Sorry, you need to enable JavaScript to visit this website.

ഗതികെട്ട കര്‍ഷകന്റെ 1064 രൂപ മോഡി മടക്കി; ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മതിയെന്ന്

നാസിക്- പാടത്ത് അധ്വാനിച്ച് വിളയിച്ചെടുത്ത 750 കിലോ ഉള്ളിക്ക് കിലോ 1.50 രൂപ പോലും ലഭിക്കാതെ ഗതികെട്ട കര്‍ഷകന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസില്‍ നിന്നും അവഹേളനം. 750 കിലോ ഉളളി വിറ്റ് ലഭിച്ച വെറും 1,064 രൂപ പ്രതിഷേധ സൂചകമായി മഹാരാഷ്ട്രയിലെ കര്‍ഷകന്‍ സഞ്ജയ് സാഥെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിരുന്നു. എന്നാല്‍ മണി ഓര്‍ഡര്‍ സ്വീകരിക്കാനാകില്ലെന്നും പണം ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതിയെന്നുമാണ് മോഡിയുടെ ഓഫീസ് കര്‍ഷകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉള്ളി വിറ്റു ലഭിച്ച തുച്ഛം തുകയ്ക്കു പുറമെ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് അയച്ച തുക ദുരിതാശ്വാസ നിധിയിലെത്തിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് മോഡിയുടെ ഓഫീസ് ഇതു മടക്കിയത്. താന്‍ അയച്ച തുക ഏതെങ്കിലും രൂപത്തില്‍ കര്‍ഷകനു ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പൊതുഫണ്ടിലേക്ക് പണമയച്ചതെന്ന് സാഥെ പറയുന്നു.

നാസിക് ജില്ലയിലെ നിഫഡ് സ്വദേശിയാണ് സഞ്ജയ്. ഈ സീസണില്‍ 750 ഉളളി വിളയിച്ചെടുത്തു. നിഫഡ് മൊത്ത വ്യാപാര ചന്തയിലെത്തിച്ചപ്പോള്‍ അവര്‍ ഒരു രൂപയാണ് കിലോയ്ക്ക് വിലയിട്ടത്. പേശി ഒടുവില്‍ ഇത് 1.40 രൂപയിലെത്തിച്ചു. അങ്ങനെ 750 കിലോ ഉള്ളിക്ക് ലഭിച്ചത് തുച്ഛമായ 1,064 രൂപ. നാലു മാസം അധ്വാനിച്ചുണ്ടാക്കിയ വിളവിന് തുച്ഛം വിലയിട്ടു കാണുമ്പോള്‍ വലിയ വേദനയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയക്കാന്‍ തീരുമാനിച്ചത്. പണമയക്കുന്ന ചെലവിലേക്ക് 54 രൂപ കൂടി അധികമായി നല്‍കി-സജ്ഞയ് പറയുന്നു. 'നരേന്ദ്ര മോഡി, ഇന്ത്യയുടെ പ്രധാനമന്ത്രി' എന്ന വിലാസത്തില്‍ നവംബര്‍ 29നാണ് സജ്ഞയ് നിഫഡ് പോസ്റ്റ് ഓഫീസില്‍ നിന്ന് മണി ഓര്‍ഡറായി ഈ പണം അയച്ചത്.

Related Stories 

Latest News