Sorry, you need to enable JavaScript to visit this website.

750 കിലോ ഉള്ളി വിറ്റു കിട്ടിയത് വെറും 1064 രൂപ! ഗതികെട്ട കര്‍ഷകന്‍ തുക മോഡിക്ക് അയച്ചു കൊടുത്തു

നാസിക്- മഹാരാഷ്ട്രയില്‍ മികവ് തെളിയിച്ച് സര്‍ക്കാരിന്റെ അംഗീകാരം ഏറ്റുവാങ്ങിയ കര്‍ഷകനു താന്‍ കൃഷിചെയ്ത് വിളവെടുത്ത 750 കിലോ ഉള്ളി വിറ്റപ്പോള്‍ ലഭിച്ചത് തുച്ഛമായ 1,064 രൂപ മാത്രം! 2010ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി സംവിധിക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയം തെരഞ്ഞെടുത്ത കര്‍ഷകരില്‍ ഒരാളായിരുന്ന സജ്ഞയ് സാഥെയ്ക്കാണ് ഈ ഗതി വന്നത്. കര്‍ഷകര്‍ക്ക് തുഛമായ പ്രതിഫലം മാത്രം ലഭിക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി സജ്ഞയ് തനിക്കു ലഭിച്ച നാമമാത്ര തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു. മണി ഓര്‍ഡര്‍ അയക്കാന്‍ വേണ്ടി 54 രൂപ കൂടി സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് ഈ തുക മോഡിക്ക് അയച്ചു കൊടുത്തത്. ഇന്ത്യയിലെ മൊത്തം ഉള്ളി ഉല്‍പ്പാദനത്തിന്റെ പകുതിയോളം സംഭാവന നല്‍കുന്ന നാസിക് ജില്ലയില്‍ നിന്നാണ് ഈ വാര്‍ത്ത.

പാടത്ത് വിയര്‍പ്പൊഴുക്കി മാസങ്ങളെടുത്ത് വിളയിച്ചെടുത്ത ഉള്ളിക്ക് ഒരു കിലോയ്ക്ക് ഒന്നര രൂപ പോലും തികച്ചു ലഭിച്ചിട്ടില്ല. നാസിക് ജില്ലയിലെ നിഫഡ് സ്വദേശിയാണ് സഞ്ജയ്. ഈ സീസണില്‍ 750 ഉളളി വിളയിച്ചെടുത്തു. നിഫഡ് മൊത്ത വ്യാപാര ചന്തയിലെത്തിച്ചപ്പോള്‍ അവര്‍ ഒരു രൂപയാണ് കിലോയ്ക്ക് വിലയിട്ടത്. പേശി ഒടുവില്‍ ഇത് 1.40 രൂപയിലെത്തിച്ചു. അങ്ങനെ 750 കിലോ ഉള്ളിക്ക് ലഭിച്ചത് തുച്ഛമായ 1,064 രൂപ. നാലു മാസം അധ്വാനിച്ചുണ്ടാക്കിയ വിളവിന് തുച്ഛം വിലയിട്ടു കാണുമ്പോള്‍ വലിയ വേദനയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയക്കാന്‍ തീരുമാനിച്ചത്. പണമയക്കുന്ന ചെലവിലേക്ക് 54 രൂപ കൂടി അധികമായി നല്‍കി-സജ്ഞയ് പറയുന്നു. 'നരേന്ദ്ര മോഡി, ഇന്ത്യയുടെ പ്രധാനമന്ത്രി' എന്ന വിലാസത്തില്‍ നവംബര്‍ 29നാണ് സജ്ഞയ് നിഫഡ് പോസ്റ്റ് ഓഫീസില്‍ നിന്ന് മണി ഓര്‍ഡറായി ഈ പണം അയച്ചത്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല. എന്നാല്‍ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ഉദാസീന നിലപാടില്‍ എനിക്ക് അമര്‍ഷമുണ്ട്- അദ്ദേഹം പറഞ്ഞു.

തന്റെ കൃഷിപാഠങ്ങളെ കുറിച്ച് ആകാശവാണിയിലൂടെ പ്രഭാഷണം നടത്തുകയും മറ്റും ചെയ്ത സജ്ഞയ് 2010ല്‍ ഒബാമ മുംബൈ സെന്റ് സേവ്യേഴ്‌സ് കോളെജിലെത്തിയപ്പോഴാണ് ദ്വിഭാഷിയുടെ സഹായത്തോടെ സംസാരിച്ചത്. തന്റെ അനുഭവങ്ങള്‍ ഒബാമയുമായി പങ്കുവയ്ക്കാന്‍ കൃഷി മന്ത്രാലയം തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Latest News