാരുമില്ലാതായവരെ പോലീസ് അടക്കമുള്ളവയുടെ സഹായത്തോടെ ഗവ. ആഫ്റ്റർ കെയർഹോംപോലുള്ളവയിൽ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്.
മലബാർ റഷീദ് പ്രസിഡന്റും മുനീർ മുണ്ടേരി സെക്രട്ടറിയുമായി എന്തിനും ഏതിനും പ്രവർത്തനസജ്ജരായുള്ള പത്തുമുപ്പതോളം പ്രവർത്തകരാണ് ഈ കൂട്ടായ്മയുടെ താങ്ങും തണലുമായി പ്രവർത്തിക്കുന്നത്. എന്നാൽ നിഷ്‌കാമമായി പ്രവർത്തിക്കുന്ന ഇവർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സമാനപേരുകളിലും മറ്റും ഈ രംഗത്തേക്ക് വന്ന സംഘടനകളും ചില ആളുകളുമാണ്. റിലീഫ് രംഗത്തേക്ക് ധാരാളമായി ആളുകളിൽനിന്ന് പണം ലഭിക്കുമെന്നത് മുന്നിൽകണ്ടുകൊണ്ടാണ് ഇത്തരമാളുകൾ പലതും കാട്ടിക്കൂട്ടുന്നത്. ഇത് പലപ്പോഴും ഈ രംഗത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സംഘടനകൾക്കു പോലും വലിയ പ്രയാസങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കുന്നതായി ഇവർ പരാതിപ്പെടുന്നു.






