അബുദാബി- കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം എട്ടു മണിക്കൂര്‍ വൈകിയത് യാത്രക്കാരെ നട്ടംതിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് അബുദാബിയില്‍നിന്നു പുറപ്പെടേണ്ട ഇന്‍ഡിഗൊ വിമാനമാണ് വൈകിയത്. നൂറ്റമ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു.
പുലര്‍ച്ചെ ഒന്നിന് എത്തിയ യാത്രക്കാരെ ബോഡിംഗ് പാസ് നല്‍കി കയറ്റി ഇരുത്തി ഏതാനും സമയത്തിനുശേഷം തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ചശേഷം ഉടന്‍ യാത്ര തിരിക്കും എന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് പത്തു മണിയോടെ വീണ്ടും യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും അര മണിക്കൂറിനകം തിരിച്ചിറങ്ങാന്‍ ആവശ്യപ്പെട്ടതോടെ യാത്രക്കാര്‍ രോഷാകുലരായി.
സ്ത്രീകളും വൃദ്ധരും രോഗികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരെ ഒടുവില്‍ വിമാനത്താവള അധികൃതരെത്തി അനുനയിപ്പിക്കുകയായിരുന്നു. പന്ത്രണ്ടരയോടയാണ് വിമാനം പുറപ്പെട്ടത്.