Sorry, you need to enable JavaScript to visit this website.

യു.ഡി.എഫിനും എൽ.ഡി.എഫിനും 'കർക്കടക മുഷ്ടി' 

പണ്ട് ഹരിയാനയിലെ രാഷ്ട്രീയക്കാരെയാണ് ആയാറാം ഗയാറാം എന്ന് വിളിച്ചു പരിഹസിച്ചിരുന്നത്. പ്രബുദ്ധ കേരളം അവരെയെല്ലാം പിന്നിലാക്കി മുന്നേറുകയാണ്. ഏതെങ്കിലും പാർട്ടി സീറ്റ് കൊടുത്തില്ലെങ്കിൽ ഉടൻ മറുകണ്ടം ചാടുമെന്ന് ഭീഷണി മുഴക്കി കാര്യം സാധിക്കുന്നത് സാർവത്രികമായി. വർഗീയവാദിയേത് സ്വർഗീയനേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും യാത്രയിലാണ്. വിപ്ലവ പാർട്ടിയിലേക്ക് വരെ ആളുകൾക്ക് എളുപ്പം ചേർന്ന് സ്ഥാനമാനങ്ങൾ അടിച്ചു മാറ്റാം. പൂർവാശ്രമമൊന്നും ആർക്കും പ്രശ്‌നമേയല്ല. പേരെടുത്ത ക്രിമിനൽ അഭിഭാഷകൻ ശ്രീധരൻ പിള്ള കമ്യൂണിസ്റ്റ് കുടുംബത്തിലെ ബാലനെ കൊണ്ടുവന്നാണ് കഴിവ് തെളിയിച്ചത്. 
ശബരിമല സമരം വന്നപ്പോൾ കൊടി പിടിക്കാതെ അണി നിരക്കാനാണ് കോൺഗ്രസ് നേതാക്കൾ കൽപിച്ചത്. എത്ര കാലമാണ് ഒരു മനുഷ്യൻ അവഗണന സഹിക്കുക. കെ.പി.സി.സി നിർവാഹക സമിതി അംഗമായ രാമൻ നായർ താമര പാർട്ടിയിലേക്ക് മാറി. കേഡർ പാർട്ടിയാണെങ്കിലും നല്ല ഓഫറാണ് നായർക്ക് ലഭിച്ചത്. ബി.ജെ.പിയുടെ ഉപാധ്യക്ഷ സ്ഥാനമാണ് അദ്ദേഹത്തിന് കൈവന്നത്. അതായത് പിള്ള കഴിഞ്ഞാൽ അടുത്ത പ്രധാനി. മാതൃഭൂമി ന്യൂസിൽ കഴിഞ്ഞ ദിവസം രാവിലെ ബുള്ളറ്റിനിടെ ചർച്ചയ്ക്ക് ക്ഷണിച്ചത് താമര പാർട്ടിയുടെ ഉപാധ്യക്ഷനായ രാമൻ നായരെ. എൻ.എസ്.എസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളാണ് വിഷയം. അവതാരക ചോദ്യങ്ങൾ പലതും ആവർത്തിച്ചുവെങ്കിലും പുതുതായി ചേർന്ന പാർട്ടിയുടെ പേര് പറയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവെന്ന നിലയിൽ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടിയിൽ നായർ എൻ.എസ്.എസിന്റെ കാര്യം മാത്രമാണ് പ്രതിപാദിച്ചത്. അമൃത ടി.വിയിലെ ന്യൂസ് റീഡർ ഒരു വാർത്തയുടെ തലവാചകം വായിച്ചതിങ്ങനെ- മഞ്ചേശ്വരത്ത് യു.ഡി.എഫിനും എൽ.ഡി.എഫിനും കർക്കടക മുഷ്ടിയെന്ന് കെ. സുരേന്ദ്രൻ. ഇതെന്ത് തുലാം മാസമായിട്ടും കർക്കടകമോ? ബുള്ളറ്റിൻ തുടർന്നെങ്കിലും ക്ഷമാപണമൊന്നും കേട്ടില്ല. അതൊക്കെ ദൂരദർശനിൽ നിന്നും ആകാശവാണിയിൽ നിന്നും പ്രതീക്ഷിച്ചാൽ മതിയല്ലോ.  

***    ***    ***

ചെന്നൈ എഗ്‌മോറിലെ വേൾഡ് യൂത്ത് സെന്ററിൽ എം.എ പരീക്ഷ എഴുതാനെത്തിയ എഴുപത് വയസ്സുള്ള വടക്കേ മലബാറുകാരൻ റിട്ടയേഡ് അധ്യാപകൻ. അദ്ദേഹത്തിന് ആറ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളപ്പോഴാണ് മറ്റൊരെണ്ണം കൂടി എഴുതി എടുക്കാൻ ചെന്നൈയിലെത്തിയത്. പ്രായം കൂടിയവർ ഗവേഷണ ബിരുദം നേടുന്നതും പി.ജിയെടുക്കുന്നതും സർവ സാധാരണമാണല്ലോ ഇപ്പോൾ. അതിനിടയ്ക്ക് കേരള തലസ്ഥാന നഗരിയിൽ നിന്നൊരു നല്ല വാർത്ത. ദേശീയ ചാനലുകളുടെ ക്യാമറ ഇങ്ങോട്ട് തിരിയുന്നത് പലപ്പോഴും സംസ്ഥാനത്തിന് എതിരെ എന്തെങ്കിലും പറയാനായിരിക്കും. പ്രമുഖ ചാനലായ എൻഡിടിവിയുടെ റിപ്പോർട്ട് ശ്രദ്ധേയമായി. 
96 ാം വയസ്സിൽ നാലാം ക്ലാസ് പരീക്ഷ പുഷ്പം പോലെ പാസായി ഒന്നാം റാങ്ക് വാങ്ങിയ കാർത്യായനി അമ്മയെ കുറിച്ചുള്ള വാർത്തയായിരുന്നു അത്. 
കഴിഞ്ഞ ദിവസം പരീക്ഷയുടെ സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിയിൽ നിന്ന് വാങ്ങാൻ എത്തിയപ്പോഴും 96 ലുമുള്ള അവരുടെ ഉത്സാഹം ലോകമെമ്പാടുമുള്ള കാണികളെ ആവേശം കൊള്ളിച്ചിട്ടുണ്ടാവും. മലയാളത്തിൽ അമ്മുമ്മയോട് ചോദ്യങ്ങൾ ഉന്നയിച്ച ലേഖിക ഇംഗ്ലീഷിലും വിവരിച്ചു. 
കാർത്യാനിയമ്മ മുമ്പ്  സ്‌കൂളിൽ പോയിട്ടില്ല. ഇളയ മകൾ അമ്മിണിയമ്മ രണ്ട്  വർഷം മുൻപാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അന്നു മുതലാണ് കാർത്യാനിയമ്മയക്ക് പഠിക്കണം എന്ന ആഗ്രഹം തുടങ്ങിയത്.  ഇതോടെ നാലാം തരം തുല്യതാ പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജനവരി മുതലാണ് കാർത്യാനിയമ്മ അക്ഷര ലക്ഷം പദ്ധതിയിൽ ചേർന്ന് പഠനത്തിന് എത്തിയത്. ഓഗസ്റ്റിൽ പരീക്ഷയും നടന്നു. 42,933 പേരാണ് അന്ന് പരീക്ഷ എഴുതിയത്. അതിൽ ഏറ്റവും പ്രായമുള്ള ആളും കാർത്യാനിയമ്മയായിരുന്നു. ഫലം വന്നപ്പോൾ കാർത്യായനിയമ്മ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. 100 ൽ 98 മാർക്കായിരുന്നു കാർത്യാനിയമ്മ നേടിയത്. കണ്ണിന്  ശസ്ത്രക്രിയ നടത്തിയതല്ലാതെ ഇതുവരെ ആശുപത്രി കയറിയിട്ടില്ല. വെജിറ്റേറിയൻ ആണ് ഈ മുത്തശ്ശി. ഇനിയൊരു പ്രതിമ നിർമിക്കുകയാണെങ്കിൽ നാലാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യാനിയമ്മയുടേതാകണമെന്നാണ് എൻഎസ് മാധവൻ ട്വിറ്ററിൽ കുറിച്ചത്. 

***    ***    ***

ശ്രീശാന്ത് ഒരു കാലത്ത് കേരളത്തിന് അഭിമാനമായ  ക്രിക്കറ്റ് താരമായിരുന്നു. വാതുവെപ്പ് കേസിൽ കുടുങ്ങിയതോടെ ശ്രീയുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു. ശേഷം സിനിമയിൽ നായകനായിട്ടും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഹിന്ദി ബിഗ് ബോസിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം സീസണിലാണ് ശ്രീശാന്ത് മത്സരിക്കാൻ എത്തിയിരിക്കുന്നത്. നൂറ് ദിവസങ്ങളായി നടക്കുന്ന റിയാലിറ്റി ഷോ ഇതിനകം പകുതി ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഒരു ടാസ്‌കിനിടെ ശ്രീശാന്ത് തന്നെ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറഞ്ഞിരുന്നു.  ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്നും 2.5 കോടി പ്രതിഫലം ലഭിക്കുന്നുണ്ടെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. പ്രധാനപ്പെട്ട രഹസ്യമായിരുന്നു താരത്തിന്റെ അശ്രദ്ധ മൂലം പുറത്ത് വന്നത്. ഇതല്ല കാര്യം. പെരുമാറ്റം അത്ര ശരിയല്ലെന്ന് പുറത്തായ ഒരു മത്സരാർഥി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി ബിഗ് ബോസിലെ ഒരേയൊരു മലയാളി ശ്രീശാന്ത് ആണ്. ശ്രീയാണ് ഇപ്പോൾ ഷോയിലെ താരം. വിവാദവും വിമർശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയാണ്.കഴിഞ്ഞ ആഴ്ച പുറത്തായ സബ ഖാന്റെ വെളിപ്പെടുത്തൽ കൂിടയായപ്പോൾ പൂർത്തിയായി. ബിഗ് ബോസിൽ നിന്നും താനൊരുപാട് പാഠങ്ങൾ പഠിച്ചുവെന്നും സബ  പറയുന്നു. പ്രമുഖ ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങൾ വ്യക്തമാക്കിയത്. താനല്ല ശ്രീശാന്തായിരുന്നു ഈ പരിപാടിയിൽ നിന്നും പുറത്തേക്ക് പോവേണ്ടിയിരുന്നത്. ഇങ്ങനെയാണ് പോക്കെങ്കിൽ അധികം വൈകാതെ തന്നെ അത് സംഭവിക്കും. അടുത്ത തവണ പുറത്തേക്ക് പോവുന്നത് അദ്ദേഹമായിരിക്കുമെന്നും സബ പറയുന്നു.ശ്രീശാന്തിന്റെ പല പ്രവൃത്തികളും അതിരു വിട്ടതാണെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. അവതാരകനായ സൽമാൻ ഖാനും പരസ്യമായി ശാസിച്ചിരുന്നു. മത്സരത്തിൽ തുടരുന്നതിനായി ഏത് തരംതാണ കളിയും അദ്ദേഹം പുറത്തെടുക്കുമെന്ന് സബ പറയുന്നു.

***    ***    ***

മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താമര പാർട്ടിയ്ക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് സർവേ ഫലം. റിപ്പബ്ലിക് ടിവിയും സീ വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് ബിജെപിക്ക് കേരളത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഈ മാസം തെരഞ്ഞെടുപ്പ് നടന്നാൽ പോലും ബിജെപിക്ക് നേട്ടം കൊയ്യാൻ കഴിയില്ലെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. 2014 ലെ പോലെ മാന്ത്രിക സംഖ്യ തൊടാൻ എൻഡിഎയ്ക്ക് കഴിയില്ലെന്നും സർവേയിൽ പറയുന്നു. വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിയുമെങ്കിലും ഒരൊറ്റ പ്രതിനിധിയെ പോലും ലോക്‌സഭയിലേക്ക് അയക്കാൻ ബിജെപിക്ക് കഴിയില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 10 ൽനിന്ന് 17.5 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ട് ശതമാനം വർധിക്കും. എൽഡിഎഫിന് നാല് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഇന്ധനവില, നോട്ട് നിരോധനം എന്നീ വിഷയങ്ങൾ ഗുണം ചെയ്യുക യുഡിഎഫിനാണെന്നും സർവേയിൽ കണ്ടെത്തി. യുഡിഎഫിൽ പതിനാറ് സീറ്റിൽ 10 ഉം കോൺഗ്രസാണ് നേടുകയെന്നും സർവേയിൽ പറയുന്നു. ഇതിൽ 12 സീറ്റുകൾ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതിന് പുറമെ എൽഡിഎഫിന്റെ നാല് സീറ്റുകൾ കൂടി യുഡിഎഫ് നേടുമെന്നും സർവേയിൽ കണ്ടെത്തിയതായി അർണബിന്റെ ചാനൽ വ്യക്തമാക്കി.  

***    ***    ***

മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളെ പിന്തള്ളി ബാർക്ക് റേറ്റിംഗിൽ ബിജെപി ചാനലായ ജനം ടിവിയുടെ വൻ കുതിപ്പ്. എന്നത്തേയും  പോലെ ഏഷ്യാനെറ്റ് ബാർക്കിംഗിൽ മേധാവിത്വം പുലർത്തുമ്പോൾ കാലങ്ങളായി രണ്ടും മൂന്നും സ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി, മനോരമ എന്നീ ചാനലുകളെ പിന്തള്ളിയാണ് ജനം രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 2015 ൽ ചാനൽ തുടങ്ങിയതിന് ശേഷം ബാർക്ക് റേറ്റിംഗിൽ ആദ്യമായാണ് ഇത്രയും ഉയർന്ന സ്ഥാനം ലഭിക്കുന്നത്. 
2015 ഏപ്രിൽ 9 നാണ് ആരംഭിച്ചതെങ്കിലും ശബരിമല സ്ത്രീപ്രവേശ വിഷയത്തിന് മുമ്പ് ഈ ചാനലിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. സ്ത്രീപ്രവേശന വിഷയത്തിലെ ചർച്ച ഏറ്റവും സജീവമായി നിലനിന്ന വാരങ്ങളിലാണ് ജനം ടിവി മുന്നേറ്റം നടത്തിയത്. 
പണ്ടു കാലത്ത് കോളേജ് യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എസ്.എഫ്.ഐക്കാർ എതിർ സ്ഥാനാർഥിയുടെ പേരെടുത്ത് പറയാറില്ല. അങ്ങനെ അവൻ പ്രശസ്തനായി വോട്ട് മുഴുവൻ അടിച്ചു മാറ്റേണ്ടെന്ന് കരുതിയായിരുന്നു ഇത്. 
ഏറ്റവുമൊടുവിൽ ശബരിമലയിൽ ആൾക്കൂട്ടം കേന്ദ്രീകരിച്ചപ്പോൾ ജനം ടിവി വ്യാജ വാർത്ത നൽകുന്നുവെന്ന് ആവർത്തിച്ചുകൊണ്ട് പാർട്ടി ചാനൽ തങ്ങളാലാവുന്ന സഹായവും ചെയ്തു. 

Latest News