വിട 2018

കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രളയത്തിന്റെ സംഹാര താണ്ഡവത്തിന്റെയും വിശ്വാസങ്ങളുടെ പേരിലുളള രാഷ്ട്രീയ സംഭവങ്ങളുടെയും നടുക്കുന്ന ഓർമകളുമാണ് 2018 വർഷം. ചരിത്രം തിരുത്തിയെഴുതപ്പെട്ട നിരവധി സംഭവങ്ങൾക്കു പൊയ്‌പ്പോകുന്ന വർഷം സാക്ഷിയാകുന്നു.
ലോക കേരളസഭ, പുതിയ മന്ത്രിമാർ, എം.പിമാർ, ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം, കെ.ടി. ജലീൽ ബന്ധു വിവാദം, ശബരിമല സ്ത്രീ പ്രവേശന വിവാദം, നിപാ വൈറസ്, കേരളത്തെ വിഴുങ്ങിയ പ്രളയം, എൽ.ഡി.എഫിൽ ഘടക കക്ഷികളെ ചേർക്കൽ തൊട്ട് വനിത മതിൽ വിവാദത്തിൽ ഉഴറി നിൽക്കുമ്പോഴാണ് പുതിയ പ്രതീക്ഷകളോടെ 2019 ലേക്കുളള വരവേൽപ്.

ലോക കേരള സഭയും ശശീന്ദ്രന്റെ മന്ത്രിസ്ഥാനവും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളീയർ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ രൂപം നൽകിയതാണ് ലോക കേരള സഭ. ജനുവരിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സർക്കാറിന്റെ ലോക കേരള സഭയുടെ അംഗബലം 351 ആണ്. എം.പി, എം.എൽ.എ, കേരളീയ പ്രവാസികൾ എന്നിവരടങ്ങുന്നതാണ് ലോക കേരള സഭ. കേരളത്തിൽ ആദ്യത്തെ അണക്കെട്ട് സംരക്ഷണ സമ്മേളനം നടന്നതും ജനുവരിയിലാണ്. 20 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം കേന്ദ്ര-സംസ്ഥാന ജലവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്. ഭൂമിയുടെ ന്യായവിലയിൽ വർധന വരുത്തിയ ബജറ്റോടെയാണ് ഫെബ്രുവരി തുടങ്ങുന്നത്. 2017 ൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫോൺ വിളി വിവാദത്തിൽ പെട്ട് രാജിവെച്ച എൻ.കെ. ശശീന്ദ്രൻ കുറ്റമുക്തനായതും പിന്നീട് ഗതാഗത വകുപ്പ് മന്ത്രിയായതും ഫെബ്രുവരിയിലാണ്. ശശീന്ദ്രൻ രാജിവെച്ചപ്പോൾ എൻ.സി.പിയിൽ നിന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും കായൽ കയ്യേറ്റ വിവാദത്തിൽ പെട്ട് അദ്ദേഹത്തിനും ഒരു വർഷത്തിനുള്ളിൽ മന്ത്രിസ്ഥാനം തെറിച്ചിരുന്നു. ഇതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിയാകാൻ അവസരമുണ്ടായത്.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെയും അരി മോഷണം ആരോപിച്ച് ആദിവാസി യുവാവ് മധുവിന്റെയും മരണങ്ങളും രാഷ്ട്രീയ കേരളത്തിൽ ചൂടേയേറ്റിയാണ് ഫെബ്രുവരി മറയുന്നത്. ശുക്കൂർ വധത്തിൽ സി.പി.എം പങ്ക് വ്യക്തമായതും മധുവിനെ കെട്ടിയിട്ട് അടിച്ചു കൊന്നതിൽ കാര്യമായ അന്വേഷണമില്ലാതെ പോയതും ആഴ്ചകളോളം കേരള ജനത ചർച്ച ചെയ്തു.

ചക്ക സംസ്ഥന ഫലമായതും ശ്രീജിത്തിന്റെ കസ്റ്റഡി മരണവും 
2015 ൽ ധനമന്ത്രി കെ.എം. മാണി ബില്ല് അവതരിപ്പിക്കുമ്പോൾ നിയമസഭയിൽ നടന്ന കയ്യാങ്കളി കേസിൽ കോടതിയിൽ സർക്കാർ മലക്കം മറിഞ്ഞ വാർത്തയോടെയാണ് മാർച്ച് ആരംഭിക്കുന്നത്. കോൺഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.ഐ, സി.പി.എം തർക്കവും നേതാക്കളുടെ പരസ്യപ്പോരും ആഴ്ചകളോളം രാഷ്ട്രീയ ചേരിപ്പോരിന് വഴിവെട്ടി. പ്രമാദമായമായ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടു. ഇസ്ലാമതം സ്വീകരിച്ച ഹാദിയക്കും ഭർത്താവ് ഷെഫിൻ ജഹാനും ഒന്നിക്കാമെന്ന് സുപ്രീം കോടതി വിധിച്ചത് മാർച്ചിലാണ്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയതും അടച്ചു പൂട്ടിയ മുഴുവൻ ത്രീസ്റ്റാർ, ബിയർപാർലറുകൾ തുറക്കാൻ തീരുമാനിച്ചതും ചർച്ചകൾക്ക് വിധേയമായി. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചു. വയൽ നികത്തി കണ്ണൂരിൽ ബൈപാസ് റോഡ് ഉണ്ടാക്കുന്നതിനെതിരെ വയൽ കിളികളുടെ സമരം ശക്തി പ്രാപിക്കുന്ന കാഴ്ചയോടെയാണ് മാർച്ച് അവസാനിക്കുന്നത്.
പതിനാല് വർഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫി നേടിയ സന്തോഷത്തോടെയാണ് ഏപ്രിൽ ആരംഭിക്കുന്നത്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് ഇടപെടൽ വിവാദമായി ഗവർണർ തടയുന്നു. വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് തല്ലിക്കൊന്നു. വീടു കയറി ആക്രമിച്ച സംഭവത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലാണ് ശ്രീജിത്ത് എന്ന യുവാവിനെ ആളു മാറി കസ്റ്റഡിയിലെടുത്തത്. ഇയാൾ ലോക്കപ്പിൽ മരിച്ചതോടെ പ്രശ്‌നം വിവാദമായി. പോലീസുകരിൽ മൂന്ന് പേർ കേസിൽ അറസ്റ്റിലായി. 

നിപാ വൈറസും അടങ്ങാത്ത ഭീതിയും
മാഹിയിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തോടെയാണ് മെയ് മാസം ആരംഭിക്കുന്നത്. സംഭവത്തിൽ സി.പി.എം പ്രവർത്തകനും ബി.ജെ.പി പ്രവർത്തകനും കൊല്ലപ്പെട്ടു. വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുൻ എസ്.പി എ.വി. ജോർജിന് സസ്‌പെൻഷൻ വന്നതിന് തൊട്ടുപിന്നാലെയാണ് മെയ് മാസത്തിൽ ദുരഭിമാനത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കെവിൻ പി. ജോസഫ് എന്ന യുവാവിന്റെ കൊലപാതകവും അരങ്ങേറിയത്. കണ്ണ് ചൂഴ്ന്ന് മൃതദേഹം വികൃതമാക്കിയിരുന്നു. ഈ കേസിലും എ.എസ്.ഐയും പോലീസും ഡ്രൈവറും അറസ്റ്റിലായി.
രാജ്യത്തെ ഞെട്ടിച്ച നിപാ വൈറസ് കോഴിക്കോട്ട് കണ്ടെത്തിയത് മെയ് 20 നാണ്. മെയ് മാസത്തിൽ തുടങ്ങിയ കേരളത്തിന്റെ നിപാ ഭീതി അകന്നത് ജൂണിലാണ്. വൈറസ് മൂലം പകരുന്ന മാരക പനി വവ്വാലിന്റെ വിസർജ്യത്തിൽ നിന്നും ശരീര സ്രവങ്ങളിൽ നിന്നുമാണ് പടരുന്നതെന്ന് കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി സാലിഹ് മരണപ്പെട്ടതോടെ ഇയാളുടെ സ്രവം പരിശോധിച്ചപ്പോഴാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ അവസരോചിത ഇടപെടലാണ് രോഗം നിയന്ത്രണ വിധേയമാക്കിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർക്ക് നിപ ബാധിച്ചെന്നും ഇതിൽ 16 പേർ മരിച്ചെന്നുമാണ് കണക്ക്. എന്നാൽ ഒക്ടോബറിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ 23 പേർക്ക് രോഗബാധയുണ്ടാെയന്നും 21 പേർ മരിച്ചെന്നുമാണ് കണക്ക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജൂൺ ആരംഭിക്കുന്നത്. കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾ പൊട്ടി കുടംബത്തിലെ ഒമ്പത് പേർ ഉൾപ്പെടെ 14 പേർ മരിച്ചതു നടുക്കുന്ന കാഴ്ചയായി.

പ്രളയം നക്കിത്തുടച്ച കേരളവും ജയരാജന്റെ മന്ത്രിസ്ഥാനവും 
ജൂണിൽ തുടങ്ങിയ പേമാരി ജൂലൈ, ഓഗ്‌സറ്റ് മാസങ്ങളിൽ കടുത്തതോടെ കേരളം കണ്ടത് ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രധാനമന്ത്രിയെ കണ്ടതും ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു മടക്കിയതും പ്രളയത്തിനിടയിലും രാഷ്ട്രീയ ചൂടേറ്റി. ജി.എസ്.ടി നടപ്പിലാക്കിയതും ജൂലൈ മാസം മുതലാണ്. മോഷണക്കുറ്റം ആരോപിച്ച് 2015 ൽ കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശി ഉദയകുമാറിന്റെ മരണത്തിൽ രണ്ട് പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് ഏറെ ചർച്ചയായി.
സംസ്ഥാനത്ത് ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എളമരം കരീം (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), ജോസ് കെ. മാണി (കേരള കോൺഗ്ര്‌സ്) എന്നിവരും ബി.ജെ.പിയിലെ വി. മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ജനതാദൾ (യു) സംസ്ഥാന ഘടകം എൽ.ഡി.എഫുമായി സഹകരിച്ചതോടെ എം.പി വീരേന്ദ്ര കുമാർ ഇടതു പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രളയം താണ്ഡവമാടിയ നാളുകളാണ് ഓഗസ്റ്റ്. ഡാമുകൾ തുറന്നുവിട്ടതും മഴ തിമർത്തു പെയ്തും ജനജീവിതം പൊറുതിമുട്ടി. മുന്നൂറിലേറെ പേർ മരിച്ചു. പതിനായിരത്തിലേറെ വീടുകൾ തകർന്നു. മൽസ്യത്തൊഴിലാളികൾ മുതൽ കേന്ദ്രസുരക്ഷാ സേന വരെ സഹായത്തിനെത്തി. എന്നാൽ പ്രളയത്തിന് ശേഷമുളള നവ കേരളത്തിന് മതിയായ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയ്യാറായില്ല. എന്നാൽ യു.എ.ഇ ഉൾപ്പെടെ സഹായവുമയെത്തിയപ്പോൾ കേന്ദ്രം തടയിടുകയും ചെയ്തു. ബന്ധു നിയമനത്തെ തുടർന്ന് രാജിവെച്ച ഇ.പി. ജയരാജൻ ഓഗസ്റ്റിലാണ് വീണ്ടും വ്യാപാരം, കായികം മന്ത്രിയായി ചുമതലയേറ്റത്. ബന്ധു നിയമന കേസ് അന്വേഷിച്ച വിജിലൻസ് ജയരാജനെ കുറ്റവിമുക്തനാക്കിയതോടെയാണ് വീണ്ടും മന്ത്രിസ്ഥാനം ജയരാജന് ലഭിച്ചത്.

ബിഷപ്പിന്റെ അറസ്റ്റും ശബരിമല വിധിയും
നവ കേരളത്തിനായുളള തയാറെടുപ്പോടെയാണ് സെപ്റ്റംബറിലേക്ക് കടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ കലോൽസവങ്ങളടക്കം ചുരുക്കി. ആഘോഷങ്ങൾ വേണ്ടെന്ന നിലപാടിനെ ചെല്ലിയും തർക്കങ്ങളുണ്ടായി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകളുടെ സമരം കൊടുമ്പിരിക്കൊണ്ടു. സർക്കാറിനെ പ്രതികൂട്ടിലാക്കിയ സമരത്തിനൊടുവിൽ ഫ്രാങ്കോ അറസ്റ്റിലായി. മാനദണ്ഡങ്ങളില്ലാതെ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സർക്കാറിനെതിരെ പ്രതിഷേധം ശക്തമായി. വിവാദമായ സുപ്രീം കോടതി വിധികളുടെ വരവും സെപ്റ്റംബറിനെ പിടിച്ചുകുലുക്കി. ഐ.എസ്.ആർ.ഒ ചാരക്കേസിൽ ആരോപണ വിധേയനായ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധി, വിവാഹേതര ലൈംഗിക ബന്ധത്തിനുളള അനുമതി, ആധാറിലെ  നിയന്ത്രണം, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം തുടങ്ങിയ വിധികൾ കേരളത്തിൽ ഏറെ ചർച്ചക്ക് വിധേയമായി.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശന വിധി പിന്നീട് കേരള രാഷ്ട്രീയത്തെ ഇന്നു കലുഷിതമാക്കുന്ന കാഴ്ചയാണ് ഒക്ടോബറിൽ കണ്ടത്. സ്ത്രീകൾ പ്രവേശിക്കുന്നതിനെ തടയാൻ ബി.ജെ.പിയും വിവിധ ഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ ഒക്ടോബർ പോർവിളികളുടെയും സമരങ്ങളുടെയും നാളുകളായി. ബ്രൂവറി ഡിസ്റ്റിലറി അനുമതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സർക്കാർ പിൻവാങ്ങി. സർക്കാറിന്റെ സാലറി ചലഞ്ചും വിവാദത്തിന് തിരികൊളുത്തി. ശബരിമല സന്നിധാനത്തും നിലക്കലിലും സമരാനുകൂലികളും പോലീസും ഏറ്റുമുട്ടി. നിരവധി പേർ അറസ്റ്റിൽ. ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി. ബന്ധു വിവാദ നിയമനത്തിൽ കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം.

പി.കെ. ശശി, കെ.എം. ഷാജി വിവാദം
നവംബറിലാണ് ശബരിമല പ്രതിഷേധം ആളിക്കത്തുന്നത്. ചിത്തിര ആട്ട തിരുനാളിനായി നവംബർ അഞ്ചിന് ശബരിമല നട തുറന്നു. യുവതികൾ മല കയറാനെത്തിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് പിന്മാറി. ശബരിമല പുനഃപരിശോധനാ, റിട്ട് ഹരജികൾ ജനുവരി 22 ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായി. നവംബർ 16 ന് നട തുറക്കുന്നതിനു മുന്നോടിയായി ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് പോലീസ് പ്രതിഷേധത്തെ നേരിട്ടത്. സന്നിധാനത്ത് ഉൾപ്പെടെ നാമജപ പ്രതിഷേധങ്ങൾ നടന്നു. കെ.പി. ശശികല, കെ. സുരേന്ദ്രൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. മല കയറാൻ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയിലെത്തി. പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ തിരിച്ചുപോയി. ശബരിമല മേൽനോട്ടത്തിനായി മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചു.
നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നവംബർ അഞ്ചിന് രാത്രി കെടങ്ങാവിളയിൽ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടതു കണ്ട് രോഷാകുലനായ ഹരികുമാർ കാർ ഉടമയായ സനലിനെ പിടിച്ച് റോഡിലേക്ക് തള്ളുകയും റോഡിലൂടെ വന്ന കാർ ഇടിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന് എം.വി. നികേഷ് കുമാർ നൽകിയ ഹരജിയിൽ അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്‌തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ പരാതി. എന്നാൽ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.  വോട്ടിംഗിന് അനുമതിയില്ല. നിയമസഭാ സമ്മേളനത്തിൽ ഷാജി പങ്കെടുത്തു.
മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ശാഖയിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തിയ അദീപിനു ബാങ്കിലേക്കു തിരിച്ചുപോകാൻ കോർപറേഷൻ വിടുതൽ ഉത്തരവു നൽകി. 
കേരളത്തിന് പുതിയ മന്ത്രി ജനതാദൾ എസിലെ  കെ. കൃഷ്ണൻ കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചിറ്റൂർ എം.എൽ.എയാണ്. ദളിൽ രൂപം കൊണ്ട രൂക്ഷമായ തർക്കത്തിനൊടുവിൽ മാത്യു ടി. തോമസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം രാജിവെച്ചതിനാലാണ് കെ. കൃഷ്ണൻ കുട്ടി മന്ത്രിയായത്.
സദാചാര വിരുദ്ധമായി പെരുമാറിയെന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ പി.കെ. ശശി എം.എൽ.എയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കു സസ്‌പെൻഡ് ചെയ്തു. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും ഉൾപ്പെടുന്ന അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറു മാസത്തേക്ക് സി.പി.എം  അംഗമല്ലെങ്കിലും പാർട്ടി നിയമസഭാകക്ഷി യോഗങ്ങളിൽ പങ്കെടുക്കാം.പിന്നീട് ശശി കുറ്റക്കാരനല്ലെന്നും കണ്ടെത്തി.
സംസ്ഥാന സർക്കാറിന്റെ വനിതാ മതിൽ വിവാദത്തോടെയാണ് വർഷം അവസാനിക്കുന്നത്. മതിലിന് സർക്കാർ ഫണ്ട് ചെലവഴിക്കുന്നുവെന്നതും വിവാദത്തിലായി. പ്രതിപക്ഷം പരസ്യമായി വനിതാ മതിലിനെതിരെ രംഗത്തെത്തി. ഐ.എൻ.എൽ ഉൾെപ്പടെ നാലു പാർട്ടികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. പുതുവർഷത്തിൽ വനിതാ മതിലോടെ ആരംഭിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പോർക്കളത്തിൽ പുതിയ സംഭവങ്ങൾക്ക് കുറവുണ്ടാകില്ലെന്നുളളത് തീർച്ച.

 

Latest News