Sorry, you need to enable JavaScript to visit this website.

കള്ളക്കേസിൽ കുടുങ്ങിയ പ്രവാസിയുടെ ദുരന്തം

താജുദ്ദീൻ

മകളുടെ വിവാഹം നടത്താൻ ഖത്തറിൽ നിന്ന് രണ്ടാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ കണ്ണൂർ കതിരൂർ പുല്ലിയോട് സി.എച്ച് നഗറിലെ താജുദ്ദീനെ സി.സി.ടി.വിയിൽ പതിഞ്ഞ താടിക്കാരനുമായി രൂപസാദൃശ്യമുണ്ടായിരുന്നുവെന്നതിന്റെ പേരിൽ മോഷണക്കസ് പ്രതിയാക്കി പോലീസ് പീഡിപ്പിച്ച കഥ 

രാജ്യത്തെ മികച്ച പോലീസ് സേനയാണ് സംസ്ഥാനത്തിന്റേത്. 'ജനമൈത്രി പോലീസ്' എന്ന വിശേഷണവും നമ്മുടെ പോലീസിനുണ്ട്. മികച്ച ശാസ്ത്രീയാന്വേഷണ സംവിധാനങ്ങളാണ് നമ്മുടെ പോലീസിനുള്ളത്. എന്നിരിക്കെ, ശൂന്യതയിൽനിന്ന് പ്രതികളെ സൃഷ്ടിച്ചെടുക്കുന്ന ചെപ്പടി വിദ്യ കാലാകാലങ്ങളായി ചില പോലീസ് ഉദ്യോഗസ്ഥർ അനുവർത്തിച്ച് വരുന്നുണ്ട്. തങ്ങളുടെ വീഴ്ചകളെ അല്ലെങ്കിൽ ബോധപൂർവം വരുത്തുന്ന തെറ്റുകളെ അധികാരബലം കൊണ്ട് പൊതു സമൂഹത്തെ അടിച്ചേൽപ്പിക്കുന്ന കിരാത രീതിയാണിത്. ഇത് ജനവിരുദ്ധമായ അപകടകരമായ വസ്തുതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. 
തുല്യതയിൽ ത്രാസ്സിന്റെ തട്ടുകൾ ക്രമീകരിച്ച് കണ്ണടച്ച് നിൽക്കുന്ന നീതി ദേവത വ്യക്തമായ നീതി ഉറപ്പ് നൽകുന്നു എന്നതാണ് സങ്കൽപ്പം. ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് നീതി ന്യായത്തിന്റെ ആപ്ത വാക്യവും. പോലീസ് കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രം അടിസ്ഥാനപ്പെടുത്തിയാണ് കോടതികൾ നീതി നടപ്പാക്കുക. ചിലപ്പോഴെങ്കിലും വ്യാജ തെളിവുകൾ ചമച്ച് കുറ്റപത്രം കെട്ടിച്ചതാകാം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമാകാം. എങ്കിലും ആത്യന്തികമായി 'സത്യമാണ്' വിജയത്തിലേക്കെത്തുക. നമ്മുടെ പോലീസ് സേനയെക്കുറിച്ചുള്ള സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമാണുള്ളത്. അട്ടപ്പാടിയിൽ ആള് മാറി ആദിവാസി യുവാവിനെ പോലീസ് ജയിലിലടച്ചു. പിന്നീട് യഥാർത്ഥ പ്രതിയെ കണ്ടെത്തുകയും ചെയ്തു. എറണാകുളം- വരാപ്പുഴയിൽ ആള് മാറി പോലീസ് പിടിച്ച് കൊണ്ട് പോയ ശ്രീജിത് എന്ന യുവാവിനെ  പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ അലയൊലികൾ ഇപ്പോഴും നില നിൽക്കുന്നു. സമാനമായി കണ്ണൂർ-ചക്കരക്കല്ല് പോലീസ് ഈയിടെ നടത്തിയ കേസന്വേഷണവും, തുടർന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും ഒരു പ്രവാസിയുടെ ജീവിതം തകർത്തെറിഞ്ഞത് അത്ര നിസ്സാരമായി കാണാനാകില്ല. ഒരു നിലയിലും ന്യായീകരിക്കാനാകാത്ത ക്രൂരമായ നിലപാടാണ് ചക്കരക്കല്ല് പോലീസ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. 

സി.സി.ടി.വി യിൽ പതിഞ്ഞ ശരത് വത്സരാജിന്റെ ചിത്രം. തലയുടെ നെറുകയിലൊഴികെ ചുറ്റിലും മുടിയും, വലത് കൈത്തണ്ടയിലുള്ള സ്റ്റീൽ വളയും, ഇടത് കൈത്തണ്ടയിൽ വാച്ചും വ്യക്തമായി കാണാം


മാല മോഷണവും പ്രതിയും
പോലീസ് സ്റ്റേഷൻ വളപ്പിൽ മനോഹരമായ പൂന്തോട്ടവും, കൃഷിയും, വിപുലമായ ലൈബ്രറിയുമൊക്കെ ഒരുക്കി വാർത്തകളിൽ ഇടം പിടിച്ച് 'ജനകീയത' നേടിയ ചക്കരക്കല്ല് സ്റ്റേഷൻ മാതൃകാ പോലീസിന്റെ മികച്ച ഉദാഹരണമായിട്ടാണ് വകുപ്പധികൃതർ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ എസ്.ഐ ബിജുവിനെ 'ആക്ഷൻ ഹീറോ ബിജു' എന്നാണ് നാട്ടുകാരും സോഷ്യൽ മീഡിയായും വാഴ്ത്തിയിരുന്നതും. ചക്കരക്കല്ല് സ്റ്റേഷൻ പരിധിയിൽ വരുന്ന പെരളശ്ശേരിക്കടുത്ത ചോരക്കളം പ്രദേശത്ത് ജൂലൈ 5-ന് ഉച്ചയ്ക്ക് 12.15 സമയത്ത് കണ്ണട വെച്ച കഷണ്ടിക്കാരനും, താടിക്കാരനുമായ ഒരാൾ വെള്ള സ്‌കൂട്ടറിലെത്തി രാഗി എന്ന വീട്ടമ്മയുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന മാല തട്ടിപ്പറിച്ച് കടന്ന് കളഞ്ഞു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച പോലീസിന് മാലയുമായി കടന്ന് കളഞ്ഞ താടിക്കാരന്റെ വീഡിയോ ദൃശ്യവും ലഭിച്ചു.
മകളുടെ വിവാഹം നടത്തുന്നതിനായി ജൂൺ 25-ന് ഖത്തറിൽ നിന്ന് രണ്ടാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ കണ്ണൂർ കതിരൂർ പുല്ലിയോട് സി.എച്ച് നഗറിലെ താജുദ്ദീന്, സി.സി.ടി.വിയിൽ പതിഞ്ഞ താടിക്കാരനുമായി രൂപസാദൃശ്യമുണ്ടായിരുന്നു. ജൂലൈ എട്ടിനായിരുന്നു താജുദ്ദീന്റെ മകളുടെ വിവാഹം. ഇതിന് മൂന്നാം ദിവസം, കൃത്യമായി പറഞ്ഞാൽ ജൂലൈ 11-ന് പുലർച്ചെ 1.30-ന് താജുദ്ദീന്റെ വീട്ടിലെത്തിയ ചക്കരക്കല്ല് എസ്.ഐ ബിജുവും സംഘവും അയാളെ ബലമായി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലെ മാല സ്‌കൂട്ടറിലെത്തിയ താജുദ്ദീൻ തട്ടിപ്പറിച്ച് കടന്ന് കളഞ്ഞു എന്നതായിരുന്നു പോലീസ് ചമച്ച കുറ്റം. പോലീസ് ഭാഷ്യം കേട്ട് താജുദ്ദീന്റെ വീട്ടുകാർ സ്തംഭിച്ച് നിന്നു. ജൂലൈ 13-ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത താജുദ്ദീനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. സ്റ്റേഷനിൽ താജുദ്ദീന്റെ വസ്ത്രവും വാച്ചും അഴിച്ച് മാറ്റി 'കുറ്റസമ്മത'മൊഴിക്ക് വേണ്ടി ഒഴിഞ്ഞ മൂലയിൽ കൊണ്ടിരുത്തി എസ്.ഐ  ബിജു അതിക്രൂരമായി അയാളെ ഭേദ്യം ചെയ്തു. നഷ്ടപ്പെട്ട മാലയായിരുന്നു എസ്.ഐ ക്ക് ആവശ്യം. താൻ ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഉരുവിടുകയല്ലാതെ മറ്റൊരു വഴിയും താജുദ്ദീന്റെ മുമ്പിലില്ലായിരുന്നു. ഏറെ നേരം ക്രൂരമായ മർദ്ദനം അയാൾക്കേൽക്കേണ്ടിയും വന്നു. ഒടുവിൽ എസ്.ഐ തന്നെ ഒരു ഫോർമുല മുന്നോട്ട് വെച്ചു. രണ്ട് ലക്ഷം രൂപ കൊടുത്താൽ വിഷയം സെറ്റിൽ ചെയ്യാമെന്നായി.  ഇതംഗീകരിക്കാൻ താജുദ്ദീൻ തയ്യാറായില്ല. തുടർന്ന്, കേവലം ദിവസങ്ങൾക്ക് മുമ്പ് വിവാഹിതയായ താജുദ്ദീന്റെ മകളുടെ ഭർത്താവിനെ എസ്.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ട് ലക്ഷം രൂപാ നൽകി കൊണ്ടുള്ള സെറ്റിൽമെന്റ് ഫോർമുല താജുദ്ദീന്റെ  മകളുടെ ഭർത്താവിനോടും എസ്.ഐ ആവർത്തിച്ചു. 'നാണക്കേടും, പൊല്ലാപ്പും ഒഴിവാക്കാനായി' ആ ചെറുപ്പക്കാരൻ അടുത്ത ദിവസം തന്നെ തുക സ്റ്റേഷനിലെത്തിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷേ, താജുദ്ദീൻ, മരുമകനെ അത് കർശനമായി വിലക്കി. തുടർന്ന് മുറ പോലെയുള്ള 'തെളിവെടുപ്പ്' നടന്നു. അത് പക്ഷേ, തൊണ്ടി കണ്ടെടുക്കുന്നതിന് പകരം, താജുദ്ദീന്റെ വീട്ടിലുണ്ടായിരുന്ന 56,000 രൂപ പോലീസ് പിടിച്ചെടുത്ത് മോഷ്ടിച്ച മാല വിൽപ്പന നടത്തിയ തുകയാണെന്ന് കുറ്റപത്രത്തിൽ എഴുതിച്ചേർക്കുകയും ചെയ്തു.


 അവധാനതയോടെ സമീപിക്കേണ്ട ഒരു വിഷയത്തെ അത്യുത്സാഹവും അമിതാവേശവുമായിട്ടാണ് ചക്കരക്കല്ല് എസ്.ഐ കൈകാര്യം ചെയ്തത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് താജുദ്ദീന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മാല നഷ്ടപ്പെട്ട സ്ത്രീ ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ 'ഉണ്ണികൃഷ്ണൻ എന്ന പോലീസുകാരന്റെ ബന്ധു'വാണ്. മറ്റൊന്ന് ചക്കരക്കല്ല് എസ്.ഐ യുടെ അപദാനങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളം വന്ന് കൊണ്ടിരിക്കെ അതിന്റെ പബ്ലിസിറ്റി ലഹരിയിൽ അഭിരമിച്ച് കൊണ്ടിരുന്ന എസ്.ഐ മാലമോഷണക്കേസിന് ദിവസങ്ങൾക്കകം തുമ്പുണ്ടാക്കി എന്ന ഔദ്യോഗിക അംഗീകാരം നേടുന്നതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലായിരുന്നു.
ആർക്കും അബദ്ധം പറ്റാം. അത് സ്വാഭാവികം. സംഭവിച്ചത് അബദ്ധമാണെങ്കിൽ അത് തിരുത്തുന്നതിനുള്ള ധാർമിക ഉത്തരവാദിത്തം പുലർത്തുന്നതിന് പകരം എസ്.ഐ ബിജു, താജുദ്ദീന് മേൽ ചാർത്തിയ കുരുക്ക് നിരന്തരം ശക്തിപ്പെടുത്തുകയായിരുന്നു. താജുദ്ദീനെതിരായി പോലീസ് ചമച്ച കുറ്റത്തിന് തെളിവായി അവലംബിച്ചത് സി.സി.ടി.വിയിൽ പതിഞ്ഞ രൂപമാണ്. പക്ഷേ അവിടേയും പ്രകടമായ വൈരുധ്യമുണ്ടായിരുന്നു. സി.സി.ടി.വി യിൽ പതിഞ്ഞ വ്യക്തിയുടെ തലയിയുടെ നെറുകിലൊഴികെ, ചുറ്റിലും മുടിയുണ്ട്. മാത്രമല്ല അയാളുടെ വലത് കൈത്തണ്ടയിൽ സ്റ്റീൽവളയും, ഇടത് കൈത്തണ്ടയിൽ വാച്ചും ധരിച്ചിട്ടുണ്ട്. പക്ഷേ ഈ വൈരുധ്യങ്ങൾ അംഗീകരിക്കാൻ എസ്.ഐ തയ്യാറായില്ല. പ്രതി മുടി ഷേവ് ചെയ്തതായും വളയും വാച്ചും മാറ്റി വെച്ചതാണെന്നുമായിരുന്നു പോലീസ് ഭാഷ്യം.
തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് താജുദ്ദീനെ കൊണ്ട് വന്നപ്പോൾ, ബൈക്കിലെത്തിയ കള്ളൻ മാല പൊട്ടിക്കുന്നതിന് ദൃക്‌സാക്ഷിയായ നിസാമുദ്ദീൻ എന്നയാൾ താജുദ്ദീനല്ല മാല പൊട്ടിച്ചതെന്ന് എസ്.ഐ യോട് തറപ്പിച്ച് പറഞ്ഞു. തന്റെ വീടിന് പുറത്ത് മതിൽ പണിയുന്നിടത്ത് ജോലിക്കാരോടൊപ്പം നിൽക്കുകയായിരുന്ന താൻ സംഭവം നേരിൽ കണ്ടതാണെന്നും, തടിച്ച കഷണ്ടിക്കാരനാണ് മാല പൊട്ടിച്ച് കടന്നതെന്നും പറഞ്ഞ നിസാമുദ്ദീനോട് എസ്.ഐ 'പൂമോനേ' പ്രയോഗമാണ് നടത്തിയത്. പോലീസിന്റെ ഈ മായം മറിമായങ്ങൾക്കിടയിൽ താജുദ്ദീൻ ഒരു മോഷ്ടാവ് തന്നെയാണെന്ന് വിശ്വസിക്കാൻ നാട്ടുകാരും നിർബന്ധിതരാവുകയായിരുന്നു. താജുദ്ദീൻ  ജയിലിലായി. തന്റെ ദുര്യോഗത്തിൽ നെടുവീർപ്പിടാനേ അയാൾക്കായുള്ളൂ. കണ്ണൂരിലെ എല്ലാ കക്ഷിരാഷ്ട്രീയ നേതാക്കളേയും താജുദ്ദീന്റെ കുടുംബം ആവലാതിയുമായി സമീപിച്ചു. മോഷണക്കേസായത് കൊണ്ട് ഇടപെടാൻ പലരും മടിച്ചു. ചിലർ പോലീസുമായി ബന്ധപ്പെട്ടെങ്കിലും, എസ്. ഐ കാര്യങ്ങളെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചതോടെ എല്ലാവരും പിൻവലിയുകയായിരുന്നു.

കൊണ്ടോട്ടി എം.എൽ.എ  ടി.വി ഇബ്രാഹിമിനൊപ്പം മക്കൾ ഡി.ജി.പിക്ക് പരാതി നൽകുന്നു (ഫയൽ)

ഫലപ്രദമായ ഇടപെടൽ
പിതാവിന്റെ നിസ്സഹായാവസ്ഥയിൽ ഇടപെടാനായി അവസാന ശ്രമമെന്ന മട്ടിൽ താജുദ്ദീന്റെ മകൻ തന്റെ ഫേസ്ബുക്ക് സുഹൃത്തായ 'ഷാഹുൽഹമീദ് മണ്ണാർക്കാടു'മായി ഫോണിൽ സഹായമഭ്യർത്ഥിച്ചു. കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിമിന്റെ പേഴ്സണൽ സെക്രട്ടറിയാണിദ്ദേഹം. ഷാഹുൽഹമീദ് ചക്കരക്കല്ല് എസ്.ഐ ബിജുവുമായി ബന്ധപ്പെട്ടു. അയാളോടും എസ്.ഐ കാര്യങ്ങൾ ഭംഗിയായി വിശദീകരിച്ചു. 'താജുദ്ദീൻ' എന്നയാൾ ചക്കരക്കല്ല് സ്റ്റേഷൻ പരിധിയിൽ വെച്ച് ഒരു സ്ത്രീയുടെ അഞ്ചര പവൻ തൂക്കം വരുന്ന മാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്തതായും, ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ടെന്നും, അയാളുടെ ഭാര്യയും, മക്കളും  ദൃശ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, വേറേയും കേസുകളിൽ ഇയാൾ പ്രതിയാണെന്നും എസ്.ഐ മറുപടി നൽകി. 'താങ്കളെപ്പോലുള്ള ഉത്തരവാദപ്പെട്ടവർ ഇത് പോലുള്ള വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ലെ'ന്നും എസ്.ഐ ബിജു ഷാഹുലിനോട് ഉപദേശിച്ചു. 'തൊണ്ടി' കണ്ടെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 'തൊണ്ടി മുതലും, സ്‌കൂട്ടറും' ഉടൻ കണ്ടെത്തുമെന്നും എസ്.ഐ വ്യക്തമാക്കി.
താജുദ്ദീന് വേണ്ടി ഇടപെടാൻ മുന്നോട്ട് വന്നവരെല്ലാം തന്നെ പോലീസ് ഭാഷ്യത്തിന് മുന്നിൽ തികഞ്ഞ ആശയക്കുഴപ്പത്തിലാണ് അകപ്പെട്ടത്. എല്ലാവരും പിൻമാറി. അതേസമയം സ്വന്തം നിലയിൽ ഒരന്വേഷണം നടത്താനാണ് ഷാഹുൽഹമീദ് പിന്നെ ശ്രമം നടത്തിയത്. മാല മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം അദ്ദേഹം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെ തുടർന്ന്, വിഷയം സോഷ്യൽ മീഡിയകളിൽ വൻചർച്ചയായി. ഇതിന് ഫലപ്രദമായ പ്രതികരണവും ലഭിച്ചു. ശരത്‌വത്സരാജ് എന്ന വ്യക്തിയാണ് സി.സി.ടി.വി യിലെ ഫോട്ടോയിലുള്ളതെന്നും, അയാളുടെ മറ്റ് വിശദാംശങ്ങളും കോഴിക്കോട് നിന്ന് ഒരാൾ ഷാഹുൽഹമീദിന് കൈമാറി. തുടർന്ന് ഫേസ്ബുക്കിൽ നിന്ന് തന്നെ വിവിധ പോസിലുള്ള ഇയാളുടെ ഫോട്ടോകളും ലഭ്യമായി. ഇതിലെല്ലാം തന്നെ അയാളുടെ കയ്യിൽ ധരിച്ച സ്റ്റീൽ വളയും, വാച്ചും ദൃശ്യമായിരുന്നു.
വടകര, മുക്കം, മങ്കട പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ ശരത്‌വത്സരാജ് പ്രതിയാണെന്നും തുടരന്വേഷണത്തിൽ വ്യക്തമായി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് താജുദ്ദീന്റെ കുടുംബം തലശ്ശേരിയിൽ പത്രസമ്മേളനം നടത്തി. അടുത്ത ദിവസം ചക്കരക്കല്ല്  എസ് ഐ ബിജു മാധ്യമങ്ങളെ വിളിച്ച് കൂട്ടി പോലീസ് നിലപാട് വീണ്ടും ആവർത്തിച്ചു. പോലീസിന് പിഴവ് പറ്റിയിട്ടില്ല. മാല മോഷ്ടിച്ച കേസിൽ താജുദ്ദീൻ തന്നെയാണ് പ്രതി. മാധ്യമങ്ങൾക്ക് മുന്നിൽ കൂടുതൽ സാക്ഷികളേയും എസ്.ഐ അവതരിപ്പിച്ചു. ഇതിനെല്ലാം പുറമെ, മറ്റൊരു പ്രദേശത്തെ മാല മോഷണക്കേസിലും താജുദ്ദീനെ  എസ്.ഐ പ്രതിയാക്കി ചിത്രീകരിച്ചു.  പോലീസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടവർക്കെതിരെ കേസെടുത്തതായും എസ്.ഐ വ്യക്തമാക്കി. തന്റെ വാദത്തിൽ ഉറച്ചുനിന്ന എസ്.ഐ മാലക്കേസ് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയ ഓൺലൈൻ പോർട്ടലുകൾക്കും, പ്രാദേശിക ചാനലുകൾക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെ പോലീസ് നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവരെല്ലാം അത് പിൻവലിച്ചു.

സത്യത്തിന്റെ വിജയം
 ഭവനഭേദനം, കൊലപാതകം, പിടിച്ച്പറി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 14 സഹതടവുകാർ താജുദ്ദീനോടൊപ്പം ഒരേ സെല്ലിലായിരുന്നു. രണ്ട് മാസത്തിനിടെ സഹതടവുകാരിൽ ഒമ്പത് പേരും ജാമ്യത്തിലിറങ്ങി. രണ്ട് തവണ താജുദ്ദീൻ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചെങ്കിലും, പോലീസ് കെട്ടിച്ചമച്ച തെളിവുകളുടെ ബലത്തിൽ രണ്ട് തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. മൂന്നാം തവണ ഹൈക്കോടതിൽ നിന്ന് ജാമ്യം നേടുമ്പോഴേക്കും താജുദ്ദീന്റെ വിലപ്പെട്ട 54 ദിനങ്ങൾ പിന്നിട്ടിരുന്നു. 54 വർഷത്തെ ദൈർഘ്യത്തിലുള്ള ഒരനുഭവമായിരുന്നു താജുദ്ദീന് തന്റെ കാരാഗൃഹ വാസം. മൂന്നു ദിവസം മാത്രം പരിചയമുള്ള മകളുടെ ഭർതൃവീട്ടുകാരെ അഭിമുഖീകരിക്കാനാണ് താജുദ്ദീൻ ഏറെ പാട് പെട്ടത്.
54 ദിവസത്തെ യാതനക്ക് ശേഷം കർശന ഉപാധികളോടെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ താജുദ്ദീൻ, കുടുംബത്തോടൊപ്പം സെപ്തംബർ 18-ന് തിരുവനന്തപുരത്ത് ടി.വി ഇബ്രാഹിം എം.എൽ.എയെ പോയി കണ്ടു. താജുദ്ദീന്റെ വാക്കുകളും, അനുഭവങ്ങളും സമാനതകളില്ലാത്തതായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൻ കൂട്ടുകാരുടെ പരിഹാസം ഭയന്ന് രണ്ട് മാസം സ്‌കൂളിൽ പോയില്ല. പ്ലസ്ടു പാസായ മൂത്ത മകന് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടും പോകാൻ കഴിഞ്ഞില്ല. മകൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി. അവന്റെ കോളേജ് പ്രവേശനത്തിനായി കരുതി വെച്ച പണം മോഷ്ടിച്ച മാല വിൽപ്പന നടത്തിയ തുകയാണെന്ന് കാണിച്ച് പോലീസ് കോടതിയിൽ ഹാജരാക്കി. ഇരുപത് വർഷമായി ഖത്തറിൽ ബിസിനസ്സ് നടത്തി വന്ന താജുദ്ദീന്റെ പാസ്പോർട്ടും കോടതി തടഞ്ഞ് വെച്ചു. ഖത്തറിലെ ബിസിനസ്സ് തകർന്നു. ആത്മഹത്യയെക്കുറിച്ച് മാത്രമാണ് ഞങ്ങളിപ്പോൾ ചിന്തിക്കുന്നതെന്ന് പറഞ്ഞാണ് താജുദ്ദീൻ തന്റെ കഥാ കദനം അവസാനിപ്പിച്ചത്.
സെപ്റ്റംബർ 19-ന് രാവിലെ എം.എൽ.എയോടൊപ്പം താജുദ്ദീൻ ഡി.ജി.പി യെ പോയി കണ്ടു. എല്ലാ കാര്യങ്ങളും ഡി.ജി.പി ക്ക് മുമ്പാകെ ധരിപ്പിച്ചു. സംഭവം വിശദമായി അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ  ഡി.ജി.പി ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ്  ഡി.ജി.പി  ഉത്തരവിട്ടത്. 6 മണിക്കൂർ നേരം ഐ ജി ശ്രീജിത്ത് മുമ്പാകെ താജുദ്ദീനും കുടുംബവും വിശദമായ മൊഴി നൽകി. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് വൈകിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തിൽ പിന്നീട് ഇടപെട്ടു. 
കണ്ണൂർ ഡിവൈ.എസ്.പി സദാനന്ദനാണ് ഈ കേസിൽ തുടരന്വേഷണം നടത്തിയത്. കോഴിക്കോട് അഴിയൂർ കോറോത്ത് ശരത്‌വൽസരാജാണ് മാല കവർച്ചാ കേസിലെ യഥാർത്ഥ പ്രതിയെന്ന് ഇതോടെ തെളിയിക്കപ്പെട്ടു. പുതിയ അന്വേഷണ സംഘം സി.സി.ടി.വി ചിത്രം സൂക്ഷ്മമായി പരിശോധിച്ചതിൽ നെറ്റിയിലുള്ള അഞ്ച് മുറിവിന്റെ പാടുകളും, കഷണ്ടിയോടൊപ്പമുള്ള നരച്ച മുടിയും, കയ്യിലെ സ്റ്റീൽ വളയും, വാച്ചും താജുദ്ദീനല്ല യഥാർത്ഥ പ്രതിയെന്ന് വ്യക്തമായി. ഫോൺ കാളുകൾ പരിശോധിച്ചതോടെ ശരത്തിനെതിരെ കൂടുതൽ തെളിവുകളും ലഭിച്ചു. സ്ഥിരം കുറ്റവാളിയായി ജയിലിൽ കഴിയുന്ന ശരത്ത് വത്സരാജ് (35) ഓൺ ലൈനിൽ ക്യാമറ വാങ്ങി പണം നൽകാതെ വഞ്ചിച്ചുവെന്ന കേസിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാണ് മാല മോഷണക്കേസിൽ    അറസ്റ്റ് രേഖപ്പെടുത്തിയത്. മാല പൊട്ടിച്ചത് താനാണെന്ന് ഇയാൾ പോലീസിന് മൊഴിയും നൽകി. തലശ്ശേരിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മാലയും, ഇയാളുപയോഗിച്ച സ്‌കൂട്ടറും പോലീസ് തുടർന്ന് കണ്ടെടുക്കുകയും ചെയ്തു.


കേസിൽ താജുദ്ദീൻ തീർത്തും നിരപരാധി. ചക്കരക്കല്ല് പോലീസിന് പറ്റിയത് കടുത്ത വീഴ്ചയാണ്. പോലീസ്  സമർപ്പിച്ച താജുദ്ദീന്റെ പണവും പാസ്പോർട്ടും പോലീസ് മേധാവി ഇടപെട്ട് കോടതിയിൽനിന്ന് തിരിച്ചു കിട്ടി. യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് താജുദ്ദീൻ ശരത് വത്സരാജിനെ പോലീസ് സ്റ്റേഷനിൽ ചെന്ന് കണ്ടിരുന്നു. മനസ്സറിയാതെ അകപ്പെട്ട് പോയ കേസിൽനിന്ന് താജുദ്ദീന് വിടുതലായെങ്കിലും അയാൾക്കും, കുടുംബത്തിനുമുണ്ടായ മാനഹാനിയും കഷ്ട നഷ്ടങ്ങളും ഒട്ടും ചെറുതല്ല. സാക്ഷിമൊഴികളും തെളിവുകളുമൊന്നും ചക്കരക്കല്ല് എസ്.ഐ മുഖവിലക്കെടുത്തില്ല. താജുദ്ദീൻ തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് വരുത്താനായി ചക്കരക്കല്ല് പൊലീസുണ്ടാക്കിയ കഥകളാണ് വിചിത്രം. താജുദ്ദീൻ ധൂർത്തനും, വലിയ സാമ്പത്തിക ബാധ്യതയുമുള്ള ആളുമാണ്. മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യയും മക്കളും ചേർന്ന് കത്തിച്ചു കളഞ്ഞു. കയ്യിലെ സ്റ്റീൽ വള തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ധരിച്ച്, പിന്നീട് ഉപേക്ഷിച്ചതാണ്. തല പൂർണമായും ഷേവ് ചെയ്യുന്നതാണ് താജുദ്ദീന്റെ രീതിയെന്നിരിക്കെ, സി.സി.ടി.വി യിലെ ഫോട്ടോയിലുള്ളയാൾക്ക് പിറകിൽ മുടിയുള്ളത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ കഥ ഒന്നു കൂടി മാറ്റി. സംഭവശേഷം മുടി വടിച്ച് കളഞ്ഞതാണെന്നായിരുന്നു പുതിയ കണ്ടെത്തൽ. താജുദ്ദീനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമ്പോൾ അയാളുടെ ഭാര്യയോട് 'മറ്റേപ്പണിക്ക്' പോകുന്നതാണ് നല്ലതെന്ന് ഉപദേശിക്കാനും ജനമൈത്രി പൊലീസ് മറന്നില്ല.
 ചക്കരക്കല്ല് എസ്.ഐക്കെതിരെ നടപടി എടുക്കാൻ കണ്ണൂർ എസ്.പിയോട് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. വീണ്ടും ഇടപെടലുകൾ നടന്നു. മുസ്‌ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇതോടെ സൂപ്പർഹീറോയിൽ നിന്ന് കടുത്ത നാണക്കേടിലേക്കും, അപരാധത്തിലേക്കും വഴി മാറിയ എസ്.ഐക്ക് ലഭിച്ചത് കേവലം ഒരു സ്ഥലം മാറ്റം. കേരളാ പോലീസിന് തന്നെ അപമാനകരമായ ഈ സംഭവത്തിൽ ഒരു സ്ഥലം മാറ്റം കൊണ്ട് ആരെന്ത് പഠിക്കാനാണ്.? തനിയ്ക്ക് മതിയായ നഷ്ടപരിഹാരവും, എസ.്ഐ ബിജുവിനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി താജുദ്ദീൻ നിയമത്തിന്റെ ഏതറ്റവും പോകാനുള്ള പുറപ്പാടിലാണ്. ഇനി കേരളത്തിൽ മറ്റൊരു താജുദ്ദീനുണ്ടാകരുത്. അതാണ് താജുദ്ദീൻ ആവശ്യപ്പെടുന്നതും. പ്രവാസലോകത്തേക്ക് തിരികെപ്പോകാനുള്ള ഒരുക്കത്തിലാണ് താജുദ്ദീൻ.

 

Latest News