Sorry, you need to enable JavaScript to visit this website.

കടത്തിൻ കയത്തിൽ...

താമസിക്കാനായി പുതിയ ഒരു ഗ്രാമത്തിലേക്ക് മാറിയ മുല്ല നാസിറുദ്ദീൻ അവിടുത്തെ ധനികനായ ഒരു കച്ചവടക്കാരനോട് കച്ചവടത്തെ കുറിച്ചും മറ്റും  സുഖവിവരങ്ങൾ അന്വേഷിച്ചു. സന്തോഷത്തോടെ മുല്ലയുടെ കുശലാന്വേഷണങ്ങൾക്ക് അയാൾ മറുപടി നൽകി. തുടർന്ന് മുല്ല അദ്ദേഹത്തോട് കുറച്ചു കാശ് കടമായി ചോദിച്ചു. 
കടം തരാൻ നിങ്ങളെയെനിക്ക് വേണ്ടത്ര അറിയില്ലല്ലോ -ധനികൻ പറഞ്ഞു.  
ഇത് വല്ലാത്ത സങ്കടം തന്നെ., മുല്ലയുടെ മുഖം കൂമ്പി. ഞാനിത്ര നാളും താമസിച്ച സ്ഥലത്ത് എല്ലാവർക്കും എന്നെ നന്നായി അറിയുന്നതിനാൽ ആരും കടം തന്നിരുന്നില്ല. ഇവിടെയാകട്ടെ, ആരും കടം തരാത്തത് എന്നെ വേണ്ടത്ര അറിയാത്തതിനാലും. മുല്ല പരിഭവിച്ചു. മുല്ല നാസിറുദ്ദീന്റെ കഥകൾ ചിരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കുന്ന ഫലിതങ്ങളാൽ സമ്പുഷ്ടമായിരിക്കും. ഈ മുല്ലാ കഥ വായിച്ചു ഞാൻ ഏറെ നേരം ആലോചിച്ചു. നമ്മളിൽ പലരുടെ ജീവിതത്തിലും കടവുമായി ബന്ധപ്പെട്ട ഇത്തരം ഒട്ടനവധി ചിന്തോദ്ദീപകമായ  അനുഭവങ്ങൾ കാണുമല്ലോ?
കടമിടപാടുകൾ നടത്താത്തവർ  വളരെ കുറവായിരിക്കും. പലപ്പോഴും ജീവിതത്തിലെ പ്രത്യേക ഘട്ടങ്ങളിൽ, ചില സാമ്പത്തിക തിടുക്കങ്ങൾ വരാത്തവരായി ആരും ഉണ്ടാവില്ല. മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും  പരസ്പര സഹായത്തിലൂടെ ജീവിതം അനായസമാക്കുന്നതിലും തിരിമറി എന്ന് ഓമനപ്പേരിട്ട് ചിലർ വിളിക്കുന്ന കടം എന്ന പ്രക്രിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മളിൽ പലരും കടം കൊടുക്കുന്നവരും വാങ്ങുന്നവരുമാണ്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സഹപ്രവർത്തകർ കുടുംബക്കാർ സുഹൃത്തുക്കൾ  സ്വകാര്യ വ്യക്തികൾ  തുടങ്ങിയവരിൽ നിന്നൊക്കെ കടം വാങ്ങുന്നവരാണധികവും. ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടാക്കിയും ആർത്തിയും ധൂർത്തും വളർത്തി  വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചുമൊക്കെയാണ് പലപ്പോഴും  ബാങ്കുകൾ സാധാരണക്കാരെ കടമെടുക്കാൻ പ്രേരിപ്പിക്കുന്നത്. 
നല്ല സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ എളുപ്പത്തിൽ അപകടത്തിൽ അകപ്പെടാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന സമർത്ഥമായ കെണിയാണ് അതെന്നു തിരിച്ചറിയണം. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കടം കിട്ടണമെങ്കിൽ അത് തിരിച്ചു പിടിക്കാൻ ആ സ്ഥാപനങ്ങൾ ഒരുക്കിയ  എല്ലാ തന്ത്രങ്ങളും സംവിധാനങ്ങളും അംഗീകരിച്ചുകൊണ്ട്  ഔദ്യോഗിക സമ്മത പത്രം ഒപ്പിട്ട് നൽകിയാലേ സാധ്യമാവുകയുള്ളൂ. അങ്ങനെ കടമെടുത്തവർ വലിയ ബാധ്യതയാണ് തലയിലേറ്റുന്നത്. സമയത്തിനു തിരിച്ചടവ് നടത്താതെ അശ്രദ്ധമായും നിരുത്തരവാദപരമായും അവ കൈകാര്യം ചെയ്തവരുടെ വീടും കിടപ്പാടവും ജപ്തി ചെയ്യപ്പെട്ടതിന്റെയും മറ്റും കഥകൾ നാം അനുദിനം കേട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
കടം വാങ്ങാൻ മിക്കവാറും എളുപ്പമാണ്.  അത് തിരിച്ചടയ്ക്കൽ അത്ര എളുപ്പവുമല്ല. അതിനാൽ കടം വാങ്ങൽ പരമാവധി ഒഴിവാക്കികൊണ്ടുള്ള ജീവിത ശൈലിയാണ് സന്തോഷവും സമാധാനവും നൽകുക. സംഖ്യ എത്ര വലുതായാലും ചെറുതായാലും കടം വാങ്ങിയത് മുതൽ അത്  വീട്ടുന്നതിനെ കുറിച്ചുള്ള ചിന്തയുണ്ടാവുകയെന്നത് കടം വാങ്ങുന്നയാളുടെ  സ്വഭാവ മഹിമയെ കാണിക്കുന്നു. പറഞ്ഞ തീയതിക്ക് തന്നെ അത് കൊടുത്തു വീട്ടുന്നതിൽ അയാൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യും. എന്നാൽ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങൽ സ്ഥിരം ശീലമാക്കിയ ചിലരെ  കാണാം. 
അവധിയെ കുറിച്ചൊന്നും അവർ കാര്യമായി  ആലോചിക്കില്ല. വാക്കിലും ഇടപാടിലും സത്യസന്ധത പുലർത്താൻ അവർക്ക് കഴിയാറില്ല. അവർക്ക് സ്വസ്ഥത വളരെ കുറവായിരിക്കും. ആവശ്യത്തിനും അനാവശ്യത്തിനും കടം വാങ്ങുകയും അതൊന്നും യഥാസമയം തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കാതെയും, ഇടപാടുകളിൽ സൂക്ഷ്മത പുലർത്താതെയും  ബോധപൂർവം  പ്രയാസപ്പെടുന്നവരാണവർ. വരവറിയാതെ ചെലവഴിക്കുന്നവരാണവർ. സാമ്പത്തികമായ കെടുകാര്യസ്ഥത കൊണ്ടും ദുരഭിമാനം കൊണ്ടും വലിയ വിനകൾ വരുത്തി  സ്വയം സഹതപിക്കുന്നവർ. 
കടം നൽകിയ ആളിന്റെ സന്മനസ്സിനെ പതിയെ മറക്കുകയും അയാളുടെ  പ്രയാസങ്ങളെ വക വെക്കാതെ പെരുമാറുകയും ചെയ്യുന്നവരും ഇത്തരക്കാരിലുണ്ടാവും. ചിലർ കടം നൽകിയവനെ ക്രമേണ ശത്രുവായി പ്രഖ്യാപിക്കും. മറ്റു  ചിലർക്ക് കടം വാങ്ങൽ അവരുടെ ജന്മാവകാശം പോലെയാണ്. കടം തിരിച്ചു ചോദിച്ചാൽ പിന്നീട് സൗഹൃദം തന്നെ നഷ്ടപ്പെടുത്തിയേക്കും. നാളുകളായി വലിയ സംഖ്യ കടമായി വാങ്ങിച്ച ചിലർ  വഴിയുണ്ടായിട്ടും തിരിച്ചടയ്ക്കാത്ത പ്രകൃതക്കാരായുണ്ട്. കളവു പറയുന്നതിലേക്കും വാഗ്ദത്ത ലംഘനങ്ങളിലേക്കുമൊക്കെ കടം കൊണ്ടെത്തിക്കുമെന്ന് പറയുന്നത് പാഴ്‌വാക്കല്ല. പല നല്ല ബന്ധങ്ങളും തകർന്നു പോയതും പോവുന്നതും  ധനമിടപാടുകളിൽ സൂക്ഷ്മത പുലർത്താത്തതിനാലാണെന്നത് വ്യക്തമാണ്. 
അനുദിനം വർധിച്ചു വരുന്ന ജീവിതച്ചെലവുകളും വരുമാനത്തിന്റെ അപര്യാപ്തതയും പ്രവാസികളെ കൂടുതൽ കൂടുതൽ കട ബാധ്യതയുള്ളവരാക്കിത്തീർക്കുന്നു. ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യമുള്ളവർക്ക് കടം വാങ്ങേണ്ടി വരും. 
എന്നാൽ തിരിച്ചടയ്ക്കാൻ പഴുതില്ലാത്തവർ ചെലവു പരമാവധി ചുരുക്കി  കടം വാങ്ങുന്നതിൽനിന്നും വിട്ടു നിൽക്കുന്നതാണ് ഉത്തമം. കടം നൽകൽ ഒരു പുണ്യ കർമമായി തന്നെ എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്. പുണ്യം ചെയ്യുന്നവനെ ക്രൂശിക്കുന്ന തരത്തിൽ കടമിടപാടു നടത്താതിരിക്കാൻ സൂക്ഷ്മത പുലർത്തണം. ധനമിടപാടും കടവുമായൊക്കെ ബന്ധപ്പെട്ട  മതാധ്യാപനങ്ങൾ അറിയാത്തവരല്ല ആരും. വേദഗ്രന്ഥങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ വാക്യമേതെന്ന് പരിശോധിച്ചാൽ  കടവുമായി ബന്ധപ്പെട്ടതാണതെന്ന കാര്യം സ്മരണീയമാണ്. 

 

Latest News