Sorry, you need to enable JavaScript to visit this website.

സൗദി വിദ്യാർഥിനിയുടെ കനിവിൽ  ഘാനയിലൊരു കംപ്യൂട്ടർ വിപ്ലവം

കംപ്യൂട്ടറിലെ വേർഡ് പേജ് ബോർഡിൽ വരച്ച് ഘാനയിലെ അധ്യാപകൻ ക്ലാസെടുക്കുന്ന ചിത്രം ട്വിറ്ററിലൂടെയാണ് താൻ കണ്ടതെന്ന് അമീറ പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ ഇത് തന്നെ വേദനിപ്പിച്ചു. കംപ്യൂട്ടർ നേരിട്ട് കാണുന്നതിനും അതിൽ സ്പർശിച്ചു നോക്കുന്നതിനുമുള്ള കുഞ്ഞുമനസ്സുകളുടെ ആഗ്രഹം താൻ മനസ്സിൽ കണ്ടു. വിദ്യാർഥികളുടെ ഈ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിന് അപ്പോൾ തന്നെ തീരുമാനിക്കുകയായിരുന്നു.

ലോകമെങ്ങും സാമ്പത്തിക, സാമൂഹിക, വൈജ്ഞാനിക, സാങ്കേതിക തലങ്ങളിലുണ്ടായ വിസ്‌ഫോടനം വിദ്യാഭ്യാസ മേഖലയിലും വലിയ വിപ്ലവങ്ങൾക്ക് വിത്തുപാകിയെന്ന കാര്യത്തിൽ തർക്കമില്ല. ഡിജിറ്റൽ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളും ഡിജിറ്റൽ പാഠ്യപദ്ധതികളും സാർവത്രികമായി മാറിയ ഇക്കാലത്തും അസൗകര്യങ്ങളുടെ വേലിയേറ്റത്തിൽ വീർപ്പുമുട്ടുന്ന വിദ്യാലയങ്ങളും ലോകത്ത് എമ്പാടുമുണ്ട് എന്നതും നേരാണ്. പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾ അധികമാരുടെയും ശ്രദ്ധയിൽ പെടാറില്ല. ഇത്തരമൊരു സ്‌കൂളിലെ വിദ്യാർഥികൾക്ക് തന്നാലാകുന്ന സഹായം ചെയ്യുന്നതിന് സാധിച്ചതിന്റെ നിർവൃതിയിലാണ് തായിഫ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ സയൻസ് കോളേജിൽ (ഗണിതശാസ്ത്ര വിഭാഗം) വിദ്യാർഥിനിയായ അമീറ സഈദ് അൽഹാരിസി. 
താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിദ്യാർഥികൾക്ക് അമീറ സഹായ ഹസ്തം നീട്ടിയത് തികച്ചും യാദൃഛികമായാണ്. സർക്കാർ സ്‌കോളർഷിപ്പോടെ ബ്രിട്ടനിലെ ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനത്തിന് അയക്കപ്പെട്ട അമീറ അൽഹാരിസി പരസ്പരസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ടൊരു മാതൃക സ്വന്തം ജീവിതത്തിലൂടെ വരച്ചുകാട്ടുകയായിരുന്നു. ഉപരിപഠനത്തിന്റെ തിരക്കുകൾക്കും ഞെരുക്കങ്ങൾക്കുമിടെയും ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ ഘാനയിൽ പ്രവർത്തിക്കുന്ന സ്‌കൂളിലേക്ക് ലാപ്‌ടോപ് അയച്ചുകൊടുക്കുകയായിരുന്നു അമീറ. 
ഘാന തലസ്ഥാനമായ അക്രയിലെ സ്‌കൂളിൽ നിന്നുള്ള കാഴ്ചയാണ് അമീറയെ സ്‌കൂളിലേക്ക് ലാപ്‌ടോപ് അയക്കുന്നതിന് പ്രേരിപ്പിച്ചത്. 2011 ൽ സ്ഥാപിതമായ സ്‌കൂളിൽ ലാപ്‌ടോപ്പും കംപ്യൂട്ടറുമില്ല. ഇതുമൂലം കംപ്യൂട്ടർ ക്ലാസിൽ ബ്ലാക്‌ബോർഡിൽ കംപ്യൂട്ടർ ചിത്രം വരച്ച് അധ്യാപകൻ വിദ്യാർഥികളെ കംപ്യൂട്ടറിനെ കുറിച്ച ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിന്റെ ചിത്രം അമീറ അൽഹാരിസിയുടെ മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കുകയായിരുന്നു. 


കംപ്യൂട്ടറിലെ വേർഡ് പേജ് ബോർഡിൽ വരച്ച് ഘാനയിലെ അധ്യാപകൻ ക്ലാസെടുക്കുന്ന ചിത്രം ട്വിറ്ററിലൂടെയാണ് താൻ കണ്ടതെന്ന് അമീറ പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ ഇത് തന്നെ വേദനിപ്പിച്ചു. കംപ്യൂട്ടർ നേരിട്ട് കാണുന്നതിനും അതിൽ സ്പർശിച്ചു നോക്കുന്നതിനുമുള്ള കുഞ്ഞുമനസ്സുകളുടെ ആഗ്രഹം താൻ മനസ്സിൽ കണ്ടു. വിദ്യാർഥികളുടെ ഈ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിന് അപ്പോൾ തന്നെ തീരുമാനിക്കുകയായിരുന്നു. ദരിദ്ര സാഹചര്യത്തിൽ പഠിച്ചുവളരുന്ന വിദ്യാർഥികൾക്ക് ആവശ്യമായ സാധ്യതകളും സൗകര്യങ്ങളും ലഭിക്കുന്ന പക്ഷം സ്വന്തം രാജ്യക്കാരുടെയും മാനവകുലത്തിന്റെയും ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് കഴിഞ്ഞേക്കാവുന്ന ശാസ്ത്രജ്ഞരും പ്രതിഭാശാലികളും അവരുടെ കൂട്ടത്തിൽ നിന്ന് ഉയർന്നുവന്നേക്കുമെന്ന് താൻ ആലോചിച്ചു. 
തുടർന്നാണ് ആ വിദ്യാർഥികൾക്ക് ലാപ്‌ടോപ് അയച്ചുകൊടുക്കുന്നതിന് താൻ തീരുമാനിച്ചതെന്ന് ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിൽ സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഡോക്ടറേറ്റിന് പഠിക്കുന്ന അമീറ പറയുന്നു. എന്നാൽ സ്‌കൂളിന്റെ വിലാസമോ ഈ ഫോട്ടോയെ കുറിച്ച മറ്റു വിവരങ്ങളോ തനിക്ക് അറിയുമായിരുന്നില്ല. ഇതേത്തുടർന്ന് ട്വിറ്റർ വഴി സൗദി യുവാവ് നായിഫ് അൽഹർബിയുടെ സഹായം താൻ തേടി. നായിഫ് അൽഹർബിയാണ് അക്‌റയിലെ സ്‌കൂളിന്റെ വിലാസം തപ്പിപ്പിടിച്ച് തനിക്ക് എത്തിച്ചുതന്നത്. 
തൊട്ടടുത്ത ദിവസം ബ്രിട്ടനിൽ അതിശൈത്യമായിരുന്നു. മഞ്ഞുവീഴ്ചയിൽ റോഡുകളിൽ അര മീറ്റർ ഘനത്തിൽ മഞ്ഞുപാളികൾ രൂപപ്പെട്ടിരുന്നു. അസ്ഥി നുറുങ്ങുന്ന തണുപ്പായിട്ടും പോസ്റ്റ് ഓഫീസിലെത്തി താൻ അക്‌റയിലെ സ്‌കൂളിലേക്ക് ലാപ്‌ടോപ് പാഴ്‌സൽ അയച്ചു. പാഴ്‌സലിൽ താൻ പഠിക്കുന്ന ലീഡ്‌സ് യൂനിവേഴ്‌സിറ്റി വിലാസവും രേഖപ്പെടുത്തി. എത്രയും വേഗത്തിൽ ലാപ്‌ടോപ് ഘാനയിലെ സ്‌കൂളിൽ എത്തിക്കുകയെന്ന ആഗ്രഹം മാത്രമായിരുന്നു അന്നേരം മനസ്സ് നിറയെ. അതുകൊണ്ടു തന്നെ മോശം കാലാവസ്ഥ അടക്കമുള്ള മറ്റു കാര്യങ്ങളൊന്നും മനസ്സിലുണ്ടായിരുന്നില്ല. പാഴ്‌സൽ പോസ്റ്റ് ഓഫീസിൽ കൈമാറി, വിലാസം തെറ്റാതെ ലാപ്‌ടോപ് കൃത്യമായി സ്‌കൂളിൽ തന്നെ എത്തിച്ചേരണമേയെന്ന് ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തു. 
ഇതിനു ശേഷം എന്താണ് നടക്കുകയെന്നോ ലാപ്‌ടോപപ്പ് ഉദ്ദേശിച്ച ആളുകളുടെ കൈകളിൽ തന്നെ കിട്ടുമോയെന്നൊന്നും തനിക്ക് ഉറപ്പില്ലായിരുന്നു. ദിവസങ്ങൾക്കു ശേഷം ട്വിറ്റർ അക്കൗണ്ട് തുറന്ന താൻ ട്വിറ്റർ അക്കൗണ്ടിൽ പതിവിൽ കവിഞ്ഞ പ്രതികരണങ്ങൾ കണ്ട് ആശ്ചര്യപ്പെട്ടു.  താൻ അയച്ച ലാപ്‌ടോപ് അക്‌റയിലെ സ്‌കൂളിൽ ലഭിച്ചെന്ന് വൈകാതെ വ്യക്തമായി. സ്‌കൂൾ മുറ്റത്ത് ലാപ്‌ടോപ് കൈയിൽ പിടിച്ച് വിദ്യാർഥികൾ നിൽക്കുന്ന ഫോട്ടോകളും ലാപ്‌ടോപ് ലഭിച്ചതിലുള്ള സന്തോഷവും ആഹ്ലാദവും പ്രകടിപ്പിച്ച് മനസ്സിൽ പതിയുന്ന വാക്കുകളും സ്‌കൂൾ അധികൃതർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട് തന്റെ കണ്ണ് നിറയുകയും സന്തോഷം കൊണ്ട് താൻ കരയുകയും ചെയ്തു. ഇത്തരമൊരു പുണ്യപ്രവൃത്തിക്ക് തനിക്ക് ഭാഗ്യം നൽകിയ ദൈവത്തോട് മനസ്സിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറഞ്ഞു. 


ഫോട്ടോയുടെ പ്രിന്റൗട്ട് എടുത്ത് തന്റെ മേശപ്പുറത്ത് എപ്പോഴും കാണത്തക്കവിധം വെച്ചു. പിഞ്ചുവിദ്യാർഥികളുടെ മുഖത്തെ പുഞ്ചിരി തനിക്ക് കരുത്തും പ്രത്യാശയും നൽകുന്നു. ഈ ജീവിതത്തിന്റെ മനോഹാരിതയും ആഹ്ലാദങ്ങളും ചെറിയ, ചെറിയ കാര്യങ്ങളിലും അടങ്ങിയിരിക്കുന്നതായി ഈ സംഭവം തന്നെ ബോധ്യപ്പെടുത്തുന്നു. 
തന്റെ പ്രവൃത്തി ലീഡ്‌സ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരവും നേടി. ലീഡ്‌സ് യൂനിവേഴ്‌സിറ്റിയിൽ പഠിക്കുന്ന, അമീറ അൽഹാരിസി എന്ന് പേരുള്ള സൗദി വിദ്യാർഥിനി ഘാനയിലെ സ്‌കൂളിലേക്ക് ലാപ്‌ടോപ് അയച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ സർവകലാശാലക്കും സൽപേര് നൽകി. സർവകലാശാലയുടെ വെബ്‌സൈറ്റിൽ തന്റെ അഭിമുഖവും പ്രസിദ്ധീകരിച്ചു. ലഭ്യമായ സാധ്യതകളും സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി ഏറ്റവും ഭംഗിയായും ആത്മസമർപ്പണത്തോടെയും കൃത്യനിർവഹണം നടത്തുന്നതിനുള്ള മികച്ച മാതൃകയാണ് ഘാന സ്‌കൂളിലെ അധ്യാപകൻ. ബോർഡിൽ കംപ്യൂട്ടർ ചിത്രം വരച്ച് ഇദ്ദേഹം കംപ്യൂട്ടർ ക്ലാസെടുക്കുന്നതിന്റെ ദൃശ്യമാണ് സ്‌കൂളിലേക്ക് ലാപ്‌ടോപ് അയച്ചുകൊടുക്കുന്നതിന് തനിക്ക് പ്രചോദനമായി മാറിയത്. അറിവും വിജ്ഞാനവും പ്രചരിപ്പിക്കുന്നതിന് ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നു. 
വിജ്ഞാനം വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തും. ഏതു സാഹചര്യത്തിലും ദാനങ്ങൾ നൽകുന്നതും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും നമുക്ക് സന്തോഷവും ആത്മനിർവൃതിയും നൽകും. വിദ്യാഭ്യാസത്തിനും വിജ്ഞാന സമ്പാദനത്തിനും നീതിപൂർവകമായ അവസരം ലഭ്യമാക്കുന്നതിന്, ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് സാധിക്കണമെന്നാണ് താൻ പ്രത്യാശിക്കുന്നത്. ഉദാരമതികളുടെ നിർലോഭ പിന്തുണയില്ലാതെ ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയില്ലെന്നും അമീറ അൽഹാരിസി പറയുന്നു. 
 

Latest News