കർണാടകയിൽ എൻജിനീയറിംഗിന് പഠിക്കുന്ന സുഹൃത്തിന്റെ മകനെ കുറേ ദിവസങ്ങൾ കൂടിയാണ് കഴിഞ്ഞ ദിവസം നാട്ടിൽ കണ്ടത്. കുറേയായ ല്ലൊ കണ്ടിട്ട്, നാട്ടിലൊന്നും വരാറില്ലേ എന്ന് അവനോട് കുശലം ചോദിച്ചു. അപ്പോൾ അവന്റെ ഉത്തരം-ഇല്ല ചേട്ടാ, സെമസ്റ്റർ പരീക്ഷ ഡമോക്ലസിന്റെ വാൾ പോലെ തലക്ക് മുകളിൽ തൂങ്ങിക്കിടക്കുകയല്ലേ?
ഇതൊരു ശൈലിയാണ്. നിത്യജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാനാകാത്ത വിധം ശീലങ്ങളായി തന്നെ മാറിയ ഇത്തരം ശൈലികൾ നിരവധിയുണ്ട്. പലപ്പോഴും എന്താണ് അവയുടെ അർഥം എന്നറിയാതെ നമ്മളിൽ പലരും സംസാരത്തിനിടയിൽ അവിടെയും ഇവിടെയും ഇവ വെച്ചു കാച്ചുന്നതും സാധാരണമാണ്. പ്രത്യേകിച്ചും പ്രസംഗകരായ ആളുകൾ.
ഇത്തരത്തിലുള്ള ഓരോ ശൈലിക്ക് പിന്നിലും ഓരോ കഥകൾ കൂടിയുണ്ടാവും എന്നതാണ് വാസ്തവം. പലപ്പോഴും അവയ്ക്ക് ചരിത്രത്തിലോ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ മതഗ്രന്ഥങ്ങളിലോ ഒക്കെ നീളുന്ന വേരുകളും കാണും. അവയൊക്കെ വ്യക്തവും വിശദവുമായ സൂചകങ്ങളായി മനുഷ്യ ജീവിതത്തിന് പലതരത്തിൽ തുണയായി തീരുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതൊന്നും നാമളങ്ങനെ ശ്രദ്ധിക്കുന്നില്ല എന്നുമാത്രം. നിത്യജീവിതത്തിൽ വളരെ സാധാരണമായ ഒന്നിനെ കുറിച്ച് കൂടുതലറിയാൻ ശ്രമിക്കാതിരിക്കുക എന്ന മനുഷ്യസഹജമായ അലസത തന്നെയാണ് അതിന് കാരണം. ചുരുക്കത്തിൽ വളരെ ഗഹനമായ അർഥങ്ങളും വിശദീകരണങ്ങളും ആവശ്യമുള്ള ചില കാര്യങ്ങളെ ഒന്നോരണ്ടോ വാക്കുകളിലോ ചെറിയൊരു വാചകത്തിലോ ഒളിപ്പിക്കുന്ന വിദ്യയാണ് ശൈലികൾ എന്ന പേരിൽ അറിയപ്പെടുന്നത്.
ഡമോക്ലസിന്റെ വാൾ എന്നാൽ എന്താണ്? ഭയപ്പെടുത്തുന്ന ഒരു കാര്യം മനസ്സിന്റെ സ്വസ്ഥത കെടുത്തുമ്പോഴാണ് വളരെ പ്രതീകാത്മകമായി പലരും ഈ ശൈലി ഉപയോഗിക്കുന്നത്. അതിന് അടിസ്ഥാനമായ കഥ എന്താണെന്ന് നോക്കാം. പ്രാചീന ഇറ്റലിയിലെ സിറാക്യൂസ് എന്നു പേരുള്ള രാജ്യത്തെ സ്വേച്ഛാധിപതിയായ രാജാവായിരുന്നു ഡയൊണീഷ്യസ്. കൊട്ടാരത്തിലെ പ്രധാന സ്തുതിപാഠകരിൽ ഒരാളാണ് ഡമോക്ലസ്. രാജാവിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. പക്ഷെ. രാജാവിനെ സ്തുതിക്കുമ്പോഴും അദ്ദേഹം ജനഹിതം മാനിച്ചല്ല ഭരണം നടത്തുന്നത് എന്ന് ഡമോക്ലസ് തിരിച്ചറിഞ്ഞിരുന്നു. അതിനാൽ രാജാവിന്റെ പല ഏകാധിപത്യ പ്രവണതകളേയും ഡമോക്ലസ് ചെറുതായി പരിഹസിക്കാൻ തുടങ്ങി. അതിൽ കുപിതനായ ഡയൊണീഷ്യസ് ഈ സ്തുതിപാഠകനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അതിന്റെ ഭാഗമായി നല്ലൊരു വിരുന്നൊരുക്കി അദ്ദേഹം ഡമോക്ലസിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. തീൻമേശയിൽ ഇരുന്നപ്പോഴാണ് തന്റെ തലയ്ക്ക് മീതേ ഏതുനിമിഷവും പൊട്ടി വീഴാൻ പാകത്തിൽ നേർത്ത ചരടിൽ തൂക്കിയിട്ട മൂർച്ചയേറിയ ഒരു വാൾ ഡമോക്ലസ് കണ്ടത്. ചുണ്ടിലൂറുന്ന പരിഹാസച്ചിരിയുമായി ഇരിക്കുന്ന രാജാവിനെ കണ്ടപ്പോൾ, അദ്ദേഹം തന്നെ പരീക്ഷിക്കുകയാണ് എന്ന് ഡമോക്ലസിന് മനസിലായി. ഇരിക്കാനോ ഭക്ഷണം കഴിക്കാനോ എണീറ്റോടാനോ പറ്റാതിരുന്ന അദ്ദേഹത്തിന്റെ അവസ്ഥയിൽ നിന്നാണ് മേൽപ്പറഞ്ഞ ശൈലി ഉണ്ടായത്.
ബാലികേറാമല എന്ന് കേട്ടിട്ടില്ലേ? ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഒരു കാര്യത്തെ കുറിച്ചാണ് ഇങ്ങനെ പറയുക. ആ ശൈലിക്ക് പിന്നിലെ കഥയുള്ളത് രാമായണത്തിലാണ്. അസുരനായ ദുന്ദുഭി ഒരിക്കൽ ഗുസ്തിക്കാരനായ ബാലിയുമായി ഏറ്റുമുട്ടി. ബാലിയുടെ കനത്ത അടിയേറ്റ് ദുന്ദുഭിയുടെ ശരീരത്തിലെ രക്തം ദൂരേക്ക് ചീറ്റിത്തെറിച്ചു. മതംഗമുനി തപസ്സ് ചെയ്യുന്ന ഋശ്യമൂകമലയിലെ ആശ്രമപരിസരത്തും ആ രക്തം ചെന്നു വീണു. തന്റെ ആശ്രമപരിസരം രക്തം കൊണ്ട് മലിനമാക്കിയതിന് കാരണക്കാരനായവൻ ആരായാലും ഈ മലകയറിയാലുടൻ തലപൊട്ടിത്തെറിച്ചു മരിച്ചു പോകട്ടെ എന്ന് മതംഗമുനി ശപിച്ചു. ആ ശാപം ധിക്കരിച്ച് ബാലിക്ക് ഋശ്യമൂകമല കയറാൻ ഒരിക്കലും കഴിഞ്ഞില്ല.
യൂ ടൂ ബ്രൂട്ടസ്സ്.. (ബ്രൂട്ടസേ, നീയും..?) എന്നൊരു ശൈലി നമ്മളിൽ പലരും ഉപയോഗിക്കാറില്ലേ? എപ്പോഴും കൂടെ നിൽക്കുന്ന ഒരാൾ ഒരു നിർണായക നിമിഷത്തിൽ അപ്രതീക്ഷിതമായി തിരിഞ്ഞു നിന്ന് ദ്രോഹിക്കുമ്പോഴാണ് നമ്മൾ ഇങ്ങനെ വിലപിക്കുക. അതിന്റെ പിന്നാമ്പുറക്കഥ തേടിപോകുമ്പോൾ നാം ചെന്നെത്തുക പുരാതന റോമാ ചരിത്രത്തിലാണ്. റോമിലെ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറുടെ ആത്മമിത്രവും സന്തതസഹചാരിയുമായിരുന്നു മാർക്കസ് ബ്രൂട്ടസ്. സീസർ അധികാരങ്ങൾ ഒന്നൊന്നായി കൈപ്പിടിയിലൊതുക്കി സ്വേച്ഛാധിപതിയാകുന്നതിൽ ജനാധിപത്യവാദിയായ ബ്രൂട്ടസിന് അനിഷ്ടമുണ്ടായിരുന്നു. ബി സി 44 മാർച്ച് 15 ന് ജനാധിപത്യ വിശ്വാസികളായ ഒരു പറ്റം സെനറ്റർമാർ സീസറെ വധിക്കാനൊരുങ്ങി. കഠാര കൊണ്ടുള്ള കുത്തേറ്റ് പിടഞ്ഞുവീണ സീസർ, പണിപ്പെട്ട് തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് തന്നെ ആക്രമിക്കുന്നവരുടെ കൂട്ടത്തിലെ മുൻനിരയിൽ തന്റെ ഏറ്റവും വിശ്വസ്തനായ ബ്രൂട്ടസ് നിൽക്കുന്നതാണ്. അപ്പോഴാണ് അവിശ്വസനീമായി, വേദനയോടെ സീസർ പ്രസിദ്ധമായ ആ വാക്കുകൾ ഉരുവിടുന്നത്.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് പറയാറില്ലേ? എന്താണിത്? ഒരു സംഭവം നടന്നാൽ അതിന്റെ ബാഹ്യപരിശോധനയിൽ അത് ചെയ്തത് ഇന്നയാളാകാനേ സാധ്യതയുള്ളൂ എന്നൂഹിച്ചു പറയുന്ന ഏർപ്പാടാണിത്. ആ ശൈലിക്ക് പിന്നിലെ കഥ ഇങ്ങനെയാണ്. വനവാസകാല ത്ത് പാണ്ഡവർ വിരാട രാജധാനിയിലെത്തി അജ്ഞാതവാസം നയിക്കുകയാണ്. കൂടെ ദ്രൗപദിയുമുണ്ട്. വിരാട രാജ്യത്തെ രാജ്ഞിയുടെ സഹോദരൻ, കീചകൻ ദ്രൗപദിയെ ഉപദ്രവിക്കാൻ തുടങ്ങി. ഉപദ്രവം അസഹനീയമായപ്പോൾ ദ്രൗപദി കാര്യം ഭീമനോട് പറഞ്ഞു. ഒരു രാത്രി, ഏറ്റുമുട്ടലിൽ ഭീമൻ, കീചകനെ കൊന്നു. ആ വാർത്ത കൗരവ രാജസദസ്സിൽ എത്തിയപ്പോൾ അവർ ഊഹിച്ചു, മഹാമല്ലനായ കീചകനെ വധിക്കാൻ ലോകത്തിലൊരാൾക്കേ കഴിയൂ, അത് ഭീമനാണ്. അതുകൊണ്ട് കൗരവർ ഉറക്കെ പ്രഖ്യാപിച്ചു-ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ!
റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണവായിച്ചു എന്നു കേട്ടിട്ടില്ലേ? ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ അലസമായിരുന്ന് അപ്രധാനമായ മറ്റൊരു കാര്യം ചെയ്യുമ്പോഴാണ് നമ്മളീ ശൈലി പ്രയോഗിക്കുക. അതിന്റെ പിന്നിലെ കഥ നോക്കാം. റോമിലെ ഭരണാധികാരിയായിരുന്നു നീറോ. കലയിലും സംഗീതത്തിലും അതീവ തൽപരനായ ചക്രവർത്തി അതിനായി കോടികൾ ധൂർത്തടിച്ചു. ഫലം, കാൽക്കാശില്ലാത്ത വിധം ഖജനാവ് കാലിയായി. വരുമാനം വർധിപ്പിക്കാൻ അദ്ദേഹം ജനങ്ങളുടെമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ചു. പൊറുതിമുട്ടിയ ജനങ്ങൾ നീറോവിന് എതിരായി. ആയിടക്കാണ് 64, ജൂലൈ 19 ന് റോമാനഗരത്തിൽ ഒരു വൻ തീപ്പിടുത്തമുണ്ടാകുന്നത്. നഗരം, തീ ആളിപ്പിടിച്ച് മുഴുവനായും കത്തിയമർന്ന് നശിക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ നീറോ ചക്രവർത്തി തന്റെ കൊട്ടാരത്തിൽ വലിയൊരു സംഗീത സദസ്സ് നടത്തുകയായിരുന്നുവത്രെ!
ഉർവശീശാപം ഉപകാരം എന്നു പറയാറുണ്ട്. തെറ്റായി ചെയ്ത ഒരു പ്രവൃത്തിക്ക് നല്ല ഫലം ഉണ്ടാകുമ്പോഴാണ് ഈ ശൈലി ഉപയോഗിക്കുക. മഹാഭാരതത്തിലെ അർജുനനാണ് ഈ കഥയിലെ നായകൻ. ഒരിക്കൽ ഇന്ദ്രലോകത്തെത്തിയ അർജുനനെ സ്വർഗലോക സുന്ദരിയായ ഉർവശി വശീകരിച്ച് വലയിലാക്കാൻ നോക്കി. പക്ഷെ, അർജുനൻ അവളെ നിഷ്‌കരുണം തിരസ്‌കരിച്ചു. അതിൽ മനംനൊന്ത ഉർവശി, നീ ഒരു നപുംസകമായി തീരട്ടെ എന്ന് അർജുനനെ ശപിച്ചു. പിന്നീട് ചൂതുകളിയിൽ തോറ്റ പാണ്ഡവർ, ശിക്ഷയായി ഏറ്റുവാങ്ങിയ വനവാസ കാലത്ത് വിരാട രാജധാനിയിൽ എത്തി. അവിടെ ബൃഹന്നള എന്നപേരിൽ പെൺകുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കുന്ന നപുംസകമായി ഒളിവിൽ കഴിയാൻ അർജുനന് സഹായകമായി തീരുന്ന ത് ഈ ഉർവശീ ശാപമാണ്.
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ-എന്നു ചിലർ ചിലപ്പോൾ പറയാറില്ലേ? ഒരു തെറ്റെങ്കിലും ചെയ്യാത്തവർ മനുഷ്യരുടെ ഇടയിലില്ല എന്ന പൊതുവിശ്വാസമാണ് ആ ശൈലിയായി രൂപപ്പെടുന്നത്. നിരപരാധികളെ ശി ക്ഷയിൽ നിന്ന് ഒഴിവാക്കിയെടുക്കാനുള്ള ഫലപ്രദമായ ഒരു അടവായിട്ടും ഇത് പ്രയോഗിക്കാറുണ്ട്. ബൈബിളിലാണ് അതിന് ആസ്പദമായ സംഭവമുള്ള ത്. യേശു ജറുസലേമിൽ ദൈവരാജ്യത്തെ കുറിച്ച് പ്രഭാഷണം നടത്തുന്ന സമയം. യേശുവിന്റെ പ്രസംഗം അനേകരെ ആകർഷിച്ചു. അധികാരിയും പുരോഹിതനുമായ കയ്യാഫാസിനും കൂട്ടർക്കും അതിഷ്ടമായില്ല. അവർ പലതരത്തിലും യേശുവിനെ തകർക്കാൻ ശ്രമിച്ചു. പരാജയമായിരുന്നു ഫലം. ഒരിക്കൽ കയ്യാഫാസിന്റെ ആളുകൾ കൂട്ടമായി എത്തി അഭിസാരികയായ ഒരു യുവതിയെ യേശുവിന്റെ മുന്നിൽ ഹാജരാക്കി ശിക്ഷ വിധിക്കാൻ അഭ്യർഥിച്ചു. യുവതിക്ക് ശിക്ഷകൊടുത്താലും വെറുതെ വിട്ടാലും താൻ കുടുങ്ങുമെന്ന് മനസ്സിലാക്കിയ യേശു, വളരെ തന്ത്രപൂർവം പറഞ്ഞു-നിങ്ങളിൽ പാപികളല്ലാത്തവർ ഇവളെ കല്ലെറിഞ്ഞു കൊല്ലൂ. ആൾക്കൂട്ടത്തിൽനിന്നും ആരും കല്ലെറിയാൻ മുന്നോട്ടു വന്നില്ല എന്നാണ് കഥ.
ഓ, അത് ഈജിയൻ തൊഴുത്തല്ലേ -എന്ന ശൈലി പ്രയോഗിക്കാറുണ്ട് ചിലർ. ഒരിക്കലും നേരെയാക്കാൻ പറ്റാത്തവിധം സങ്കീർണമായി കിടക്കുന്ന ഒന്നിനെ സൂചിപ്പിക്കാനാണ് ഇങ്ങനെ പറയുക. അതിന്റെ കഥയുള്ളത് ഗ്രീക്ക് പുരാണത്തിലാണ്. സ്യൂസ് ദേവന് രാജവംശത്തിൽപ്പെടാത്ത സ്ത്രീയിലുണ്ടാ യ പുത്രനാണ് ഹെർക്യുലീസ്. അവനെ രാജാവാക്കാൻ സ്യൂസ് തീരുമാനിച്ചപ്പോൾ രാജ്ഞി ഹെരാദേവി അതിനെ എതിർത്തു. അതൊരു തർക്കമായി. ത ർക്കം നീണ്ടു പോയപ്പോൾ രാജ്ഞി അനുരഞ്ജനത്തിനായി ഒരു പോംവഴി നിർദ്ദേശിച്ചു. സൂര്യദേവന്റെ പുത്രനായ ഈജിയൻ രാജാവിന്റെ കാലിത്തൊഴുത്ത് ഒറ്റദിവസം കൊണ്ട് ഹെർക്യൂലീസ് വൃത്തിയാക്കട്ടെ. എങ്കിൽ അയാ ളെ രാജാവായി വാഴിക്കുന്നതിന് സമ്മതം എന്ന് രാജ്ഞി സമ്മതിച്ചു. ലോകത്തിലെ ഏറ്റവും വലിയ കാലത്തൊഴുത്തായിരുന്നു ഈജിയൻ രാജാവിന്റേത്. ലക്ഷക്കണക്കിന് കന്നുകാലികളുള്ള ആ തൊഴുത്ത് ഒരുദിവസം കൊണ്ടല്ല, ഒരായിരം ദിവസം കൊണ്ടും വൃത്തിയാക്കിയെടുക്കാൻ കഴിയില്ലെന്ന് രാജ്ഞി ക്ക് നല്ലതുപോലെ അറിയാമായിരുന്നു. മഹാബലവാനും തന്ത്രശാലിയുമായ ഹെർക്യൂലീസ് എന്ത് ചെയ്‌തെന്നോ? നിറഞ്ഞൊഴുകുന്ന പിനിയൂസ്, ആൽ ഫിയൂസ് എന്നീ നദികൾ ഈജിയൻ തൊഴുത്തിലൂടെ ഗതിമാറ്റി ഒഴുക്കി വിട്ട് മണിക്കൂറുകൾ കൊണ്ട് അവിടം വൃത്തിയാക്കി. രാജ്ഞിയെ പരാജയപ്പെടുത്തിയ ഹെർക്യൂലീസ,് പിതാവ് ആഗ്രഹിച്ചതുപോലെ രാജാവാകുകയും ചെയ്തു.
അവനൊരു ട്രോജൻ കുതിരയാണ് എന്നു പറയുന്ന ഒരു ശൈലിയില്ലേ? ഒരു ഭാഗത്ത് നിൽക്കുകയും മറുഭാഗത്തുള്ള ശത്രുപക്ഷത്തിന് വേണ്ടി രഹസ്യമായി പ്രവൃത്തിക്കുകയും ചെയ്യുന്ന വഞ്ചകരെ ഉന്നം വെച്ചാണ് ഇങ്ങനെ പറയുക. ട്രോജൻ കുതിരയുടെ കഥയുള്ളത് ഗ്രീക്ക് പുരാണത്തിലാണ്. ട്രോയി രാജ്യത്തെ യുവരാജാവായ പാരീസ് ഒരിക്കൽ സ്പാർട്ടയിലെ രാജാവായ മെനലോസിന്റെ പത്‌നിയായ ഹെലനെ തട്ടിക്കൊണ്ടു പോകുന്നു. രാജ്ഞിയെ വീണ്ടെടുക്കാൻ സ്പാർട്ട, ട്രോയിക്കെതിരെ യുദ്ധം തുടങ്ങി. യുദ്ധം നീണ്ടു പോയപ്പോൾ ജയിക്കാനായി സ്പാർട്ട ഒരു തന്ത്രം പ്രയോഗിച്ചു. അവർ ഉള്ള് പൊള്ളയായ ഒരു വലിയ മരക്കുതിരയെ ഉണ്ടാക്കി. പ്രഗൽഭരായ യോദ്ധാക്കളിൽ കുറേപ്പേർ ആയുധങ്ങളുമായി അതിൽ കയറി ഒളിച്ചിരുന്നു. ബാക്കിയുള്ളവർ യുദ്ധം മടുത്ത് തിരിച്ചു പോവുകയാണ് എന്ന പ്രതീതി പരത്തി കപ്പൽ കയറി. പലായനം ചെയ്യുന്ന സ്പാർട്ടൻ യോദ്ധാക്കളെ കണ്ട് ട്രോജൻ സൈനികർ ആഹ്ലാദിച്ചു. സ്പാർട്ടൻ സൈന്യം ബാക്കിവച്ചു പോയ വലിയ കുതിരയെ കണ്ട് അവർ അതിശയിച്ചു. അതിനെ അവർ കെട്ടിവലിച്ച് തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടു പോയി. രാത്രി ട്രോജൻ പടയാളികൾ നല്ല ഉറക്കമായ സമയത്ത് കുതിരയുടെ ഒരു വശത്തുള്ള രഹസ്യ കവാടം വഴി സ്പാർട്ടൻ സൈനികർ പുറത്തിറങ്ങി. പിന്നെ ഉറങ്ങിക്കിടന്ന ട്രോജൻ പടയാളികളെ ഒന്നൊന്നായി കൊന്നു. സ്പാർട്ടക്കാർ യുദ്ധത്തിലെ ജയത്തിനായി നടത്തിയ വഞ്ചനാപരമായ ആ നിലപാടാണ് ട്രോജൻ കുതിര എന്ന പ്രയോഗമായി മാറിയത്.






