ഈ കണ്ണ് നനഞ്ഞ് കുതിർന്ന് ഞാൻ പാടവെ..
ഈ ഖൽബ് പിടഞ്ഞ് പിടഞ്ഞു ഞാൻ തേടവെ...
ഇന്ന് കുവൈത്തിലെ മംഗഫിൽ നജാത് അറബിക് സ്‌കൂളിൽ കുവൈത്ത് ജെ.സി.സിയുടെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം പ്രമുഖ നടൻ നെടുമുടി വേണുവിന് കൈമാറുന്ന ചടങ്ങിൽ മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറത്തെ പി.എൻ.സി സമദ് ഈ പാട്ട് പാടുന്നത് പഴയ പോലെ വേദന കടിച്ചമർത്തിയാവില്ല. തോറ്റുപോകാത്ത മനസ്സ് കൂട്ടിപ്പിടിച്ച് അതിജീവനത്തിന്റെ മാതൃക കാണിച്ച സമദിന് ദൈവം സമ്മാനമായി നൽകിയ സഫ്‌വാന തസ്‌നി ഇന്ന് കൂട്ടിനുണ്ട്. ബാല്യത്തിന്റെ കുറുമ്പിനിടെ നഷ്ടമായ ഇരുകൈകളുമില്ലാതെയാണ് സമദ് തന്റെ ജീവിതം താണ്ടുന്നത്. കയ്യിലുള്ള ഇരുമ്പ് കമ്പി ഇലക്ട്രിക് ലൈനിൽ തട്ടി ഇരുകൈകളും നഷ്ടമായപ്പോഴും തോൽക്കില്ലെന്നുള്ള ഉറപ്പിലായിരുന്നു സമദ്. അത് ലോകത്തെ കാണിക്കുന്നതിൽ സമദ് വിജയിക്കുകയും ചെയ്തു. കൊട്ടപ്പുറം, മുഴങ്ങല്ലൂർ പി.എൻ.സി ഉസ്മാന്റെ മകനായ സമദിന് 2003 ലാണ് അപകടം പറ്റിയത്.

കുടുംബം പോറ്റാനൊരു ജോലിയും തുണയാകാനൊരു ഇണയുമായിരുന്നു സമദിന്റെ പ്രാർത്ഥന. ഇക്കഴിഞ്ഞ നവംബർ 25 ന് ഞായറാഴ്ച എടക്കര മുണ്ടയിലെ പുത്തൻപുരയ്ക്കൽ സുബൈദയുടെ മകൾ സ്വഫ്‌വാന തസ്‌നി സമദിന് കൂട്ടായെത്തി.
ഞായറാഴ്ച ഉച്ചക്ക് ളുഹർ നമസ്‌കാരാനന്തരം മുണ്ടയിലെ പാലത്തിങ്ങൽ ജുമഅത്ത് പള്ളിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ കാർമ്മികത്വത്തിൽ നടന്ന ലളിതമായ നിക്കാഹ് ചടങ്ങ്. പള്ളിക്ക് സമീപത്തെ വധുവിന്റെ ബന്ധുവീട്ടിൽ ഉച്ച ഭക്ഷണം. പ്രാണസഖിയായി ജീവിക്കാൻ തയ്യാറായ സഫ്‌വാനയുടെ കഴുത്തിൽ മഹറ് മാല അണിയിക്കണമെന്ന് സമദിന് ആഗ്രഹം. വധുവിന്റെ ഉമ്മ സുബൈദക്കും ബന്ധുക്കൾക്കും എങ്ങനെ മഹറ് കെട്ടുമെന്ന സംശയത്തിന് സമയം നൽകാതെ സമദ് പെട്ടിയിൽ നിന്ന് മഹറ് മാല വായ കൊണ്ട് എടുത്ത് പതിയെ അവളെ കഴുത്തിലേക്ക് നീട്ടി.ഇത്തിരി സമയം എടുത്താണങ്കിലും അവളും പരമാവധി കൈ ഉപയോഗിക്കാതെ തല താഴ്ത്തി കൊടുത്തു.

ഒരു മനുഷ്യന് കൈകൾ കൊണ്ട് ചെയ്യാവുന്ന മുഴുവൻ കാര്യങ്ങളും കാലുകൾ കൊണ്ടും വായ കൊണ്ടും ചെയ്ത് കളങ്കമില്ലാത്ത ചിരി സമ്മാനിച്ച് പ്രതിസന്ധികളെ ചെറുത്തു തോൽപിക്കുകയാണ് സമദ്.
കളിക്കിടയിലാണ് വൈദ്യുതി ലൈനിൽനിന്ന് സമദിന് ഷോക്കേറ്റത്. ഇരുകൈകളും തോളിനൊപ്പം കരിഞ്ഞുപോയി. മകന്റെ ഭാവിയോർത്ത് മാതാപിതാക്കളുടെ വേവലാതിക്കും ആശങ്കക്കും അതിരില്ലായിരുന്നു. നഷ്ടപ്പെട്ട തന്റെ കൈകളെയോർത്ത് കുറച്ച് കാലം സമദ് വിലപിച്ചു നടന്നെങ്കിലും പിന്നീട് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ തീർക്കുകയായിരുന്നു സമദ്. കൈകൾ മുറിച്ചുമാറ്റിയ ശൂന്യതയിൽ സ്വന്തം കാലുകളെ പ്രതിഷ്ഠിച്ച് നിരന്തര പ്രയത്‌നത്തിലൂടെ വിധിയെ തോൽപിച്ചു. കാലുകൾ കൊണ്ട് എഴുതാനും കംപ്യൂട്ടറും മൊബൈൽ ഫോണും പ്രവർത്തിപ്പിക്കാനും പഠിച്ചു.

തന്റെ ജീവിതം തകർക്കാൻ കോപ്പുകൂട്ടിയ വിധിയോട് സമദ് പ്രതികാരത്തോടെ പ്രതികരിച്ചത് കൈകളുള്ളവർ പോലും മടിക്കുന്ന നാട്ടിലെ ആഴമേറിയ പാറമടയിലെ നിലയില്ലാ വെള്ളത്തിലേക്ക് ഉയരത്തിൽ നിന്നും എടുത്തു ചാടിയും ചെങ്കുത്തായ കൊട്ടപ്പുറം ഗവ. ഹൈസ്‌കൂളിൽ റോഡിലെ ഇറക്കത്തിലൂടെ സൈക്കിൾ യാത്ര ചെയ്തുമൊക്കെയാണ്. വിധിയോടൊപ്പം നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ഇഛാ ശക്തി കൊണ്ട് അത്ഭുതപരതന്ത്രരാക്കുകയായിരുന്നു സമദ്.

കാല് കൊണ്ടെഴുതി ബിരുദ പഠനം പൂർത്തീകരിച്ച ശേഷം മധുര കാമരാജ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി ഈ 27 കാരൻ. അതിനിടെ ഫഌവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും മറ്റ് ചാനൽ പരിപാടികളിലും പങ്കെടുത്ത് ശ്രദ്ധേയനായി. നന്നായി പാടാനും ആടാനും കഴിവുള്ള സമദ് നല്ലൊരു ഫുട്‌ബോൾ താരം കൂടിയാണ്. കിഴിശ്ശേരി അൽ അബീർ ആശുപത്രി ജീവനക്കാരനാണിപ്പോൾ ഈ പ്രതിഭ. ജോലി ലഭിച്ചതിന്റെ പിന്നാലെ തന്നെ സമദിന് കൂട്ടാകാൻ സഫ്‌വാനയുമെത്തി. ആ സൻമനസ്സിനു മുമ്പിൽ സമദിന്റെ വീട്ടുകാരും കൂട്ടുകാരും നമിക്കുന്നു.
പടച്ചോന്റെ തീരുമാനം ഇതാവും. മകളുടെ ഉറച്ച തീരുമാനത്തിന് പിന്നിൽ ഉമ്മ സുബൈദയും സമ്മതം നൽകി.നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് സഫ്‌വാന.

ഇന്നലെ കരിപ്പൂരിൽനിന്ന് കുവൈത്തിലേക്ക് വിമാനം കയറാനിരിക്കേ കല്യാണ വിശേഷം ചോദിച്ച യാത്രക്കാരനോട് സമദിന്റെ മറുപടി പാട്ടായിരുന്നു.
കൺമണി നീയെൻ കരം പിടിച്ചാൽ
കണ്ണുകളെന്തിനു വേറെ എനിക്കു
കണ്ണുകളെന്തിനു വേറെ
സഫ്‌വാനക്ക് ഈ പാട്ടിന്റെ ഭാഗം മൂളാനുമാകും.
കാണാനുള്ളത് കരളിൽ പകരാൻ
ഞാനുണ്ടല്ലോ ചാരെ,
കണ്ണായ് ഞാനുണ്ടല്ലോ ചാരെ






