കടം വാങ്ങിയ ഷൂ,  സ്വന്തം കോച്ചിംഗ്

ഞായറാഴ്ച വൈകുന്നേരം പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാന്റ്പ്രി അത്‌ലറ്റിക്‌സിൽ ദേവേന്ദർ സിംഗിനെ അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ദേവേന്ദർ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോക്ക് യോഗ്യത നേടുമെന്ന് ആരും കരുതിയുമില്ല. ദേവേന്ദർ എറിഞ്ഞ 84.57 മീറ്റർ ഈ സീസണിൽ ലോകത്തിലെ മികച്ച ഏഴാമത്തേതാണ്. ഇന്ത്യക്കാരിൽ യുവ സെൻസേഷൻ ലോക യൂത്ത് റെക്കോർഡ് ഉടമ നീരജ് ചോപ്രയുടേതു മാത്രമാണ് (86.48 മീ.) ദേവേന്ദറിനെക്കാൾ മികച്ച പ്രകടനം. നീരജ് ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുമ്പോൾ ദേവേന്ദറിനെ അധികമാർക്കും അറിയില്ല. പഞ്ചാബ് ജലന്ധറിലെ ചക് ഷകൂർ ഗ്രാമക്കാരനായ ഇരുപത്തൊമ്പതുകാരൻ ഇപ്പോൾ ദേശീയ ക്യാമ്പിൽ അംഗം പോലുമല്ല. 
കടം വാങ്ങിയ ഷൂവിലാണ് പട്യാലയിൽ ദേവേന്ദർ മത്സരിച്ചത്. ഇന്ത്യയിൽ സ്‌പെഷ്യലൈസ്ഡ് ഷൂകൾക്ക് അമിതമായ തുക ഈടാക്കുന്നതിനാൽ ഇംഗ്ലണ്ടിലുള്ള ഒരു സുഹൃത്തിനോട് ഷൂ അയച്ചു തരാൻ അഭ്യർഥിച്ചിരുന്നു ദേവേന്ദർ. എന്നാൽ കസ്റ്റംസിൽ കുടുങ്ങി നിശ്ചിത സമയത്ത് ഷൂ കിട്ടിയില്ല ദേവേന്ദറിന്. ദേവേന്ദറിന്റെ ആദ്യ മൂന്നു ത്രോകൾ പിന്നിപ്പോയ പഴയ ഷൂ ഉപയോഗിച്ചായിരുന്നു. 77 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിയാനേ ഇതുവഴി സാധിച്ചുള്ളൂ. അതോടെയാണ് സുഹൃത്തിനോട് ഷൂ കടം വാങ്ങിയത്. 
ജാവലിൻ ത്രോയുടെ പ്രത്യേകത ജാവലിൻ എറിയും മുമ്പ് അത്‌ലറ്റ് പരമാവധി വേഗമാർജിച്ചിരിക്കണമെന്നാണ്. പാദം നിശ്ചിത മാർക്ക് കടക്കുകയുമരുത്. പരമാവധി ഊർജം ജാവലിനിലേക്ക് പകരാൻ അത്‌ലറ്റിനു കഴിയണം. പട്യാലയിലെ ചെരുപ്പുകുത്തി തുന്നിക്കൂട്ടിയ ഷൂവിൽ ഇത് സാധിക്കുക എളുപ്പമായിരുന്നില്ല. പേടിയോടെയാണ് താൻ ഓടിയതെന്ന് ദേവേന്ദർ പറയുന്നു. ദേവേന്ദറിന് 2010 ൽ ന്യൂദൽഹിയിലെ കോമൺവെൽത്ത് ഗെയിംസിൽ സ്ഥാനം കിട്ടാതെ പോയത് സമാനമായ അപകടത്തിലാണ്. പരിശീലനത്തിൽ ഓട്ടത്തിനിടെ തെന്നി വീണ താരത്തിന് ഒരു വർഷത്തോളം വിട്ടുനിൽക്കേണ്ടി വന്നു. വലിയ നിരാശയായിരുന്നു അത്. പിന്നീട് 2015 ഏഷ്യൻ ഗ്രാന്റ്പ്രിയിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തിയതൊഴിച്ചാൽ ദേവേന്ദറിന്റെ തിരിച്ചുവരവ് പ്രതീക്ഷാവഹമായിരുന്നില്ല.
ഒളിംപിക്‌സിനുള്ള അവസാന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ 80.21 മീറ്റർ എറിഞ്ഞെങ്കിലും യോഗ്യത നേടാനായില്ല. പിന്നീട് ദേശീയ ക്യാമ്പിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. ഓസ്‌ട്രേലിയക്കാരനായ കോച്ച് ഗാരി കാൽവേർടിന്റെ പരിശീലന രീതികൾ ദേവേന്ദറിന് രസിച്ചിരുന്നുമില്ല. നീരജിനെ പോലെ നിരവധി വർഷങ്ങൾ മുന്നിലുള്ള അത്‌ലറ്റുകൾക്ക് യോജിക്കുന്ന രീതിയാണ് അതെന്ന് ദേവേന്ദർ പറയുന്നു. 
ക്യാമ്പിൽ അംഗമല്ലാത്തതിനാൽ പട്യാലയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോർട്‌സിലെ ഹോസ്റ്റൽ സൗകര്യങ്ങളോ ഭക്ഷണമോ ദേവേന്ദറിന് ലഭിച്ചില്ല. ആർമിയിൽ നായിബ് സുബേദാറായ ദേവേന്ദറിന് കിട്ടുന്ന മാസ വേതനമായ 40,000 രൂപയിൽ ഭീമമായ പങ്ക് പരിശീലനത്തിനായി മാറ്റി വെക്കേണ്ടി വന്നു. നാല് അത്‌ലറ്റുകളുമായി മുറി പങ്കിട്ടാണ് ദേവേന്ദർ പരിശീലനത്തിനായി പട്യാലയിൽ തങ്ങിയത്. 'എന്റെ ശമ്പളം മുഴുവൻ ചെലവിട്ടിട്ടും മതിയായില്ല. അച്ഛൻ ചെറുകിട കർഷകനാണ്. എന്നിട്ടും പറ്റാവുന്നേടത്തോളം അദ്ദേഹം സഹായിച്ചു' -ദേവേന്ദർ പറഞ്ഞു. ജൂനിയർ അത്‌ലറ്റുകളെ പരിശീലിപ്പിച്ചും ഫണ്ട് കണ്ടെത്തി. ഒരു ട്രയ്‌നിയുടെ അച്ഛൻ നൽകിയ ഒരു ലക്ഷം രൂപയാണ് ഇന്ത്യൻ ഗ്രാന്റ്പ്രിയിൽ പങ്കെടുക്കാൻ ദേവേന്ദറിനെ സഹായിച്ചത്. 
പ്രതിസന്ധികൾ കായിക കരിയറിൽ തന്നെ കരുത്തനാക്കുകയാണ് ചെയ്തതെന്ന് ദേവേന്ദർ വിശ്വസിക്കുന്നു. ദേശീയ ക്യാമ്പിൽ പങ്കെടുത്ത കാലത്തെക്കാൾ ഒരുപാട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. അനാവശ്യമായി കരുത്തു കൂട്ടേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞു. 20 കിലോ ഭാരം കുറച്ചു. സ്വയം മനസ്സിലാക്കിയ കാര്യങ്ങളാണ് ഒരു വർഷത്തോളമായി പരിശീലനത്തിൽ ദേവേന്ദറിന് തുണയായത്. 
ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതോടെ തന്റെ പ്രയത്‌നം പൂവണിഞ്ഞുവെന്ന സന്തോഷത്തിലാണ് ദേവേന്ദർ. പരിശീലനത്തിൽ 86 മീറ്ററിലേറെ എറിയുന്ന നിരവധി വീഡിയോകൾ ദേവേന്ദർ യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരത്തിൽ അത് ആവർത്തിക്കുകയായിരിക്കും ഇനിയുള്ള വെല്ലുവിളി. 
അടുത്തയാഴ്ച രണ്ടാമത്തെ ഇന്ത്യൻ ഗ്രാന്റ്പ്രിയിൽ ദേവേന്ദർ മത്സരിക്കുന്നുണ്ട്. അപ്പോഴേക്കും കസ്റ്റംസിൽനിന്ന് തന്റെ ഷൂകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് താരം. ഇല്ലെങ്കിൽ കനത്ത വില നൽകി ഇന്ത്യയിൽനിന്ന് ഷൂ വാങ്ങേണ്ടിവരും. 

Latest News