Sorry, you need to enable JavaScript to visit this website.

കുളിര് പകരും കുന്നോളം ഓർമകൾ

കഥ പോലെ വായിക്കാനാവുന്നതുകൊണ്ട് കഥയെന്ന് പറയാം. ഭാഷയിൽ കവിതയുള്ളതുകൊണ്ട് കവിതയെന്നും വിളിക്കാം. ജീവിച്ചിരുന്നവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരുമുള്ളതുകൊണ്ടും എഴുത്തുകാരിയുടെ സ്വന്തം ജീവിതമായതുകൊണ്ടും ഇത് ആത്മകഥയായും പരിഗണിക്കാമെന്ന് ആമുഖത്തിൽ പ്രസിദ്ധ കഥാകൃത്ത് അഷ്ടമൂർത്തി വിശേഷിപ്പിച്ച, സജ്‌നാ ഷാജഹാന്റെ ഞാവൽപ്പഴ മധുരങ്ങൾ എന്ന പുസ്തകം സങ്കടം പുരണ്ട മധുരത്തിന്റെയും ഗൃഹാതുരമായ നിനവുകളുടെയും അക്ഷരക്കൂട്ടുകളാണ്. എഴുത്തിന്റെ ലോകത്തേക്ക് കാൽപനികതയുടെ കിന്നരി തുന്നിയ പുതുരചനയുമായി കടന്നുവന്നിട്ടുള്ള സജ്‌ന ലബ്ധപ്രതിഷ്ഠയായ എഴുത്തുകാരിയുടെ കൈത്തഴക്കം സിദ്ധിച്ച പ്രതിഭയാണെന്ന് ഈ പുസ്തകത്തിലെ ഓരോ അധ്യായവും അടിവരയിടുന്നു.
ഒരു നിഷ്‌കളങ്ക ബാലികയുടെ ശിശുസഹജമായ മനോവ്യാപാരങ്ങളിൽ നിന്ന് ചുരുൾ നിവരുന്നതാണ് ഞാവൽപ്പഴ മധുരങ്ങൾ. ഈ ബാലിക ഒരർഥത്തിൽ എഴുത്തുകാരി തന്നെയെന്നും അതല്ല നാം വായനക്കാർ തന്നെയെന്നും അനുഭവവേദ്യമാകുന്ന കഥാപരിസരവും കഥാപാത്രങ്ങളുമാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. നമുക്കൊക്കെ ഏറെ സുപരിചിതമായ ഗ്രാമീണ മിത്തുകളും പ്രാദേശിക ചുറ്റുവട്ടങ്ങളും ഒരു കാൻവാസ് പോലെ തെളിയുന്നു. കുട്ടീടെ സങ്കടങ്ങൾ എന്നാണ് ഒന്നാമധ്യായത്തിന്റെ ശീർഷകം. കുട്ടി വീട്ടിൽ നല്ല വായനക്കാരിയായിരുന്നു. ബാലരമയും അമ്പിളിമാമനും വായിച്ചു തുടങ്ങിയ കുട്ടിയുടെ വളർച്ച പക്ഷേ പെട്ടെന്നായിരുന്നു. മാധവിക്കുട്ടിയുടെ എന്റെ കഥയിലേക്കും ബാല്യകാലസ്മരണകളിലേക്കും വായന വളർന്നപ്പോൾ വീട്ടുകാരിൽ നിന്ന് ചില എതിർപ്പുകളൊക്കെ വന്നെങ്കിലും അച്ഛൻ പ്രോൽസാഹിപ്പിച്ചു: മോള് വായിച്ചോ.. 
പക്ഷേ ഇതൊക്കെ വായിക്കാൻ മാത്രം മോൾ വല്യകുട്ടിയായത് ഞാനറിഞ്ഞില്ല എന്ന് കൂടി അച്ഛൻ പറഞ്ഞപ്പോൾ മോളുടെ കണ്ണ് നിറഞ്ഞു. ചിറക് മുളച്ച് പറക്കാനാഗ്രഹിക്കുന്ന കുട്ടിയെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് എഴുത്തുകാരി. ഇന്നലെയുടെ ഓർമകളിലേക്ക് വായനക്കാരനെ കൈപിടിച്ചു നടത്തുകയാണിവിടെ. ഒരിക്കലും ഇനി തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെ സ്മരണകളുടെ ഞാവൽപ്പഴ മധുരമാണ് ഓരോ വരിയിലും നമുക്ക് നുകരാനാവുന്നത്. 
- സ്‌നേഹത്തിന്റെ പാദസരക്കിലുക്കം, ഒരു വിശ്വാസ വഞ്ചനയുടെ കഥ, കൈശോര ഗുലുഗുലു, മഴയോർമകൾ, മണ്ണാത്തി തുടങ്ങിയ അധ്യായങ്ങൾ ഗൃഹാതുര സ്മൃതിയുണർത്തുന്നവയാണ്. തലയിലെ ഭാണ്ഡം കൈകൊണ്ടു പിടിക്കുകയൊന്നുമില്ല മണ്ണാത്തി. ആരും പിടിക്കാതെ തന്നെ അത് തലയിൽ ഭദ്രമായി ഇരുന്നോളും അനങ്ങാതെ. 
അൽപം വളഞ്ഞ കാലുകളാണ് മണ്ണാത്തിയുടേത്. കാലുകളുടെ ആ വളവാണ് തലയെ ബാലൻസ് ചെയ്യുന്നതെന്ന് മാഷ് കുട്ടികളോട് പറയും. മാഷ് പറയുന്നതല്ലോ, കുട്ടിപ്പട്ടാളം അതങ്ങു വിഴുങ്ങും. 
അങ്ങനെയെന്തെല്ലാം വിഡ്ഢിത്തങ്ങൾ സത്യമാണെന്ന് ധരിച്ചുവെച്ചിട്ടുണ്ട് പണ്ട് കുട്ടിക്കാലത്ത്. 
മണ്ണാത്തീടെ പേരെന്തായിരുന്നുവെന്ന് ആർക്കുമറിയില്ല. അവരോട് ചോദിക്കുമ്പോ പറയും: മണ്ണാത്തീടെ പേര് മണ്ണാത്തീന്നെന്നെ..
സത്യത്തിൽ ഈ ഭാഗം വായിച്ചപ്പോൾ ഈ ലേഖകന്റെ ഗ്രാമത്തിൽ കുട്ടിക്കാലത്ത് കണ്ട മണ്ണാത്തിപ്പാറുവിനെ ഓർമ വന്നു. അലക്കാനുള്ള വസ്ത്രങ്ങൾക്കായി ആഴ്ച തോറും ഞങ്ങളുടെ വീട്ടിൽ വരാറുള്ള മണ്ണാത്തിപ്പാറു വിഴുപ്പ് ഭാണ്ഡം ബാലൻസ് തെറ്റാതെ തലച്ചുമടായി വഹിച്ച് പുഴയിലേക്ക് നീങ്ങിയിരുന്ന കാഴ്ചയുടെ, നഷ്ടപ്പെട്ടുപോയ ഒരു ചിത്രത്തിന്റെ ഫഌഷ് ബാക്ക് പോലെ ഈ അധ്യായം അനുഭവപ്പെട്ടു. അത് പോലെ കുറത്തി എന്ന അധ്യായവും. 
- ഈ കൊറത്തി പറേണത് അപ്പടി നുണയാ.. 
അതെന്നെ- ദേവിക തല കുലുക്കി സമ്മതിച്ചു. കൈ നോട്ടക്കാരിയായ കുറത്തി ഹരിയുടെ കൈ നോക്കിപ്പറഞ്ഞതാണ് ഇവൻ മഹാനാകുമെന്ന്. അതാണ് ദേവിയേയും വനജയേയും ചൊടിപ്പിച്ചത്. 
- അപ്പോ പ്രേംനസീറിന്റെ കൈ കഴിഞ്ഞാ പിന്നെ ഇങ്ങള് കണ്ടിട്ടുള്ള വിശേഷപ്പെട്ട കയ്യ് ഇതേരിയ്ക്കുമല്ലേ?
വനജയുടെ ആ ചോദ്യം കുറത്തിയ്ക്ക് ഇഷ്ടപ്പെട്ടില്ല..
ഇത്തരം കൈനോട്ടക്കാരികളായ എത്രയോ കുറത്തികൾ നമ്മുടെ ഗ്രാമങ്ങളിൽ ജീവിച്ചു. ഈ കാലഘട്ടത്തിൽ ഒരിക്കലും കാണാനാവാത്ത ഗ്രാമീണ ചിത്രങ്ങൾ.. ഇവയുടെ ജീവിത ദൃശ്യങ്ങളാണ് അതീവ തന്മയത്വത്തോടെ സജ്‌ന അവതരിപ്പിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പിൽ സനീഷ് വിശേഷിപ്പിച്ചത് പോലെ ഇതൊരു നേർക്കാഴ്ചയാണ്. നക്ഷത്ര ലോകത്തേക്ക് ഉറ്റുനോക്കുന്ന ഒരു കുഞ്ഞായി മാറുകയാണ് നാമിവിടെ. വെല്ലുവിളികളില്ലാത്ത ഒരു ലോകമുണ്ടായിരുന്നുവെന്ന് ഞാവൽപ്പഴ മധുരങ്ങൾ നമ്മളിൽ ഓർമ കൊളുത്തിടുമ്പോൾ നാം ചുരുങ്ങിയില്ലാതാവുന്നുവെന്ന് എത്ര വർത്തമാനത്തിലാണ് മറച്ചു പിടിക്കാനാവുക? രവിവർമച്ചിത്രം പോലെ വശ്യമല്ലാത്തൊരു നായികയെ മുൻനിർത്തി കഥ തുടങ്ങുമ്പോൾ എഴുതുന്നത് പെൺമയെന്ന ശാക്തീകരണ വിഭാഗത്തിലെ ഒരഗ്നിപുത്രിയെന്നത് അഭിമാനവും ആകാശത്തോളം ആനന്ദവുമാണ് പകർന്ന് തരിക. ഭൂപട രുചിമുകുളങ്ങളിൽ ഈ ഞാവൽപ്പഴങ്ങൾ മധുരം പകരുമെന്നുറപ്പ്.
തിരുവാതിരക്കാലത്തിന്റെ തണുപ്പുറഞ്ഞ പ്രണയ സ്മരണകൾ കൗമാര വിസ്മയം കൊത്തിവെച്ച അനുഭവമാണ്. ഗുരുവായൂരിൽ ജനിച്ച് അവിടത്തെ പ്രശസ്തമായ ലിറ്റിൽ ഫഌവർ കോളേജിൽ പഠിച്ചത് കൊണ്ടാകണം, ക്ഷേത്രസന്നിധിയും കൃഷ്ണഭക്തിയുമൊക്കെ തുടിച്ചുയരുന്ന ചേതോഹരമായ ഇമേജറികൾ സജ്‌നയ്ക്ക് അനായാസം അവതരിപ്പിക്കാൻ കഴിയുന്നതെന്ന് തോന്നുന്നു. 
അനിലനുമായുള്ള കുട്ടിയുടെ പ്രേമം, വാര്യരമ്മാവന്റെ എതിർപ്പ് ഇതൊക്കെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ടിവിടെ. കിണറ്റിൽ വീണ് മരിച്ച പത്മേട്ത്തി, പോസ്റ്റ്‌മോർട്ടത്തിനു ശേഷം തുന്നിക്കെട്ടിയ, പാതിമെയ്യായിരുന്നയാളുടെ മരവിച്ച ശരീരവും കൊണ്ട് ശ്രീധരമാമ മടങ്ങി വന്നത്..പുത്രവിയോഗത്താൽ മനം നൊന്ത അമ്മയുടെ സഹനത്തിന്റെ പര്യവസാനമായിരുന്നു അതെന്ന് കുട്ടിക്ക് ഏറെ മുതിർന്ന ശേഷമാണ് മനസ്സിലായത്. 
തൃശൂർ കുട്ടമംഗലം എടത്തിരുത്തി പൂവാംപറമ്പിൽ താമസിക്കുന്ന ഈ എഴുത്തുകാരി, അച്ചംവീട്ടിൽ പരേതനായ പി.കെ. മുഹമ്മദുണ്ണിയുടെയും ഫാത്തിമയുടെയും മകളാണ്. ഭർത്താവ് ഷാജഹാൻ. മൂന്നു മക്കൾ. അനുഭവങ്ങളുടെ തീക്ഷ്ണത പകർന്ന ഇവരുടെ കൂടുതൽ രചനകൾക്കായി കാത്തിരിക്കാം.

ഞാവൽപ്പഴ മധുരങ്ങൾ
സജ്‌ന ഷാജഹാൻ
ധ്വനി ബുക്‌സ്, കോഴിക്കോട്
വില 200 രൂപ 

 

Latest News