ദുബായ്- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിനം രണ്ട് സര്‍വീസ് നടത്താന്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ തയാറെടുക്കുന്നു. ഇതിനായി ഇന്ത്യന്‍ വ്യോമയാന അധികൃതരുടെ പ്രത്യേക അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പരമാവധി വിമാന സീറ്റുകള്‍ സംബന്ധിച്ച് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച ഉഭയകക്ഷി കരാറിനു പുറത്തുവേണം അനുമതി നല്‍കാന്‍. മിഡില്‍ ഈസ്റ്റിലെ എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമന കമ്പനികള്‍ക്കും സമാന അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രത്യേക അനുമതിക്കായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) കേന്ദ്ര വ്യോമയാന മന്ത്രാലയം മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിമാന സീറ്റുകള്‍ സംബന്ധിച്ച് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് നിലവിലുണ്ടായിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് തുടക്കത്തില്‍ എയര്‍ ഇന്ത്യ എക്‌സപ്രസും ഗോ എയറുമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്.