Sorry, you need to enable JavaScript to visit this website.

ദി ഡസേർട്ട് ഗാലറി മരുഭൂമിയിലേക്ക് തുറക്കുന്ന പച്ചപ്പിന്റെ വാതായനം 

ഒരു കലാകാരൻ സൃഷ്ടിക്കൊരുങ്ങുമ്പോൾ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതു തന്നെയാണ് പ്രധാനം. കളിമണ്ണിനെ ചവിട്ടി പാകപ്പെടുത്തിയും പരുക്കൻ കല്ലിനെ കുത്തുളിയാൽ നോവിച്ചും മനോഹര ശിൽപമാക്കി മാറ്റേണ്ടത് ആ മനോഭാവമാണ്. തുടർച്ചയായി ആറു വാർഷിക സോവനീറുകൾ പുറത്തിറക്കുക, അതും സാഹിത്യ സമ്പന്നമായ നൂറോളം താളുകളോടെ ഒരു കാൽപന്ത് കളി കൂട്ടായ്മയിൽ നിന്നാവുക എന്നൊക്കെ പറഞ്ഞാൽ പ്രവാസ ലോകത്ത് അത്യപൂർവ്വം തന്നെ. സംഘാടകരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾക്കും ചിത്രങ്ങൾക്കും പത്തു ശതമാനം താളുകൾ പോലും കവർന്നില്ല എന്നത് അണിയറ ശിൽപികളുടെ ഉദ്ദേശ്യ ശുദ്ധിയെയും മേൽപ്പറഞ്ഞ മനോഭാവത്തെയുമാണ് അടയാളപ്പെടുത്തുന്നത്. 
മലയാള സാഹിത്യത്തിലെ പ്രമുഖരുൾപ്പെടെ ഇരുപത്തഞ്ചോളം എഴുത്തുകാരാണ് അൽ കോബാർ യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ് പത്താം വാർഷികത്തിൽ പുറത്തിറക്കിയ 'ദി ഡസേർട്ട് ഗാലറി'യിൽ അണിനിരക്കുന്നത്. ക്ലബ്ബിന്റെ ആറാമത് ലക്കം സുവനീറിലേക്കുള്ള വളർച്ചയും ശ്രദ്ധേയമായിരുന്നു. പ്രഥമ ലക്കത്തിൽ കാൽപന്ത് കളി മൈതാനങ്ങളിലെ നുറുങ്ങു വിശേഷങ്ങളുമായി തുടങ്ങുകയും കായിക സംബന്ധിയായ പ്രമുഖരുടെ ലേഖനങ്ങളിലൂടെ കടന്ന്, പിന്നീടത് പ്രവാസ ലോകത്തെ എഴുതിത്തെളിഞ്ഞവരും തുടക്കക്കാരുമായവരുടെ രചനകൾക്ക് ഇടം നൽകുന്നതായി. ദി ഡസേർട്ട് ഗാലറിയിലെത്തുമ്പോൾ പൂർണ വളർച്ച പ്രകടിപ്പിക്കുമാറ് പ്രമുഖരുടെ തൂലികത്തുമ്പിനാൽ അനുഗൃഹീതമാണ് സുവനീർ.
ലേഖനം, കഥ, കവിത, അനുഭവം, യാത്ര, ഓർമ തുടങ്ങി വായനക്കാരനെ തൃപ്തിപ്പെടുത്തുംവിധം വൈവിധ്യമാർന്ന രചനകളാണ് സമീകൃതമായി സോവനീറിൽ സംവിധാനിച്ചിട്ടുള്ളത്. 
സൗദിയിലെ സമകാലിക തൊഴിൽ സാഹചര്യങ്ങളിലും പ്രവാസികൾക്കാകമാനം പ്രതീക്ഷയുടെ തിരിനാളം തെളിയിക്കുന്ന പി.എം മായിൻകുട്ടിയുടെ മുഖലേഖനത്തോടെയാണ് താളുകൾ തുടങ്ങുന്നത്. മയ്യഴിയുടെ പ്രിയ കഥാകാരൻ എം. മുകുന്ദൻ തന്റെ ഡൽഹി പ്രവാസത്തെക്കുറിച്ച് ഓർക്കുന്നത് സൈക്കിളിലേറി വരുന്ന ഒരു പോസ്റ്റുമാന്റെ രൂപം പൊടിതട്ടിയെടുത്താണ്. കേരളം ഈ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയക്കെടുതിയെ മാനവികതയുടെ തലത്തിൽ നോക്കിക്കാണുന്നതാണ് സേതുവിന്റെ അനുഭവക്കുറിപ്പ്. യു.എ ഖാദർ താൻ ജനിച്ചുവളർന്ന മ്യാൻമറിനെക്കുറിച്ച് ഒട്ട് ഗൃഹാതുരതയോടും നിലവിലെ കലുഷാവസ്ഥയിൽ അതിലേറെ ആശങ്കയോടും ഓർക്കുന്നു. പ്രവാസം കഴിഞ്ഞു നാട്ടിലെത്തുമ്പോൾ വന്നു ചേർന്ന മരുന്നിന്റെ മണമുള്ള പെരുന്നാളോർമ പങ്കുവയ്ക്കുന്നതാണ് സുറാബിന്റെ കുറിപ്പ്. മലയാളത്തിന് നിരവധി ജനകീയ സിനിമകൾ സമ്മാനിച്ച സംവിധായകൻ സിദ്ദീഖ് തന്റെ സന്തത സഹചാരിയും കൂട്ടുകാരനുമായിരുന്ന ലാലിനെക്കുറിച്ചുള്ള നനുത്ത ഓർമകൾ പങ്കുവയ്ക്കുന്നു. ദീർഘകാല പ്രവാസ പത്രപ്രവർത്തനത്തിന് ശേഷം നാട്ടിലെത്തിയ പി. എ. എം ഹാരിസ് പുതുതലമറയുടെ ചിന്തയും ജീവിത ശൈലിയും നോക്കിക്കാണുകയാണ്. 
ഇന്ത്യൻ ഫുട്‌ബോൾ പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന കമാൽ വരദൂരിന്റെയും സിനദിൻ സിദാനെന്ന ലോകോത്തര കളിക്കാരന്റെ വിശ്വരൂപം വരച്ചിടുന്ന ടി. സാലിമിന്റെയും ലേഖനങ്ങൾ കാൽപന്ത് കളിക്കാരെ തൃപ്തിപ്പെടുത്തുമെന്നത് ഉറപ്പ്. കൂടാതെ ഫുട്‌ബോളിനെ സിനിമയുമായി ബന്ധിപ്പിക്കുന്ന മൻസൂർ പള്ളൂരിന്റെ കുറിപ്പും കാൽപന്ത് കളി ആരാധകർക്ക് അഭ്രപാളിയിൽ വിരിഞ്ഞ നിരവധി ഫുട്‌ബോൾ കഥകൾ പറഞ്ഞുകൊടുക്കുന്നതാണ്. ശിൽപകലയിലെ അഗ്രഗണ്യനായ കാനായി കുഞ്ഞിരാമൻ തന്റെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ദിശാബോധം നൽകുന്ന ഡോ. എൻ.പി ഹാഫിസ് മുഹമ്മദിന്റെ ലേഖനം ഓരോ പ്രവാസി കുടുംബവും വായിച്ചിരിക്കേണ്ടതാണ്. സമകാലിക ലോകത്ത് ഗാന്ധിമാർഗത്തിന്റെ പ്രാധാന്യമാണ് ഡോ. എം. ഗംഗാധരൻ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പ്രവാസലോകത്തെ പ്രമുഖ എഴുത്തുകാരായ അബു ഇരിങ്ങാട്ടിരി, ബീന, സബീന എം. സാലി, മുഹമ്മദ് നജാത്തി, അബ്ദുൽ അലി കളത്തിങ്ങൽ, ആൻസി മോഹൻ, എം. ബഷീർ തുടങ്ങിയവരുടെ രചനകളും വായനക്കാർക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. മാനേജിങ് എഡിറ്റർ മുജീബ് കളത്തിൽ, ചീഫ് എഡിറ്റർ അബ്ദുൽ അലി കളത്തിങ്ങൽ എന്നിവരുടെ അനുഭവ സമ്പത്തും സുനിൽ കക്കാടിന്റെ കരവിരുതും ഒത്തുചേർന്നതോടെ കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞതും കാമ്പുറ്റതുമായ മികച്ച സാഹിത്യ സൃഷ്ടിയായി പുസ്തകം മാറിയെന്നതിൽ സംശയമില്ല.

 

Latest News