ദുബായ് - നിയമലംഘകര്‍ക്ക് പദവി ശരിയാക്കുന്നതിന് അവസരമൊരുക്കി അനുവദിക്കുന്ന, സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ആറു മാസ കാലാവധിയുള്ള വിസ രാജ്യം വിട്ടാല്‍ റദ്ദാക്കപ്പെടുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. ആറു മാസ കാലാവധിയുള്ള താല്‍ക്കാലിക ഇഖാമ വിസ പൂര്‍ണ തോതിലുള്ള ഇഖാമയായി പരിഗണിക്കില്ല. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള സ്‌പോണ്‍സര്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്ന സാധാരണ ഇഖാമ ഉടമക്ക് ലഭിക്കുന്ന അവകാശങ്ങളും പ്രത്യേകതകളും സ്‌പോണ്‍സര്‍ വേണ്ടതില്ലാത്ത ആറു മാസ വിസ ഉടമകള്‍ക്ക് ലഭിക്കില്ല.
"പദവി ശരിയാക്കി സ്വയം പരിരക്ഷിക്കുക' എന്ന ശീര്‍ഷത്തില്‍ ആരംഭിച്ച പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്ന, രാജ്യത്ത് തങ്ങുന്നതിന് ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്കാണ് സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ആറു മാസ വിസ അനുവദിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിനു കീഴിലെ ഫോറിനേഴ്‌സ് അഫയേഴ്‌സ് ആന്റ് പോര്‍ട്‌സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അല്‍റാശിദി പറഞ്ഞു. ഇഖാമ നിയമം ലംഘിച്ചതിനുള്ള പിഴകളില്‍നിന്നും നിയമ നടപടികളില്‍നിന്നും ഒഴിവാക്കപ്പെട്ട് പുതിയ തൊഴില്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനും പദവി ശരിയാക്കുന്നതിനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും അവസരമൊരുക്കുന്നതിനാണ് നിയമ ലംഘകര്‍ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ആറു മാസ വിസ അനുവദിക്കുന്നത്.
മറ്റേതൊരു വിസയെയും പോലെ ഈ വിസയിലുള്ളവരും രാജ്യം വിട്ടാല്‍ വിസ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. വീണ്ടും രാജ്യത്ത് തിരിച്ചെത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം യു.എ.ഇ ഇഖാമ ലഭിക്കുന്നതിന് സ്‌പോണ്‍സറുള്ള വിസയും സ്‌പോണ്‍സറില്ലെങ്കില്‍ ടൂറിസ്റ്റ് വിസയും ഇവര്‍ പുതുതായി നേടിയിരിക്കണം. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പുതിയ സ്‌പോണ്‍സറുടെ പേരിലേക്ക് ഇഖാമ മാറ്റുന്നതിനും വേണ്ടി രാജ്യത്ത് തങ്ങുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ താല്‍ക്കാലിക നടപടിയെന്നോണമാണ് നിയമ ലംഘകര്‍ക്ക് ആറു മാസ വിസ അനുവദിക്കുന്നത്.






