ഒരു വേള നൃത്തായനം എന്നു കൂടി വിശേഷിപ്പിക്കാവുന്ന അസാധാരണമായ ഇഛാശക്തിയുള്ള ഒരു കഥകളി നർത്തകന്റെ ആറു പതിറ്റാണ്ടിലൂടെയുള്ള ജീവിതത്തെയും കൂടെ ഒരു ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും തുടർന്ന് അന്താരാഷ്ട്ര പരിപ്രേക്ഷ്യത്തിലേക്കും വളരുന്ന കഥകളിയുൾപ്പെടുന്ന ഇന്ത്യയുടെ നൃത്തകലാ സാംസ്‌കാരിക ഭൂമികയുടെ ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ കൃതി.
സമൃദ്ധമായ ദാരിദ്ര്യം മാത്രം കൈമുതലായുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും കൈവരാത്ത ഒരു ബാലൻ ഏകാവലംബമായ തന്റെ കഥകളിക്കളരിയിൽനിന്നു തിരസ്‌കൃതനായി നിർദയം പുറത്തേക്ക് എടുത്തറിയപ്പെടുമ്പോൾ ജീവിതായോധനത്തിന്റെ വഴിയിൽ വെറും ഇരുപത്തിനാലു മുദ്രകളുടെ മന്ത്രശക്തി മാത്രം ആവാഹിച്ചുപാസിച്ചു തന്റെ കോശകോശാന്തര തലത്തിൽ നിറഞ്ഞുനിൽക്കുന്ന കഥകളിയെന്ന നൃത്തരൂപത്തെ ലോകസമക്ഷം സമർപ്പിക്കുന്നതിലും സമർഥിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വിജയിച്ചതിന്റെ സാക്ഷ്യപത്രം കൂടിയാവുന്നു ഈ കഥനം.
ജന്മം കൊണ്ടു തന്നെ കരിമ്പൂരാടത്തിന്റെ നിർഭാഗ്യം ആശ്ലേഷിക്കുമ്പോഴും 'എന്റെ കുട്ടിക്ക് നല്ലതേ വരൂ' എന്നാശ്വസിപ്പിക്കുന്ന മാതൃത്വത്തിന്റെ എക്കാലത്തെയും ഉദാത്ത സ്‌നേഹ സ്പർശമായ അമ്മ, ദൈവ വിശ്വാസത്തിന്റെ മൂർത്തീമത്ഭാവമായ സാക്ഷാൽ വിശ്വംഭരൻ, കഥകളി എന്ന ജീവാത്മാവ്, പോറ്റമ്മയായ മൃണാളിനി സാരാഭായിയും അവരുടെ ദർപ്പണ എന്ന നൃത്ത കളരിയും, കോട്ടക്കൽ ആര്യവൈദ്യശാല എന്ന മഹൽ സ്ഥാപനം, ധർമ്മപത്‌നി വസന്തയും പുത്രൻ കീർത്തിയും അടങ്ങുന്ന കുടുംബം, ആത്മസുഹൃത്തായ കോട്ടക്കൽ മധു എന്നീ
സപ്ത പ്രിയങ്ങളിലാണ് ഈ ആത്മകഥയുടെ ഈടുവെപ്പ്. പരിചിതമല്ലാത്ത ദേശങ്ങളിൽ ഭാഷയറിയാതെയും വിദ്യാഭ്യാസമമില്ലാതെയും ദശകങ്ങളോളമുള്ള ജീവിതം തള്ളിനീക്കുമ്പോഴും എല്ലാ സഹനങ്ങളും അവഗണനകളും തിരസ്‌കാരങ്ങളും തന്റെ സ്ഥായീസ്വഭാവമായ ദൃഢനിശ്ചയം കൊണ്ടും സമാനതകളില്ലാത്ത വിനയം എന്ന സ്വഭാവഗുണം കൊണ്ടും അഭിമുഖീകരിച്ചു 'വീണ്ടുമൊരു നാൾ വരും' എന്ന ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തിൽ ജീവിത വിജയം വരിച്ച ഒരു നടന്റെ അപൂർവം ഒരനുഭവം നമുക്കീ കൃതിയിൽ ലഭിക്കും.
കഥകളി നടനാവാൻ ഒൻപതു വർഷക്കാലം കഠിനമായി പരിശീലിച്ചുവെങ്കിലും പക്ഷപാതത്തിന്റെയും അവഗണയുടെയും ഫലമായി പിന്നീടൊരിക്കലും ഒരു കഥകളി നടനാവാനോ, എന്തിനേറെ, സ്വന്തം നാട്ടിൽ ഒരു സാധാരണ നടനായിപ്പോലും അറിയപ്പെടാനായില്ല എന്ന തീവ്രമായ സ്വകാര്യ ദുഃഖത്തെ അദ്ദേഹം മറികടക്കുന്നത് ഒരുപക്ഷേ നാളിതുവരെ മറ്റൊരു കഥകളി നടനും കഴിയാത്ത തലത്തിലേക്കും മാനങ്ങളിലേക്കും കഥകളി മുദ്രകളെയും അതിന്റെ ആത്മചൈതന്യത്തെയും അഞ്ചു ഭൂഖണ്ഡങ്ങൾ വ്യാപിക്കുന്ന ഒരു വലിയ ശിഷ്യ വൃന്ദത്തിലക്കും ആരാധകരിലേക്കും എത്തിച്ചുകൊണ്ടാണ്. നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ളൊരാൾ ഭാവിയിൽ ലോകത്തിലെ തന്നെ അറിയപ്പെടുന്ന വിശ്വവിദ്യാലയങ്ങളിൽ മിസ്റ്റർ കോട്ടക്കലായും പ്രൊഫസർ ശശിധരനായും മിസ്റ്റർ നായരായും ഹാർവാർഡ് ഓക്‌സ്‌ഫോർഡ് പോലുള്ള എണ്ണപ്പെട്ട വേദികളിൽ ഇരുപത്തിനാലു മുദ്രകളുടെ കനപ്പെട്ട ഡിഗ്രിയുമായി മഹനീയ സദസ്സുകളിൽ നിറഞ്ഞാടുന്ന കാഴ്ച ഏവരെയും അദ്ഭുതപ്പെടുത്തും.
സ്ഥായിയായി രണ്ടു കാര്യങ്ങൾ ഈ ആത്മകഥ ഒരനുവാചകന്റെ മുന്നിലേക്ക് വെക്കുന്നുണ്ട്. ഒന്ന്, നമ്മുടെ പാരമ്പര്യ കലാപരിശീലന കളരികളിലെ അതികഠിനമായ ദേഹോപദ്രവവും ആത്മനിന്ദയോളമെത്തിക്കുന്ന ശിക്ഷാരീതികളിൽനിന്നു വിഭിന്നമായി സൗമ്യവും വ്യക്തിബന്ധത്തിലൂന്നിയതും സ്‌നേഹസ്പർശാങ്കിതവുമായ ശിക്ഷണ രീതിയിൽനിന്നു നല്ല ഒരു ശിഷ്യഗണത്തെ വാർത്തെടുക്കാമെന്ന് തൻെറ സ്വജീവിതാനുഭവം സാക്ഷ്യപ്പെടുത്തി ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നതും രണ്ടാമതായി ഏത് പ്രതിസന്ധികളെയും കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും നേടിയെടുക്കമെന്നും അനുഭവങ്ങളിലൂടെ സ്ഥാപിക്കുന്നു. അതുപോലെ തന്നെ തനിക്ക് സർഗ ജീവിതത്തിനു രണ്ടാമൂഴം സാധ്യമാക്കിയ ദർപ്പണ കളരിയിൽ മൂന്നു തലമുറകളിൽപെട്ട നർത്തകർക്കൊപ്പം, മൃണാളിനി സാരാഭായി, മകൾ മല്ലിക സാരാഭായി, മല്ലികയുടെ മകൻ രേവന്ത് എന്നിവരോടൊപ്പം നൃത്തം ചെയ്യുകയെന്ന അപൂർവ സൗഭാഗ്യവും കോട്ടക്കൽ ശശിധരന് സ്വന്തം.
ദാരിദ്ര്യത്തിന്റെ, സഹനങ്ങളുടെ, പീഡകളുടെ, നിരാലംബതയുടെ, ഏകാന്തതയുടെ, വ്യസനങ്ങളുടെ ദശകങ്ങൾ കഥകളി എന്ന കലാരൂപത്തോടുള്ള പ്രിയം കൊണ്ടും ജീവേഷണയെന്ന ഇഛാശക്തി കൊണ്ടും പ്രതിപാദം നൈരന്തര്യത്തോടെയുള്ള മനനം, പഠനം എന്നീ പ്രക്രിയ കൊണ്ടും നേടിയെടുത്ത് അതിവിനയത്തോടെ നടന്നു നീങ്ങുന്ന സൗമ്യനായ കോട്ടക്കൽ ശശിധരനെന്ന നടന്റെ ചാരിതാർഥ്യം അദ്ഭുതാവഹമാണ്. തന്റെ അസ്തിത്വ ദുഃഖങ്ങൾ പലപ്പോഴും നളനായും ദുഷ്യന്തനായും ഭൈമിയായും കുന്തിയായും, സീതയായും, രാമനായും,കൃഷ്ണനായും, രുഗ്മങ്ദാനായും, ദ്രൗപദിയായും ദുര്യോധനനായും ചിത്രലേഖയായും ആടിത്തീർക്കുന്ന ഒരു നടന്റെ ആന്തരിന്ദ്രീയ വ്യാപാരങ്ങളാൽ സമൃദ്ധമാണ് ഈ ആത്മകഥനം.
അത്യന്തം ലളിതമായ വിവരണങ്ങളിലൂടെ ഒരേ സമയം കാലത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലായും ഗഹനമായൊരു യാത്രാവിവരണമായും കാലികമായ സാമൂഹിക സാംസ്‌കാരിക വ്യക്തിഗത ബന്ധങ്ങളുടെ രേഖപ്പെടുത്തലായും വായന നമ്മെ മുന്നോട്ട് കൊണ്ടുപോകും. ഒരുവേള നല്ലൊരു എഡിറ്ററുടെ കരസ്പർശമുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന സ്ഥൂലതക്കും ഡയറിക്കുറിപ്പിനെ ഓർമിപ്പിക്കുന്ന അവതരണത്തിനും ആവർത്തനങ്ങൾക്കും ഗുണപരമായ വ്യത്യാസം വരുത്താൻ പറ്റുമായിരുന്നെന്നു തോന്നുന്നു. പ്രസാധകരായ 'മാതൃഭൂമി ' പല തവണ ഒരു കഥാപാത്രത്തിന്റെ തലത്തോളം വളർന്നുനിൽക്കുന്ന കാഴ്ച എന്റെ അയൽവേലിക്കാരനും അടുത്ത സുഹൃത്തുമായ ശശിയേട്ടന്റെ മറ്റൊരു ബാല്യകാല പ്രിയങ്ങളുടെ രേഖപ്പെടുത്തലാണ്. സഹധർമിണി എന്ന സ്ഥാനം അന്വർഥമാക്കിക്കൊണ്ടു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒപ്പം നിൽക്കുന്ന ശ്രീമതി വസന്താ ശശിധരൻ ഈ ചരിത്രത്തിലുടനീളം ആന്തരികാത്മാവിന്റെ സാന്നിധ്യമായി വർത്തിക്കുന്നുണ്ട്. ആത്മസൗഹൃദങ്ങൾ അനുകരണീയമാംവിധം കൊണ്ടുനടക്കുന്ന കോട്ടക്കൽ ശശിധരൻ എന്ന വ്യക്തി നമ്മെ അദ്ഭുതപ്പെടുത്തും. അത്രയ്ക്ക് വിപുലമാണ് അദ്ദേഹത്തിന്റെ സുഹൃദ്‌വലയം.
സി. രാധാകൃഷ്ണന്റെ അവതാരികയോടും എൻ.പി. വിജയകൃഷ്ണന്റെ പഠനത്തോടൊപ്പവും ആയിരത്തിൽപരം പേജുകളിൽ പകർന്നാട്ടം വൈകാരികമായി ചിലപ്പോഴൊക്കെ 'പടർന്നാട്ടമായും' വൈചാരികമായി '; 'പരന്നാട്ടമായും' അനുഭവപ്പെടുന്നുണ്ട്. ഗ്രന്ഥകാരന്റെ ഓർമകൾക്ക് നിറം പകർന്നുകൊണ്ടു ആറു പതിറ്റാണ്ടിന്റെ നാൾവഴിയിലൂടെയുള്ള കുറെ നല്ല ഫോട്ടോകളുടെ ശേഖരം ഉൾപ്പെടുത്തിയ ഈ ആത്മകഥ ഒരു നല്ല വായനാനുഭവമാണ്.
പകർന്നാട്ടം
(ആത്മകഥ)
കോട്ടക്കൽ ശശിധരൻ






