യു.എ. ഖാദറിന്റെ കഥാപ്രപഞ്ചം

എന്റെ ഉമ്മ, ബർമ്മക്കാരിയായ മാമൈദി. ഉപ്പ, കൊയിലാണ്ടിക്കാരനായ മൊയ്തീൻകുട്ടി ഹാജി. ബർമയിലെ ബില്ലീൻ എന്ന ഗ്രാമത്തിലായിരുന്നു ജനിച്ചതും ഏഴുവയസ്സ് വരെ വളർന്നതും. എന്നെ പ്രസവിച്ച് മൂന്നാം നാൾ ഉമ്മ മരിച്ചു. തുടർന്ന് എന്നെ വളർത്തിയത് ഉമ്മയുടെ അനുജത്തിയാണ്. ആയിടയ്ക്കാണ് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്നത്. ജപ്പാൻ, ബർമയ്ക്ക് നേരെ ആക്രമണം കനപ്പിച്ചപ്പോൾ ഉപ്പ ഉള്ളതും കെട്ടിപ്പെറുക്കി എന്നെയും കൊണ്ട് നാടുവിട്ട് കൊയിലാണ്ടിയിലെത്തി.

എസ്.കെ. പൊറ്റക്കാടിന് ഒരു തെരുവിന്റെ കഥയെഴുതാൻ കോഴിക്കോട്ടെ മിഠായിത്തെരു പ്രചോദനമായതുപോലെ, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിക്ക് മയ്യഴി എന്ന മാഹി കാരണമായതുപോലെ, ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിന് പാലക്കാട്ടെ തസ്രാക്കിനെ ആധാരമാക്കിയതു പോലെ യു.എ.ഖാദർ എന്ന എഴുത്തുകാരൻ തന്റെ കഥകളിലൂടെ അനശ്വരമാക്കിയ ഭൂമികയാണ്, തൃക്കോട്ടൂർ. 
പഴയ തിക്കോടി എന്ന പ്രദേശമാണ് യഥാർഥ തൃക്കോട്ടൂർ എന്നറിയപ്പെടുന്നതെങ്കിലും ഖാദർകഥകളിലെ ഈ സ്ഥലരാശി കേരളത്തിൽ വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും തെക്ക് കോരപ്പുഴയ്ക്കുമിടയിലെ ഏത് ഗ്രാമഭൂഭാഗവുമാകാം. അതായത് തേടിച്ചെന്നാൽ ആർക്കും കഥകളിൽ അറിയുന്ന തൃക്കോട്ടൂരിനെ മൂർത്തരൂപത്തിൽ കാണാൻ കഴിയില്ല എന്ന് സാരം. 
കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി ഒരുപിടി അംഗീകാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും അഹന്തയുടെ നെറുകയിൽ തൊടാതെ നിൽക്കാൻ ഊക്കും ഉണർവുമുണ്ട് ഈ കഥാകാരന്. ബർമ(മ്യാൻമർ)യിൽ നിന്നും കേരളത്തിലെത്തി, ഈ മണ്ണി ന്റെ ജൈവാംശത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് എഴുത്തിലും ഭാഷയിലും അനന്യമായ ശൈലിയിലൂടെ മലയാളിയെ വശീകരിക്കുകയും വശത്താക്കുക യും ചെയ്യുകവഴി നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ കരുത്തിൽ യു.എ.ഖാദർ എന്ന കഥാകാരൻ ഹൃദയം തുറക്കുന്നു...

1952 ഡിസംബർ 20 ന് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് താങ്കളുടെ ആദ്യകഥ പ്രസിദ്ധീകരിക്കുന്നത്-കണ്ണുനീർ കലർന്ന പുഞ്ചിരി. അങ്ങനെ നോക്കുമ്പോൾ താങ്കൾക്കിത് എഴുത്തിന്റെ 66-ാമതു വർഷമാണ്. അതായത് യു.എ.ഖാദർ എന്ന എഴുത്തുകാരൻ കഥാരംഗത്ത് നിലനിൽക്കാൻ തുടങ്ങിയിട്ട് ആറര പതിറ്റാണ്ടു കാലമായി. എന്തു തോന്നുന്നു? 
അച്ചടിച്ച കഥയുടെ കാലഗണന വച്ച് ഇത് 66 വർഷമാണ് എങ്കിലും അതിനും എത്രയോ മുമ്പ് കഥകൾ മനസ്സിൽ എഴുതുന്നുണ്ട് എന്നതാണ് വാസ്തവം. അതിനാൽ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തന്റെ രചനയു ടെ പൂർത്തീകരണം പുറത്തു വന്നതിന്റെ കണക്ക് കൂട്ടിയിട്ട് കാര്യമില്ല. അ തെന്തായാലും ഇക്കാലത്തിനുള്ളിൽ എന്റേതുമാത്രമായ ഒരു ശൈലിയിൽ എഴുതാനും മലയാള കഥാസാഹിത്യത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനം നേ ടിയെടുക്കാനും എനിക്ക് കഴിഞ്ഞു എന്നാണ് തോന്നുന്നത്. എഴുതിയും പൊരുതിയും കിട്ടിയ ആ സ്ഥാനം ഇനിയും നല്ലകഥകൾ എഴുതിക്കൊണ്ട് നിലനിർത്തണം എന്നാണ് ആഗ്രഹം; ശ്രമവും അതിനു തന്നെ.

ഉള്ളിൽ ഒരെഴുത്തുകാരനുണ്ടെന്ന് തിരിച്ചറിയുന്നത് എപ്പോഴാണ്?
എന്റെ ഉമ്മ, ബർമ്മക്കാരിയായ മാമൈദി. ഉപ്പ, കൊയിലാണ്ടിക്കാരനായ മൊയ്തീൻകുട്ടി ഹാജി. ബർമയിലെ ബില്ലീൻ എന്ന ഗ്രാമത്തിലായിരുന്നു ജനിച്ചതും ഏഴു വയസ്സ് വരെ വളർന്നതും. എന്നെ പ്രസവിച്ച് മൂന്നാം നാൾ ഉമ്മ മരിച്ചു. തുടർന്ന് എന്നെ വളർത്തിയത് ഉമ്മയുടെ അനുജത്തിയാണ്. ആയിടയ്ക്കാണ് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്നത്. ജപ്പാൻ, ബർമയ്ക്ക് നേരെ ആക്രമണം കനപ്പിച്ചപ്പോൾ ഉപ്പ ഉള്ളതും കെട്ടിപ്പെറുക്കി എ ന്നെയും കൊണ്ട് നാടുവിട്ട് കൊയിലാണ്ടിയിലെത്തി. ആദ്യം ഉപ്പയുടെ ഉമ്മയോടൊപ്പമായിരുന്നു താമസം. ഒരു മനുഷ്യായുസ്സിൽ കിട്ടേണ്ട സ്‌നേഹം മു ഴുവൻ കുറച്ചു കാലത്തിനുള്ളിൽ തന്നിട്ട് അവർ പോയി.
പിന്നെ ഉപ്പ, രണ്ടാമതും കല്യാണം കഴിച്ചു. ഞാൻ ഇളയമ്മ എന്നുവിളിക്കുന്ന രണ്ടാനുമ്മയുടെ തറവാട്ടിലായി പിന്നെ താമസം. ഇളയമ്മയ്‌ക്കെന്നെ വല്യ ഇഷ്ടമായിരുന്നു. പക്ഷെ, ബർമഛായയുള്ള എന്റെ മുഖം അവിടെ സമപ്രായക്കാരിലും കുടുംബക്കാരിലും ഉണർത്തിയ കൗതുകം ഒരു അപകർഷതയായി മനസ് മുറിച്ചു. ആരും എന്നോട് കൂട്ടുകൂടാതെയായി. ഞാൻ വല്ലാതെ ഒറ്റപ്പെട്ട് പല രാത്രികളിലും പുറത്തെ ചാവടിയിൽ ഉറങ്ങിയും ഉറങ്ങാതെയും കഴിച്ചു കൂട്ടി. ഒറ്റപ്പെടലിന്റെ വേദനയെ മറികടക്കാൻ എഴുത്ത് ആയുധമാകു മെന്ന് തിരിച്ചറിയുന്നത് ആ കാലത്തെപ്പൊഴോ ആകണം. സ്‌കൂളിലെ കൈ യെഴുത്തു മാസികകളിൽ എഴുതിക്കൊണ്ടായിരുന്നു തുടക്കം. 

കഥയിലേക്ക് കടക്കുന്നതിന് മുമ്പുള്ള വായനക്കാലത്തെ കുറിച്ച്?
തറവാട്ട് വീട്ടിന്റെ തൊട്ടയൽവക്കത്ത് ഞങ്ങൾ വല്യബ്ദുക്കാ എന്നുവിളിക്കുന്ന ഒരാളുടെ വീടായിരുന്നു. അവിടെയാണ് അന്ന് സി.എച്ച്.മുഹമ്മദ് കോയ സാഹബ് താമസിച്ചു പഠിക്കുന്നത്. നല്ല വായനാ ശീലമുള്ള സി.എച്ചിന് വേണ്ടി അന്ന് വല്യബ്ദുക്കാ ഒരുപാട് പത്ര-മാസികകൾ വരുത്തിയിരുന്നു. കുട്ടികളായ ഞങ്ങൾക്ക് മനസ്സിലാകാത്ത അവ വായിക്കുന്ന സി.എച്ചാ യിരുന്നു എനിക്ക് വായിക്കാനുള്ള പ്രചോദനം. ആദ്യമായി എനിക്ക് വായിക്കാൻ പുസ്തകം തന്നതും അദ്ദേഹമാണ്-ബഷീറിന്റെ ബാല്യകാല സഖി. ആ വായനാസുഖം നൽകിയ ആവേശത്തിൽ ബഷീറിന്റെ കൃതികളെല്ലാം  തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. പിന്നെ കാരൂരും തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും പൊറ്റകാടും ഉറൂബും എം.ടിയും കെ.ടി.മുഹമ്മദും മറ്റുപലരും എന്റെ വായനാലോകം കീഴടക്കി. 

വായനയിലേക്ക് എന്ന പോലെ താങ്കളെ എഴുത്തിലേക്ക് നയിച്ചതും സി.എച്ച്.മുഹമ്മദ് കോയ ആണെന്ന് കേട്ടിട്ടുണ്ട്?
വളരെ ശരിയാണ്. അക്കാലത്ത് അദ്ദേഹം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പത്രാധിപരായി ജോലികിട്ടി കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറിയിരുന്നു. എങ്കിലും കൂടെക്കൂടെ ഞങ്ങളെ കാണാൻ വരും. ഓരോ വരവി ലും വായനയെ കുറിച്ച് അന്വേഷിക്കുകയും വായന ഒരിക്കലും വിട്ടുകളയരു ത് എന്ന് കർശനമായി നിർദ്ദേശിക്കുകയും ചെയ്തു. ചെക്കോവിന്റെയും മോ പ്പാസാങിന്റെയും കഥകൾ വായിക്കാൻ എന്നെ അദ്ദേഹം നിർബന്ധിച്ചിരുന്നു. പിന്നീടാണ് മനസ്സിലായത് അതിലൂടെ എന്നിലെ എഴുത്തുകാരനെ കണ്ടെത്താനാണ് അദ്ദേഹം ശ്രിമിച്ചത് എന്ന്. ഞാൻ വിവാഹസമ്മാനം എന്ന പേരി ൽ ഒരു കഥയെഴുതിയപ്പോൾ അത് വാങ്ങി വായിച്ച് ഭംഗിയായി തിരുത്തി (എന്നല്ല ഉടച്ചു വാർത്ത്) ചന്ദ്രികയുടെ ബാലപംക്തിയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിലൂടെ കഥ എന്തായിരിക്കണമെന്നും എങ്ങനെ എഴുതണമെന്നും അദ്ദേഹമെന്നെ പഠിപ്പിച്ചു. പിന്നീട് കണ്ണുനീർ കലർന്ന പുഞ്ചിരി എന്ന കഥയെഴുതിയപ്പോൾ ചന്ദ്രികയിലെ മുതിർന്ന കഥാകാരൻമാരുടെ ഇടയിലേക്ക് എന്നെ കയറ്റി ഇരുത്തിയതും അദ്ദേഹമായിരുന്നു. 

അതിനിടയിൽ ചിത്രരചനയിലും ഒരു കൈനോക്കിയിരുന്നോ? മദിരാശിയിൽ പ്രശസ്ത ചിത്രകാരനായിരുന്ന കെ.സി.എസ് പണിക്കരുടെ ശിഷ്യനായിരുന്നു എന്നറിയാൻ കഴിഞ്ഞു?
ചിത്രംവര ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ ഉണ്ട്. ഡ്രോയിംഗ് അധ്യാപകൻ രാമൻ മാസ്റ്റർ എന്റെ വരയെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂ ൾ കൈയെഴുത്തു മാസികയിൽ വന്ന എന്റെ പല കഥകൾക്കും ചിത്രങ്ങൾ വ രച്ചതും ഞാൻ തന്നെയാണ്. ചിത്രരചനയ്ക്ക് അക്കാലത്ത് ചില സമ്മാനങ്ങളും കിട്ടിയിരുന്നു. ആ രംഗത്ത് തുടരാൻ അതൊക്കെ വലിയ ആവേശം നൽ കി. 1952-ൽ സ്‌കൂൾ ഫൈനൽ പാസായ ഉടൻ ചിത്രകാരനായ എം.വി.ദേവൻ വഴി മദ്രാസ് സ്‌കൂൾ ഓഫ് ആർട്ട്‌സിൽ ചേർന്നു. അവിടെ അന്ന് വിദ്യാർഥികളായി നമ്പൂതിരിയും പാരീസ് വിശ്വനാഥനുമുണ്ട്. സ്ഥാപന മേധാവികളായി പ്രഗൽഭ ചിത്രകാരൻമാരായ റോയ് ചൗധരിയും കെ.സി.എസ് പണിക്കരും. പക്ഷെ, വ്യക്തിപരവും കുടുംബപരവുമായ ചില കാരണങ്ങളാൽ ചിത്രകലാ പഠനം പൂർത്തിയാക്കാതെ 1954-ൽ മദിരാശിയോട് വിടപറയേണ്ടി വന്നു. 

അത് മലയാളത്തിന് നല്ലൊരു ചിത്രകാരനെയാണ് നഷ്ടപ്പെടുത്തിയത്. പക്ഷെ, താങ്കളിലെ എഴുത്തുകാരനെ വീണ്ടെടുക്കാനും നിലനിർത്താനും മദിരാശി ജീവിതത്തിന് കഴിഞ്ഞിരുന്നില്ലേ?
അതുനേരാണ്. അന്ന് കെ.എ.കൊടുങ്ങല്ലൂർ മദിരാശിയിലുണ്ട്. എനിക്കദ്ദേഹത്തെ നല്ല പരിചയമാണ്. അദ്ദേഹമെന്നെ മദിരാശി കേരള സമാജവുമായി ബന്ധപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരങ്ങളിൽ സാഹിതീസഖ്യം എന്നപേരിൽ വലിയ സാഹിത്യ കൂട്ടായ്മകൾ അവിടെ അരങ്ങേറിയിരുന്നു. എം. ഗോവിന്ദൻ, എം.ജി.എസ് നാരായണൻ, പി.കെ.പരമേശ്വരൻ, ടി.പത്മനാഭൻ, കെ.എ.ജബ്ബാർ, കെ.എ.കൊടുങ്ങല്ലൂർ തുടങ്ങിയവരൊക്കെയായിരുന്നു അതിലെ പങ്കാളികൾ. ആഴ്ചതോറും അതിലെ അംഗങ്ങളുടെ കഥയും കവിതയും ലേഖനങ്ങളും തലനാരിഴ കീറി ചർച്ച ചെയ്തു. ആയിടയ്ക്ക് അതിൽ ഞാനൊരു കഥയെഴുതി വായിച്ചു-സഖാവിന്റെ സന്തതി എന്ന പേരിൽ. അ തിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ടി. പത്മനാഭൻ ഒരു കഥാകൃ ത്ത് കുരിശിൽ എന്ന കഥയെഴുതിയത്. മദിരാശി ജീവിതം കഥയെഴുത്ത് കു റേക്കൂടി സജീവമാക്കി എന്ന് പറയാതിരിക്കാനാവില്ല. 

മദിരാശിയിൽ നിന്നും മടങ്ങി വന്ന ശേഷം നിലനിൽപ്പിന്റെ ഭാഗമായി താങ്കൾ പല ജോലികളും ചെയ്തു. അതിലൊന്ന് നിലമ്പൂരിലെ തടിക്കമ്പനിയിലായിരുന്നു. ആദിവാസികളുടെ ജീവിതത്തെ ആധാരമാക്കി വള്ളൂരമ്മ എ ന്നൊരു നോവൽ എഴുതാൻ താങ്കൾക്ക് പ്രചോദനം നൽകിയത് ഈ കാലത്തെ ജീവിതമായിരുന്നോ?
അതെ. വള്ളൂരമ്മ മാത്രമല്ല, ചെമ്പവിഴം, കാട്ടിലെ കഥകൾ എന്നീ കൃതികളും ആദിവാസി ജീവിതത്തെ ആധാരമാക്കി ഞാൻ എഴുതിയിരുന്നു. കെ. പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകവും പി.വത്സലയുടെ നെല്ല് എന്ന നോവലും ഒക്കെ വരുന്നതിന് മുമ്പാണ് വള്ളൂരമ്മ എഴുതിയത്. പക്ഷെ, എന്തുകൊണ്ടോ അത് വേണ്ടത്ര ശ്രദ്ധ നേടാനായില്ല. എങ്കിലും ആ രചനകൾ തുടർന്ന് പലർക്കും അത്തരം കഥകളെഴുതാൻ പ്രചോദനമായി എന്നാണ് കരുതുന്നത്.

താങ്കളുടെ ആദ്യകാല നോവലുകളിലൊന്നാണ് ചങ്ങല. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ ജീവിതം ആധാരമാക്കി ഒരുപക്ഷെ, മലയാളത്തിൽ വേറിട്ട രീതിയിൽ എഴുതപ്പെട്ട നോവൽ. പക്ഷേ ആ നോവൽ കാര്യമായി വായനക്കാരെ ആകർഷിക്കാതെ പോയത് എന്തു കൊണ്ടായിരിക്കും?
ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണത്തിലല്ല ആ നോവൽ വന്നത് എന്ന് വേണമെങ്കിൽ ഒരു കാരണമായി പറയാമെങ്കിലും എന്റെ കാലക്കേട് എന്നതിനെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്. കാരണം പിന്നീടും അത്ത രം നിർഭാഗ്യങ്ങൾ എന്നെ പിൻതുടരുകയുണ്ടായി. 100 വർഷം 100 കഥ എന്ന പേരിൽ ഡി.സി.ബുക്‌സ് ഇറക്കിയ പുസ്തകത്തിന്റെ ആദ്യപതിപ്പിൽ എന്റെ ചാത്തുക്കുട്ടിയുടെ അമ്മ എന്നൊരു കഥയുണ്ട്. കെ. എസ്. രവികുമാർ അതിലുൾപ്പെട്ട മുഴുവൻ കഥകളെയും വിശകലനം ചെയ്തപ്പോൾ എന്റെ കഥമാത്രം വിട്ടുപോയി. ഇനി മറ്റൊരു അനുഭവം പറയാം. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഭാഷാകഥകളുടെ ഒരു ഇംഗ്ലീഷ് സമാഹാരം. അതിൽ എ ന്റെ ഉണിച്ചിരാംവീട്ടിൽ ഉണ്യാതയും മക്കളും എന്ന കഥയുണ്ട്. സച്ചിദാനന്ദൻ കഥകൾക്ക് വിശദമായ പഠനം എഴുതിയപ്പോൾ അവിടെയും എന്റെ കഥ പരാമർശിക്കപ്പെട്ടില്ല. ഇതിനെയൊക്കെ ദുര്യോഗമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

അടിസ്ഥാനപരമായി ഒരു തികഞ്ഞ ഇസ്‌ലാം മതവിശ്വാസിയായിട്ടു കൂടി ഹൈന്ദവ മിത്തോളജിയെ സസൂക്ഷ്മമായി തന്നെ കഥകളിലേക്ക് ആവാഹിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. വരോളിക്കാവിലെ ഓലച്ചൂട്ടുതെറ, അഘോര ശിവം, വായേപാതാളം, തട്ടാൻ ഇട്ട്യേമ്പി, ചാത്തുക്കുട്ടി ദൈവം എന്നിങ്ങനെ നിരവധി കൃതികൾ ഉദാഹരണമായി എടുത്തു കാട്ടാം. എന്താണ് ഇതിന്റെ ഒരു രഹസ്യം?
കുട്ടിക്കാലത്ത് കുടുംബത്തിൽ ആരും കൂട്ടുകൂടാൻ വരാതിരുന്നപ്പോൾ തൊട്ടപ്പുറത്തെ കൊരയങ്ങാട്ടെ ചാലിയ തെരുവിലെ കുട്ടികളുമായിട്ടായിരു ന്നു എന്റെ കൂട്ട്. തെരുവ് എന്നു പറയുമ്പോൾ നിറയെ കാവുകളുള്ള ഒരിടമാണത്. അവിടെ തിറയും തെയ്യവും ഉത്സവവും അതിന്റെ ഭാഗമായ നാഗപ്പാട്ട്, കളംപാട്ട്, തോറ്റം തുടങ്ങി ഒരുപാട് ഹൈന്ദവ ചടങ്ങുകളുമുണ്ടാകും. എല്ലാറ്റിനും പോകുമായിരുന്നു. ആരാധനാലയങ്ങളിലൊന്നും കടന്നു കയറില്ലെ ങ്കിലും ചുറ്റുവട്ടത്ത് നിന്നുകൊണ്ട് എല്ലാ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ശ്രദ്ധിച്ചിരുന്നു. അന്ന്, ഇന്നത്തെ പോലെ ജാതി-മത ചിന്തകൾ അത്ര കർശനമായിരുന്നില്ല എന്ന് ഒട്ടൊരു അത്ഭുതത്തോടെ ഞാനിപ്പോൾ തിരിച്ചറിയുന്നു. ഫലത്തിൽ എനിക്കാണ് അനുഷ്ഠാനകലകളെയും തെയ്യം-തിറ എ ന്നിത്യാദി കെട്ടിയാടലുകളേയും അടിസ്ഥാനമാക്കിയുള്ള വടക്കേ മലബാറി ലെ ദേവസങ്കൽപ്പങ്ങളേയും നാട്ടുപുരാണങ്ങളേയും അവയുടെ പാരമ്പര്യ ത്തേയും കഥകളിലേക്ക് ആദ്യമായി പകർത്താനുള്ള സൗഭാഗ്യമുണ്ടായത്. അതൊരു വലിയ നേട്ടമായി ഞാൻ കാണുന്നു. 

തോറ്റം പാട്ടുകളുടെയും വടക്കൻ പാട്ടുകളുടെയും ഒരു സ്വാധീനം താ ങ്കളുടെ കഥകളിൽ സ്ഥായിയായി കടന്നു വരുന്നതായി തോന്നിയിട്ടുണ്ട്. ക ഥകളിൽ ഇവ കൊണ്ടുവരുന്നതിൽ പ്രത്യേക ലക്ഷ്യങ്ങൾ വല്ലതുമുണ്ടോ?
തോറ്റംപാട്ടുകൾക്കും വടക്കൻ പാട്ടുകൾക്കുമൊക്കെ ആളുകളെ ആക ർഷിക്കാൻ ശേഷിയുള്ള സവിശേഷമായ ഒരു വായ്ത്താരിയുണ്ട്. പക്ഷെ, അ വയെ എന്റേതായ രീതിയിൽ പുനർനിർമിച്ചിട്ടാണ് കഥകളിലേക്ക് ഞാൻ കൊണ്ടുവരുന്നത്. അതായത് അതിനെയൊക്കെ അതേപടി പകർത്തുകയല്ല ചെയ്തത് എന്ന് സാരം. അതുകൊണ്ടു തന്നെ എന്റെ കഥകളിൽ തോറ്റം പാ ട്ടുകളുടെയും വടക്കൻ പാട്ടുകളുടെയും സ്വാധീനമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. അതൊരു ശരിയായ നിരീക്ഷണമല്ല. അങ്ങനെ ചെയ്തതിലൂടെ എന്റെ കഥകൾ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യം. അതിന് ഗുണവുമുണ്ടായി. തൃക്കോട്ടൂർ പെരുമ കേൾപ്പിക്കുന്ന പഴമയുടെ പ്ര സക്തിയും പ്രാധാന്യവും ആധികാരികമായി ആദ്യം തിരിച്ചറിഞ്ഞതും അതി ന് പ്രചാരം നൽകിയതും എം.ഗോവിന്ദനാണ്. തുടർന്നാണ് അതിന് വ്യാപകമായി വായനക്കാരുടെ ശ്രദ്ധകിട്ടുന്നത്.

താങ്കൾ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്നറിയാം. ഒരുപിടി വറ്റ്, മേശവിളക്ക്, വായേപാതാളം തുടങ്ങിയ രാഷ്ട്രീയ നോവലുകൾ എഴുതുക യും ചെയ്തിട്ടുണ്ട്. കക്ഷി-രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ സാഹിത്യ രച ന നടത്തുമ്പോൾ അതിൽ കൊണ്ടുവരാൻ പറ്റുന്ന സ്വാതന്ത്ര്യത്തിന് പരിമിതിയുണ്ടാവില്ലേ? അത് കഥയുടെ ഗുണമേൻമയെ ബാധിക്കില്ലേ? 
ശരിയാണ്, ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. കൊയിലാണ്ടിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട പ്രോഗ്രസീ വ് മുസ്‌ലിം ലീഗ് എന്ന സംഘടനയിൽ പ്രവർത്തിച്ചു കൊണ്ടായിരുന്നു തുട ക്കം. പ്രപഞ്ചം വാരികയുടെ സബ് എഡിറ്ററായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നിട്ടുണ്ട്. ഒക്കെ ശരിയാണ്. അതുകൊണ്ട് ഞാൻ സാഹിത്യം കൈകാര്യം ചെയ്യരുത് എന്ന് പറയാൻ പറ്റുമേ? എന്റെ രാഷ്ട്രീയവും സാഹിത്യവും രണ്ടായി കാണുന്ന ഒരാളാണ് ഞാൻ. അത് എന്റെ കൃതികളിലും പ്രതിഫലിക്കുന്നുണ്ട് എന്നുറപ്പിച്ചും തറപ്പിച്ചും പറയാൻ എനിക്ക് കഴിയും.
വായേ പാതാളം വിപ്ലവം പരാജയപ്പെടുന്നില്ല എന്ന സത്യത്തിന്റെ കരുത്തിനെ കരിയാത്തൻ കാവിന്റെ മിത്തിലൂടെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. അതായത് ഏതെല്ലാമോ തരത്തിൽ പാർട്ടിയിൽ അപചയങ്ങൾ കടന്നുവരുന്നു എന്നതിന്റെ സൂചന നൽകുകയായിരുന്നു. ഒരുകാലത്ത് സത്യസന്ധതയോടും ആത്മാർഥതയോടും പാർട്ടിപ്രവർത്തനം നടത്തി അനേകരെ കമ്യൂണിസത്തിലേക്ക് ആകർഷിച്ച സഖാക്കളുടെ കഥയാണ്, മേശവിളക്ക്. അവിടെയും പാർട്ടിയിലെ പുതുപ്രവർത്തകരോടും അവരുടെ ചില പ്രവർത്തനങ്ങളോടുമുള്ള എന്റെ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. കലശം എന്റെ മറ്റൊരു രാഷ്ട്രീയ നോവലാണ്. കേരളത്തിൽ, ഉത്തരേന്ത്യയിലൊക്കെ കാണുന്നപോ ലുള്ള ഒരു വർഗീയത ഇല്ലെന്നും അതുണ്ടെന്ന് വരുത്തി തീർക്കുന്നവർക്ക് നിക്ഷിപ്ത താൽപര്യമാണുള്ളതെന്നും അതിനെതിരെ സമൂഹം സദാ ഉണർന്നിരിക്കണമെന്നുമുള്ള ഒരു അന്തർധാര സൂക്ഷ്മമമായി നോക്കിയാൽ ആ നോവലിൽ കാണാം. അതായത് സാഹിത്യം എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അവിടെ എന്നിലെ കക്ഷി-രാഷ്ട്രീയക്കാരനില്ല.

മലയാളത്തിലെ കഥാകാരൻമാർ കേരളം വിട്ടുപോയി പ്രവാസിയായി കഥകൾക്ക് കരുക്കൾ കണ്ടെത്തിയിരുന്ന കാലത്ത് താങ്കൾ ബർമയിൽ നിന്നും കേരളത്തിലേക്ക് വന്ന് കഥകളുടെ ഉറവ തേടിയ എഴുത്തുകാരനാണ്. അതൊരു വെല്ലുവിളിയായിരുന്നു. അതായത് കഥ കാണാൻ കണ്ണുള്ളയാൾക്ക് ലോകത്തെവിടെയും കഥകൾക്ക് പഞ്ഞമില്ല എന്ന വെല്ലുവിളി?
എന്നൊന്നും അർഥമാക്കേണ്ടതില്ല. സന്ദർഭവശാൽ ജനിച്ച നാട്ടിൽ നി ന്നും എനിക്ക് പലായനം ചെയ്യണ്ടി വന്നു. എത്തപ്പെട്ടത് പിതാവിന്റെ നാടാ യ കൊയിലാണ്ടിയിൽ. പിന്നീട് ഒരു രണ്ടു വർഷക്കാലം മദിരാശിയിൽ ചെലവഴിച്ചു എന്നതൊഴിച്ചാൽ എനിക്കെങ്ങോട്ടും പോകാനുണ്ടായിരുന്നില്ല. കഥയെഴുതാനുള്ള ആഗ്രഹം കലശലായപ്പോൾ അതിൽ ജീവിതമുണ്ടാകണം എ ന്ന ശാഠ്യമുണ്ടായി. കഥകളിൽ ജീവിതം നിഷേധിക്കുന്ന കാലമായിരുന്നു അ ത്. അതുകൊണ്ട് എനിക്ക് പരിചയമുള്ള എന്റെ ഗ്രാമത്തിന്റെ കഥയെഴുതാൻ ശ്രമിച്ചു. എനിക്കങ്ങനയേ എഴുതാൻ കഴിയൂ. അതൊരു വെല്ലുവിളിയല്ല. പരിമിതിയാണ് എന്നു കൂട്ടിക്കോളൂ. അറുപതുകളോടെയാണ് താങ്കൾ എഴുത്തിൽ കൂടുതൽ സജീവമാകുന്നത്. അത് മലയാള സാഹിത്യത്തിൽ ആധുനികത കൊടുങ്കാറ്റായി ആഞ്ഞു വീശിയ കാലഘട്ടം കൂടിയാണ്. അക്കാലത്തെ മിക്കവാറും എല്ലാ എഴുത്തുകാരെയും ശക്തമായി സ്വാധീനിക്കാൻ ആധുനികതാ പ്രസ്ഥാനത്തിന് കഴിഞ്ഞപ്പോഴും യു.എ.ഖാദർ അതിന് വശംവദനാകാതെ മാറിനിൽക്കുകയാണ് ചെയ്തത്.കഥാവായനയിൽ നിന്നും സാധാരണക്കാരൻ അകന്നു പോയ കാലം കൂടിയാണത് എന്നും പറയണം. കാരണം ആധുനികരുടെ പല കഥകളും വാ യിച്ചിട്ട് വായനക്കാർക്ക് ഒന്നും മനസ്സിലായില്ല. മനുഷ്യ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കഥകളായിട്ടാണ് അവ പലർക്കും അനുഭവപ്പെട്ടത്. ദൽഹി പോലുള്ള നഗരങ്ങളിലെ വലിയ ആളുകളെ കുറിച്ചുള്ള ആ കഥകളിൽ പല തും സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങളുമായോ അനുഭവങ്ങളുമാ യോ ചേർന്ന് പോകുന്നവയായിരുന്നില്ല. സാധാരണക്കാരന് വായിച്ചാൽ മനസ്സിലാവാത്തതായിരിക്കണം കഥകൾ എന്നൊരു ശാഠ്യം ആധുനികർ വച്ചുപുലർത്തിയിരുന്നതായും പലർക്കും തോന്നി. 
മദ്യവും മയക്കുമരുന്നും നിരന്തരം ഉപയോഗിക്കുന്നവരും അസാധാരണ ചിന്താധാരകളും ജീവിതവും പിൻതുടരുന്നവരും എല്ലാ ജീവിത മൂല്യങ്ങളേയും എതിർക്കുകയോ തകർക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഒരുതരം അരാജക സ്വഭാവവിശേഷങ്ങളുള്ളവരുമായ ആ കഥകളിലെ കഥാപാത്രങ്ങളിൽ പലരും മലയാളത്തിലെ സാധാരണ വായനക്കാർക്ക് അപരിചിതരായി തീ ർന്നു. സ്വാഭാവികമായും യഥാർഥ വായനക്കാർ കഥകളിൽനിന്ന് വഴിമാറി നടക്കുന്ന അവസ്ഥയുണ്ടായി. ആ കാലത്താണ് ആധുനികതയ്ക്ക് ഏറെക്കുറേ ബദലായി തീരുന്ന കഥകളുമായി ഒരുകൂട്ടം പുതിയ എഴുത്തുകാർ രംഗത്തു വരുന്നത്. സി.വി.ശ്രീരാമൻ, വൈശാഖൻ, മുണ്ടൂർ കൃഷ്ണൻകൂട്ടി, എസ്.വി. വേണുഗോപൻ നായ ർ എന്നിവരാണ് അവരിൽ പ്രമുഖർ. കഥകളിൽ നിന്ന് അകന്നുപോയ യഥാർ ഥ ജീവിതത്തെയും വായനയിൽ നിന്നും അകന്നുപോയ യഥാർഥവായനക്കാരെയും അവർ കഥകളിലേക്കു തിരിച്ചുപിടിക്കാൻ ശ്രമിച്ചു. സാധാരണക്കാര ന്റെ ജീവിതം കഥകളിലേക്ക് തിരിച്ചു കൊണ്ടുവരുന്ന അവരുടെ നിലപാടിനെ പിൻതുടർന്നു കൊണ്ടാണ് ഞാൻ കഥളെഴുതിയത്. ആധുനികത അർഥമില്ലാത്തതാണ് എന്ന് വളരെ മുമ്പേ തിരിച്ചറിഞ്ഞതിനാലാണ് അതിന്റെ സ്വാധീനത്തിൽ പെടാതെ മാറിനിന്നത്. അത് യാദൃച്ഛികമായിരുന്നില്ല; മനപ്പൂർവമായിരുന്നു. 

ആധുനികതയെ അനുകൂലിക്കാത്ത നിലപാട് എടുത്തതിൽ അക്കാലത്തോ പിന്നീടെപ്പൊഴെങ്കിലുമോ ഖേദം തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. ആധുനികതയോടൊപ്പം നടക്കാതിരിക്കുക എന്നത് ഞാ ൻ നേരത്തെ പറഞ്ഞപോലെ മനപ്പൂർവം എടുത്ത തീരുമാനമായിരുന്നു. അത് അങ്ങേയറ്റം സാഹസികമായ ഒരു നിലപാടായിരുന്നു എന്ന് താമസിയാതെ ഞങ്ങൾക്ക് മനസിലായി. ആദ്യകാലത്ത് ഞങ്ങളതിന് വലിയ വിലകൊടുക്കേണ്ടിയും വന്നു. ആധുനികതയുടെ ദുഃസ്വാധീനത്തിന് വശംവദരായ ഒരുകൂട്ടം വായനക്കാർ, പത്രാധിപൻമാർ, നിരൂപകർ എന്നിവർ ഞങ്ങളുടെ കഥകളെ  തിരസ്‌കരിക്കുകയും തമസ്‌കരിക്കാൻ തന്നെ ശ്രമിക്കുകയും ചെയ്തു. ഫലം വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യകാലത്തൊന്നും ഞങ്ങളുടെ കഥകൾക്ക് കഴിയാതെ പോയി. കോഴിക്കോട്ടെ മുട്ടത്തുവർക്കി എന്ന് ചിലരെങ്കി ലും എന്നെ അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഇത്തരം ഗിമ്മിക്കുകൾക്കൊണ്ടൊന്നും അധികകാലം വായനക്കാരെ അവർക്ക് കബളിപ്പിക്കാനായില്ല. വായനക്കാർ ഞങ്ങളുടെ കഥകളെ തിരിച്ചറിയാനും സ്വീകരിക്കാനും തുടങ്ങി. കഥയെഴുത്തിന്റെ ഗുണമേന്മയൊന്നു കൊണ്ടുമാത്രമാണ് ഞങ്ങൾ ക്കതിന് കഴിഞ്ഞത്. തൃക്കോട്ടൂർ കഥകൾ അതിനെന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്. മലയാളത്തിൽ വലിയൊരു വായനാസമൂഹത്തെ സ്വന്തമാക്കാൻ തൃക്കോട്ടൂർ കഥകൾക്ക് കഴിഞ്ഞിട്ടുണ്ട്. തൃക്കോട്ടൂർ കഥകൾ എന്നുപറയുമ്പോ ൾ തൃക്കോട്ടൂർ പെരുമ എന്ന കഥാസമാഹാരത്തിലെ കഥകൾ മാത്രമല്ല ഉദ്ദേശിച്ചത്, മറിച്ച് തൃക്കോട്ടൂർ എന്ന സ്ഥലരാശിയെ ഉൾക്കൊണ്ടെഴുതിയ എല്ലാ കഥകളും എന്നാണ് അർഥമാക്കുന്നത്.  ആധുനികതയോടോ അവരുടെ എഴുത്ത് രീതിയോടോ ആദ്യമേ ആഭിമുഖ്യമുണ്ടായിരുന്നില്ല എന്നു പറഞ്ഞല്ലൊ. അതുകൊണ്ട് അവരെപ്പോലെ ആകാനോ എഴുതാനോ ശ്രമിച്ചില്ല. എന്നാൽ എഴുതുക എന്ന പ്രക്രിയ ആവേശമായി മനസ്സിലുണ്ട് താനും.  ആധുനികർ, ആധുനിക നഗരജീവിതം കഥകൾ ക്ക് പശ്ചാത്തലമാക്കിയപ്പോൾ അതിനെ പ്രതിരോധിക്കാനും ബദലാകാനും ഏറ്റവും പ്രാദേശികമാവുക എന്നതായിരുന്നു കഥയെഴുത്തിൽ അതിജീവനത്തിനായി ഞാൻ കണ്ടെത്തിയ വഴി. നമ്മുടെയൊക്കെ ജീവിതത്തിന്റെ അന്ത ർധാര ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നത് എന്നാണ് എന്റെ ഒരു ബോധ്യം. നഗരങ്ങളുണ്ടാകുന്നതും നാം നാഗരികരാകുന്നതുമൊക്കെ പിന്നെയാണ്. ഗ്രാമം, അവിടുത്തെ കാവുകൾ, അതുമായി ബന്ധപ്പെട്ട ആചാരങ്ങളും മാമൂലുകളും പ്രാക്തന വിശ്വാസങ്ങളും. പിന്നെ മിത്തുകൾ, ഐതിഹ്യങ്ങൾ. അ വയൊക്കെ കൂടി സൃഷ്ടിക്കുന്ന മൂല്യബോധങ്ങൾ. അതിനനുസരിച്ച് ജീവി തം ചിട്ടപ്പെടുത്തുന്ന ജനത. അവരുടെ മതേതര സ്വഭാവം. സൗഹൃദം. കൂട്ടായ്മ. അവർ സൃഷ്ടിക്കുന്ന ഒരു ഗ്രാമത്തനിമ. അതിലൂടെ കഥകളിൽ വേറിട്ടൊരു ശബ്ദം കേൾപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് തൃക്കോട്ടൂർ കഥകളുടെ പിറവിക്ക് പിന്നിലെ കാരണം. ആ പരീക്ഷണം വിജയിച്ചു എന്നാണ് എന്റെ അനുഭവം. 
 

Latest News