Sorry, you need to enable JavaScript to visit this website.

ആത്മബലിയുടെ അരനൂറ്റാണ്ട്

ശാഹുൽ വളപട്ടണം

നാലു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുകയും പ്രവാസത്തിന്റെ വേവും നോവും അടയാളപ്പെടുത്തുകയും ചെയ്ത ശാഹുൽ വളപട്ടണം ഒരു പ്രവാസ സാഹിത്യകാരൻ എന്ന് ഇപ്പോഴും സ്വയം വിളിക്കാൻ ധൈര്യപ്പെടുന്നില്ല. കാരണം പ്രവാസ ജീവിതം ഇതിനേക്കാൾ ആഴത്തിലും പരപ്പിലും ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നദ്ദേഹം കരുതുന്നു. ഗൾഫിലെ ആദ്യകാല മലയാളി സാഹിത്യകാരന്മാരിലൊരാളായ ശാഹുൽ വളപട്ടണത്തിന്റെ സർഗ ജീവിതത്തിലൂടെ.   

കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തോളമായി ശാഹുൽ വളപട്ടണം എന്ന എഴുത്തുകാരൻ ഇവിടെയുണ്ട്. ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളിൽ പലരും പയറ്റിത്തെളിഞ്ഞ് പ്രശസ്തമാക്കിയ മലയാളനാടും കുങ്കുമവും ഉൾപ്പെടെ മലയാളത്തിലെ മിക്ക മുൻനിര പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതിയിരുന്നു. ഇപ്പോഴും മറ്റു പല പ്രസിദ്ധീകരണങ്ങളിലും എഴുതിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. എന്നിട്ടും അദ്ദേഹവും അദ്ദേഹത്തിന്റെ കഥകളും മലയാളത്തിൽ അർഹമാംവിധം അടയാളപ്പെടുത്താതെ പോയത് എന്തുകൊണ്ടായിരിക്കും? എഴുത്തുകാരന് മേൽ പേമാരി പോലെ അവാർഡുകളും അംഗീകാരങ്ങളും പെയ്തിറങ്ങുന്ന വർത്തമാന കാലത്ത് അവയിൽ ഒന്നുപോലും ഈ എഴുത്തുകാരനെ തേടി വരാതിരുന്നത് എന്തുകൊണ്ടായിരിക്കും?
അതിന് വ്യക്തമായ ഉത്തരമുണ്ട് ശാഹുലിന്. ഒന്ന്, കഴിഞ്ഞ കുറേക്കാലമായി ദുബായിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ എഴുത്തിൽ സജീവമാകുമ്പോഴും എഴുത്തുമായി ബന്ധപ്പെട്ട നാട്ടിലെ സാഹിത്യ വേദികളിലോ സദസ്സുകളിലോ സമ്മേളനങ്ങളിലോ തന്റെ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോകുന്നു. മറ്റൊന്ന് കഥയെഴുതുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും അദ്ദേഹത്തിന് മുന്നിലുള്ളത് വായനക്കാർ മാത്രമാണ്. ഇപ്പറഞ്ഞ അവാർഡുകളെ കുറിച്ചോ അംഗീകാരങ്ങളെ കുറിച്ചോ അപ്പോഴോ പിന്നീടോ അദ്ദേഹം കാര്യമായി ചിന്തിക്കാറുമില്ല. പലപ്പോഴായി വായനക്കാർ നൽകുന്ന അംഗീകാരങ്ങൾക്ക് ഇതിനേക്കാളൊക്കെ ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുകയും ചെയ്യുന്നു.
ഉദാഹരണത്തിന് തന്റെ 'ദിർഹം' എന്ന ഏറെ ശ്രദ്ധേയമായ നോവലിനെ കുറിച്ച് പ്രസിദ്ധ മലയാള സാഹിത്യകാരൻ സി.രാധാകൃഷ്ണൻ എഴുതിയ അഭിപ്രായം തനിക്ക് കിട്ടിയ എക്കാലത്തേയും വലിയ അംഗീകാരമായി അദ്ദേഹം കാണുന്നു. നോവലിനെ കുറിച്ച് സി.രാധാകൃഷ്ണൻ ഇങ്ങനെ എഴുതി.
''സാമ്പത്തിക മാന്ദ്യം പ്രവാസ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നാണ് ശാഹുലിന്റെ ദിർഹത്തിലെ പ്രമേയം. ഈ വിഷയത്തിൽ ഒരുപാട് ശാസ്ത്രീയ പഠനങ്ങളുണ്ടാകുന്നുണ്ട്. സാമ്പത്തിക ശാസ്ത്ര വിദഗ്ധർ സാധാരണക്കാർക്കായി പഠന ലേഖനങ്ങളും രചിക്കുന്നുണ്ട്. ഈ വകകളിൽ ചിലതൊക്കെ ഞാനും കണ്ടിട്ടുണ്ട്. പക്ഷേ, ഈ പുസ്തകം തരുന്ന ഉൾക്കാഴ്ച ഈ വിഷയത്തിൽ മറ്റൊന്നിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല
(മാധ്യമം ആഴ്ചപ്പതിപ്പ്-ഒക്‌ടോബർ 3, 2016)


കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നും മൂത്ത ജ്യേഷ്ഠൻ എടുത്തു കൊണ്ടുവന്നിരുന്ന പുസ്തകങ്ങളിൽ നിന്നാണ് ശാഹുൽ വായനയുടെ ലോകത്തേക്ക് കടക്കുന്നത്. പതിവുപോലെ ഡിറ്റക്ടീവ് നോവലുകളിൽ നിന്നു തുടക്കം. പിന്നെ മുട്ടത്തു വർക്കി, കാനം തുടങ്ങിയ ജനപ്രിയ എഴുത്തുകാരുടെ കൃതികളിലൂടെ പതുക്കെ കനപ്പെട്ട വായനയിലേക്ക് കടന്നു. ബഷീറും തകഴിയും പൊറ്റക്കാടും കേശവദേവും ഉറൂബും തുടർന്ന് എം.ടിയും കെ.ടി. മുഹമ്മദും പുനത്തിലും ടി.പത്മനാഭനും അങ്ങനെയങ്ങനെ വായനയുടെ വാതായനങ്ങൾ വളർന്നു വികസിച്ചു. അന്ന് വളപട്ടണം പഞ്ചായത്ത് ലൈബ്രറിയുടെ തൊട്ടരികിലായി ഒരു കൊച്ചു കിണറുണ്ടായിരുന്നു. സായാഹ്നങ്ങളിൽ അതിന്റെ പടവുകളിൽ കൂട്ടുകാർക്കൊപ്പം കൂടിയിരുന്ന് വായിച്ച പുസ്തകങ്ങളെ കുറിച്ചും സാഹിത്യത്തെ കുറിച്ചും അദ്ദേഹം ഗഹനമായ ചർച്ചകളിലേർപ്പെട്ടു. വായനക്ക് ആദ്യ ദിശാബോധം കിട്ടിയത് അവിടെ നിന്നാണ്.
വളപട്ടണം ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് എൻ.കുഞ്ഞിരാമൻ മാസ്റ്റർ അവിടെ മലയാളം അധ്യാപകനായി വരുന്നത്. മാഷുടെ വരവ് തന്റെ വായന കുറേക്കൂടി ഗൗരവതരമാക്കി എന്നാണ് ശാഹുലിന്റെ വിശ്വാസം. എന്തു വായിക്കണം, എങ്ങനെ വായിക്കണം, വായിച്ചത് എങ്ങനെ സ്വാംശീകരിക്കണം എന്നൊക്കെ മാഷാണ് പഠിപ്പിച്ചത്. പിന്നീട് എഴുത്തിലും അദ്ദേഹം തന്നെയായി ശാഹുലിന്റെ വഴികാട്ടി. തന്റെ പ്രോത്സാഹനത്തിൽ ഈ അരുമ ശിഷ്യൻ കഥകളും നോവലുകളും എഴുതി വലുതാകുന്നത് മാഷ് ഒരുതരം ആത്മനിർവൃതിയോടെ നോക്കി നിന്നു. പിന്നീട് പലപ്പോഴും അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച് ക്ലാസിൽ മാഷ് വാചാലനാകാറുണ്ട് എന്ന് ബാലസാഹിത്യകാരനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കെ.ടി.ബാബുരാജ് ഒരിടത്ത് അനുസ്മരിക്കുന്നുണ്ട്. 
അധ്യാപനം ഒരു കടമ പോലെ നിർവഹിച്ച് കടന്നു പോകുന്നതിലുപരി, ശിഷ്യരായ നമ്മെ ഗാഢമായി സ്വാധീനിക്കുകയും ഭാവിയിലേക്ക് രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർഥ അധ്യാപകരെന്നുള്ള വലിയ സത്യം ശാഹുൽ തിരിച്ചറിയുന്നത് കുഞ്ഞിരാമൻ മാഷിലൂടെയാണ്. നൻമയുടെ പൂമരമായിരുന്ന ഈ ഗുരുവര്യനാണ് ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് കണ്ണൂർ എസ്.എൻ കോളേജിലെത്തിയപ്പോഴും തുടർന്ന് പല വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഗൾഫിലെത്തിയപ്പോഴും എഴുത്ത് ആത്മാവിന്റെ ഭാഗം പോലെ കൊണ്ടുനടക്കാനുള്ള തന്റെ പല പ്രേരണകളിൽ ഒന്ന് എന്നദ്ദേഹം നന്ദിപൂർവം സ്മരിക്കുന്നു.


എഴുത്തിന്റെ ആരംഭ കാലത്ത് ശാഹുലിനെ പരോക്ഷമായി പ്രോത്സാഹിപ്പിച്ച ഒരാൾ അദ്ദേഹത്തിന്റെ പിതാവ് ഇബ്രാഹിം കുട്ടിയായിരുന്നു. നാടിന്റെ (വളപട്ടണം) യാഥാസ്ഥിതിക സാമൂഹ്യ ചുറ്റുപാടിനെയും ആളുകളെയും പരാമർശിച്ചെഴുതിയ നോവൽ -ആത്മബലി- പുറത്തു വന്നപ്പോൾ പിതാവിനെ അത് അലോസരപ്പെടുത്തും എന്നാണ് കരുതിയത്. എന്നാൽ അതിനെ കുറിച്ചറിഞ്ഞിട്ടും ഒന്നും അറിയാത്തതു പോലെ ഭാവിച്ചങ്ങനെ നടക്കുകയാണ് അദ്ദേഹം ചെയ്തത്. സാഹിത്യമെഴുത്തിന് അത്രയൊന്നും അംഗീകാരം കിട്ടാതിരുന്ന വടക്കേ മലബാറിലെ മുസ്‌ലിം സമുദായാംഗമായി ജനിച്ച് വളർന്നിട്ടും മകൻ എഴുതുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല എന്നത് വലിയ ഒരു കാര്യമായിരുന്നു. ഒരുപക്ഷേ, മകൻ ഒരെഴുത്തുകാരനായി തീരുന്നതിൽ ആ പിതാവ് അഭിമാനം കൊണ്ടിരുന്നോ? അതെ എന്നു വിശ്വസിക്കാനാണ് അന്നുമിന്നും ശാഹുലിനിഷ്ടം. 
വളപട്ടണത്തു നിന്നും സുഹൃത്തുക്കളൊക്കെ ചേർന്ന് ആരംഭിച്ച യുവഭാവന എന്ന കൈയെഴുത്തു മാസികയിലൂടെയാണ് ശാഹുൽ വളപട്ടണം എന്ന എഴുത്തുകാരൻ പിറക്കുന്നത്. 1960-കളുടെ അവസാനം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് അദ്ദേഹത്തിന്റെ ഒരു കഥ ആദ്യമായി അച്ചടിച്ചു വരുന്നത്. പിന്നെ തുടരെ കഥകളെഴുതാനുള്ള ആവേശമായി. അങ്ങനെ എഴുതുന്നതിനിടയിലാണ് ഒരു കഥ അറിയാതെ ഒരൽപം വലുതായതും അതൊരു നോവലായി മാറിയതും. 
1975-76 കാലത്ത് നുകം എന്ന പേരിലെഴുതിയ ആ കൃതിയാണ് അദ്ദേഹത്തിന്റെ പ്രഥമ നോവൽ. ദേശാഭിമാനി സ്റ്റഡി സർക്കിൾ വളപട്ടണം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. സ്റ്റഡി സർക്കിളിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചത് പ്രമുഖ നിരൂപകനായ തായാട്ട് ശങ്കരനായിരുന്നു എന്നത് ഇന്നും ശാഹുലിനെ പുളകം കൊള്ളിക്കുന്ന ഒരോർമയാണ്.
ആധുനികത അരയും തലയും മുറുക്കി മലയാള സാഹിത്യത്തിൽ അരങ്ങു തകർക്കുന്ന അവസരത്തിലാണ് ശാഹുൽ കഥയെഴുത്താരംഭിക്കുന്നതും പ്രമുഖ പ്രസിദ്ധീകരണങ്ങളിലൂടെ ഇടർച്ചയില്ലാത്ത തുടർച്ച സൃഷ്ടിക്കുന്നതും. ആധുനികതയുടെ ആഴിയിൽ കഥാകാരന്മാർ കൂട്ടത്തോടെ തങ്ങളുടെ സിദ്ധിയും സാധനയും പണയപ്പെടുത്തി ആത്മാഹുതി ചെയ്യുന്ന ആ അഭിശപ്ത കാലത്ത് അതിനെ എഴുത്തിന്റെ കരുത്തിലും വ്യതിരിക്തതയിലും അതിജീവിക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത എഴുത്തുകാരുടെ കൂട്ടത്തിൽ ഈ കഥാകാരനുമുണ്ട്. അക്കാലത്തെ കഥാകാരൻമാരിലേറെയും കഥയിലെ ലാവണ്യ ബോധത്തിൽ വലിയ വിസ്‌ഫോടനങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് പ്രധാനമായും മനുഷ്യരുടെ ജീവിതത്തെയും അനുഭവങ്ങളേയും നിഷേധിച്ചു കൊണ്ടായിരുന്നല്ലോ. അതിനോടുള്ള തികഞ്ഞ എതിർപ്പെന്ന നിലയിൽ ജീവിതത്തെ തൊട്ടും അറിഞ്ഞും അനുഭവിച്ചും സത്യസന്ധമായി കഥകളിൽ ആവിഷ്‌കരിക്കാനാണ് അദ്ദേഹം ഉദ്യമിച്ചത്.
വടക്കേ മലബാറിലെ ഒരു കാലഘട്ടത്തിലെ മുസ്‌ലിം ജീവിതത്തിന്റെ ഉൾത്തുടിപ്പുകളത്രയും യഥാതഥമായി അവതരിപ്പിച്ച ആത്മബലി എന്ന കൃതി ആയാലും മലയാളികളുടെ സുന്ദരസ്വപ്നങ്ങൾക്ക് മേൽ അവിചാരിതമായ അശനിപാതമായി ആഞ്ഞടിച്ച് അവന്റെ ജീവിതമാകെ എന്നെന്നേക്കുമായി അലങ്കോലമാക്കിയ ഗൾഫിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പൊള്ളുന്ന ആവിഷ്‌കാരമായ ദിർഹം എന്ന നോവൽ ആയാലും ആർക്കൊക്കെയോ പ്രകാശിക്കാനായി വെളിച്ചം തേടിയെത്തി സ്വയം ഉരുകിയിയൊലിച്ച് പ്രകാശം കെട്ടു പോകുന്ന ഓരോ ഗൾഫുകാരന്റെയും ജീവിതത്തിന് സത്യസന്ധമായ പൊതു വ്യാഖ്യാനം നൽകിയ ഈയലുകൾ എന്ന സൃഷ്ടി ആയാലും അവയിലൊക്കെയും ആത്മബലിയോളം ആഴമുള്ള ആത്മാർഥ അനുഭവങ്ങളുടെ തീവ്രതയത്രയും ആവാഹിക്കാനാണ് ശാഹുൽ ശ്രമിച്ചത്. ഊഷരം ഊഷ്മളം, സുബ്ഹി തുടങ്ങിയ നോവലുകളിലൂടെയും ദുഃഖപർവം, പ്രവാസികളുടെ ലോകം, ഉള്ളറകൾ, സൈബീരിയ, സ്പർശം, കടൽ കടന്നു കടലിലേക്ക് എന്നീ കഥാ സമാഹാരങ്ങളിലെ കഥകളിലൂടെയും കടന്നു പോകുന്ന വായനക്കാർക്ക് ഇപ്പറഞ്ഞത് എത്ര സത്യമെന്ന് സംശയലേശമന്യേ ബോധ്യമാകും.
എഴുതിത്തുടങ്ങിയ കാലം മുതൽക്കേ ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സജീവ പ്രവർത്തകനായിരുന്നു ശാഹുൽ. ആധുനികതയെ പല്ലും നഖവുമുപയോഗിച്ച് എതിർത്ത പാരമ്പര്യമാണ് സ്റ്റഡി സർക്കിളിന്റേത്. സ്വാഭാവികമായും അതിന്റെ അനുഭാവി എന്ന നിലയിൽ ആധുനികതയോട് ഒരു വിമുഖത അദ്ദേഹത്തിനുമുണ്ടായി. ആധുനികതയുടെ പിൻപറ്റാതെ മറ്റൊരു വഴിയിലൂടെ നടക്കാൻ അദ്ദേഹം പ്രേരിതനായത് അങ്ങനെയാണ്. അതു മാത്രമല്ല, എം.ടി. വാസുദേവൻ നായരുടെ കഥകളോട് അതിരു കവിഞ്ഞൊരു ആരാധനയും അദ്ദേഹത്തിനുണ്ടായിരുന്നു. ആ കഥകളിലെ ലാളിത്യത്തിന്റെ സ്വാധീനവും ആധുനിക കഥകളിലെ ദുർഗ്രഹതയോടുള്ള മടുപ്പും താനെഴുതുന്ന കഥകൾ എല്ലാവർക്കും അനായാസം വായിക്കാനും മനസ്സിലാക്കാനും കഴിയുന്നതായിരിക്കണം എന്നൊരു ശാഠ്യം അദ്ദേഹത്തിൽ സൃഷ്ടിച്ചു. അതു ചെയ്യുന്നില്ലെങ്കിൽ സാഹിത്യം എന്ന കലാരൂപം നിരർഥകവും മനുഷ്യന് ഉപകാരപ്പെടാത്തതുമായി പോകും എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
    നാലു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുകയും പ്രവാസത്തിന്റെ വേവും നോവും അടയാളപ്പെടുത്തുകയും ചെയ്ത ഒരുപിടി നോവലുകളും കഥകളും എഴുതിയിട്ടും ഈ കഥാകാരൻ പക്ഷേ, ഒരു പ്രവാസ സാഹിത്യകാരൻ എന്ന് ഇപ്പോഴും സ്വയം വിളിക്കാൻ ധൈര്യപ്പെടുന്നില്ല.


കാരണം പ്രവാസ ജീവിതം ഇതിനേക്കാളൊക്കെ ആഴത്തിലും പരപ്പിലും ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നദ്ദേഹം കരുതുന്നു. 
അതേസമയം പ്രവാസം, തന്നിലെ കഥാകാരനെ മറ്റൊരു രീതിയിൽ സ്വാധീനിച്ചു എന്നദ്ദേഹം വ്യക്തമാക്കുന്നു. ഗൾഫിൽ എത്തിയപ്പോഴാണ് താനെഴുതിയ കൃതികൾ ഒന്നുകൂടി വായിക്കാനും വിലയിരുത്താനും അദ്ദേഹത്തിന് തോന്നിയത്. അപ്പോൾ ബോധ്യമായി പല കഥകളും പുതുതായി ഒന്നും പറയുന്നില്ല എന്ന്. അതോടെ കുറേക്കാലം എഴുത്ത് നിർത്തി. പിന്നീട് എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവാണ് വീണ്ടും കഥകളിലേക്കു വരാൻ നിരന്തരമായി പ്രേരിപ്പിച്ചത്. അങ്ങനെയാണ് ശാഹുൽ ഒരിടവേളക്ക് ശേഷം ഗൾഫിൽ നിഗൂഢമായ ആത്മഹത്യ എന്ന കഥയുമായി തിരിച്ചു വരുന്നത്. ഗൾഫിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ആ കഥ ധാരാളം വായനക്കാർക്ക് ഇഷ്ടപ്പെട്ടു. ആ കഥയിൽ ഒരു നോവലിന് സാധ്യതയുണ്ടെന്ന് ആദ്യം കണ്ടെത്തിയതും പ്രേരിപ്പിച്ചതും ശിഹാബ് തന്നെ. അങ്ങനെ എഴുതിയ നോവലാണ് ദിർഹം.
നമ്മൾ ചെയ്യുന്ന ഏതു പ്രവൃത്തിയും അത് സ്വന്തമായും ഒപ്പം മറ്റുള്ളവർക്കും ഏതെങ്കിലും തരത്തിൽ ഗുണകരമായി തീരുന്നവയാകണം എന്ന ബോധമാണ് ഈ കഥാകാരനെ നയിക്കുന്നത്. എഴുത്തിലും അത് അങ്ങനെത്തന്നെ വേണം എന്ന വാശിയുമുണ്ട് അദ്ദേഹത്തിന്. ഒപ്പം ഓരോ കഥയിലും വായനക്കാരെ പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ശുഭാപ്തി വിശ്വാസത്തിലധിഷ്ഠിതമായ നൻമയുടെ ഒരംശവും ഉണ്ടായിരിക്കണം എന്നദ്ദേഹം കരുതുന്നു. ജീവിതം അനുഭവിച്ചറിഞ്ഞ് സത്യസന്ധമായി സാഹിത്യത്തെ സമീപിക്കുമ്പോൾ അത് സ്വാഭാവികമായും കഥകളിൽ ഉരുത്തിരിഞ്ഞു വരും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


 

Latest News