Sorry, you need to enable JavaScript to visit this website.

സിറിയ: പലായനത്തിന്റെ  മുറിവുകൾ

മലേഷ്യയിലെ കുലാലംപുർ എയർപോർട്ടിലെ ട്രാൻസിറ്റ് ഏരിയയിൽ ഹസ്സാൻ അൽഖിൻതാർ

യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന ധാർമിക നിലപാടാണ് സിറിയൻ സംഘർഷത്തിൽ എനിക്കുള്ളത്. സിറിയൻ സംഘർഷം മറ്റുള്ളവർ തങ്ങളുടെ ഭൂമിയിൽ നടത്തുന്ന യുദ്ധമാണ്. എല്ലാവരും ഇപ്പോൾ സിറിയൻ ജനതയെ കൈയൊഴിഞ്ഞിരിക്കുന്നു. സംഘർഷത്തിന്റെ വില നൽകേണ്ടിവരുന്നത് സിറിയൻ ജനതയാണെന്നും ഹസ്സാൻ ഖിൻതാർ പറയുന്നു.  

അറബ് വസന്തമെന്ന പേരിൽ അറിയപ്പെട്ട ജനകീയ വിപ്ലവത്തിന്റെ കൊടുങ്കാറ്റ് അറബ് ലോകത്ത് വിതച്ച തീരാദുരിതങ്ങൾക്ക് വർഷങ്ങൾ പിന്നിട്ടിട്ടും അറുതിയായിട്ടില്ല. ദശകങ്ങളായി രാജ്യങ്ങൾ അടക്കിവാണ പലരും വിപ്ലവത്തിന്റെ തീച്ചൂളയിൽ നിലം പതിച്ച് ഇന്ന് ചരിത്രത്തിന്റെ വിസ്മൃതിയിലാണ്. ജനകീയ വിപ്ലവത്തിന്റെ അലയൊലികൾ പല രാജ്യങ്ങളിലും ഇനിയും കെട്ടടങ്ങിയിട്ടില്ല. വിപ്ലവത്തിന്റെ മൂർധന്യാവസ്ഥയിൽ ഭരണ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും യെമനിലും ആൾനാശം പരിമിതമായിരുന്നു. 
ഇതിൽ നിന്ന് തീർത്തും വിഭിന്നമായിരുന്നു സിറിയയിലെ സംഭവ വികാസങ്ങൾ. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ബശാർ അൽഅസദ് ഭരണകൂടം ഏതു സമയവും നിലംപതിച്ചേക്കുമെന്ന സ്ഥിതിവിശേഷം ഉയർന്നു വന്നതോടെ സിറിയയിൽ റഷ്യ സൈനികമായി ഇടപെട്ടത് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുകയായിരുന്നു. ഇറാന്റെയും ഹിസ്ബുല്ലയുടെയും ഇടപെടലുകളും സിറിയൻ സംഘർഷം അറ്റമില്ലാതെ തുടരുന്നതിന് കാരണമായി. എട്ടര വർഷം പിന്നിട്ട സിറിയൻ സംഘർഷത്തിൽ അഞ്ചര ലക്ഷത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും 76 ലക്ഷത്തിലേറെ പേർ ഭവനരഹിതരാവുകയും 51 ലക്ഷത്തിലേറെ പേർ അഭയാർഥികളാവുകയും ചെയ്തിട്ടുണ്ട്. 
ഓരോ സായുധ സംഘർഷങ്ങൾക്കും പറയാനുള്ളത് എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളുടെ കണ്ണീർ കഥകളാണ്. സംഘർഷം സിറിയൻ ജനതക്ക് സമ്മാനിച്ച ദുരിതങ്ങളുടെ ആഴം ലോകത്തെ ബോധ്യപ്പെടുത്തിയ, ലോക മനഃസാക്ഷിയുടെ നെഞ്ചകം തകർത്ത ദൃശ്യമായിരുന്നു സിറിയൻ ബാലൻ ഐലാൻ കുർദിയെന്ന മൂന്നു വയസ്സുകാരന്റെ ചേതനയറ്റ ശരീരം. തുർക്കി കടൽ തീരത്തെ പഞ്ചാരമണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൂന്നു വർഷം മുമ്പാണ് കുഞ്ഞു ഐലാന്റെ മൃതദേഹം കണ്ടെത്തിയത്. ഗ്രീസിലേക്കുള്ള പലായനത്തിനിടെ ഐലാനും കുടുംബവും സഞ്ചരിച്ച, പരിധിയിലധികം ആളുകൾ കയറിയ ബോട്ട് മുങ്ങുകയായിരുന്നു. അപകടത്തിൽ ഐലാന്റെ മാതാവും സഹോദരനും മരണപ്പെട്ടിരുന്നു. ദുരിതമനുഭവിക്കുന്ന അഭയാർഥികളുടെ പ്രതീകമായി മാറിയ ഐലാൻ, മധ്യപൗരസത്യ ദേശത്ത് ഇന്നും അവസാനിക്കാത്ത സംഘർഷങ്ങളുടെ നോവിക്കുന്ന ഓർമയാണ്. 

മലേഷ്യയിലെ കുലാലംപുർ എയർപോർട്ടിലെ ട്രാൻസിറ്റ് ഏരിയയിൽ ഹസ്സാൻ അൽഖിൻതാർ


നഗ്നയായി പൊട്ടിക്കരഞ്ഞുകൊണ്ട് ഓടുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതിന് കാരണമായെങ്കിൽ ഐലാൻ കുർദി അടക്കമുള്ള ആയിരക്കണക്കിന് സിറിയൻ കുഞ്ഞുങ്ങളും സ്ത്രീകളും തങ്ങളുടെ നരകയാതനകൾ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തിട്ടും സിറിയൻ സംഘർഷത്തിന് പരിഹാരം കാണാനോ യുദ്ധം അവസാനിപ്പിക്കാനോ മാത്രം മനഃസാക്ഷിയും അലിവും ആർജവവും ഇച്ഛാശക്തിയുമുള്ളവർ സമകാലീന ലോക നേതാക്കളുടെ കൂട്ടത്തിലില്ല എന്ന കയ്‌പേറിയ സത്യം അനുദിനം കൂടുതൽ കൂടുതൽ ബോധ്യപ്പെടുകയാണ്.  
ഐലാൻ കുർദിയെ പോലെ തന്നെ ലോക മാധ്യമ ശ്രദ്ധ നേടിയ മറ്റൊരു സിറിയക്കാരനാണ് ഹസ്സാൻ അൽഖിൻതാർ. ഏഴു മാസക്കാലമാണ് പുറം ലോകം കാണാൻ കഴിയാതെ മലേഷ്യയിലെ കുലാലംപുർ എയർപോർട്ടിലെ ട്രാൻസിറ്റ് ഏരിയയിൽ ഹസ്സാൻ കുടുങ്ങിക്കഴിഞ്ഞത്. മനുഷ്യാവകാശ പ്രവർത്തകരുടെ ശക്തമായ ഇടപെടലിന്റെയും പിന്തുണയുടെയും ഫലമായി ഹസ്സാൻ ഇന്ന് കാനഡയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള തത്രപ്പാടിലാണ്. 
പുറം ലോകം കാണാൻ കഴിയാതെ വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിൽ ഏഴു മാസം കഴിയേണ്ടിവന്ന ഹസ്സാന്റെ കഥ ലോക പ്രശസ്ത നടൻ ടോം ഹാൻക്‌സ് വേഷമിട്ട ദി ടെർമിനൽ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ അനുഭവത്തിനു സദൃശമാണ്. ദക്ഷിണ സിറിയയിലെ അൽസുവൈദാ നഗരവാസിയാണ് ഹസ്സാൻ അൽഖിൻതാർ. 
ചിലർ വാദിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശ്രമിച്ചതു പോലെ മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നില്ല താൻ മലേഷ്യയിൽ എത്തിയത് എന്ന് ഹസ്സാൻ പറയുന്നു. ആഭ്യന്തര സംഘർഷം കൊടുമ്പിരി കൊണ്ട കാലത്ത് സിറിയൻ സൈന്യത്തിൽ ചേർന്ന് നിർബന്ധിത സൈനിക സേവനം നടത്തുന്നതിനും നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന് ബശാർ അൽഅസദ് ഭരണകൂടത്തിന് പണം നൽകുന്നതിനും വിസമ്മതിച്ചതിന്റെ ഫലമായാണ് മലേഷ്യയിലെത്തിയത്. എയർപോർട്ടിലെത്തുന്ന മുറക്ക് സിറിയക്കാർക്ക് മൂന്നു മാസ കാലാവധിയുള്ള ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് കേട്ടറിഞ്ഞതാണ് മലേഷ്യൻ യാത്ര തെരഞ്ഞെടുക്കുന്നതിന് പ്രേരകമായത്. വിസിറ്റ് വിസയിൽ മലേഷ്യയിലെത്തി നാലു മാസം കഴിഞ്ഞ ശേഷം ഇക്വഡോറിലേക്ക് പോകുന്നതിന് ശ്രമിച്ച് കുലാലംപുർ എയർപോർട്ടിലെത്തിയ തനിക്ക് തുർക്കിഷ് എയർലൈൻസ് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതിന് ഒരാഴ്ചക്കു ശേഷം കംബോഡിയയിലേക്ക് പോയെങ്കിലും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാതെ കംബോഡിയൻ അധികൃതർ മലേഷ്യയിലേക്കു തന്നെ തിരിച്ചയച്ചു. കംബോഡിയയിലേക്ക് തിരിക്കുന്നതിനു മുമ്പ് വിസിറ്റ് വിസാ കാലാവധിയെക്കാൾ ഒരു മാസം അധികം രാജ്യത്ത് കഴിഞ്ഞതിനാൽ മലേഷ്യയിൽ വീണ്ടും പ്രവേശിക്കുന്നതിന് മലേഷ്യൻ അധികൃതരും അനുവദിച്ചില്ല. കംബോഡിയയിൽ നിന്ന് നാടു കടത്തപ്പെട്ട തന്നെ സിറിയ ഒഴികെ മറ്റൊരു രാജ്യത്തേക്കും പോകുന്നതിൽ നിന്ന് മലേഷ്യ വിലക്കി. 
ട്രാൻസിറ്റ് ഏരിയയിലെ ജീവിതവുമായി വൈകാതെ താൻ പൊരുത്തപ്പെട്ടു. തന്റെ പ്രശ്‌നം വിശദീകരിച്ച് അറബിയിലും ഇംഗ്ലീഷിലുമുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടാൻ തുടങ്ങിയതോടെ നിരവധി പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. 
എയർപോർട്ടിലെ സുദീർഘമായ താമസ കാലത്ത് അർധ രാത്രിയിൽ വികലാംഗർക്കുള്ള ടോയ്‌ലെറ്റിൽ കയറിയാണ് താൻ കുളിച്ചിരുന്നത്. വിമാന കമ്പനി ദിവസേന മൂന്നു നേരം ഭക്ഷണം വിതരണം ചെയ്തിരുന്നു. ഗോവണിക്ക് താഴെ കിടന്നും കസേരകളിൽ ഇരുന്നുമാണ് താൻ ഉറങ്ങിയിരുന്നത്. തന്റെ വസ്ത്രങ്ങൾ എയർപോർട്ടിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളാണ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അലക്കിയുണക്കി നൽകിയിരുന്നത്. 


ട്രാൻസിറ്റ് ഏരിയയിലെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാണ്. എയർപോർട്ടിൽ നിന്ന് പുറത്തു കടക്കുന്നതിന് വഴി അന്വേഷിച്ച് മറ്റുള്ളവരുമായി ആശയ വിനിമയം നടത്തിയാണ് താൻ ദൈനംദിന ജീവിതം ആരംഭിച്ചിരുന്നത്. ഇക്കാലത്ത് കനേഡിയൻ അഭിഭാഷകരുമായി പരിചയപ്പെട്ടത് ഏറെ സഹായകമായി. 
അഭയാർഥികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കനേഡിയൻ വനിതാ ആക്ടിവിസ്റ്റിന്റെ സഹായത്തോടെയാണ് അടുത്തിടെ കാനഡയിലെത്തിയത്. ദുരിതത്തിന്റെ തുടക്ക കാലത്ത് ഏതാനും മാധ്യമ പ്രവർത്തകർ തന്നെ സഹായിച്ചിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നില്ല. ട്രാൻസിറ്റ് ഏരിയയിൽ കഴിഞ്ഞ കാലത്ത് നിരവധി വിദേശികൾ തന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും മനുഷ്യാവകാശ സംഘടനകളിലോ ഔദ്യോഗിക സംഘടനകളിലോ വകുപ്പുകളിലോ പെട്ടവരായിരുന്നില്ല അവർ. ഇവർ നടത്തിയ ശ്രമങ്ങളെല്ലാം ഒറ്റക്കൊറ്റക്കായിരുന്നു. 
എയർപോർട്ടിൽ കഴിഞ്ഞ കാലത്ത് തന്നെ സ്വീകരിക്കുന്നതിന് തയാറായി ഒരു രാജ്യത്തു നിന്നും ഓഫറുകൾ ലഭിച്ചിരുന്നില്ല. തന്നെ സ്വീകരിക്കുന്നതിന് ചില രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചു എന്ന നിലക്ക് പുറത്തുവന്ന റിപ്പോർട്ടുകൾക്ക് സത്യവുമായി ഒരു ബന്ധവുമില്ല. ഇത് ചില പത്രങ്ങളും സാധാരണക്കാരും വെറുതെ പ്രചരിപ്പിച്ചതാണ്. യഥാർഥ ഓഫർ നൽകിയതും സാമ്പത്തികമായി സഹായിച്ചതും കാനഡക്കാർ മാത്രമാണ്. ഇത് ഔദ്യോഗിക ഓഫറായിരുന്നു. തന്നെ പ്രതിനിധീകരിക്കുന്നതിന് കാനഡക്കാർ അഭിഭാഷകനെ ചുമതലപ്പെടുത്തുകയും താൻ ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ മറ്റെവിടെ നിന്നും തനിക്ക് ഓഫറുകളൊന്നും ലഭിച്ചിരുന്നില്ല. എട്ടു വർഷമായി അന്വേഷിച്ചുവന്ന ശാശ്വത പരിഹാരമാണ് കാനഡയിലേക്കുള്ള തന്റെ എത്തിച്ചേരൽ. 
യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന ധാർമിക നിലപാടാണ് സിറിയൻ സംഘർഷത്തിൽ തനിക്കുള്ളത്. സിറിയൻ സംഘർഷം മറ്റുള്ളവർ തങ്ങളുടെ ഭൂമിയിൽ നടത്തുന്ന യുദ്ധമാണ്. എല്ലാവരും ഇപ്പോൾ സിറിയൻ ജനതയെ കൈയൊഴിഞ്ഞിരിക്കുന്നു. സംഘർഷത്തിന്റെ വില നൽകേണ്ടിവരുന്നത് സിറിയൻ ജനതയാണെന്നും ഹസ്സാൻ ഖിൻതാർ പറയുന്നു. 
 

Latest News