ട്രോളിന് ഇരയായ ഇന്ത്യന്‍ പെണ്‍കുട്ടി 'ലൈവാ'യി ആത്മഹത്യക്കൊരുങ്ങി; മരണവക്കില്‍ നിന്ന് പോലീസ് രക്ഷിച്ചത് ഇങ്ങനെ

ഷാര്‍ജ- സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആങ്ങളമാരുടെ കൂട്ട ട്രോള്‍ ആക്രമണത്തിന് ഇരയായി മനോവിഷമത്തില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയ 20കാരി ഇന്ത്യന്‍ പെണ്‍കുട്ടിയെ നാടകീയ ഇടപെടലിലൂടെ ഷാര്‍ജ പോലീസ് മരണവക്കില്‍ നിന്നും രക്ഷിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോയെ ചൊല്ലിയാണ് ട്രോളര്‍മാരുടെ ആക്രമണമുണ്ടായത്. കൂട്ടത്തെറിവിളികളുണ്ടായതോടെ കടുത്ത മനോവിഷമത്തിലായ പെണ്‍കുട്ടി ഷാര്‍ജയിലെ തന്റെ വീട്ടിനകത്ത് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ഇതു ലൈവായി സമൂഹമാധ്യത്തില്‍ കാണിക്കുമെന്നും പോസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു ഈ പോസ്റ്റ്. പെണ്‍കുട്ടിയുടെ ഈ ആത്മഹത്യാ മുന്നറിയിപ്പ് ദുബായ് പോലീസ് സൈബര്‍ പട്രോള്‍ വിഭാഗമാണ് ആദ്യം കണ്ടെത്തിയത്. ഉടന്‍ ഇവര്‍ ഷാര്‍ജാ പോലീസിനെ വിവരമറിയിച്ചു. ഷാര്‍ജ പോലീസ് സിഐഡി ഓഫീസര്‍മാരും പട്രോള്‍ വിഭാഗവും ഒരു മണിയോടെ തന്നെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയും അല്‍ നഹ്ദയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ കുതിച്ചെത്തുകയും ചെയ്തു.

'ഫളാറ്റിന്റെ വാതില്‍ തുറന്നത് പെണ്‍കുട്ടിയുടെ പിതാവാണ്. അസമയത്ത് പോലീസിനെ കണ്ട് അദ്ദേഹം ഞെട്ടി. മകളുടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും പിതാവിന്റെ അനുമതിയോടെ പെണ്‍കുട്ടിയുടെ മുറി തുറന്ന് അകത്ത് പ്രവേശിക്കുകയും ചെയ്തു. മുറിക്കുള്ളില്‍ ആത്മഹത്യയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു പെണ്‍കുട്ടി'- ഷാര്‍ജ പോലീസി സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. പോലീസിനെ കണ്ട് പെണ്‍കുട്ടി രൂക്ഷമായി പ്രതികരിച്ചു. പോലീസ് സമാധാനിപ്പിക്കുകയും സഹായത്തിന് എത്തിയതാണെന്നും അറിയിച്ചു പെണ്‍കുട്ടിയെ ശാന്തയാക്കി. കൗണ്‍സലിങ് നല്‍കി ആത്മഹത്യാ ചിന്തയില്‍ നിന്ന് മോചിപ്പിച്ചുവെന്നും മാനസിക പിന്തുണ നല്‍കി വരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

പോലീസിന്റെ സമയോചിത ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്നും ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുകളും മോശം കമന്റുകളും വന്നതില്‍ പെണ്‍കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്നും കേണല്‍ ഫൈസല്‍ പറഞ്ഞു.
 

Latest News