Sorry, you need to enable JavaScript to visit this website.

സൗദിയിലെ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ജനുവരി മുതൽ ഈ നിബന്ധന പാലിക്കണം; ഇല്ലെങ്കിൽ പിടിവീഴും

റിയാദ് - റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും മറ്റു സ്ഥാപനങ്ങളിലും വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിലെയും പാനീയങ്ങളിലെയും കലോറി ഉപയോക്താക്കൾക്കു മുന്നിൽ പരസ്യപ്പെടുത്തൽ നിർബന്ധമാക്കുന്ന നിയമാവലി ജനുവരി മുതൽ നടപ്പാക്കി തുടങ്ങുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. നിയമാവലി പാലിക്കാതെ വിൽപന നടത്തുന്ന ഓരോ ഉൽപന്നങ്ങൾക്കും ആയിരം റിയാൽ വരെ തോതിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. പഞ്ചസാരയും ഉപ്പും കൊഴുപ്പുകളും കുറഞ്ഞ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിൽ എത്തിക്കുന്നതിന് ഒമ്പതു വൻകിട ഫുഡ്സ്റ്റഫ് കമ്പനികളുമായി അതോറിറ്റി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. 
അമിതവണ്ണം അടക്കമുള്ള രോഗങ്ങൾ തടയുന്നതിന് ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനാണ് നിയമാവലി നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിലെ സീനിയർ ന്യൂട്രീഷ്യനിസ്റ്റ് ഫൈസൽ ബിൻ സുനൈദ് പറഞ്ഞു. സൗദി ജനസംഖ്യയിൽ പതിനഞ്ചിനു മുകളിൽ പ്രായമുള്ളവരിൽ 60 ശതമാനവും സ്‌കൂൾ പ്രായത്തിലുള്ളവരിൽ 9.3 ശതമാനവും സ്‌കൂൾ പ്രായമാകാത്തവരിൽ ആറു ശതമാനവും അമിതവണ്ണക്കാരാണ്. രക്തസമ്മർദം, പ്രമേഹം, അർബുദം, സന്ധിരോഗം എന്നിവക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഭക്ഷ്യവസ്തുക്കളിലെ ചേരുവകൾ അറിയുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിനാണ് അതോറിറ്റി ശ്രമിക്കുന്നത്. 
കലോറി നിയമാവലി തയാറാക്കുന്നതിന് ഏതാനും ചുവടുവെപ്പുകൾ അതോറിറ്റി നടത്തിയിട്ടുണ്ട്. 2017 ഒക്‌ടോബറിലാണ് നിയമാവലി തയാറാക്കിയത്. ഗൾഫ് തലത്തിൽ നിയമാവലി നടപ്പാക്കുന്നതിന് 2017 ഡിസംബറിൽ ആശയവിനിമയങ്ങൾ നടത്തി. നിയമാവലി നടപ്പാക്കുന്നതിനുള്ള തീരുമാനത്തെ കുറിച്ച് 2018 ജനുവരിയിൽ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. നിയമാവലി പാലിക്കൽ നിർബന്ധമാക്കുന്ന സർക്കുലറുകൾ ജൂലൈയിൽ പുറത്തിറക്കി. റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഐസ്‌ക്രീം കടകൾ, ജ്യൂസ് കടകൾ, ബേക്കറികൾ, പലഹാര കടകൾ, ബൂഫിയകൾ എന്നീ സ്ഥാപനങ്ങളെല്ലാം നിയമാവലി പാലിക്കൽ നിർബന്ധമാണ്. മൊബൈൽ ഫുഡ് ട്രക്കുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഫൈസൽ ബിൻ സുനൈദ് പറഞ്ഞു.
നിയമാവലിയിൽ പരിശീലനം നൽകുന്നതിന് 32 നഗരസഭകളെയും ബലദിയകളെയും പ്രാപ്തമാക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് അതോറിറ്റിയിൽ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സീനിയർ സ്‌പെഷ്യലിസ്റ്റ് മുശാരി അൽഖുവൈസാനി പറഞ്ഞു. നിയമാവലി നടപ്പാക്കിത്തുടങ്ങിയാലുടൻ സ്ഥാപനങ്ങളിൽ പരിശോധനകൾക്ക് തുടക്കമിടും. ഭക്ഷ്യവസ്തുക്കളിലെ കലോറി വ്യക്തമാക്കുന്ന, വ്യവസ്ഥകൾ പൂർണമായ പട്ടിക സ്ഥാപനങ്ങളിൽ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നഗരസഭകളുടെ ചുമതല. പട്ടികയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തൽ അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. 
ഓർഡർ നൽകുന്ന സ്ഥലങ്ങളിലും മെനുകൾ വ്യക്തമാക്കുന്ന ഇലക്‌ട്രോണിക് ബോർഡുകളിലും മെനു പട്ടികകളിലും റെസ്റ്റോറന്റുകളുടെ വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും കലോറി പട്ടികകൾ പ്രദർശിപ്പിക്കൽ നിർബന്ധമാണ്. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസത്തിൽ ശരാശരി രണ്ടായിരം കലോറിയാണ് ആവശ്യമെന്ന വാചകവും ആവശ്യമെങ്കിൽ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ ലഭ്യമാണെന്ന വാചകവും സ്ഥാപനങ്ങൾ പ്രദർശിപ്പിക്കൽ നിർബന്ധമാണെന്നും മുശാരി അൽഖുവൈസാനി പറഞ്ഞു.
 

Latest News