സിനിമയിലെ കോടതിയും ആക്‌സിഡന്റൽ ടൂറിസ്റ്റും

ചില സിനിമകൾ കാണുമ്പോൾ അതിലെ നടന്മാരെ നമ്മൾ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോകും. തിലകന്റെ സാന്നിധ്യം കൊണ്ടു മാത്രം സമ്പന്നമായ എത്രയെത്ര സിനിമകൾ? യവനിക  മുതൽ പുതിയ തലമുറയിലെ ദുൽഖർ സൽമാന്റെ ഒപ്പം അഭിനയിച്ച ഉസ്താദ് ഹോട്ടൽ വരെ അദ്ദേഹത്തിന്റേതായ നിരവധി സിനിമകൾ. ഖാൻമാർ അടക്കി വാഴുന്ന ബോളിവുഡിൽ ഇത് പോലെ നസീറുദ്ദീൻ ഷാ എന്നൊരു നടനുണ്ട്. മലയാളത്തിൽ പൊന്തൻമാടയിലും അഭിനയിച്ചു. 
ഇരുപത് വർഷങ്ങൾക്കപ്പുറം ഗോവയിൽ വെച്ച് ഒരു അവധിക്കാലത്ത് കണ്ട ചിത്രമാണ് ബോംബെ ബോയ്‌സ്. അധോലോക നായകനായും സിനിമാ നിർമാതാവായും തിളങ്ങിയ മഹാ നടൻ. വെള്ളിത്തിരയിലെ അദ്ദേഹത്തിന്റെ ഓരോ സീനും കാണികൾക്ക് മറക്കാനാവില്ല. അനുഗ്രൃഹീത പ്രതിഭയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സിദ്ധി. ഇതൊക്കെ പറഞ്ഞ് അഹങ്കരിക്കാൻ വരട്ടെ. മൂപ്പരെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തീരുമാനമായിട്ടുണ്ട്. വിസയും എയർ ടിക്കറ്റും റെഡി. രാജ്യദ്രോഹി  നമ്പർ വൺ. ഈ രാജ്യത്ത് മനുഷ്യനേക്കാൾ വില പശുവിന്റെ ജീവനാണെന്നൊക്കെ വാചകമടിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. ആദ്യ നടപടിയായി അജ്മീറിലെ പുസ്തക പ്രകാശന ചടങ്ങ് മാറ്റി വെച്ചു.  മേഘാലയിലെ ഖനിയിലേക്കൊക്കെ വെറുതെ നോക്കാൻ പോയാൽ ഇങ്ങനെയിരിക്കും. 
*** *** ***
മിക്ക ചാനലുകളിലും ക്രിസ്തുമസ് സീസണായതിനാൽ ധാരാളം പുതിയ മലയാളം സിനിമകൾ പ്രദർശിപ്പിക്കുകയുണ്ടായി. സുഡാനി ഫ്രം നൈജീരിയ മിസ്സായ പ്രവാസികൾ അവസരം ഉപയോഗപ്പെടുത്തി.  അബ്രഹാമിന്റെ സന്തതികളും സൈറാബാനുവുമെല്ലാം നിറഞ്ഞാടി. ലൗ ജിഹാദിന്റെ ഉപോൽപന്നമായ സെല്ലുലോയ്ഡ് ജിഹാദിന്റെ ഗുണം മുസ്‌ലിം കഥാപാത്രങ്ങളുള്ള സിനിമകളിൽ കാണാനുണ്ട്. മൂന്നും നാലും ഭാര്യമാരുള്ള അരപ്പട്ട കെട്ടി മൗലാന ലുങ്കിയുമുടുക്കുന്ന മലപ്പുറം ഹാജിയാർമാരെ കാണാനേയില്ല. നല്ല മാറ്റം. യാഥാർഥ്യബോധത്തോടെയുള്ള തിരക്കഥ, ആവിഷ്‌കാരം എന്നിവ കൊണ്ട് സുഡാനിയും ക്രിസ്തുമസ് കാലത്ത് പ്രദർശിപ്പിച്ച മറ്റു മാപ്പിള സിനിമകളും മികവ് പുലർത്തി. എം. കൃഷ്ണൻ നായർ സിനിമയെടുത്തിരുന്ന കാലത്ത് മുസ്‌ലിം കഥാപാത്രങ്ങളുള്ള സിനിമകൾ മലബാറിലെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകർന്നിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. ഉത്തര കേരളത്തിലെ ആദ്യ ബാൽക്കണി സിനിമാ ശാലകളിലൊന്നായ 1948ൽ സ്ഥാപിതമായ തലശ്ശേരി മുകുന്ദിലും മറ്റും സാരിയുടുത്ത മുസ്‌ലിം സ്ത്രീകൾ കാണികളിലുണ്ടായിരുന്നുവെന്നത് ചരിത്രം. ഇടക്കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിലാണ് തീരെ മോശമായത്.  ഊട്ടിയിലെ മഴവില്ല് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച മണവാട്ടിയുടെ മുഖത്ത് നോക്കി വെത്തില മുറുക്കി നീട്ടി തുപ്പി ഇതാ കണ്ടോ മഴവില്ല് എന്ന് പറഞ്ഞ കഥാപാത്രവും തെറി മാത്രം പറയുന്ന മോഹൻലാലിന്റെ ബറാമിയുമൊക്കെ ന്യൂജെൻ സിനിമകൾക്ക് അൽപ്പം മുമ്പ് റിലീസ് ചെയ്തവയാണ്. സുഡാനിയിൽ മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ ജ്വരവും ഉമ്മമാരുടെ നിഷ്‌കളങ്ക സ്‌നേഹവും ഭംഗിയായി വരച്ചു കാട്ടുന്നുണ്ട്. 
സിനിമയിൽ അന്നും ഇന്നും കാര്യമായ മാറ്റമില്ലാത്ത ഒന്ന് കോടതി മുറിയിലെ വിചാരണയാണ്. ന്യായാധിപനെ ഒരു പ്രതിമ പോലെ ഇരുത്തി പ്രതിഭാഗം വക്കീലിന്റെ സുദീർഘ പ്രഭാഷണങ്ങൾ സിനിമയിലല്ലാതെ കാണാനാവില്ല. മഞ്ജു വാരിയരുടെ കെയർ ഓഫ് സെയിറാബാനുവിലെ  കോടതി ഹാളും ഭിന്നമല്ല.  
*** *** ***
കേരളം ദേശീയ നിലവാരത്തിലേക്ക് ഉയരുകയാണ്. പോലീസ് മേധാവി സ്ഥാനത്ത് നിന്ന് പിരിഞ്ഞാൽ ആർ.എസ്.എസിൽ ചേരുന്നതൊക്കെ യു.പിയിലും മറ്റും പതിവാണ്. വിവരം വന്നപ്പോൾ ആർഎസ്എസ് ആയെന്ന് കേരളത്തിലെ മുൻ ഡിജിപി ടി.പി സെൻകുമാർ. ഏഷ്യാനെറ്റിലെ ചർച്ചയിൽ വെളിപ്പെടുത്തി.  ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം സെൻകുമാറിന് തക്ക മറുപടി കൊടുക്കുകയും ചെയ്തു. വിവരമില്ലാതിരുന്ന കാലത്തായിരുന്നോ കേരളത്തിലെ ഡിജിപി ആയി ഇരുന്നത് എന്നതായിരുന്നു റഹീമിന്റെ ചോദ്യം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം അവസാനിച്ചത് നന്നായി. ടെലിവിഷൻ ചാനലുകളിലെ അന്തിചർച്ച ഇനി സജീവമാവുമല്ലോ. ഷാനീ ഇതൊന്നും ചെറിയ കളിയല്ലെന്ന് ഓർമിപ്പിക്കുന്ന ശോഭയെ മലയാളി പ്രേക്ഷകർ നന്നായി മിസ് ചെയ്യുന്നുണ്ടായിരുന്നു. നിരാഹാര സമരത്തിനിടെ ശോഭ സുരേന്ദ്രൻ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന്  സോഷ്യൽ മീഡിയയിൽ ചിലർക്ക്  സംശയം. ഇത് ബലപ്പെടുത്തുന്ന ഒരു വീഡിയോ  പുറത്ത് വന്നിട്ടുണ്ട്. ശോഭ സുരേന്ദ്രന് രണ്ട് സ്ത്രീകൾ മറഞ്ഞു നിന്നുകൊണ്ട് സ്റ്റീൽ ഗ്ലാസ്സിൽ എന്തോ കൊടുക്കുന്നതിന്റെ വീഡിയോയാണ് പുറത്തായത്. ശോഭ അത് കുടിക്കുന്നുമുണ്ട്. ആ ഗ്ലാസ്സിൽ എന്താണുണ്ടായിരുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്.  ഗ്ലാസ്സിലെ പാനീയം കുടിച്ചതിന് ശേഷം ശോഭ സുരേന്ദ്രൻ ഷാൾ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. 
*** *** ***
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോട്ടോഗ്രാഫർമാരുടെ സ്വന്തം കക്ഷിയാണ്. മൊബൈൽ ഫോൺ വ്യാപകമായതോടെ ക്യാമറയ്ക്ക് പ്രസക്തി കുറഞ്ഞുവെന്ന് ആശങ്കപ്പെട്ടവരിൽ പ്രതീക്ഷയുണർത്തിയ രാഷ്ട്രീയ നായകൻ. ചിത്രങ്ങളിൽ രേഖപ്പെടുത്താതെ നമ്മൾ ജീവിച്ചിരുന്നതാരറിയാൻ? എത്ര വലിയ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നാണെങ്കിലും തന്റെ മുഖം ക്യാമറയിൽ പതിയാനായി അദ്ദേഹം എപ്പോഴും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ നീക്കിയും മറ്റും ഇതിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ മുമ്പ് പലതവണ ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി മോഡിയുടെ ക്യാമറ പ്രേമം വ്യക്തമായത് ഇന്ത്യയിയെ ഏറ്റവും വലിയ ലോങ് റോഡ് ബ്രിഡ്ജായ അസമിലെ ബോഗിബീൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു. ഇത്തവണ നിഴലായിരുന്നു മോഡിക്ക് വില്ലനായി മാറിയത്. പാലം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം കൈവീശി പാലത്തിലൂടെ മുന്നോട്ട് നടന്നു നീങ്ങുന്ന വീഡിയോയിൽ ക്യാമറയുടേയും ട്രോളിയുടേയും ചിത്രീകരിക്കുന്നയാളുടേയും നിഴൽ പതിഞ്ഞു. സംഭവം സോഷ്യൽ മീഡിയയിൽ പരിഹാസ കുറിപ്പുകളായും ട്രോളായും നിറയാൻ തുടങ്ങി. താൻ തന്നെയാണ് രാജ്യത്തെ മികച്ച നടനെന്ന് പ്രധാനമന്ത്രി ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു എന്നാണ് ചിലർ ഈ വീഡിയോ ഷെയർ ചെയ്ത്  ട്വിറ്ററിൽ കുറിച്ചത്. മുമ്പിൽ ചാടിവീണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ പാർട്ടി എംപിമാർക്കും നേതാക്കൾക്കും ഈ വർഷം ഏപ്രിലിൽ  മോഡി ഉപദേശം നൽകിയിരുന്നു.  ക്യമാറ കാണുമ്പോൾ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ ചാടിവീണ് പ്രസ്താവനകൾ നൽകുന്നു. ഇത് പിന്നീട് മാധ്യമങ്ങൾ ഉപയോഗിക്കുന്നു. അതിനാൽ ക്യാമറകൾക്ക് മുന്നിൽ ശ്രദ്ധ വേണമെന്നായിരുന്നു മോഡിയുടെ നിർദേശം. 
*** *** ***
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജീവിത കഥ പറയുന്ന ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററുടെ ട്രെയിലർ പുറത്തിറങ്ങി. അനുപം ഖേർ ആണ് മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത്. മൻമോഹൻ സിംഗ് ആയുള്ള ഖേറിന്റെ വേഷപ്പകർച്ച കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രം ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കുമെന്ന ശ്രുതിയും ബോളിവുഡിൽ നിറയുന്നുണ്ട്. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കി അതേ പേരിലാണ് ചിത്രം പുറത്തു വരുന്നത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത്. വിജയ് രത്‌നാകർ ഖട്ടെയാണ് ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ സംവിധാനം ചെയ്യുന്നത്. ജർമൻ നടി സൂസന്നെ ബെർനെറ്റ് ചിത്രത്തിൽ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നു.  അർജുൻ മാത്തൂർ രാഹുൽ ഗാന്ധിയായും ആഹാന കുമാര പ്രിയങ്ക ഗാന്ധിയായും വേഷമിടുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ദി ആക്‌സിഡന്റൽ െ്രെപം മിനിസ്റ്റർ തിയേറ്ററുകളിൽ എത്തുന്നതെന്നതും  ചിത്രത്തിന്റെ രാഷ്ട്രീയ പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിലേറെ രസകരമായത് ശനിയാഴ്ച പുറത്തിറങ്ങിയ ടെലിഗ്രാഫ് പത്രത്തിലെ ലീഡ് വാർത്തയുടെ തലവാചകമാണ്. ആക്‌സിഡന്റൽ ടൂറിസ്റ്റ് എന്നതാണ് ശീർഷകം. മോഡി 2000 കോടി ചെലവിൽ ലോകം ചുറ്റിക്കറങ്ങിയതിനെ കുറിച്ചൊരു സ്റ്റോറിയും. 
 

Latest News