പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങളുടെ രൂക്ഷവിമർശകനാണ് പി.എ. ഉമ്മർ. ജവഹർലാൽ നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും കാലത്ത് ഉണ്ടാക്കിയെടുത്ത എല്ലാ നേട്ടങ്ങളും കാറ്റിൽ പറത്തുന്നതാണ് ബാങ്കിങ്ങ് മേഖലയിൽ എൻ.ഡി.എ സർക്കാർ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെന്ന് അദ്ദേഹം പറയുന്നു.
പതിനൊന്നു കൊല്ലം മുമ്പാണ്. 2007 ൽ എറണാകുളത്ത് നടത്തിയ സഹകരണ കോൺഗ്രസിൽ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. കേരളത്തിലെ ആയിരത്തി അഞ്ഞൂറിലധികം പ്രാഥമിക സഹകരണ സംഘങ്ങളെ യോജിപ്പിച്ചു കൊണ്ട് കേരളാ ബാങ്ക് രൂപീകരിക്കണമെന്ന ആവശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു പതിറ്റാണ്ട് കാലം പാലക്കാട് ജില്ലാ സഹകരണബാങ്കിന്റേയും രണ്ടു വർഷം സംസ്ഥാന സഹകരണബാങ്കിന്റേയും പ്രസിഡന്റ് പദവിയിലിരുന്ന് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച പി.എ. ഉമ്മർ എന്ന ചെർപ്പുളശ്ശേരിക്കാരനായിരുന്നു ഈ ആശയം സഹകാരികൾക്കു മുന്നിൽ അവതരിപ്പിച്ചത്. പലരും ഏറെ പ്രശംസിച്ചു. പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങളും ഉയർന്നു. ഒരു വ്യാഴവട്ടത്തിനു ശേഷം കേരളാബാങ്ക് എന്ന ആശയം യാഥാർത്ഥ്യമാകുമ്പോൾ നാട്ടുകാർ സ്‌നേഹാദരങ്ങളോടെ ഉമ്മർക്ക എന്നു വിളിക്കുന്ന ചെർപ്പുളശ്ശേരിക്കാരൻ ആഹ്ലാദത്തിലാണ്. ' ഒരു സംശയവും വേണ്ട. കേരളാ ബാങ്ക് സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിമറിക്കും. സഹകരണപ്രസ്ഥാനത്തിന്റെ കരുത്ത് ആളുകൾ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ'
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് വള്ളുവനാട്ടിലെ ഒരു നാട്ടിൻപുറത്ത് ജനിച്ച് വെറും നാലാം ക്ലാസ് വരെ മാത്രം പഠിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ഒരാൾ ഇത്ര ആധികാരികമായി സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എങ്ങനെ എന്ന് കേൾക്കുന്നവർക്ക് സ്വാഭാവികമായും സംശയം തോന്നാം. പക്ഷേ ഉമ്മർക്കയെ അറിയുന്നവരൊന്നും അത് ചോദിക്കില്ല. 1962ൽ പത്തൊമ്പതാം വയസ്സിൽ പരിയാപുരം പാൽ സൊസൈറ്റിയിൽ വെണ്ടർ ആയി സഹകരണപ്രസ്ഥാനത്തെ പരിചയപ്പെട്ട അദ്ദേഹം 1973 ൽ ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ഡയറക്ടറായി. പിന്നീട് ക്രമാനുഗതമായ വളർച്ച. പെരിന്തൽമണ്ണ ലാന്റ് മോർട്ട്‌ഗേജ് ബാങ്കിലേയും ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണബാങ്കിലേയും മികവുറ്റ പ്രവർത്തനത്തിന്റെ കരുത്തിൽ സ്വന്തം പാർട്ടിയായ സി.പി.എം 1986ൽ അദ്ദേഹത്തെ പാലക്കാട് ജില്ലാബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചു. അവിടെ സംഭവബഹുലമായ 20 വർഷത്തെ സേവനം. സഹകരണമേഖലയിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും പാലക്കാട് ജില്ലാ സഹകരണബാങ്ക് നേതൃത്വം നൽകിയത് ഇക്കാലത്താണ്. മികവിനുള്ള അംഗീകാരം അദ്ദേഹത്തെ വീണ്ടും തേടിയെത്തി. 2001 ൽ അദ്ദേഹത്തെ സംസ്ഥാന സഹകരണബാങ്കിന്റെ പ്രസിഡന്റായി പാർട്ടി നിയോഗിച്ചു. രണ്ടു വർഷത്തിനു ശേഷം അന്നത്തെ യു.ഡി.എഫ് സർക്കാർ പിരിച്ചു വിടുന്നതു വരെ ആ സ്ഥാനത്ത് തുടർന്നു. സംസ്ഥാന കേരഫെഡിൽ 12 കൊല്ലം ഡയറക്ടറായി പ്രവർത്തിച്ച ഉമ്മർക്ക പാൽ സൊസൈറ്റി, ഭവനസംഘം എന്നിവയുടേയും നേതൃത്വത്തിൽ ഉണ്ടായിരുന്നു. 1991ൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ഡവലപ്പ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. അതിനേക്കാളെല്ലാം പ്രാധാന്യമുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മറ്റൊരു സ്വപ്‌നപദ്ധതിയാണ് ഇപ്പോൾ ഉമ്മർക്ക ഏറ്റെടുത്തിരിക്കുന്നത്. ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആതുരാലയങ്ങളിലൊന്നായി വാർത്തെടുക്കാനാണ് അദ്ദേഹം തന്റെ സമയം മുഴുവൻ വിനിയോഗിക്കുന്നത്. ഈ ഉദ്യമവും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കാൻ സ്ഥാപനത്തിന്റെ വളർച്ചയെക്കുറിച്ച് മാത്രം ശ്രദ്ധിച്ചാൽ മതി. 2009ൽ ചെർപ്പുളശ്ശേരി ടൗണിൽ വാടകക്കെടുത്ത അയ്യായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ആശുപത്രി ഇപ്പോൾ ഇരിക്കുന്നത് നാൽപ്പതിനായിരം ചതുരശ്ര അടി കെട്ടിടത്തിലാണ്. ഹൈസ്‌കൂൾ റോഡിൽ സ്വന്തമായി വാങ്ങിയ ഒരേക്കർ പത്തുസെന്റ് ഭൂമിയിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റുന്നതിനെക്കുറിച്ചു മാത്രമാണ് ഉമ്മർക്കയുടെ ചിന്ത.

രാജ്യത്തെ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും വൻകിട ബാങ്കുകൾക്കു ബദലായി വിഭാവനം ചെയ്ത കേരളാ ബാങ്ക് എന്ന ആശയത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഉമ്മർക്ക വാചാലനാവും. രാജ്യത്ത് രണ്ട് കോടി പതിനെട്ട് ലക്ഷം കോടി രൂപ സഹകരണമേഖലയിലെ ധനകാര്യസ്ഥാപനങ്ങളിൽ ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ 65 ശതമാനവും കേരളത്തിലെ സഹകരണബാങ്കുകളിലാണ്. കേരളം കഴിഞ്ഞാൽ സഹകരണപ്രസ്ഥാനത്തിന് കരുത്തുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങൾ വ്യാവസായികമായി ഏറെ മുന്നിൽ നിൽക്കുന്ന ഗുജറാത്തും മഹാരാഷ്ട്രയുമാണ്. 1603 പ്രൈമറി സഹകരണസംഘങ്ങളേയും ജില്ലാ ബാങ്കുകളേയും സംയോജിപ്പിച്ച് ടു ടയർ സിസ്റ്റത്തിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള കേരളാബാങ്കിന്റെ പ്രവർത്തനം യാഥാർത്ഥ്യമായാൽ വികസന കാര്യങ്ങൾക്ക് മറ്റ് ഏജൻസികൾക്കു പിറകേ നടക്കേണ്ട ഗതികേട് ഒഴിവാകും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിഷ്‌ക്രിയ ആസ്തിയായിക്കിടക്കുന്ന 200 ലക്ഷം കോടി രൂപയിൽ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിനും ബാങ്കിനും ഒരുപോലെ ഗുണം ചെയ്യും. സംസ്ഥാനത്തെ ഒരു ബജറ്റ് ശരാശരി കൈകാര്യം ചെയ്യുന്നത് മുപ്പതിനായിരം കോടി രൂപയാണെന്ന് പറയുമ്പോഴാണ് നിഷ്‌ക്രിയ ആസ്തിയുടെ വലിപ്പം മനസ്സിലാകുന്നത്. സംസ്ഥാനത്ത് വിഭാവനം ചെയ്യപ്പെടുന്ന പല സ്വപ്‌നപദ്ധതികളും ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ നിർബ്ബന്ധിതമാകുന്നത് ഫണ്ടിന്റെ അഭാവം മൂലമാണ്. അഞ്ചു കൊല്ലം കൊണ്ട് പൂർത്തീകരിക്കുന്ന ഒരു പദ്ധതി ആവശ്യത്തിന് പണമുണ്ടെങ്കി ൽ ഒരു വർഷം കൊണ്ട് തന്നെ മുഴുമിക്കാനാവും. നിർമ്മാണച്ചെലവ് കുത്തനെ കുറയാൻ ഇത് സഹായകമാവും- ഉമ്മർക്ക പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങളുടെ രൂക്ഷവിമർശകനാണ് പി.എ. ഉമ്മർ. ജവഹർലാൽ നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും കാലത്ത് ഉണ്ടാക്കിയെടുത്ത എല്ലാ നേട്ടങ്ങളും കാറ്റിൽ പറത്തുന്നതാണ് ബാങ്കിങ്ങ് മേഖലയിൽ എൻ.ഡി.എ സർക്കാർ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെന്ന് അദ്ദേഹം പറയുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾക്കു വേണ്ടി അവസാനം വരെ നിലകൊണ്ട ആളായിരുന്നു നെഹ്രു. സാമ്പത്തിക നയത്തിലും അദ്ദേഹത്തിന്റെ പക്ഷപാതിത്വം പ്രകടമായിരുന്നു. സ്വകാര്യമേഖല, പൊതുമേഖല, സഹകരണമേഖല എന്നിവയുടെ യോജിച്ചു കൊണ്ടുള്ള മുന്നേറ്റത്തിനേ സ്വതന്ത്ര ഇന്ത്യയുടെ വികസനം ഉറപ്പുവരുത്താനാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ബാങ്കിംഗ് മേഖലയിൽ വലിയ സംഭാവന നൽകിയ ഭരണകർത്താവായിരുന്നു ഇന്ദിരാഗാന്ധി. 1970 ൽ അവർ നടപ്പിലാക്കിയ ബാങ്ക് ദേശസാൽക്കരണ നിയമം ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറച്ചു. 'അഞ്ചു രൂപക്ക് പാസ് പുസ്തകം, അഞ്ച് രൂപക്ക് അക്കൗണ്ട്' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സാധാരണക്കാരുടെ ഇടയിലേക്ക് ബാങ്കുകൾ കടന്നുവന്നു. ആ നേട്ടങ്ങളെല്ലാം തകർക്കുന്ന രീതിയിലാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‌കാര നടപടികൾ മുന്നോട്ടു പോകുന്നത്. നെഹ്രുവിന്റേയും ഇന്ദിരയുടേയും പാർട്ടി തന്നെയാണ് അത് തുടങ്ങിവെച്ചതെന്നത് വിചിത്രമായി തോന്നാം. രണ്ടാം യു.പി.എ സർക്കാരിന്റെ നയങ്ങൾ അതിലും ശക്തിയോടെ നടപ്പിലാക്കുകയാണ് എൻ.ഡി.എ സർക്കാർ.
സഹകരണമേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പി.എ. ഉമ്മറിന്റേത്. രാജ്യത്തെ മികച്ച സഹകരണ ബാങ്കിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ചെർപ്പുളശ്ശേരി സർവീസ് സഹകരണബാങ്കിനെ തേടിയെത്തിയത് ഇദ്ദേഹം സാരഥിയായിരിക്കുമ്പോഴാണ്. ലോവർ പ്രൈമറി പഠനം മാത്രമുള്ള ഉമ്മർ, നെതർലാന്റ്‌സിലും ജർമനിയിലും പോയി സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ചു. ക്ലേശകാലം മുറിച്ചു നീന്തി സഹകരണ കൂട്ടായ്മകളുടെ തലതൊട്ടപ്പനായി ഉയർന്ന ഒരു സാധാരണക്കാരന്റെ ആവേശകരമായ കഥ..
ബാങ്കുകളുടെ ലയനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല. വൻകിടബാങ്കുകൾ വഴി വിതരണം ചെയ്യപ്പെട്ട പണത്തിന്റെ എഴുപത്തിയഞ്ചു ശതമാനവും കുത്തകക്കമ്പനികൾക്കാണ് ലഭിച്ചിരിക്കുന്നത്. അത് തിരിച്ചടക്കാതിരിക്കലും പതിവാണ്. അവിടെയാണ് കേരളത്തിന്റെ സഹകരണമേഖല മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയം പ്രസക്തവും മാതൃകാപരവും ആവുന്നത്. സഹകരണമേഖലയിൽ വിതരണം ചെയ്യപ്പെട്ട പണം മുഴുവൻ എത്തിയിരിക്കുന്നത് ഗ്രാമങ്ങളിലാണ്. കിട്ടാക്കടം ചൂണ്ടിക്കാണിച്ച് സഹകരണബാങ്കുകളുടെ നടത്തിപ്പിനെ വിമർശിക്കുന്നത് ശരിയല്ല. കിട്ടാക്കടത്തിൽ വാണിജ്യബാങ്കുകളുമായി താരതമ്യപ്പെടുത്തിയാൽ സഹകരണബാങ്കുകൾ മെച്ചമാണെന്നു കാണാം. ലോണുകൾ പുതിയതായി ക്രമീകരിച്ചാണ് വാണിജ്യബാങ്കുകൾ കിട്ടാക്കടം കുറച്ചു കാണിക്കുന്നത്. ആ രീതി സഹകരണ സ്ഥാപനങ്ങൾ പിന്തുടരുന്നില്ല- ഉമ്മർക്ക പറയുന്നു.
സംസ്ഥാനത്തെ സഹകരണബാങ്കുകളുടെ നിലനിൽപ്പിന് കേരളാബാങ്ക് രൂപീകരണം അനിവാര്യമാണെന്ന് അദ്ദേഹം ശക്തമായി വാദിക്കുകയാണ്. നിക്ഷേപം കൂടുന്നതിനനുസരിച്ച് വായ്പ നൽകാൻ കഴിഞ്ഞില്ലെങ്കി ൽ പലിശ കൊടുത്ത് മുടിയും എന്ന അടിസ്ഥാനപരമായ യുക്തിയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. കേരളാ ബാങ്ക് വഴി സംസ്ഥാന സർക്കാരിന് കടം നൽകുമ്പോൾ ആ പ്രശ്‌നം മറികടക്കാമെന്നാണ് വിലയിരുത്തൽ.
ഏഴു പതിറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് ചെന്നുമുട്ടുന്ന ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ദാരിദ്ര്യമായതിനാലാവണം നാട്ടിൻപുറങ്ങളിലെ ഇല്ലായ്മകളെക്കുറിച്ചുള്ള ചിന്തകൾക്കാണ് പി.എ.ഉമ്മറിന്റെ മനസ്സ് എപ്പോഴും പ്രഥമപരിഗണന നൽകുന്നത്. സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് വരെ എത്തിയ അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ജന്മനാട്ടിലാണ്. ഗൾഫ് പണത്തിന്റെ കുത്തൊഴുക്കിൽ വളരെ പെട്ടെന്ന് നഗരമായി വളർന്നു വികസിച്ചുവെങ്കിലും ചെർപ്പുളശ്ശേരിയും പരിസരപ്രദേശങ്ങളും ഗ്രാമത്തിന്റെ സ്വഭാവം തന്നെയാണ് കാണിക്കുന്നത്. മികച്ച ചികിൽസാ സൗകര്യത്തിന്റെ അഭാവം തിരിച്ചറിഞ്ഞ് ചെർപ്പുളശ്ശേരി ആസ്ഥാനമായി രൂപീകരിച്ച സഹകരണ ആശുപത്രിയുടെ വളർച്ചയെക്കുറിച്ച് മാത്രമേ അദ്ദേഹത്തിന് ചിന്തിക്കാനും സംസാരിക്കാനുമുള്ളൂ. പാവപ്പെട്ടവർക്ക് മികച്ചതും ചെലവു കുറഞ്ഞതുമായ ചികിൽസ നൽകുക എന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്ന് ആശുപത്രി ചെയർമാൻ കൂടിയായ ഉമ്മർക്ക പറയുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയമായി അതിനെ മാറ്റിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സഹകരണ ജോയിന്റ് രജിസ്ട്രാർ ആയി വിരമിച്ച പി.വി.ഗോവിന്ദനുണ്ണി മാനേജരും പി.എ.ഉമ്മർ പ്രസിഡന്റുമായും പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയിൽ മികച്ച ഡോക്ടർമാരുടെ വലിയൊരു നിര തന്നെ ഉണ്ട് ഇപ്പോൾ.
സഹകരണമേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പി.എ.ഉമ്മറിന്റേത്. രാജ്യത്തെ മികച്ച സഹകരണബാങ്കിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണബാങ്കിനെ തേടിയെത്തിയത് അദ്ദേഹം സാരഥിയായിരിക്കുമ്പോഴാണ്. 19 കൊല്ലം അദ്ദേഹം ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. പാലക്കാട് ജില്ലാ സഹകരണബാങ്കിന്റെ പ്രസിഡന്റായിരുന്ന കാലത്ത് കർഷകരെ ബ്ലേഡ് കമ്പനിക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ഉമ്മർക്ക ഫലപ്രദമായി നടപ്പിലാക്കിയ പലിശരഹിതവായ്പ എന്ന ആശയം പിന്നീട് മറ്റ് പല സഹകരണ സ്ഥാപനങ്ങളും ഏറ്റെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ ഡീസൽ നൽകാൻ പോലും മടിച്ച ഒരു കാലത്ത് കെ.എസ്.ആർ.ടി.സിയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ പാലക്കാട് ജില്ലാ ബാങ്ക് മൂന്നു കോടി രൂപ വായ്പ നൽകിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. അന്നത്തെ ഗതാഗത വകുപ്പുമന്ത്രി നീലലോഹിതദാസൻ നാടാരുമായി ചർച്ച നടത്തി ആ കരാറിൽ ജില്ലാ ബാങ്കിനു വേണ്ടി ഒപ്പിട്ടത് അന്നത്തെ പ്രസിഡന്റായിരുന്ന പി.എ.ഉമ്മർ ആണ്. കടക്കെണിയിലായ പ്രാഥമിക സഹകരണസംഘങ്ങളെ സഹായിക്കുന്നതിന് അദ്ദേഹത്തിന്റെ കാലത്ത് ജില്ലാ ബാങ്ക് ഉണ്ടാക്കിയ രൂപരേഖ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ കാർഷികവായ്പകളുടെ വിനിയോഗത്തെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു പി.എ.ഉമ്മർ. കാൽ നൂറ്റാണ്ട് പഴക്കം ചെന്ന സഹകരണ ഓഡിറ്റ് മാന്വൽ പരിഷ്‌കരിക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. പാഡികോ എന്ന സ്ഥാപനത്തിന്റെ ചർച്ചകൾക്ക് തുടക്കമിട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. കേരളാ സംസ്ഥാന സഹകരണക്ഷേമ വികസനഫണ്ട് ബോർഡിന്റെ ചെയർമാനായും ഉമ്മർക്ക സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹകരണപ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പര്യടനം നടത്തിയിട്ടുള്ള പി.എ.ഉമ്മർ ജർമ്മനിയിലും നെതർലാന്റ്‌സിലും അതേ ലക്ഷ്യത്തോടെ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന സഹകാരിയും പാലക്കാട് ജില്ലാ സഹകരണബാങ്കിന്റെ ആദ്യപ്രസിഡന്റുമായ മൺമറഞ്ഞ പി.ജി.മേനോനാണ് തന്റെ ഗുരുവെന്ന് ഉമ്മർക്ക നന്ദിപൂർവ്വം സ്മരിക്കുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പത്തായത്തിങ്കൽ ആലിയുടേയും പെരുമ്പുള്ളി പാത്തുക്കുട്ടിയുടേയും എട്ടു മക്കളിൽ ആറാമനായി പിറന്ന ഉമ്മറിന് ഇങ്ങനെയൊക്കെയാകാനേ കഴിയൂ. ഓർമ്മകളിൽ നിറയുന്നത് മുഴുവൻ ഇല്ലായ്മയാണ്. നാലു പെൺകുട്ടികളും നാല് ആൺകുട്ടികളും മാതാപിതാക്കളും അടങ്ങിയ കുടുംബം കഴിഞ്ഞുകൂടിയത് ഒറ്റമുറി വീട്ടിൽ. പട്ടിണിയുടെ നാളുകൾ. കമ്യൂണിസ്റ്റുകാരനും ഗോവാ സമര പോരാളിയുമായിരുന്ന മൂത്ത ജ്യേഷ്ഠൻ പി.എ.മുഹമ്മദ് ആണ് കുഞ്ഞുനാളിൽത്തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ഉമ്മറിന് പ്രചോദനമായത്.
1968 ൽ സി.പി.എമ്മിൽ അംഗമായ അദ്ദേഹം നിലവിൽ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. രാഷ്ട്രീയപ്രവർത്തനവും സഹകാരിയെന്ന നിലക്കുള്ള സേവനവും പരസ്പരപൂരകമായി കൊണ്ടുപോകാനാണ് അദ്ദേഹം എല്ലാ കാലത്തും ശ്രദ്ധിച്ചത്. 1966 ൽ കെ.പി.ആയിഷയെ വിവാഹം കഴിച്ചു. അക്ബർ സലിം, ഷീജ, ഷാജി, ഷാബു എന്നിങ്ങനെ നാലു മക്കൾ. മക്കളും മക്കളുടെ മക്കളുമായി കുടുംബം വളർന്നുവെങ്കിലും ഉമ്മർക്കയുടെ പ്രഥമപരിഗണന സഹകരണപ്രസ്ഥാനത്തിനു തന്നെ.
ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിലെ ചെയർമാന്റെ ചേംബറിൽ അതിരാവിലെ എത്തിച്ചേരുന്ന അദ്ദേഹം ഇരുട്ടു വീഴുന്നതു വരെ അവിടെയുണ്ടാകും. പരാതിയും പരിഭവവും പറയാനുള്ളവർക്ക് ആ കതക് തള്ളിത്തുറന്ന് അകത്തു കയറാം. ചെയർമാന്റെ ചേംബറിൽ കയറി കൊച്ചുവർത്തമാനം പറഞ്ഞ് ചായ മൊത്തിക്കുടിച്ചതിനു ശേഷം പടിയിറങ്ങിപ്പോരുമ്പോഴും മനസ്സിൽ അവശേഷിച്ച സംശയം വെറും നാലാം ക്ലാസുകാരന്റെ സാമ്പത്തിക വിശകലന പാടവത്തെക്കുറിച്ചായിരുന്നു. ചില കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. ' അനുഭവം തന്നെ ഗുരുനാഥൻ.' മനസ്സിലും ചെവിയിലും മുഴങ്ങുന്നതത്രയും ഉമ്മർക്കയുടെ വാക്കുകൾ തന്നെ.






