Sorry, you need to enable JavaScript to visit this website.

ജനാധിപത്യം കൊതിക്കുന്ന ഈച്ചകളും ഉറുമ്പുകളും

ജനജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴിയാണ് ഓരോ എഴുത്തുകാരനും ആലോചിക്കുന്നത്. ഈ മികവിനായുള്ള അന്വേഷണം ആന്തരികവും ഭൗതികവുമാകാം. ചന്ദ്രദേശമെന്ന സാങ്കൽപിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ കഥയുമായി ഇതിന് സാമ്യം തോന്നാം. ഭാരതത്തെപ്പോലെ അനേകായിരം വർഷങ്ങളുടെ കഥകൾ ഉറങ്ങുന്ന നാടാണ് ചാന്ദ്രദേശം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാനാതരം വിഭവങ്ങൾ ഭൂമിയുടെ ഉപരിതലത്തിലും ഉള്ളിലുമായി തിടംവെച്ച ദേശം. ഈ നാടിനെ ചുറ്റിപ്പറ്റിയുള്ള ജീവിതത്തിന്റെ ആഴവും പരപ്പും തേടുകയാണ് വി.ആർ.അജിത്കുമാറിന്റെ 'ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ' എന്ന നോവൽ.
ചുറ്റും അനീതിയും അക്രമവും അഴിമതിയും അടിമത്തവും അരങ്ങേറുമ്പോൾ സ്വാഭാവികമായും കള്ളവും ചതിയുമില്ലാത്തതും മനുഷ്യരെല്ലാവരും ഒരുപോലെ കഴിയുന്നതുമായ മാവേലിനാട് പുലരണമെന്ന് ആരും മോഹിച്ചു പോകും. ഇതിനു വേണ്ടിയുള്ള അന്വേഷണമാണ് ഈ നോവലെന്ന് പറയാം. 'രാജഭരണം, അടിമത്തം, എല്ലാം കഴിഞ്ഞ് ജനങ്ങളുടെ ഭരണം. ജനാധിപത്യത്തിന് മധ്യവയസ്സ് കഴിഞ്ഞിട്ടും എവിടെയും കൊള്ളയും അക്രമവും അസഹിഷ്ണുതയും തന്നെ. പണ്ട് കൊള്ളയടിച്ചവർ ചക്രവർത്തിമാരും വിദേശികളുമായിരുന്നുവെങ്കിൽ ഇന്ന് കൊള്ളക്കാർ സ്വദേശികളാണെന്ന് മാത്രം' -നോവലിൽ എഴുത്തുകാരൻ വ്യക്തമാക്കുന്നു. ഇതിന് വർത്തമാന കാലവുമായി പല സാമ്യതകളും വായനക്കാരന് തോന്നും.
ലോകത്തെവിടെയും രാഷ്ട്രീയ നേതൃത്വങ്ങൾ അധികാരത്തിലെത്താൻ മോഹന വാഗ്ദാനങ്ങൾ പെരുമഴ പോലെ കോരിച്ചോരിയാറുണ്ട്. ഒടുവിൽ മനുഷ്യന് അസ്വാതന്ത്ര്യത്തിന്റെയും നീറിപ്പിടയുന്ന ജീവിത നൈരാശ്യത്തിന്റെയും നേർക്കാഴ്ചകളാണ് നൽകുക. അവർ ഞെരുങ്ങി ഞെരുങ്ങി വിങ്ങിവിങ്ങിക്കരയുമ്പോഴും അധികാരവർഗം ഇതൊന്നും കണ്ടതായി നടിക്കാറില്ല. ഈ ദുരവസ്ഥയുടെ തുറന്ന ആവിഷ്‌കാരമാണ് ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ എന്ന നോവലെന്ന് അവതാരികയിൽ ഇടവഷുക്കൂർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചന്ദ്രദേശം കഥ പറയുന്നു, കുമാരസംഭവം അഥവാ പുതിയകാലം, ഉലയിൽ പതം വെച്ച മനസ്സ്, കാർ മൂടിയും പെയ്തും കരിയെഴുതിയ കാലം, മഹാവൃക്ഷം കടപുഴകുമ്പോൾ തളിർക്കുന്ന തൈമരം തുടങ്ങി മുപ്പത്തിയാറ് അധ്യായമാണ് നോവലിലുള്ളത്. 
'നൂറുകണക്കിന് ജാതികളും ഉപജാതികളുമുണ്ട് ചന്ദ്രദേശത്ത്. മതങ്ങൾ എട്ടോ, പത്തോ മാത്രം. അവയിൽ ഇത്രയേറെ പിരിവുകൾ വരുമ്പോൾ ഒരു തായ്ത്തടിയായ നാടിന്റെ താങ്ങും ബലവുമാകുന്ന വേരുകളുടെ പടലം ഏതു വിധമാണെന്ന് നിനക്ക് മനസ്സിലാകുമല്ലോ. ഇതിൽ അനേകം നൂറ്റാണ്ടുകൾ അറിവ് ലഭിക്കാതെ പോയവർ, ഒരു നൂറ്റാണ്ട് മാത്രം അറിവ് നിഷേധിക്കപ്പെട്ടവർ തുടങ്ങി അനേകം അടിച്ചമർത്തലുകൾ ഏറ്റുവാങ്ങിയവരുണ്ട്. അവരുടെ ബുദ്ധിയുടെ നിലവാരവും വ്യത്യാസപ്പെട്ടിരിക്കുന്നു. ബുദ്ധി നേടിയ ഒരു പിടി ആളുകൾ നേതാക്കളായി ബുദ്ധികെട്ടവരെ ഭരിക്കുകയും കുഞ്ഞാടുകളെ ആട്ടിടയൻ എന്നവണ്ണം തെളിക്കുകയുമാണ്.' -ഭരണം സംബന്ധിച്ച നോവൽ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടാണിത്.
ഒഴുക്ക്, ഓർമനൂലുകൾ, പകോതി, പടയണി, കെടാത്ത ചിത എന്നീ നോവലുകൾ വി.ആർ.അജിത്കുമാറിന്റേതായി പുറത്തു വന്നിട്ടുണ്ട്. നിരവധി ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു. നൂറോളം കഥകളും 50 ഓളം ഡോക്യുമെന്ററികളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.


ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ
വി.ആർ.അജിത്കുമാർ
പ്രഭാത് ബുക് ഹൗസ്
വില 220

 

Latest News