Sorry, you need to enable JavaScript to visit this website.

രണ്ടു ലക്ഷം മുടക്കി കൃഷി ചെയ്ത കര്‍ഷകന്റെ നേട്ടം വെറും ആറു രൂപ; തുക മുഖ്യമന്ത്രിക്ക് അയച്ചു

മുംബൈ- മികച്ച വിളവ് ലഭിച്ചത് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 750 കിലോ ഉള്ളി വിറ്റ് ലഭിച്ച 1064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച് ഒരു കര്‍ഷകന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഇതാ അഹ്മദ്‌നഗര്‍ ജില്ലയില്‍ നിന്നുള്ള മറ്റൊരു കര്‍ഷകനും സമാന പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നു. രണ്ടു ലക്ഷം രൂപ മുടക്കി ഉള്ളി കൃഷി ചെയ്ത് മികച്ച വിളവ് ലഭിച്ച ശ്രേയസ് അഭാലെ എന്ന കര്‍ഷകന് ഉള്ളി ചന്തയില്‍ കൊണ്ടു പോയി വിറ്റപ്പോള്‍ കയ്യില്‍ ആകെ ബാക്കിയായ തുക വളരെ തുച്ഛമായ വെറും ആറു രൂപ മാത്രം. 

'ഞാന്‍ വിളവെടുത്ത 2,657 കിലോ ഉള്ളി മൊത്ത വില്‍പ്പന ചന്തയിലെത്തിച്ച് വിറ്റപ്പോള്‍ ലഭിച്ചത് 2,916 രൂപയാണ്. ഇവിടെ എത്തിക്കാനുള്ള വാഹന ചെലവും തൊഴിലാളികളുടെ കൂലിയുമടക്കം 2,910 രൂപ ചെലവായി. കയ്യില്‍ ആകെ ബാക്കിയായത് വെറും ആറു രൂപയും. രണ്ടു ലക്ഷം രൂപ മുടക്കി ഈ വര്‍ഷം കൃഷി ചെയ്ത ഞാന്‍ ഈ ആറു രൂപയുമായി എങ്ങനെ എന്റെ കടങ്ങളും ബാധ്യതകളും തീര്‍ക്കുമെന്ന് ഒരു പിടിയുമില്ല'- നിസ്സഹായനായ  അഭാലെ പറയുന്നു. ഈ ദുരവസ്ഥയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ആകെ ലഭിച്ച ആറു രൂപ മണി ഓര്‍ഡറായി മുഖ്യമന്ത്രി ഫഡ്‌നാവിസിന് അയച്ചു കൊടുക്കാന്‍ തീരുമാനിച്ചത്. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം തുക മുഖ്യമന്ത്രിക്ക് അയച്ചത്.

അതിനിടെ അഹ്മദ്‌നഗറിലെ നെവാസയില്‍ ഒരു കര്‍ഷകന്‍ തനിക്കു ലഭിച്ച 200 കിലോ ഉള്ളി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് സൗജന്യമായി വിതരണം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. ഉള്ളി വില വളരെ താഴ്ന്ന നിലയില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പരിഹാസ രൂപേണ നന്ദി അറിയിച്ച് വലി ബോര്‍ഡുമായാണ് ഈ കര്‍ഷകന്‍ മൊത്തക്കച്ചവട ചന്തയിലെത്തിയത്. ഈ സര്‍ക്കാരുകളുടെ നയം കാരണം ഞങ്ങള്‍ കഷ്ടത്തിലാണ്. കഴിഞ്ഞ നാലു വര്‍ഷമായി വിളവിന് മികച്ച വലി ലഭിക്കുന്നില്ല- പോപത്രാവ് വാക്‌ചോവ്‌റെ പറയുന്നു. ഈ സര്‍ക്കാര്‍ കാരണം ഞാന്‍ ഒരു യാചകന്റെ നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. എനിക്ക് അല്‍പ്പം കൃഷിഭൂമിയുണ്ട്. എന്നാല്‍ എന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ കൈനീട്ടേണ്ട ഗതിയിലാണ്. ഉള്ളി വിറ്റത് കൊണ്ടു മാത്രം വായ്പകളൊന്നും തിരിച്ചടക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു. 

ഏതാനും ദിവസങ്ങള്‍ക്ക്് മുമ്പ് നാസിക്കിലെ നിഫാഡില്‍ നിന്നുള്ള സഞ്ജയ് സാഥെ എന്ന കര്‍ഷകനും തനിക്ക് ലഭിച്ച തുച്ഛമായ തുക പ്രധാനമന്ത്രി മോഡിക്ക് അയച്ച് കൊടുത്തു പ്രതിഷേധിച്ചിരുന്നു. 750 കിലോ മൊത്ത കച്ചവടക്കാര്‍ക്ക് വിറ്റപ്പോള്‍ ഒരു കിലോയ്ക്ക് 1.50 രൂപ പോലും സാഥെയ്ക്ക് ലഭിച്ചിരുന്നില്ല. വന്‍ നഷ്ടം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ നാസിക്കില്‍ ഉള്ളി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.

Related Story

Latest News