മലയാളത്തിന്റെ ദുഃഖപുത്രി ഉർവശി ശാരദ തലസ്ഥാനത്ത് ഒരു പുരസ്‌കാര ദാന ചടങ്ങിനെത്തി. ഗാനരചയിതാവും മുൻ കോഴിക്കോട് കലക്ടറും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാറിനെ പറ്റി പലതും പറഞ്ഞു. താനൊരു ദുഃഖപുത്രിയല്ലെന്നും ജീവിതത്തിൽ സന്തോഷവതിയാണെന്നും മൂന്ന് സിനിമകൾ നിർമിച്ചതുമെല്ലാം പ്രതിപാദിച്ചു. ജയകുമാറിനെ നേരത്തെ കണ്ടിരുന്നുവെങ്കിൽ സിനിമയിൽ നായകനാക്കുമായിരുന്നു -മലയാളിയല്ലാത്ത ശാരദ തുടർന്നു പറഞ്ഞു. നിങ്ങളില്ലായിരുന്നുവെങ്കിൽ ഇന്ന് ഇത് പോലെ വന്നു നിൽക്കാൻ ഞാനുണ്ടാകുമായിരുന്നില്ല. മലയാളികളാണ് എന്നെ വളർത്തിയത്. മലയാള സിനിമാ മേഖലയിലൂടെ കൈവന്ന അവസരങ്ങളെ അവർ നന്ദിയോടെ സ്തുതിച്ചു. ഇതേ ചടങ്ങിൽ ജയകുമാറിനെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളിയും പ്രശംസിക്കുകയുണ്ടായി. ജയകുമാർ രചിച്ച നീലക്കടമ്പ് എന്ന ചിത്രത്തിലെ കുടജാദ്രിയിൽ കുടികൊള്ളും.... എന്ന സിനിമാ ഗാനത്തിലെ വരി ഉദ്ധരിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ പുകഴ്ത്തിയത്. പിന്നിട്ട വാരത്തിൽ മാതൃഭൂമി ന്യൂസിൽ ചക്കരപ്പന്തൽ അവതരിപ്പിച്ചതും ജയകുമാറായിരുന്നു. ഹിറ്റ് സിനിമാ സംവിധായകനായിരുന്ന അച്ഛൻ എം. കൃഷ്ണൻ നായരുടെ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ച എപ്പിസോഡായിരുന്നു. നൂറിലേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സരോജ പാടി അഭിനയിച്ച ഒരു ഗാനം ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം പരിഗണിച്ച നടിക്ക് സൗന്ദര്യമുണ്ടെങ്കിലും തടി കുറവാണെന്ന് കണ്ട് ഒഴിവാക്കുകയായിരുന്നു അച്ഛൻ. ഇവർ ഹിന്ദിക്ക് പറ്റും. മലയാളത്തിന് വേണ്ട എന്നു പറഞ്ഞാണ് മടക്കിയത്. ഇതേ നടിയുടെ ചിത്രം ആഴ്ചകൾക്കകം ഫിലിം ഫെയറിന്റെ കവർ പേജായി. പിൽക്കാലത്ത് ബോളിവുഡിലെ ഡ്രീം ഗേളായി മാറിയ ഹേമമാലിനിയെയാണ് മലയാളം വേണ്ടെന്നുവെച്ചത്. നിങ്ങളുടെ അട്ഠൻ കാരണമാണ് ഞാൻ ഹിന്ദിയിൽ ഫെയ്മസായതെന്ന് ജയകുമാറിന്റെ അനുജനോട് അവർ പറഞ്ഞുവത്രേ.
*** *** ***
ആറ് വനിതകൾക്കൊപ്പം ശബരിമലയിൽ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ചാനിലൂടെയാണ് വ്യക്തമാക്കിയത്. മാതൃഭൂമി ന്യൂസിൽ ബുധനാഴ്ച ഉച്ചയ്ക്കുള്ള ബുള്ളറ്റിനിലാണ് ഈ വാർത്ത ഉൾപ്പെടുത്തിയത്. കൂടെ ചർച്ചയും. മഹാരാഷ്ട്രയിൽ നിന്ന് തൃപ്തി ദേശായിയും മലയാളിയായ രാഹുൽ ഈശ്വറും അതിഥികൾ. തൃപ്തിയുടെ ഹിന്ദി വിരട്ടിന് രാഹുൽ രാഷ്ട്ര ഭാഷയിൽ തന്നെ ഗാന്ധിയൻ സമര മുറകളെ പ്രതിപാദിച്ച് മറുപടി നൽകി. ഇംഗഌഷ്, ഹിന്ദി, മലയാളം ഭാഷകൾ സമ്മേളിച്ച സംവാദം. അടുത്ത നിമിഷം അവതാരകൻ പറഞ്ഞതാണ് ഏറ്റവും രസകരമായത്- രാഹുൽ തൃപ്തിയുടെ ലൈൻ കട്ടായെന്ന് തോന്നുന്നു, ഇനി മലയാളത്തിൽ പറഞ്ഞാൽ മതി.
പ്രളയ കാലത്ത് അടച്ചിട്ട കൊച്ചി എയർപോർട്ടിൽ വെള്ളിയാഴ്ച കാലത്ത് അങ്കമാലിയിലെ പ്രധാനമന്ത്രിയെ പോലെ തൃപ്തി വന്നിറങ്ങിയതാണ് മലയാളികൾ കണി കണ്ടത്. ഈ സത്യൻ അന്തിക്കാടിന്റേയും ശ്രീനിവാസന്റേയും ദീർഘവീക്ഷണം സമ്മതിക്കണം. കാൽ നൂറ്റാണ്ടിനപ്പുറം അവർ തയാറാക്കിയ ഹിറ്റ് ചിത്രം സന്ദേശത്തിലെ രംഗങ്ങളല്ലേ ഒന്നൊന്നായി ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം ബഹളം ഒരു അജ്ഞാത ബോഡിയെ കുറിച്ചായിരുന്നു. അത് നമ്മുടേതാണെന്ന് പറഞ്ഞ് ഒരു കൂട്ടർ ഹർത്താൽ നടത്തിയതിന്റെ ആനുകൂല്യം പത്തനംതിട്ട ജില്ലക്കാർക്ക് മാത്രമേ കിട്ടിയുള്ളൂ. ഇപ്പോഴിതാ യശ്വന്ത് സഹായിയെ പോലെ തൃപ്തി പൂനെയിൽ നിന്നെത്തിയിരിക്കുന്നു. നാരിയൽ കാ പാനി വേണമെന്ന് പറഞ്ഞത് സംസ്ഥാന സർക്കാറിന് മനസ്സിലായതുമില്ല.
*** *** ***
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള റിവ്യൂ ഹരജികൾ തുറന്ന കോടതി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പക്ഷേ, ജനം ടിവി കേട്ടത് ശബരിമല സ്ത്രീ പ്രവേശന വിധിക്ക് സ്‌റ്റേ എന്നാണ്. സത്യം മാത്രം പറയുന്ന ടിവി ചാനൽ എന്നാണല്ലോ അവർ തന്നെ അവർ തന്നെ അവകാശപ്പെടുന്നത്. സംഗതി ധർമവിജയം എന്നൊക്കെയാണ് തട്ടി വിട്ടത്. സംഗതി ജനുവരി 22 ന് കോടതി പരിഗണിക്കുന്നത് വരെ സെപ്തംബർ 28 ലെ വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറയുകയും ചെയ്തു. ജനം ടിവിക്ക് കൂട്ടായി കൈരളി പീപ്പിളുമുണ്ടായിരുന്നു.
*** *** ***
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സർക്കാർ നാലാംവട്ടവും അധികാരത്തിൽ വരുമെന്ന് ടൈംസ് നൗസി.എൻ.എക്‌സ് പ്രീപോൾ സർവേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരേക്കാൾ ശിവരാജ് സിംഗ് ചൗഹാൻ ജനപ്രീതിയിൽ ഏറെ മുന്നിലാണെന്നും സർവേ പറയുന്നു.230 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 122 സീറ്റും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 95 സീറ്റുമാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് 115 സീറ്റാണ് വേണ്ടത്. സമാജ്‌വാദി പാർട്ടിയും ഇടത് പാർട്ടികളും അടങ്ങിയ മുന്നണിക്ക് പത്തു സീറ്റും മായാവതിയുടെ ബി.എസ്.പിക്ക് മൂന്നു സീറ്റും ലഭിക്കുമെന്നും കണ്ടെത്തി. 2013ൽ 165 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരം നിലനിറുത്തിയത്. ഇക്കുറി വോട്ടിൽ മൂന്നു ശതമാനത്തിന്റെ ഇടിവുണ്ടാകും. കഴിഞ്ഞ തവണ 36.38 ശതമാനം വോട്ട് നേടിയ കോൺഗ്രസ് 65 സീറ്റിൽ മാത്രമാണ് ജയിച്ചത്. ഇക്കുറി വോട്ട് രണ്ടു ശതമാനം വോട്ടിൽ വർധിക്കുമെന്നും സർവേയിൽ കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ഹൗസിന്റെ ടെലിവിഷൻ ചാനലിന്റെ സർവേ ഫലമാണിതെന്ന പ്രാധാന്യമുണ്ട്.
*** *** ***
ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ബി.ബി.സി. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശത്തിൽ, ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ ജനങ്ങൾ ഇത്തരം വാർത്തകൾ പങ്കുവെക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
ഇതോടൊപ്പം കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും സാധാരണക്കാർക്കിടയിൽ ഗവേഷണം നടത്തി. കെനിയയിൽ ഇത്തരത്തിൽ പ്രചരിക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വാർത്തകളാണ്.
നൈജീരിയയിൽ ഭീകരതയുമായി ബന്ധപ്പെട്ട വാർത്തകൾക്കാണ് പ്രചാരം കൂടുതൽ.
സാധാരണക്കാർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ എങ്ങനെ പങ്കാളികളാകുന്നുവെന്നും തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നും കണ്ടെത്താൻ, ബിബിസി വേൾഡ് സർവീസ് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പേരിൽ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ദേശീയതയെന്ന ആവേശത്തിൽ വസ്തുതകൾ പരിശോധിക്കാതെയാണ് രാജ്യത്ത് വാർത്തകൾ പങ്ക് വെയ്ക്കപ്പെടുന്നത്. ആസൂത്രിതമായി പ്രവർത്തിക്കുന്ന ഹിന്ദുത്വ നെറ്റ്‌വർക്കുകൾ ദേശീയതക്ക് ഊന്നൽ നൽകുന്നതെന്ന വ്യാജേന കൃത്രിമമായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കേണ്ടത് തങ്ങളുടെ ധർമമാണെന്നാണ് സാധാരണക്കാർ വിശ്വസിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം വാർത്തകളെ പ്രതിരോധിക്കേണ്ട ഇടതുപക്ഷ നെറ്റ്‌വർക്കുകൾ ദുർബലമാണെന്നും സമൂഹ മാധ്യമങ്ങളെ കുറിച്ച് നടത്തിയ ഈ പഠനത്തിൽ വ്യക്തമായി. 16,000 ട്വിറ്റർ അക്കൗണ്ടുകളും 3200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വാർത്തകളെന്നാൽ മാധ്യമ പ്രവർത്തകർ തയ്യാറാക്കുന്ന വാർത്തകളല്ല ഇത്തരത്തിൽ പ്രചരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സർവേയിൽ പങ്കെടുത്തവർ അവരുടെ ഫോണുകളിലെ ഉള്ളടക്കം പരിശോധിക്കാൻ ഒരാഴ്ചത്തേക്ക് ബിബിസിക്ക് അനുമതി നൽകിയിരുന്നു. ഇങ്ങനെയാണ് ഏതു തരത്തിലുള്ള വാർത്തകളാണ് ഇവർ ഷെയർ ചെയ്യുന്നതെന്നും ആർക്കാണ് ഷെയർ ചെയ്യുന്നതെന്നുമൊക്കെ പരിശോധിക്കാൻ കഴിഞ്ഞത്.ടെലിവിഷൻ രംഗത്തുള്ളതു പോലെ നവമാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന ആവശ്യത്തിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.
ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യം.
*** *** ***
വായനക്കാരെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കുന്ന ആളാണ് ശശി തരൂർ. വിചിത്രമായ ഉച്ചരാണങ്ങളും സ്‌പെല്ലിംഗുകളും പലപ്പോഴും വാർത്തകളിലും ഇടം നേടാറുണ്ട്.
എന്നാൽ ഇപ്പോൾ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ചതിലൂടെ തരൂരിന്റെ പിറകെ കൂടിയിരിക്കുകയാണ് ട്രോളൻമാർ.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലായിരുന്നു അക്ഷരത്തെറ്റ് സംഭവിച്ചത്.
യു.എ.ഇയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം എഴുതിയ 'Innovation' എന്നവാക്കിന് പകരം 'nnivation' എന്ന് തെറ്റി എഴുതുകയായിരുന്നു ശശി തരൂർ. ചിലപ്പോൾ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷിൽ ഉണ്ടായിരിക്കാമെന്നും അല്ലെങ്കിൽ തരൂർ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നുമാണ് വിമർശകർ വ്യാഖ്യാനിക്കുന്നത്.
*** *** ***
കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ ഡോക്യുമെന്ററി മൂന്ന് മാസങ്ങൾക്ക് ശേഷം ഡിസ്‌കവറി ചാനൽ സംപ്രേഷണം ചെയ്തു. സായിപ്പിന്റേതായതുകൊണ്ട് ഹൗ ഭയങ്കരം എന്ന് പറയാനാണ് പലർക്കും ഇഷ്ടം. ഇതിൽ പ്രകൃതിദുരന്തം ഏറ്റവും ബാധിച്ച ജില്ലകളിലൊന്നിന്റെ പേര് ക്വാറി കോഡ് (quarry code) എന്നായിരുന്നു. മലയാളികൾ ഭാഗ്യവാന്മാരാണ്. നമുക്ക് ലഭിച്ച എം.എൽ.എമാരും മന്ത്രിമാരും പി.എസ്,.സിയുടേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേയും ജോലി ഭാരം കുറക്കുന്ന തിരക്കിലാണല്ലോ.






