അബുദബി- ഭാവി ഗതാഗത സംവിധാനങ്ങളായ ഹൈപര്‍ലൂപ്പും ഡ്രൈവറില്ലാത്ത പറക്കും കാറുമെല്ലാം അവതരിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് അമ്പരിപ്പിച്ച യു.എ.ഇ പുതിയൊരു സ്വപ്‌ന ആശയം കൂടി അവതരിപ്പിച്ചു. സമുദ്രാന്തര്‍ റെയില്‍ ശൃംഖലയാണിത്. യുഎഇയിലെ ഫുജൈറയെ ഇന്ത്യന്‍ നഗരമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ അതിവേഗ റെയില്‍വെ സമീപ ഭാവിയില്‍ യാഥാര്‍ത്ഥ്യമായേക്കുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എം.ഡിയും മുഖ്യ കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ശെഹി പറഞ്ഞു. അബുദബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിനാണ് അല്‍ശെഹി സങ്കല്‍പ്പ ഘട്ടത്തിലുള്ള ഈ സ്വപ്‌ന പദ്ധതിയെ കുറിച്ച് പറഞ്ഞത്. യാത്രക്കാരെ മാത്രമല്ല, ചരക്കുകളും കുടിവെള്ളവും എണ്ണയുമെല്ലാം കടലിനടിയിലൂടെയുള്ള ഈ ട്രെയ്ന്‍ മാര്‍ഗം കൊണ്ടു പോകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകളുടെ കേന്ദ്രമായ മസ്ദറില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ സ്ഥാപകന്‍ കൂടിയാണ് അല്‍ശെഹി. കടലിനടിയില്‍ പൊങ്ങിക്കിടക്കുന്ന റെയില്‍ പാത യു.എ.ഇക്കും ഇന്ത്യയ്ക്കും പുറമെ മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ആശയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇതു സഹായകമാകും. ഫുജൈറ തുറമുഖത്ത് നിന്ന് എണ്ണ ഇന്ത്യയിലേക്കു കയറ്റു മതി ചെയ്യാം. അതു പോലെ വടക്കന്‍ മുംബൈയിലെ നര്‍മദ നദിയില്‍ നിന്നുള്ള അധികവെള്ളം യുഎഇയിലേക്കും ഇറക്കു മതി ചെയ്യാം. ഇതിനു പുറമെ മറ്റു ജിസിസി രാഷ്ട്രങ്ങള്‍ക്കും കയറ്റുമതി, ഇറക്കുമതി ബന്ധം മെച്ചപ്പെടുത്താം- വ്യവസായികളും വിദഗ്ധരും ഉള്‍പ്പെടുന്ന വേദിയില്‍ പദ്ധതി അവതരിപ്പിച്ചു കൊണ്ട് അല്‍ശെഹി പറഞ്ഞു.
അതേസമയം ഒരു ആശയം മാത്രമായി നിലനില്‍ക്കുന്ന ഈ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. എല്ലാ വശങ്ങളും പഠിച്ച ശേഷമെ പദ്ധതിക്ക് രൂപം നല്‍കാനാകൂ. പദ്ധതിയുടെ പ്രായോഗികതാ പഠനം നടത്തേണ്ടതുണ്ട്. രണ്ടായിരം കിലോമീറ്ററോളം ദൂരമുണ്ടായിരിക്കും ഈ സാങ്കല്‍പ്പിക കടല്‍ റെയില്‍പാതയ്ക്ക്. ആഗോളതലത്തില്‍ സമാനമായ പദ്ധതികള്‍ പലരാജ്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. റഷ്യ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിച്ച് ഇത്തരമൊരു റെയില്‍പാത നിര്‍മ്മിക്കാന്‍ ചൈനയ്ക്കു പദ്ധതിയുണ്ട്.






